Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightമതപ്രചാരണവും...

മതപ്രചാരണവും പരിവർത്തനവും തടയാൻ ഹിംസ

text_fields
bookmark_border
മതപ്രചാരണവും പരിവർത്തനവും തടയാൻ ഹിംസ
cancel

കഴിഞ്ഞ മാസം ബംഗളൂരുവിലെ മല്ലേശ്വരത്ത് ക്രൈസ്തവ മിഷനറി സംഘം ബൈബിൾ വിതരണം നടത്തുന്നതിനിടയിൽ ആക്രമിക്കപ്പെടുന്നതിന്റെ വിഡിയോ ചിത്രങ്ങൾ മാധ്യമങ്ങളിൽ ചർച്ചയായി. സംഘത്തിലെ ഒരംഗം ക്രിസ്മസ് സന്തോഷത്തിന് ബൈബിളും ചോക്ലറ്റും വിതരണം ചെയ്യുന്നതും അതിനിടയിൽ ജനങ്ങൾ തടിച്ചുകൂടി തടയാൻ ശ്രമിക്കുന്നതും കൈയിലുണ്ടായിരുന്ന ബൈബിൾ കോപ്പികൾ പിടിച്ചുവാങ്ങി വലിച്ചെറിയുന്നതും ഒക്കെയായിരുന്നു വിഡിയോയിൽ. ഛത്തിസ്‌ഗഢിലെ നാരായൺപുർ മേഖലയിലെ സമാനമായ ആക്രമണസംഭവങ്ങളിൽ 11 പേരെ അറസ്റ്റ് ചെയ്തതും വാർത്തയായിരുന്നു. ഇതിൽ ബി.ജെ.പി ജില്ല പ്രസിഡന്റുമാരും പെടും. തിങ്കളാഴ്ച ഒരു പള്ളിക്കുനേരെയും ആക്രമണം നടന്നു. സംഭവശേഷം വിശ്വ ഹിന്ദു പരിഷത്ത് പറഞ്ഞത് നിയമവിരുദ്ധ മതപരിവർത്തനങ്ങൾ ഭരണഘടനയുടെയും നിയമത്തിന്റെയും പരിധിയിൽനിന്നുകൊണ്ട് തടയണമെന്നും നേരത്തേതന്നെ മിഷനറിമാരുടെ ശ്രമങ്ങളെ തടഞ്ഞിരുന്നെങ്കിൽ ഇത് സംഭവിക്കില്ലായിരുന്നു എന്നുമാണ്.

ഇപ്പോൾതന്നെ വിവിധ സംസ്ഥാനങ്ങളിൽ മതപരിവർത്തന നിരോധന നിയമങ്ങൾ നിലവിലുണ്ട്. നേരത്തേ ദേശീയതലത്തിൽതന്നെ അത്തരം നിയമനിർമാണത്തിനുള്ള ശ്രമങ്ങൾ നടന്നിരുന്നെങ്കിലും അവ പാസായിരുന്നില്ല. എന്നാൽ, ബ്രിട്ടീഷ് ഭരണകാലത്ത് ഹിന്ദു രാജഭരണം നിലവിലുണ്ടായിരുന്ന കോട്ട, ബിക്കാനീർ, ജോധ്പുർ, റായ്ഗഢ്, ഉദയപുർ തുടങ്ങിയ നാട്ടുരാജ്യങ്ങളിൽ ഹിന്ദു വിശ്വാസ സംരക്ഷണത്തിന് നിയമങ്ങളുണ്ടായിരുന്നു. സ്വതന്ത്ര ഇന്ത്യയിൽ തത്തുല്യമായ നിയമനിർമാണത്തിന് നടന്ന ശ്രമങ്ങൾ പരാജയപ്പെടുകയാണുണ്ടായത്. അവസാനം 2015ൽ കേന്ദ്ര നിയമ മന്ത്രാലയം ഇത് സംസ്ഥാന വിഷയമാണെന്ന കാരണത്താൽ സംസ്ഥാനങ്ങൾക്കു വിട്ടു. മുഖ്യമായും ബി.ജെ.പി ഭരിച്ച സംസ്ഥാനങ്ങൾ ഓരോന്നായി അത് നിർവഹിക്കുകയും ചെയ്തു. ചിലത് ആക്ടായും ചിലത് ഓർഡിനൻസായും. സിഖ് മതം, ജൈനമതം എന്നിവയെ ഭാരതീയ മതങ്ങളായിക്കണ്ട് അവയല്ലാത്ത ഇസ്‌ലാം, ക്രൈസ്തവത, ജൂതമതം, സൗരാഷ്ട്രമതം എന്നിവയിലേക്കുള്ള പരിവർത്തനത്തെയാണ് പൊതുവെ നിയമവിരുദ്ധമാക്കിയത്. നിലവിൽ അരുണാചൽപ്രദേശ്, ഛത്തിസ്‌ഗഢ്, ഗുജറാത്ത്, ഹിമാചൽപ്രദേശ്, ഝാർഖണ്ഡ്, മധ്യപ്രദേശ്, ഒഡിഷ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ ഈ നിയമങ്ങളുണ്ട്.

വിശദാംശങ്ങൾ വ്യത്യസ്തമാണെങ്കിലും മിക്ക നിയമങ്ങളുടെയും കാതൽ മതം മാറുന്നവർക്കുള്ള തടസ്സങ്ങളും ‘മാറ്റുന്നവർ’ക്കുള്ള ശിക്ഷകളുമാണ്. സ്വന്തം ഇച്ഛയനുസരിച്ച് ഒരു മതം സ്വീകരിക്കുന്നതിന് അനുമതി, രജിസ്‌ട്രേഷൻ എന്നിവ വേണം, മുൻകൂട്ടി അറിയിപ്പ് പരസ്യപ്പെടുത്തണം, വിവാഹവുമായി ബന്ധപ്പെട്ടതാണെങ്കിൽ വലിയ കടമ്പകൾ കടക്കണം. നിർബന്ധ മതപരിവർത്തനം ആരോപിച്ച് പരാതി കിട്ടിയാൽ ഉടനെ ആരോപിതനെ നടപടികൾക്കു വിധേയമാക്കും, നിർബന്ധത്തിനു വഴങ്ങിയിട്ടല്ല മതംമാറിയത് എന്ന് തെളിയിക്കണം തുടങ്ങിയ വ്യവസ്ഥകൾ. നിയമപ്രക്രിയയിലുള്ള പീഡനം വേറെയും. പല നിയമങ്ങളും കോടതികളിൽ ചോദ്യംചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും നിർണായകമെന്നു പറയാവുന്ന വിധി അപൂർവമായേ വന്നിട്ടുള്ളൂ. ഈയ്യിടെ വന്ന മധ്യപ്രദേശ് ഹൈകോടതിയുടെ ഒരു വിധിയിൽ ജില്ല മജിസ്ട്രേറ്റിന്റെ അനുമതിയില്ലാതെ മിശ്രവിവാഹം നടത്തുന്ന ദമ്പതികളെ പ്രോസിക്യൂട്ട് ചെയ്യുന്നതിൽനിന്ന് സർക്കാറിനെ തടഞ്ഞിരുന്നു. അതിനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ നൽകിയ ഹരജി കഴിഞ്ഞ ദിവസം വിചാരണക്കു വന്നപ്പോൾ ചീഫ് ജസ്റ്റിസ് ഹൈകോടതി വിധിക്കു സ്റ്റേ നിഷേധിച്ചുകൊണ്ട് പറഞ്ഞത് എല്ലാ മതപരിവർത്തനവും നിയമവിരുദ്ധമാവില്ല എന്നാണ്. കേസ് ഫെബ്രുവരിയിൽ നടക്കുമെന്ന് പ്രതീക്ഷിക്കുന്നു.

പ്രസ്തുത നിയമങ്ങളുടെ മർമം ആദ്യംതന്നെ മതംമാറ്റം നിർബന്ധപൂർവമാണെന്ന് മുദ്രവെക്കലും മറിച്ച് തെളിയിക്കേണ്ട ബാധ്യത മതംമാറിയ വ്യക്തികൾക്കുമേൽ ചുമത്തലുമാണ്. പിന്നെ, പരാതിക്കാരെന്ന നിലയിൽ ജനക്കൂട്ടങ്ങൾക്ക് ‘നിയമവിധേയ’മായിതന്നെ ‘കൈകാര്യം’ചെയ്യാവുന്ന അവസ്ഥ കൈവരുന്നു. അന്തിമ ഫലം, ഒരാൾക്ക് സ്വയംബോധ്യത്തിൽ മതം മാറേണ്ടി വന്നാൽ അതിനുപോലും പറ്റാത്ത സ്ഥിതി സംജാതമാക്കി എന്നതാണ്. രാജ്യത്തിന്റെ ഭരണഘടനയനുസരിച്ച് ഇഷ്ടമുള്ള മതം സ്വീകരിക്കാനും പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യമാണ് ഇതുമൂലം റദ്ദ് ചെയ്യപ്പെടുന്നത്.

മതം പ്രചരിപ്പിക്കാൻ മാത്രമാണ് സ്വാതന്ത്ര്യമെന്നും പ്രചാരവേല നടത്താനല്ല എന്നുമാണ് ഹിന്ദുത്വ വക്താക്കൾ താത്ത്വികമായി ഇതിനെ എതിർക്കാൻ പറയാറ്. സംഘടിതമായി നടത്തുന്ന പ്രവർത്തനം പൊതുവെ മതം പ്രചരിപ്പിക്കാൻ മാത്രമേ നടക്കാറുള്ളൂവെന്നും മതം സ്വീകരിക്കൽ വ്യക്തിതലത്തിൽ ബോധ്യംകൊണ്ട് മാത്രമാണെന്നും വ്യക്തമാണെങ്കിലും ‘അന്യ മത’ങ്ങൾക്കെതിരിൽ പ്രവർത്തനം ശക്തിപ്പെടുത്താൻ ഒരവസരംകൂടി എന്ന നിലയിലാണ് സംഘ്പരിവാർ ശക്തികളും അവരെ പിന്തുണക്കുന്ന ഭരണകൂടങ്ങളും പ്രവർത്തിക്കുന്നത്. ഭരണഘടന നൽകുന്ന അവകാശങ്ങൾ ഉറപ്പുവരുത്താൻ നിയമനടപടികളും കോടതികളുടെ നിയമവാഴ്ചക്കുള്ള പിന്തുണയുംകൊണ്ടു മാത്രമേ ആരോഗ്യകരവും സംഘർഷമുക്തവുമായ സാമൂഹിക സാഹചര്യം ഉറപ്പുവരുത്താൻ പറ്റൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorial
News Summary - Madhyamam editorial on religious conversion
Next Story