Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightയുദ്ധം...

യുദ്ധം വ്യാപിപ്പിക്കുന്ന യാങ്കി-സയണിസ്റ്റ്​ സഖ്യം

text_fields
bookmark_border
യുദ്ധം വ്യാപിപ്പിക്കുന്ന യാങ്കി-സയണിസ്റ്റ്​ സഖ്യം
cancel

ഫലസ്തീനിലെ ഗസ്സയിൽ നിഷ്ഠുരയുദ്ധം മൂന്ന് മാസം പൂർത്തിയാകവെ, സംഘർഷം കൂടുതൽ വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ്​ ഇസ്രായേലും അവർക്കു ചൂട്ടുപിടിക്കുന്ന അമേരിക്കയും കങ്കാണിപ്പടയും​. ലബനാനിലും ഇറാഖിലും സിറിയയിലും അമേരിക്കയും ഇസ്രായേലും മാറിമാറി പ്രത്യേകം ഉന്നമിട്ടു നടത്തുന്ന ആക്രമണങ്ങളും കൂട്ടക്കൊലകളും അതിന്‍റെ തെളിവാണ്​. പുതുവർഷപ്പിറ്റേന്ന്​ ​ബെയ്​റൂത്തിന്‍റെ തെക്കൻപ്രാന്തത്തിലുള്ള ദഹിയേബിലെ ഹമാസ്​ ഓഫിസ്​ ആക്രമിച്ച്​ ഹമാസ്​ സായുധവിഭാഗമായ ഇസ്സുദ്ദീൻ അൽഖസ്സാം ബ്രിഗേഡിന്‍റെ സ്ഥാപക കമാൻഡർ സാലിഹ്​ അറൂരിയുൾപ്പെടെ ഏഴു പേരെ വധിച്ചതിന്‍റെ പുകയടങ്ങിയിട്ടില്ല. കഴിഞ്ഞ വ്യാഴാഴ്ച ദക്ഷിണ ലബനാനിലെ ഹിസ്​ബുല്ല ശക്തികേന്ദ്രങ്ങളിൽ ആക്രമണം നടത്തിയ ഇസ്രായേൽ നിരവധി പേരെ കൊലചെയ്തു. ഹമാസ്​ നേതാക്കളുടെ വധത്തിനു പ്രതികാരം ചെയ്യാതടങ്ങില്ലെന്ന ഹിസ്​ബുല്ല ചീഫിന്‍റെ മുന്നറിയിപ്പിനു പിറകെയായിരുന്നു ഇസ്രായേലിന്‍റെ ആക്രമണം. ഇതിനിടക്ക്​ ഇറാനിലെ കെർമാനിൽ അമേരിക്ക വധിച്ച ഇറാൻ സൈനിക നേതാവ്​ ഖാസിം സുലൈമാനിയുടെ നാലാം ചരമവാർഷികദിനത്തിൽ അദ്ദേഹത്തിന്‍റെ ഖബറിടത്തിനരി​കെയുണ്ടായ ഇരട്ട സ്​ഫോടനത്തിൽ ആറു കുഞ്ഞുങ്ങളടക്കം 84 പേർ കൊല്ലപ്പെട്ടിരുന്നു. സംഭവത്തിന്‍റെ ഉത്തരവാദിത്തം രണ്ടുനാൾ കഴിഞ്ഞ് ആഗോള ഭീകരസംഘടനയായ ഐസിസ്​ ഏറ്റെടുത്തു എന്നാണ്​ റിപ്പോർട്ട്​. എന്നാൽ, അമേരിക്കൻ-ഇസ്രായേൽ കൂട്ടുകെട്ടാണ്​ 1979നു ശേഷം ഇറാൻ കണ്ട ഏറ്റവും വലിയ കൂട്ടക്കൊലക്കു പിന്നിൽ എന്ന്​ ഇറാനും ഹിസ്​ബുല്ലയും വിശ്വസിക്കുന്നു. ആക്രമണം നടത്തിയവരെയും പിന്നിൽനിന്നു സഹായിച്ചവരെയും കണ്ടെത്താൻ അന്താരാഷ്ട്ര വഴികൾ തേടുമെന്ന്​ തെഹ്​റാൻ പ്രസ്താവിച്ചിട്ടുണ്ട്​.

ബെയ്​റൂത്തിൽ ഹമാസ്​ നേതാക്കളെ വധിച്ചത്​ ആരെന്നറിയില്ലെന്നു കൈകഴുകുമ്പോഴും അതിനെ ന്യായീകരിക്കുന്നുണ്ട്​ ഇസ്രായേൽ. 2006ലെ 34 നാൾ യുദ്ധശേഷം നടത്തുന്ന ആദ്യ കനത്ത ആക്രമണമാണ് ഹമാസ്​ നേതാക്കൾക്കെതിരെ ബെയ്​റൂത്തിനകത്തു കടന്ന്​ അവർ നടത്തിയത്. 2006ലെ യുദ്ധം നിർത്തിയത്​ ദക്ഷിണ ലബനാനിൽനിന്ന് ഹിസ്​ബുല്ല സേനയെ പിൻവലിക്കുമെന്നും ഇസ്രായേൽ അനൗദ്യോഗിക അതിരായ ‘ബ്ലൂ ലൈനി’നു പിറകിലേക്കു​ പോകുമെന്നുമുള്ള യു.എൻ മാധ്യസ്ഥ്യം അംഗീകരിച്ചായിരുന്നു. 1701 ാം നമ്പർ യു.എൻ പ്രമേയത്തിന്‍റെ ലംഘനമായി ഇസ്രായേൽ അതിക്രമങ്ങളെ അമേരിക്കതന്നെ കാണുന്നുണ്ട്​. അതുകൊണ്ടാകാം പ്രസിഡന്‍റ്​ ബൈഡന്‍റെ മുഖ്യ ഉപദേഷ്ടാവ്​ ആമോസ്​ ഹോഷ്റ്റിനെ അമേരിക്ക ഇസ്രായേലിലേക്ക്​ അയച്ചത്​. സ്​റ്റേറ്റ്​ സെക്രട്ടറി ആന്‍റണി ബ്ലിങ്കനും ​പിറകെയുണ്ട്​. ഇസ്രായേലിന്‍റെ ആക്രമണങ്ങൾക്കു പിറകിൽ ആയുധവും അർഥവുമായി സജീവമായി നിൽക്കുമ്പോഴും അമേരിക്കയുടെ താളത്തിനപ്പുറം ഇസ്രായേൽ തുള്ളുന്നുണ്ടോ എന്ന ആശങ്ക ആഭ്യന്തരമായ കടുത്ത എതിർ​പ്പിനെ നേരിടുന്ന യു.എസ്​ ഭരണകൂടത്തെ അസ്വസ്ഥപ്പെടുത്തുന്നു​.

ഗസ്സ യുദ്ധത്തിൽ ദുർബലമെങ്കിലും പ്രത്യാക്രമണങ്ങളിലൂടെ ശല്യം സൃഷ്ടിക്കുന്ന ബാഹ്യശക്തികളായാണ്​ ഇറാനെയും ഹിസ്​ബുല്ലയെയും ​തെൽഅവീവും വാഷിങ്​ടണും കാണുന്നത്​. അവരുടെ പിന്തുണയിൽ യമനിലെ ഹൂതികൾ കടൽമാർഗേണയുള്ള ഒറ്റപ്പെട്ടതെങ്കിലും കനത്ത ആക്രമണങ്ങൾക്കു മുതിരുന്നുണ്ട്​. അതുകൊണ്ട്​ ഫലസ്തീൻ യുദ്ധത്തിൽ ഹമാസിനു പിന്തുണ നൽകുന്നവരെക്കൂടി കൈകാര്യം ചെയ്യുകയെന്ന ലക്ഷ്യമാണ്​ യു.എസ്​-ഇസ്രായേൽ യുദ്ധമുന്നണിക്കുള്ളത്​. ഫലസ്​തീനിലെ പോരാളി വിഭാഗങ്ങളെയും തെഹ്​റാന്‍റെ ഹിസ്​ബുല്ല, ഹൂതിയടക്കമുള്ള ‘ചെറുത്തുനിൽപ്​ അച്ചുതണ്ടി’നെയും ബന്ധിപ്പിക്കുന്ന കണ്ണി എന്നനിലക്കാണ്​ സാലിഹ്​ അറൂരി ഇസ്രായേലിന്‍റെയും അമേരിക്കയുടെയും കണ്ണിലെ കരടാകുന്നത്​. ഹമാസ്​ നേതൃത്വത്തെ ഇരുവിഭാഗവും ലക്ഷ്യമിടുന്നുണ്ട്​. അതിനുപറ്റിയ ഇടം ലബനാൻ ആണെന്നും ഇരുപക്ഷവും കരുതുന്നു. വ്യാഴാഴ്ചതന്നെ ബഗ്ദാദിൽ വ്യോമാക്രമണം നടത്തിയ അമേരിക്കൻ സേന ഇറാനുമായി ബന്ധമുള്ള ഒരു സീനിയർ ഇറാഖി മിലീഷ്യ തലവനെ വധിച്ചിരുന്നു. ഇത്തരത്തിൽ ഇറാനെ ഉന്നമിട്ട് നീങ്ങുന്നതുകൊണ്ടാണ്​ കെർമാൻ ആക്രമണത്തിനു പിന്നിൽ തെഹ്​റാൻ ഇസ്രായേൽ, യു.എസ്​ പങ്ക്​ മണത്തെടുക്കുന്നത്​.

ഇസ്രായേലിനകത്ത്​ പ്രധാനമന്ത്രി നെതന്യാഹുവിന്‍റെ യുദ്ധഭ്രാന്തിനെതിരായ വികാരം കൂടുതൽ ശക്തിപ്പെടുന്നതിനിടെയാണ്​ തീക്കളി വ്യാപിപ്പിക്കാനുള്ള സയണിസ്റ്റ്​ ഗവൺമെന്‍റിന്‍റെ ശ്രമം. രണ്ടാമതൊരു ​വെടിനിർത്തലിനും അതുവഴി അവശേഷിക്കുന്ന ബന്ദികളുടെ മോചനത്തിനും സാധ്യത കാത്തിരുന്നവരെ യുദ്ധം വ്യാപിപ്പിച്ച്​ ശിക്ഷിക്കുകയാണ്​ നെതന്യാഹുവും യുദ്ധവെറി സംഘവും എന്ന ആക്ഷേപം ​ഇസ്രായേലിൽ വ്യാപകമാണ്​. ലബനാനിൽ മുൻപിൻ ചിന്തയില്ലാതെ നടത്തുന്ന ആക്രമണങ്ങൾ മറ്റൊരു യുദ്ധമുഖം തുറക്കുകയാവും ചെയ്യുക. ബെയ്​റൂത്തും തെഹ്​റാനും ഇസ്രായേൽ ​ആക്രമണങ്ങളോട്​ പ്രതികരിച്ചതു നോക്കു​മ്പോൾ അതിനുള്ള സാധ്യത തള്ളാനുമാവില്ല. ഇങ്ങനെ ഒരേസമയം പല യുദ്ധമുഖങ്ങൾ തുറക്കാനുള്ള കെൽപ്​ ഇസ്രായേലിനുണ്ടോ​? കരയാക്രമണത്തിൽ ഹമാസിന്‍റെ ചെറുത്തുനിൽപിനു മുന്നിൽ വിജയിക്കാനാവാതെ പിന്തിരിയേണ്ടിവരുന്ന സേനയെ മുമ്പൊരിക്കൽ തോൽപിച്ചുവിട്ട ഹിസ്​ബുല്ലയുമായുള്ള പോർമുഖത്ത്​ കൊണ്ടുപോയി കെട്ടുന്നത്​ ബുദ്ധിപൂർവകമല്ലെന്ന് അമേരിക്കൻ വിദഗ്​ധർതന്നെ ചൂണ്ടിക്കാട്ടുന്നുണ്ട്​. എന്നാൽ, വംശീയവൈരം മൂത്ത യുദ്ധവെറിയന്മാർ അതിനൊന്നും ചെവികൊടുക്കാനൊരുക്കമില്ല. ഫലസ്തീനികളെ പുറന്തള്ളി ഗസ്സയിലും വെസ്റ്റ്​ബാങ്കിലും ആധിപത്യമുറപ്പിച്ച്​ അധിനിവേശം പിന്നെയും നീട്ടാൻ കൊതിപൂണ്ട്​ ഇറങ്ങിത്തിരിച്ച അവരുടെ ഭ്രാന്തിന്​ ചികിത്സിക്കാനാവുന്നില്ലെങ്കിൽ ലോകം കൂടുതൽ ഭീകരാനുഭവങ്ങളിലൂടെ കടന്നുപോകാതെ തരമില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhyamam EditorialIsrael Palestine ConflictWorld News
News Summary - Madhyamam Editorial 2024 Jan 6
Next Story