Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightതാനൂർ: ...

താനൂർ: രാഷ്​ട്രീയക്കാർക്കും പൊലീസിനും ഉത്തരവാദിത്തമുണ്ട്​

text_fields
bookmark_border
താനൂർ:  രാഷ്​ട്രീയക്കാർക്കും പൊലീസിനും ഉത്തരവാദിത്തമുണ്ട്​
cancel

മലപ്പുറം ജില്ലയിലെ താനൂരിൽ കഴിഞ്ഞ ഞായറാഴ്ച അർധരാത്രി മുതൽ തിങ്കളാഴ്ച പുലർച്ചെവരെ നടന്ന കാര്യങ്ങൾ വിശദീകരിച്ചെഴുതിയാൽ ഇത് കേരളത്തിൽതന്നെയോ എന്ന് ആരും സംശയിച്ചുപോകും. ഉത്തരേന്ത്യയിലെ കലാപപ്രദേശങ്ങളിൽ നടക്കുന്നതുപോലെയുള്ള കാര്യങ്ങളാണ് താനൂരിലെ ചാപ്പപ്പടി മുതൽ ഓട്ടുംപുറം ഫാറൂഖ് മസ്​ജിദ് വരെയുള്ള പ്രദേശങ്ങളിൽ നടന്നത്. അതായത്, രണ്ട് കിലോമീറ്ററോളം നീളത്തിൽ വരുന്ന ഈ പ്രദേശത്തെ ഏതാണ്ടെല്ലാ വീടുകളും തകർക്കപ്പെട്ടിരിക്കുന്നു. വാഹനങ്ങൾ, വീട്ടുപകരണങ്ങൾ, തൊഴിലുപകരണങ്ങൾ എന്തിനേറെ കുടിവെള്ള പൈപ്പുകൾ വരെ തകർന്നുകിടപ്പാണ്.

ഏതെങ്കിലും ഗുണ്ടാസംഘമോ കലാപക്കൂട്ടമോ അല്ല ഇത് ചെയ്തത്. നാട്ടുകാരുടെ നികുതിപ്പണം തിന്നുകഴിയുന്ന സർക്കാറിെൻറ സ്വന്തം പൊലീസാണ് ഈ അതിക്രമങ്ങൾക്ക് നേതൃത്വം നൽകിയിരിക്കുന്നത്. അർധരാത്രി വീടുകളിലെത്തിയ പൊലീസ്​ വാതിലുകൾ ചവിട്ടിപ്പൊളിച്ച് അകത്തു കടന്നാണ് അക്രമം അഴിച്ചുവിട്ടത്. സ്​ത്രീകൾ മാത്രമുള്ള വീടുകളാണ് നല്ലൊരു ശതമാനം. വനിത പൊലീസിെൻറ സാന്നിധ്യമില്ലാതെ കടക്കാൻ പാടില്ലാത്ത ഇടങ്ങളിലാണ് അർധരാത്രി പുരുഷ പൊലീസുകാർ അതിക്രമിച്ചുകടന്നത്. കൈക്കുഞ്ഞുങ്ങളുമായി സ്​ത്രീകൾ പാതിരാത്രിയിൽ വീടുവിട്ട് ഓടേണ്ട അവസ്​ഥയാണ് അവിടെ ഉണ്ടായിരിക്കുന്നത്. കേട്ടാലറയ്​ക്കുന്ന തെറിവാക്കുകളും വംശീയ അധിക്ഷേപ വാക്കുകളുംകൊണ്ടാണ് വീട്ടുകാരുടെ ചോദ്യങ്ങളെ പൊലീസ്​ നേരിട്ടത്. പൊലീസിനെ ഭയന്ന് ജനങ്ങൾ കൂട്ടപലായനം നടത്തുകയായിരുന്നു. പുരുഷന്മാരെ കൂട്ടത്തോടെ പിടിച്ചുകൊണ്ടുപോയി. പിടിച്ചുകൊണ്ടുപോയവരിൽ പ്ലസ്​ ടു പരീക്ഷ എഴുതാനിരിക്കുന്ന വിദ്യാർഥികളുമുണ്ട്. ഇവർ എവിടെയാണെന്ന് ആർക്കും ധാരണയില്ല. പേടിച്ച സ്​ത്രീകളും കുട്ടികളും നാടുവിട്ടു. കുട്ടികൾ എത്താത്തതിനാൽ പ്രദേശത്തെ കോർമൻതല എ.എം.എൽ.പി സ്​കൂളിൽ ചൊവ്വാഴ്ചയും അധ്യയനം നടന്നില്ല. ഇടതുപക്ഷ സർക്കാറിന് കീഴിലുള്ള ഒരു പൊലീസ്​ സേനയാണ് ഉത്തരേന്ത്യയിലെ വർഗീയ പൊലീസിനെ വെല്ലുന്ന ഈ നായാട്ടിന് നേതൃത്വം നൽകിയത് എന്നത് നാണക്കേടാണ്.

താനൂരിലെ പൊലീസ്​ അതിക്രമം ചൊവ്വാഴ്ച നിയമസഭയിൽ സ്വാഭാവികമായും വലിയ ഒച്ചപ്പാടിന് കാരണമായി. എന്നാൽ, പൊലീസിനെ സമ്പൂർണമായി ന്യായീകരിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ചത്. പൊലീസ്​ നിഷ്​​ക്രിയത്വം സൃഷ്​ടിക്കുന്ന പ്രശ്​​നങ്ങൾ നേരത്തേ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിൽ ഞങ്ങൾ ചൂണ്ടിക്കാണിക്കുകയുണ്ടായി. അന്ന് പറഞ്ഞ കാര്യങ്ങൾ ആവർത്തിക്കുന്നത്​ ഖേദകരമാണ്. അതിനാൽ, സംസ്​ഥാന പൊലീസിന് എവിടെയാണ് പിഴക്കുന്ന​െതന്ന്​ കണ്ടെത്തി ചികിത്സിക്കാൻ മുഖ്യമന്ത്രി ഇടപെട്ടേ മതിയാവൂ. പൊലീസിെൻറ മനോവീര്യം എന്ന സ്​ഥിരം പല്ലവി പറഞ്ഞ് എല്ലാ അരുതായ്മകൾക്കും മറപിടിക്കാനാണ് തുനിയുന്നതെങ്കിൽ വലിയ ജനകീയ പ്രതിഷേധമായിരിക്കും അത് ക്ഷണിച്ചുവരുത്തുക.

താനൂരിലെ പൊലീസ്​ അതിക്രമങ്ങളെക്കുറിച്ച് പ്രത്യേകമായി അന്വേഷിക്കാനും കുറ്റക്കാരായ ഉദ്യോഗസ്​ഥരെ മാതൃകാപരമായി ശിക്ഷിക്കാനും സർക്കാർ സന്നദ്ധമാവണം. നഷ്​ടം നേരിട്ട സർവർക്കും നഷ്​ടപരിഹാരം നൽകുകയും വേണം. എന്നാൽ, സർക്കാറിെൻറയും മുഖ്യമന്ത്രിയുടെയും ഇതുവരെയുള്ള സമീപനം മുന്നിൽവെച്ച് നോക്കുമ്പോൾ അതൊന്നും നടക്കാനുള്ള സാധ്യത കാണുന്നില്ല. അങ്ങനെയെങ്കിൽ മനുഷ്യാവകാശ കമീഷൻ, ന്യൂനപക്ഷ കമീഷൻ, കോടതി തുടങ്ങിയ സംവിധാനങ്ങളിലൂടെ ഇരകൾക്ക് നീതി ലഭ്യമാക്കാനും അക്രമികൾക്ക് ശിക്ഷ വാങ്ങിക്കൊടുക്കാനും മനുഷ്യാവകാശ പ്രസ്​ഥാനങ്ങളും സാമൂഹിക സംഘടനകളും മുന്നോട്ടുവരണം.

താനൂരിലെയും തിരൂരിലെയും തീരദേശ മേഖലകളിൽ രാഷ്​​ട്രീയ സംഘർഷങ്ങൾ വ്യാപകമായിട്ട് കാലമേറെയായി. സി.പി.എമ്മും മുസ്​ലിം ലീഗും ഇരുപക്ഷത്ത് നിന്നുകൊണ്ടുള്ള സംഘട്ടനങ്ങളാണ് അവിടെ നടക്കുന്നത്. അതിനെ അമർച്ചചെയ്യാൻ അക്രമിസംഘങ്ങളെ പിടികൂടുകയും കടുത്ത ശിക്ഷ നൽകുകയുമാണ് വേണ്ടത്. അത് ചെയ്യാതെ നിരപരാധികളെ അർധരാത്രിയിൽ വീട് തകർത്ത് ആക്രമിക്കുന്നതിെൻറ ന്യായം ഒരു നിലക്കും മനസ്സിലാവുന്നില്ല. ഈ പ്രദേശത്തെ അക്രമങ്ങൾക്ക് ലീഗും സി.പി.എമ്മും ഒരേപോലെ ഉത്തരവാദികളാണ് എന്നത് യാഥാർഥ്യമാണ്.

അവർ തങ്ങളുടെ കുടില രാഷ്​​ട്രീയ ലക്ഷ്യങ്ങൾക്കുവേണ്ടി ഗുണ്ടാസംഘങ്ങളെ സംരക്ഷിക്കുകയാണ്. തിടംവെച്ച് വളർന്ന ഇത്തരം സംഘങ്ങൾക്കുമേൽ ഈ രാഷ്​​ട്രീയ പാർട്ടികൾക്ക് നിയന്ത്രണം നഷ്​ടപ്പെട്ടിരിക്കുന്നു. നാട്ടിൽ സമാധാനം കൊണ്ടുവരുന്നതിൽ ഇരു കക്ഷികൾക്കും ആത്​മാർഥതയുണ്ടെങ്കിൽ തങ്ങൾ കൊണ്ടുനടക്കുന്ന അക്രമിക്കൂട്ടങ്ങളെ തള്ളിപ്പറയാനും അവരെ നിയമത്തിെൻറ മുന്നിൽ കൊണ്ടുവരാനും ഇരുകക്ഷികളും സന്നദ്ധമാകണം. അത് ചെയ്യാതെ ടെലിവിഷൻ കാമറകൾക്ക് മുന്നിൽ വന്ന് സമാധാനത്തെക്കുറിച്ച് പറയുന്നത് ആളെ പറ്റിക്കൽ മാത്രമാണ്. നിങ്ങളുടെ ഈ സങ്കുചിത കക്ഷിത്വം കാരണം ഒരു നാടാണ് തകരുന്നതെന്ന് മനസ്സിലാക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorial
News Summary - thanoor conflict:police and politition should responcible
Next Story