Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightനീതിപീഠം ഇടപെടുമ്പോൾ

നീതിപീഠം ഇടപെടുമ്പോൾ

text_fields
bookmark_border
നീതിപീഠം ഇടപെടുമ്പോൾ
cancel

രാജ്യം ഏറെ ആകാംക്ഷയോടെ ഉറ്റുനോക്കിയ ഒരുപിടി കേസുകളാണ് കഴിഞ്ഞദിവസം സുപ്രീംകോടതി പരിഗണിച്ചത്. പെഗസസ് ചാരവൃത്തി സംബന്ധിച്ച് ജുഡീഷ്യൽ സമിതി നടത്തിയ അന്വേഷണ റിപ്പോർട്ടിന്റെ സമർപ്പണം, കേന്ദ്രാന്വേഷണ ഏജൻസിയായ ഇ.ഡിക്ക് വിപുലാധികാരം നൽകുന്ന വിധിക്കെതിരായ ഹരജി, ബിൽക്കീസ് ബാനു കേസിലെ കുറ്റവാളികളെ മോചിപ്പിച്ച ഗുജറാത്ത് സർക്കാർ നടപടിക്കെതിരായ ഹരജി, മനുഷ്യാവകാശ പ്രവർത്തക ടീസ്റ്റ സെറ്റൽവാദിന്റെ ജാമ്യ ഹരജി തുടങ്ങി അതിനിർണായകമായ അരഡസൻ കേസുകളെങ്കിലും ചീഫ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ചിനു മുന്നിലെത്തി.

കേന്ദ്രത്തിന്റെ ഫാഷിസ്റ്റ് ഭരണത്തിന് രാജ്യത്തെ ജുഡീഷ്യറിയും കീഴ്പ്പെട്ടു കഴിഞ്ഞെന്ന വിമർശനം നിലനിൽക്കെ, മേൽ സൂചിപ്പിച്ച കേസുകളിലെല്ലാം തീർത്തും 'വ്യത്യസ്ത'മെന്ന് വിശേഷിപ്പിക്കാവുന്ന സമീപനം പരമോന്നത നീതിപീഠത്തിന്റെ ഭാഗത്തുനിന്നുണ്ടായത് പലരെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. പരിഗണിക്കാനുള്ള കേസുകളുടെ പട്ടിക തയാറാക്കുന്ന കാര്യത്തിൽ കോടതി വലിയ വിമർശനം ക്ഷണിച്ചുവരുത്തിയിരുന്നു. ഭരണകൂടത്തിന് താൽപര്യമുള്ള കേസുകൾ എളുപ്പത്തിൽ തീർപ്പാക്കാനുള്ള മാർഗമായി ഈ വിവേചനാധികാരം ഉപയോഗപ്പെടുത്തുന്നതിന് ഒട്ടേറെ സാക്ഷ്യങ്ങളുമുണ്ട്. അതുകൊണ്ടുതന്നെ, ഭരണകൂടത്തിന് തലവേദനയുണ്ടാക്കുന്നതോ ഏതെങ്കിലും അർഥത്തിൽ സർക്കാറുകളെ പ്രതിക്കൂട്ടിൽ നിർത്തുന്നതോ ആയ ഹരജികൾ പിന്നെയും കാത്തുകെട്ടി കിടക്കുന്ന അവസ്ഥയാണ്.

ഈ കീഴ്വഴക്കം കഴിഞ്ഞദിവസം എൻ.വി. രമണ 'തെറ്റിച്ചു'. ഭരണഘടനാ ബെഞ്ചിൽ പരിഗണിക്കാനിരിക്കുന്ന 53 കേസുകളിൽ 25ഉം വ്യാഴാഴ്ച ലിസ്റ്റ് ചെയ്തു; ആഗസ്റ്റ് 29 മുതൽ ഈ കേസുകളിൽ വാദം കേൾക്കാനും തീരുമാനിച്ചിരിക്കുന്നു. എല്ലാ ദിവസവും സുപ്രീംകോടതി ഇമ്മട്ടിൽ പ്രവർത്തിച്ചിരുന്നുവെങ്കിൽ എന്നാശിച്ചുപോകുന്നുവെന്ന് ഈ സംഭവങ്ങൾക്ക് സാക്ഷിയായ പല അഭിഭാഷകരും അഭിപ്രായപ്പെട്ടു.

രാഹുൽ ഗാന്ധിയടക്കമുള്ള പ്രതിപക്ഷ പാർട്ടി നേതാക്കൾ, രണ്ട് കേന്ദ്രമന്ത്രിമാർ, മുൻ തെരഞ്ഞെടുപ്പ് കമീഷണർ, മാധ്യമപ്രവർത്തകർ തുടങ്ങി 142 ഇന്ത്യക്കാരുടെ മൊബൈൽ ഫോണുകളിൽ രഹസ്യമായി പെഗസസ് എന്ന ഇസ്രായേലി സോഫ്റ്റ്വെയർ ഉപയോഗിച്ച് ചാരവൃത്തി നടത്തിയെന്ന അത്യന്തം ഗുരുതരമായ ആരോപണമായിരുന്നു കേന്ദ്ര സർക്കാറിനെതിരെ ഉന്നയിക്കപ്പെട്ടത്. അന്താരാഷ്ട്രതലത്തിൽ രാജ്യത്തിന് വലിയ നാണക്കേടുണ്ടാക്കിയ ഈ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ജസ്റ്റിസ് രവീന്ദ്രൻ അധ്യക്ഷനായ സമിതിയെ സുപ്രീംകോടതി ചുമതലപ്പെടുത്തിയിരുന്നു. സമിതി റിപ്പോർട്ട് കോടതിയിൽ തുറന്ന ചീഫ് ജസ്റ്റിസ് അതിലെ തെരഞ്ഞെടുത്ത ചില ഭാഗങ്ങൾ വായിച്ചു.

എന്നല്ല, അന്വേഷണത്തോട് സർക്കാർ സഹകരിച്ചില്ലെന്ന് സമിതി ഉന്നയിച്ചപ്പോൾ അത് കാര്യമായ ചർച്ചയാക്കാനും ചീഫ് ജസ്റ്റിസ് മടികാണിച്ചില്ല. 'നിങ്ങൾ സുപ്രീംകോടതിയിൽ ചെയ്തതുതന്നെയാണ് സമിതിയോടു ചെയ്തത്' എന്ന് കടുത്ത ഭാഷയിൽ സർക്കാർ പ്രതിനിധിയോട് ജസ്റ്റിസ് രമണ തുറന്നടിച്ചു. റിപ്പോർട്ടിൽ സൈബർ നിയമ ഭേദഗതി അടക്കമുള്ള ശിപാർശകളടങ്ങുന്ന ഭാഗം സുപ്രീംകോടതി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച് പൊതുജനങ്ങൾക്ക് ലഭ്യമാക്കാനും അദ്ദേഹം നിർദേശിച്ചു. തീർച്ചയായും ഈ ഇടപെടൽ സർക്കാറിന് ക്ഷീണമാണ്; ചാരവൃത്തി നടന്നുവെങ്കിലും അത് പെഗസസ് സോഫ്റ്റ് വെയർ ഉപയോഗിച്ചാണോ എന്ന് ഉറപ്പിക്കാനാവില്ലെന്ന റിപ്പോർട്ടിലെ പരാമർശം മാത്രമാണ് കേന്ദ്രത്തിന് ആശ്വസിക്കാൻ വകയുള്ളത്. സമാനമായ സമീപനം തന്നെയായിരുന്നു ഇ.ഡി കേസിലുമുണ്ടായത്. പ്രതിപക്ഷസംസ്ഥാനങ്ങളെയും രാഷ്ട്രീയ എതിരാളികളെയും കീഴ്പ്പെടുത്താനുള്ള കേന്ദ്രത്തിന്റെ അധികാരദണ്ഡായി മാറിയിരിക്കുന്നു എൻഫോഴ്സ്മെന്‍റ് ഡിപ്പാർട്ട്മെന്‍റ്. അങ്ങനെയൊരു ഏജൻസിയെ കയറൂരിവിടുംവിധമുള്ള വിധിയായിരുന്നു കഴിഞ്ഞമാസം സുപ്രീംകോടതി പുറപ്പെടുവിച്ചത്.

ആ വിധിയിൽ ചില പ്രശ്നങ്ങളുണ്ടെന്നാണ് പുനഃപരിശോധന ഹരജി പരിഗണിക്കവെ ചീഫ് ജസ്റ്റിസ് തുറന്നു സമ്മതിച്ചത്. ഒരുതരത്തിലും ഈ ഹരജി പരിഗണിക്കരുതെന്ന കേന്ദ്ര സർക്കാർ വാദം അദ്ദേഹം ആദ്യമേ തള്ളുകയും ചെയ്തു. ബിൽക്കീസ് ബാനു കേസിൽ ഗുജറാത്ത് സർക്കാർ തടസ്സവാദം ഉന്നയിച്ചപ്പോഴും സമാന നിലപാടുതന്നെയായിരുന്നു പരമോന്നത നീതിപീഠത്തിന്. കുറ്റവാളികൾക്ക് ശിക്ഷയിളവ് നൽകിയ ഗുജറാത്ത് സർക്കാർ നടപടിക്കെതിരെ കോടതിയെ സമീപിച്ച സി.പി.എം നേതാവ് സുഭാഷിണി അലിയും തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്രയുമൊന്നും കേസുമായി ബന്ധമില്ലാത്തവരാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി തള്ളാൻ സർക്കാർ അഭിഭാഷകൻ ആവശ്യപ്പെട്ടത്. ആ ആവശ്യം തള്ളിയെന്നു മാത്രമല്ല, ശിക്ഷ റദ്ദാക്കണമെന്ന അപേക്ഷ പരിഗണിക്കാമെന്ന സുപ്രീംകോടതി നിരീക്ഷണത്തെ സർക്കാർ തെറ്റായി വ്യാഖ്യാനിച്ച് കുറ്റവാളികൾക്ക് മോചനത്തിന് വഴിയൊരുക്കിയെന്നും കോടതി കുറ്റപ്പെടുത്തി. കോടതിയുടെ ഈ പരാമർശങ്ങൾ ഏറെ പ്രധാനമാണ്; സമീപകാല അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ അത്ഭുതവുമാണ്.

ചീഫ് ജസ്റ്റിസ് പദത്തിൽനിന്ന് വിരമിക്കുന്നതിന് തലേദിവസമാണ് എൻ.വി. രമണയുടെ ഇടപെടലുകളത്രയുമെന്നതും ശ്രദ്ധേയമാണ്. 'നിയമത്തെ താഴെവീഴാതെ, ഉടയാതെ, കളങ്കപ്പെടുത്താതെ മുറുകെ പിടിക്കുന്ന സംവിധാനം' എന്നാണ് ജുഡീഷ്യറിയെ നിർവചിക്കാറുള്ളത്. നിയമനിർമാണം നടത്തുന്ന ലെജിസ്ലേച്ചറിനെയും നിയമം നടപ്പിലാക്കുന്ന എക്സിക്യൂട്ടീവിനെയും നേർവഴിക്ക് നടത്താനും ആവശ്യമെങ്കിൽ നിയന്ത്രിക്കാനുമൊക്കെ അധികാരമുള്ള സ്ഥാപനമാണത്. അത്രയും ഉത്തരവാദപ്പെട്ട ഒരു ഭരണഘടനസംവിധാനം സ്വന്തം നിലയിൽതന്നെ കുത്തഴിഞ്ഞതിന്റെയും ഭരണവർഗത്തിന് വിധേയപ്പെട്ടതിന്റെയും കഥകളാണ് മിക്കപ്പോഴും കേൾക്കാറുള്ളത്. അതിൽനിന്ന് മാറി അവിടെ നിന്നു മരുഭൂമിയിലെ മഴകണക്കെ, സക്രിയമായ ഇടപെടലുകളുണ്ടാകുമ്പോൾ അത് ആശ്വാസം തന്നെയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorial
News Summary - Madhyamam Editorial On Supreme court
Next Story