Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightതെറ്റ്...

തെറ്റ് ചൂണ്ടിക്കാണിച്ചാൽ കിട്ടും യു.എ.പി.എ

text_fields
bookmark_border
തെറ്റ് ചൂണ്ടിക്കാണിച്ചാൽ കിട്ടും യു.എ.പി.എ
cancel



ത്രി​​പുരയിലെ ബിപ്ലബ്​ദേബ് സർക്കാർ നിയമ ദുരുപയോഗത്തിൽ പുതിയ റെക്കോഡ് സൃഷ്​ടിച്ചിരിക്കുന്നു. ഒക്ടോബർ 21 മുതൽ നടന്ന വർഗീയ അതിക്രമങ്ങളെപ്പറ്റി വസ്തുതാന്വേഷണം നടത്തി റിപ്പോർട്ട് പുറത്തുവിട്ട അഭിഭാഷകർക്കെതിരെ യു.എ.പി.എ ചുമത്തി കേസെടുത്തത് സൗകര്യപ്രദമായ അജ്ഞതയുടെയോ നീതിന്യായത്തോടും നിയമത്തോടുമുള്ള ധിക്കാരത്തിെൻറയോ ഫലമാണെന്നേ പറയാനാവൂ.

പ്രാദേശിക മാധ്യമങ്ങളിലൂടെയും മറ്റും എല്ലാവരും അറിഞ്ഞ കാര്യങ്ങൾ തെളിവും സാക്ഷിമൊഴികളും കൊണ്ട് സ്ഥിരീകരിക്കുകയാണ് അഭിഭാഷകരടങ്ങുന്ന വസ്തുതാന്വേഷക സംഘം ചെയ്തത്. ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷത്തിനെതിരെ നടന്ന അക്രമങ്ങൾ എടുത്തുകാട്ടി ത്രിപുരയിൽ വർഗീയവികാരം ആളിക്കത്തിക്കാൻ വി.എച്ച്.പിയും ബജ്റങ്ദളും മറ്റും നടത്തിയ ശ്രമങ്ങൾ ഫലം കണ്ടപ്പോൾ ഒമ്പതുദിവസംകൊണ്ട് അനേകം മസ്ജിദുകളും മുസ്​ലിംകളുടെ കടകളും വീടുകളും ഭാഗികമായോ പൂർണമായോ തകർക്കപ്പെട്ടു.

ചിലേടത്ത് മുസ്​ലിംകൾ പലായനം ചെയ്യാനൊരുങ്ങി. ദിവസങ്ങളോളം നിഷ്ക്രിയമായിനിന്ന ബി.ജെ.പി സർക്കാർ ഒടുവിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചശേഷവും വർഗീയകക്ഷികൾ പ്രകോപനപരമായി റാലി നടത്തി. ഏകപക്ഷീയമായ ആക്രമണം കലാപമായി രൂപപ്പെടാൻ തുടങ്ങി. മുസ്​ലിംകൾ പ്രത്യാക്രമണത്തിന് മുതിരുന്ന അവസ്ഥയെത്തി. സംഭവം ഗുരുതരാവസ്ഥയിൽ തുടരുന്നുവെന്നു കണ്ട ത്രിപുര ഹൈകോടതി സ്വമേധയാ കേസെടുത്ത് സംസ്ഥാന സർക്കാറിനോട് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ്.

ഇതിനിടക്കാണ് പീപ്പിൾസ് യൂനിയൻ ഫോർ സിവിൽ ലിബർട്ടീസിലെ അഡ്വ. മുകേഷ്, നാഷനൽ കോൺഫെഡറേഷൻ ഓഫ് ഹ്യൂമൻ റൈറ്റ്സ് ഓർഗനൈസേഷൻസിലെ അഡ്വ. അൻസാർ ഇൻഡോറി, ലോയേഴ്സ് ഫോർ ഡെമോക്രസി എന്ന സംഘടനയിലെ അഡ്വ. അമിത് ശ്രീവാസ്തവ്, സുപ്രീംകോടതി അഭിഭാഷകൻ അഡ്വ. ഇഹ്തിസാം ഹാശിമി എന്നിവരടങ്ങുന്ന വസ്തുത പരിശോധക സംഘം അക്രമങ്ങളെക്കുറിച്ച് സ്വതന്ത്രമായി അന്വേഷിച്ച്, സംഭവസ്ഥലങ്ങളിൽച്ചെന്ന് ആളുകളെ നേരിട്ടു കണ്ട്, കാര്യങ്ങൾ വസ്തുനിഷ്ഠമായി വിലയിരുത്തി റിപ്പോർട്ട് തയാറാക്കിയത്. ആ റിപ്പോർട്ട് അവർ ഡൽഹിയിൽ വെച്ച് വാർത്താസമ്മേളനത്തിൽ പുറത്തുവിട്ടു. ഇതിനുപിന്നാലെയാണ് സംഘത്തിലെ അഡ്വ. മുകേഷ്, അഡ്വ. അൻസാർ എന്നിവർക്കെതിരെ യു.എ.പി.എ ചുമത്തി കേസെടുത്തത്.

വർഗീയാസ്വാസ്ഥ്യങ്ങളെപ്പറ്റി സ്വതന്ത്ര അന്വേഷകസംഘങ്ങൾ സ്വന്തമായി അന്വേഷിച്ച് റിപ്പോർട്ട് തയാറാക്കുന്നത് ഇതാദ്യമല്ല. ചമ്പാരൻ സംഭവത്തിൽ ഗാന്ധിജിതന്നെ അതു ചെയ്തിട്ടുണ്ട്. ഭരണകൂടം കക്ഷിയായ ഒരു അക്രമപരമ്പരയിൽ ഭരണകൂടത്തിെൻറ സ്വന്തം പൊലീസ് നടത്തുന്ന അന്വേഷണം നേരു കണ്ടെത്താനോ അക്രമങ്ങളുടെ ആവർത്തനം തടയാനോ പര്യാപ്തമാകില്ല.

ഇവിടെ, വസ്തുതപരിശോധകരുടെ കണ്ടെത്തൽ ത്രിപുര പൊലീസിനെ കുറ്റപ്പെടുത്തുന്നതാണ്.അക്രമങ്ങൾ തടയാമായിരുന്ന സമയത്ത് പൊലീസ് ഒന്നും ചെയ്യാതിരുന്നു, അത് അക്രമം വ്യാപിക്കാനിടയാക്കി എന്നാണ് ആ കണ്ടെത്തൽ. സ്വമേധയാ കേസെടുത്ത ഹൈകോടതി, അക്രമങ്ങളെക്കുറിച്ചുള്ള വ്യാജവാർത്തകളും അഭ്യൂഹങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പരത്തുന്നവർക്കെതിരെ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. അത് ത്രിപുര സർക്കാർ സൗകര്യപൂർവം വളച്ചൊടിച്ച്, വിമർശനങ്ങളെ തടയാനാണ് ഉപയോഗിച്ചത്.

വാർത്തസമ്മേളനം നടത്തിയ അഭിഭാഷകർ തങ്ങളുടെ കണ്ടെത്തലുകൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരുന്നു; ഫേസ്ബുക്ക്​ ലൈവിലൂടെ റിപ്പോർട്ടിെൻറ പ്രസക്ത ഭാഗങ്ങളും പുറത്തുവിട്ടു. മുമ്പ് വർഗീയ അസ്വസ്ഥത അക്രമത്തിലേക്ക് നീങ്ങാൻ സാധ്യത കണ്ടപ്പോഴേ മുസ്​ലിം സംഘടന നേതാക്കൾ മുഖ്യമന്ത്രിയെക്കണ്ട് പ്രശ്നം വഷളാകാതിരിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ടിരുന്നതാണ്. സർക്കാർ അനങ്ങിയില്ല; പിന്നീടാണ് അക്രമങ്ങൾ നടന്നത്. കുപ്രചാരണവും അഭ്യൂഹങ്ങളും വിലക്കി അക്രമം തടയേണ്ട സമയത്ത് നിഷ്ക്രിയത്വംകൊണ്ട് വർഗീയവാദികൾക്ക് പ്രോത്സാഹനം നൽകിയ സർക്കാറാണ്, കോടതിയും ജനാധിപത്യവാദികളും ഇടപെട്ടശേഷം കാര്യങ്ങൾ ഒന്നടങ്ങിയപ്പോൾ നേരുപറയുന്നവരെ അടിച്ചമർത്തുന്നത്. അക്രമത്തിനിരയായവരുടെ പരാതികൾ പങ്കുവെച്ച ട്വിറ്റർ അക്കൗണ്ടുകൾ വിലക്കുന്നുമുണ്ട്.

സ്പർധ സൃഷ്ടിക്കാനും വിദ്വേഷം പരത്താനും ശ്രമിച്ചു എന്നാണ് യു.എ.പി.എ ചുമത്താൻ ന്യായമായി പറയുന്നത്. ഒന്നാമത്, വർഗീയപക്ഷം സർക്കാറിൽനിന്ന് ഒരു വിലക്കുമില്ലാതെ സ്പർധ സൃഷ്​ടിക്കാൻ പ്രചാരണവും റാലിയും അക്രമവും നടത്തിയശേഷമാണ് നേരറിയാൻ അന്വേഷകർ രംഗത്തുവരുന്നത്. അന്വേഷണത്തിെൻറ രീതിയിലോ റിപ്പോർട്ടിെൻറ ശൈലിയിലോ വൈകാരികമായി ഒന്നുമില്ല. ഇനി, അവർ സ്പർധ സൃഷ്ടിക്കാൻ ശ്രമിച്ചു എന്ന് വാദത്തിനുവേണ്ടി സമ്മതിച്ചാൽപ്പോലും അതിന് ഇന്ത്യൻ ശിക്ഷാനിയമത്തിൽതന്നെ വകുപ്പുകളുണ്ട്. യു.എ.പി.എ അതിനാവശ്യമില്ല.

ഇവിടെ കാര്യം മറ്റൊന്നാണ്. സർക്കാറിെൻറയും പൊലീസിെൻറയും വീഴ്ചയാണ് അക്രമങ്ങൾക്ക് മുഖ്യകാരണമെന്ന് റിപ്പോർട്ട് സ്ഥാപിക്കുന്നുണ്ട്. ജനാധിപത്യ സ്വാതന്ത്ര്യത്തിെൻറ ആത്മാവാണ് സർക്കാറിനെ വിമർശിക്കാനുള്ള അവകാശം. പക്ഷേ, ബി.ജെ.പിയുടെ ഭരണശൈലിയിൽ വിമർശനങ്ങളോട് പ്രതികരിക്കുന്നത് തിരുത്തിലൂടെയല്ല, പ്രതികാരത്തിലൂടെയാണ്. വാർത്തക്കായി എത്തുന്ന പത്രപ്രവർത്തകൻ മുതൽ നേര് കണ്ടെത്തി പറയുന്ന അഭിഭാഷകർ വരെ ഇതിൽ ഇരയാക്കപ്പെടുന്നു. ഇനി ആരും വിമർശിക്കാൻ വരരുത് എന്ന ഒറ്റലക്ഷ്യമാണവർക്ക്. നിയമവാഴ്ച തകർക്കാനായി നിയമത്തെത്തന്നെ എങ്ങനെ ഉപയോഗിക്കാം എന്നതിന് ബി.ജെ.പി നൽകുന്ന മറുപടിയായിരിക്കുന്നു യു.എ.പി.എ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorialuapatripura
News Summary - Tripura police book social media accounts and lawyers under UAPA
Next Story