Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
മാനിക്, നീയൊരു മണിമുത്ത്
cancel

അപകടത്തിൽപെടുന്ന സഹജീവികളെ രക്ഷപ്പെടുത്താൻ സന്നദ്ധമായി ആരെങ്കിലും ഇറങ്ങുന്നത് അസാധാരണ വാർത്തയല്ല, അത് മനുഷ്യന്റെയും മറ്റനേകം ജീവജാലങ്ങളുടെയും നൈസർഗിക സ്വഭാവമാണ്. വടക്കഞ്ചേരിയിൽ അപകടത്തിൽപെട്ട വിദ്യാർഥികളെ ആശുപത്രിയിൽ എത്തിക്കാൻ വിസമ്മതിച്ച കാർ യാത്രക്കാരെപ്പോലെ ചിലരാണ് അതിനപവാദം. എന്നാൽ, ഈയിടെ പശ്ചിമബംഗാളിൽ ഒരു വെൽഡിങ് തൊഴിലാളി നടത്തിയ രക്ഷാപ്രവർത്തനം പ്രാദേശിക മാധ്യമങ്ങളിലും കൊൽക്കത്തയിൽനിന്ന് പുറത്തിറങ്ങുന്ന പ്രമുഖ ഇംഗ്ലീഷ് പത്രമായ 'ദ ടെലിഗ്രാഫി'ലുമടക്കം പ്രാധാന്യമുള്ള വാർത്തയായി.

മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള അക്രമ-അപകട വാർത്തകളപ്പാടെ പകർത്തി മൊഴിമാറ്റി പ്രസിദ്ധീകരിക്കുന്ന മലയാള മാധ്യമങ്ങളധികവും ഈ സംഭവം കാണാതെപോയതിനാൽ അതേക്കുറിച്ച് അൽപം വിശദമായി പറയേണ്ടതുണ്ട്: ഒക്ടോബർ അഞ്ചിന് ദുർഗാപൂജ ആഘോഷത്തിന്റെ ഭാഗമായി വിഗ്രഹനിമജ്ജനം ചെയ്യുന്നതിനിടെ ജൽപായ്ഗുഡി ജില്ലയിലെ മാൽനദിയിൽ മിന്നൽപ്രളയമുണ്ടാവുകയും നിരവധിപേർ ഒഴുക്കിൽപെടുകയും ചെയ്തിരുന്നു. നദീതടത്തിൽ തടിച്ചുകൂടിയിരുന്ന നൂറുകണക്കിനാളുകൾ എന്തുചെയ്യണമെന്നറിയാതെ സ്തബ്ധരായി നിൽക്കെയാണ് ആഘോഷച്ചടങ്ങുകൾ കാണാനെത്തിയ മുഹമ്മദ് മാനിക് എന്ന 28കാരൻ നദിയിലേക്ക് എടുത്തുചാടിയത്. ആ ചാട്ടം മൂന്നു കുഞ്ഞുങ്ങളും മൂന്നു സ്ത്രീകളുമുൾപ്പെടെ 10 പേരുടെ ജീവന് രക്ഷയായി. നദീദുരന്തത്തിൽ എട്ടുപേർക്ക് ജീവൻ നഷ്ടമായി.

ഒഴുക്കിൽപെട്ട് ഒരു കുഞ്ഞ് പിടയുന്നത് കണ്ടപ്പോൾ തന്റെ മകനെയാണ് ഓർമവന്നതെന്നും രണ്ടു മണിക്കൂർ നടത്തിയ രക്ഷാപ്രവർത്തനത്തിനിടെ കാലിന് മുറിവേറ്റ് കുഴഞ്ഞുപോയില്ലായിരുന്നുവെങ്കിൽ കുറച്ചുജീവനുകൾ കൂടി രക്ഷിക്കാനായേനെ എന്ന പരിഭവമായിരുന്നു മുഹമ്മദിന്. ചെറുപ്പംമുതലേയുള്ള ശീലത്തിന്റെ ഭാഗമായാണ് മാനിക് നദിക്കരയിലെ പൂജ പന്തലുകൾ കാണാൻപോയതും അവിചാരിതമായുണ്ടായ ദുരന്തത്തിൽ കുരുങ്ങിയ മനുഷ്യരെ രക്ഷിക്കാൻ നിമിത്തമായതും. മാനികിനു പിന്നാലെ നാട്ടുകാരായ മുഹമ്മദ് സരീഫുൽ, ഫരീദുൽ ഇസ്‍ലാം, തഫീദുൽ ഇസ്‍ലാം, പിന്റു ശൈഖ്, സചിൻ നായിക്, ഡേവിഡ് ഓറോൺ, രാജ് ഓറോൺ തുടങ്ങിയ ചെറുപ്പക്കാരും നിരവധി ജീവനുകൾ കോരിയെടുത്തശേഷമാണ് അഗ്നിരക്ഷാസേനയുടെയും ദേശീയ ദുരന്തനിവാരണ സേനയുടെയും ഉദ്യോഗസ്ഥർ നദിയിലിറങ്ങി രക്ഷാപ്രവർത്തനം ഊർജിതമാക്കിയത്.

നവരാത്രി ആഘോഷവേദികളിലേക്ക് മുസ്‍ലിംകൾ പ്രവേശിക്കുന്നതിന് തങ്ങളുടെ ശക്തികേന്ദ്രങ്ങളിലെല്ലാം ഹിന്ദുത്വ-പരിവാർ സംഘടനകൾ കർശന വിലയ്ക്ക് ഏർപ്പെടുത്തിയിരുന്നു. കർണാടകയിലുൾപ്പെടെ ഘോഷയാത്രയിൽ വിദ്വേഷ മുദ്രാവാക്യങ്ങളും പള്ളിക്ക് നേരെ അതിക്രമങ്ങളുമുയർന്നു. ക്ഷേത്രങ്ങൾക്കരികിൽ പരമ്പരാഗതമായി കച്ചവടം നടത്തിയിരുന്നവരെ ഒഴിവാക്കാനും ബഹിഷ്കരിക്കാനും ആഹ്വാനമുണ്ടായിരുന്നു. ആഘോഷപരിപാടിയിൽ സംബന്ധിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഘർ വാപസി നടത്തി ശുദ്ധിപ്രാപിച്ച് വരട്ടെ എന്നാണ് ഹിന്ദുത്വ നേതാക്കളിൽ ചിലർ നിർദേശിച്ചത്. വർഗീയ നേതാക്കളുടെ ആഹ്വാനം വിശ്വസിച്ച് മാനികിനെ പോലുള്ളവരെ ആഘോഷനഗരിയിൽ കയറ്റിയില്ലായിരുന്നുവെങ്കിൽ മാൽനദിയിലെ ദുരന്തം എത്രയേറെ ജീവനുകളെടുത്തേനെയെന്ന് സാമൂഹികനിരീക്ഷകർ അഭിപ്രായപ്പെട്ടത് എത്രശരി.

ആഘോഷവേളകൾ പരസ്പരം അറിയാനും അടുക്കാനുമുള്ള കാലമായിരുന്നു നമുക്ക്. അയൽവാസികളുടെയും സഹപ്രവർത്തകരുടെയും സഹജീവികളുടെയും സന്തോഷങ്ങൾ ഇരട്ടിപ്പിക്കുന്നതിലും സങ്കടങ്ങൾ ഒഴിവാക്കുന്നതിനുമുള്ള നാളുകളായിരുന്നു അവ. ചുരുങ്ങിയ കാലത്തിനിടയിലാണ് അതെല്ലാം മാറിമറിയുകയും നാംപോലുമറിയാതെ നമുക്കുചുറ്റും അരുതുകളുടെയും വിലക്കുകളുടെയും മുള്ളുവേലികൾ ഉയർന്നുവന്നതും. പ്രകൃതിക്ഷോഭവും മഹാമാരിയും കാലാവസ്ഥമാറ്റവും രാഷ്ട്രീയ അരക്ഷിതാവസ്ഥയുമെല്ലാം ചേർന്നുള്ള ദുരിതങ്ങൾ ആവശ്യത്തിലേറെ അഭിമുഖീകരിക്കുന്നുണ്ട് ജനങ്ങൾ. അതിനു മുകളിലാണ് വർഗീയ മുതലെടുപ്പുകാർ കെട്ടിയേൽപിക്കുന്ന തീട്ടൂരങ്ങളും അവ സൃഷ്ടിക്കുന്ന കുഴപ്പങ്ങളും.

ബംഗാളിലെ ദുർഗാപൂജ ആഘോഷസമിതി എന്തായാലും അത്തരം വിലക്കുകളൊന്നും ഏർപ്പെടുത്തിയിരുന്നില്ല എന്നത് ആശ്വാസകരം, ഒപ്പം മുഹമ്മദ് മാനിക്കും അദ്ദേഹത്തെ പിന്തുടർന്ന് രക്ഷാപ്രവർത്തനത്തിനായി ചാടിയിറങ്ങിയ മറ്റു ചെറുപ്പക്കാരും ഭയാനകമായ ഒരുകാലത്തും മനുഷ്യത്വത്തെക്കുറിച്ചുള്ള നമ്മുടെ വിശ്വാസത്തിന് കൂടുതൽ തെളിച്ചംപകരുകയും ചെയ്തിരിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorialMuhammed Manik
News Summary - Madhyamam Editorial on Muhammed Manik
Next Story