Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightസാമ്പത്തിക...

സാമ്പത്തിക സംവരണത്തിനെതിരെ ഡി.എം.കെയുടെ നിയമയുദ്ധം

text_fields
bookmark_border
സാമ്പത്തിക സംവരണത്തിനെതിരെ ഡി.എം.കെയുടെ നിയമയുദ്ധം
cancel

10 ശതമാനം മുന്നാക്ക-സാമ്പത്തിക സംവരണം സാധുവാണെന്ന സുപ്രീംകോടതിയുടെ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു ഡി.എം.കെ തിങ്കളാഴ്ച സുപ്രീംകോടതിയിൽ ഹരജി ഫയൽ ചെയ്തിരിക്കുന്നു. നിയമം പാസായപ്പോൾതന്നെ പ്രസ്തുത സംവരണം നടപ്പാക്കുകയില്ലെന്നു നിലപാടെടുത്തതാണ് തമിഴ്നാട് ഭരണകൂടം. മാത്രമല്ല, നിയമം ചോദ്യംചെയ്തുകൊണ്ടുള്ള നാൽപതോളം ഹരജികളിൽ ഒന്ന് തമിഴ്നാട് സർക്കാറിന്‍റേതുമായിരുന്നു. ഇപ്പോൾ ഇതുസംബന്ധമായി മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ സർവകക്ഷി യോഗം വിളിക്കുകയും ഏതാണ്ട് സമവായം ഉണ്ടാക്കുകയും ചെയ്ത ശേഷമാണ് ഈ നീക്കം. പാർലമെൻറിൽ നിയമം പാസാക്കിയപ്പോൾ പിന്തുണച്ച കോൺഗ്രസ്, സി.പി.ഐ, സി.പി.എം ഉൾപ്പെടെ കക്ഷികൾക്കും ഇപ്പോൾ വീണ്ടുവിചാരമുണ്ടായിരിക്കുന്നു എന്നു സൂചിപ്പിക്കുന്നതായിരുന്നു ചർച്ചകൾ.

2019ൽ പാർലമെന്‍റ് പാസാക്കിയ നിയമമനുസരിച്ച് കേന്ദ്രതലത്തിൽ 10 സാമ്പത്തിക ശതമാനം സംവരണം നിലവിൽ വന്നെങ്കിലും, സംസ്ഥാനങ്ങൾക്ക് അത് ഐച്ഛികമാണ്. അതുടനെ നടപ്പിലാക്കിയ സംസ്ഥാനമെന്ന ഖ്യാതി നേടിയെടുത്തു കേരളമെന്നതും ഓർക്കേണ്ടതാണ്. 2019 ജനുവരി 12നാണ് പാർലമെന്റ് ഭരണഘടനയുടെ 15 ഉം 16 ഉം ഖണ്ഡികകളിൽ വരുത്തിയ ഭേദഗതിയനുസരിച്ച് സ്റ്റേറ്റിന് സർക്കാർ ഉദ്യോഗങ്ങളിലും സീറ്റുകളിലും മുന്നാക്കക്കാരിലെ ദരിദ്രരായ വിഭാഗത്തിന് 10 ശതമാനം സംവരണം നൽകാൻ അധികാരം നൽകുന്ന ബിൽ രാഷ്‌ട്രപതി ഒപ്പിടുന്നതും തുടർന്ന് ചട്ടങ്ങൾ രൂപപ്പെടുത്തി നടപ്പിൽ വരുന്നതും. തൊട്ടുടനെ തന്നെ അത് ചോദ്യം ചെയ്യുന്ന ഒട്ടനവധി ഹരജികൾ സുപ്രീംകോടതി മുമ്പാകെ വന്നെങ്കിലും അന്ന് അടിയന്തരപ്രാധാന്യം നൽകി അതൊന്നും പരിഗണനക്കെടുത്തിരുന്നില്ല; മാത്രമല്ല, തൽക്കാലം പുതിയ സംവരണം സ്റ്റേ ചെയ്യണമെന്ന ആവശ്യവും കോടതി തള്ളി.

നിയമത്തിന്റെ ഭരണഘടനാപരവും നിയമപരവുമായ ദൗർബല്യങ്ങൾ നേരത്തേ തന്നെ ചൂണ്ടിക്കാട്ടപ്പെട്ടിരുന്നു. ഒന്ന്, സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥക്കും ഭരണത്തിലെ പ്രാതിനിധ്യക്കുറവിനുമുള്ള തിരുത്തലായിട്ടാണ് സംവരണം വിഭാവന ചെയ്യപ്പെട്ടതുതന്നെ. അത് തകിടംമറിക്കുന്നതായി പുതിയ നിയമം. മറ്റൊന്ന്, 1992 ലെ ഇന്ദിര സാഹ്നി കേസിലെ ഒമ്പതംഗ ഭരണഘടന ബെഞ്ചിന്റെ സാമ്പത്തിക മാനദണ്ഡത്തിൽ മാത്രം സംവരണം ആയിക്കൂടാ എന്ന തത്ത്വവും സംവരണം അമ്പതു ശതമാനത്തിൽ കവിയരുതെന്ന ഉത്തരവും ഈ നിയമം ലംഘിക്കുന്നു. 2019ൽ തന്നെ വന്ന എതിർഹരജികളിൽ ഭരണഘടന ബെഞ്ചിന് വിടണമെന്ന വാദമായിരുന്നു പരിഗണിച്ചത്. ഒടുവിൽ കേസ് അഞ്ചംഗ ഭരണഘടന ബെഞ്ചിനു വിട്ടു. പ്രസ്തുത ബെഞ്ച് അടിയന്തരപ്രാധാന്യത്തോടെ പരിഗണിക്കാതെ നീട്ടി വെച്ച് ഒടുവിൽ ഈ വർഷം സെപ്റ്റംബറിലാണ് ആറര ദിവസം വാദം കേട്ട് നവംബർ ഏഴിനു വിധി പുറപ്പെടുവിച്ചത്.

സംവരണത്തിന് സാമ്പത്തിക മാനദണ്ഡം ആകാമോ, അതിൽനിന്ന് പട്ടികജാതി/വർഗം, ഒ.ബി.സി തുടങ്ങി നിലവിൽ സംവരണം അനുഭവിക്കുന്നവരെ ഒഴിവാക്കാമോ, സർക്കാർ സഹായം ലഭിക്കാത്ത സ്വകാര്യ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ സംവരണം നിർബന്ധമാക്കാമോ എന്നിവയായിരുന്നു കോടതി പരിഗണിച്ച വിഷയങ്ങൾ. എല്ലാറ്റിലും ബെഞ്ചിലെ മൂന്നു ജഡ്ജിമാർ നിയമത്തിനനുകൂലമായി വിധിപറഞ്ഞപ്പോൾ, ജസ്റ്റിസ് എസ്.ആർ. ഭട്ട് സ്വന്തമായും ചീഫ് ജസ്റ്റിസ് യു.യു. ലളിതിനുവേണ്ടിയും എഴുതിയ വിധിയിൽ സാമ്പത്തികസംവരണത്തെ അനുകൂലിച്ചുതന്നെ, അതിൽനിന്ന് നിലവിൽ സംവരണം ലഭിക്കുന്ന വിഭാഗങ്ങളെ ഒഴിവാക്കുന്നതിന് സാധുതയില്ലെന്ന് വിധിച്ചു. എങ്കിലും 3:2 ഭൂരിപക്ഷത്തിൽ വിധി നിയമത്തിനനുകൂലമായി. ഇന്നിപ്പോൾ സാമാന്യം ധനികർ തന്നെയായ മുന്നാക്കവിഭാഗത്തിന് 'സാമ്പത്തിക സംവരണ' മേൽവിലാസത്തിൽ സംവരണാനുകൂല്യമായി.

പിന്നാക്കക്കാർക്ക് 50 ശതമാനത്തിൽ കൂടുതൽ സംവരണം നിലവിലുള്ള സംസ്ഥാനമാണ് തമിഴ്നാട്. ഭരണഘടനയുടെ 103ാം ഭേദഗതി നിലവിൽ വന്നതുമുതൽ സർക്കാറിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മതിയായ പ്രാതിനിധ്യവും അതനുസരിച്ചുള്ള ശാക്തീകരണവും ലഭിക്കാത്ത പിന്നാക്കസമുദായങ്ങൾ മുറവിളി കൂട്ടുന്നുണ്ടെങ്കിലും നിയമപീഠത്തിനുമുന്നിൽ അതൊന്നും യഥാവിധി പരിശോധനക്ക് വന്നിരുന്നില്ല. ഒരർഥത്തിൽ ഇന്ത്യൻ പിന്നാക്ക വിഭാഗങ്ങളുടെ മാഗ്നാകാർട്ടയായ 1992 ലെ മണ്ഡൽ കമീഷൻ ശിപാർശകൾ നൽകിയ ശാക്തീകരണ ഉപാധിയായ സംവരണത്തെ ഭാഗികമായി റദ്ദു ചെയ്യുന്ന ഒന്നാണ് സാമ്പത്തിക സംവരണം എന്ന തിരിച്ചറിവ് ഡി.എം.കെക്ക് നേരത്തേ ഉണ്ടായിരുന്നെങ്കിലും മറ്റു പലർക്കും വൈകിയാണ് ആ വിവേകം ഉദിച്ചത്. കോൺഗ്രസ് നേതാവ് ഡോ. ജയാ ഠാകുർ ഉൾപ്പെടെ നൽകിയ പുനഃപരിശോധന ഹരജികളും പുതിയ ഹരജിയും കേൾക്കാൻ പരമോന്നത കോടതി തയാറായാൽ എന്തുവരുമെന്ന് കാണാനിരിക്കുന്നു. ഇതിലുൾപ്പെട്ട അടിസ്ഥാന സമസ്യകൾ നീതിപീഠം പുനഃപരിശോധിക്കേണ്ടതുണ്ട്. അതിനുള്ള അവസരം ഹരജികളിലൂടെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorial
News Summary - madhyamam editorial on reservation
Next Story