Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightനെതന്യാഹു വീണ്ടും...

നെതന്യാഹു വീണ്ടും അധികാരമേൽക്കുമ്പോൾ

text_fields
bookmark_border
നെതന്യാഹു വീണ്ടും അധികാരമേൽക്കുമ്പോൾ
cancel

നവംബർ ഒന്നിനു നടന്ന ഇസ്രായേൽ പാർലമെന്റ് തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിത വിജയം നേടിയ മുൻ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു വീണ്ടും അധികാരമേൽക്കാൻ പോവുകയാണ്. 120 സീറ്റുള്ള നെസറ്റിലേക്ക് നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടിക്ക് സ്വന്തമായി 32 സീറ്റും സഖ്യകക്ഷികൾക്ക് ഉൾപ്പെടെ 64 സീറ്റും ലഭിച്ചു. ഇതോടെ ഇസ്രായേലിന്റെ സമീപകാല തെരഞ്ഞെടുപ്പ് പരമ്പരക്ക് താൽക്കാലിക വിരാമമായി. 2019 ഏപ്രിലിലും സെപ്​റ്റംബറിലും ശേഷം 2020 മാർച്ചിലും അവസാനമായി 2021 മാർച്ചിലും നടന്ന തെരഞ്ഞെടുപ്പിലും ഭൂരിപക്ഷം ഇല്ലാതിരുന്നതിനെ തുടർന്ന്​ അധികാരത്തിൽ വന്ന സർക്കാറുകൾ വൈകാതെ സ്ഥാനമൊഴിയുകയായിരുന്നു. ഏറ്റവുമൊടുവിൽ ഏപ്രിലിൽ അഭിപ്രായവ്യത്യാസങ്ങളുടെ പേരിൽ അംഗസംഖ്യ 59 ആയി ചുരുങ്ങുകയും ജൂണിൽ ഒരു സംയുക്ത കരാർ ഉണ്ടാക്കി നെസറ്റ് പിരിച്ചുവിടുകയും യായിർ ലാപിഡ്‌ താൽക്കാലിക പ്രധാനമന്ത്രിയായി തുടരുകയും ചെയ്തു. അതിനൊടുവിലാണ്​ ഈ തെരഞ്ഞെടുപ്പ് നടന്നത്.

ഇസ്രായേൽ രാഷ്ട്രീയത്തിലെ ചാണക്യനായി കരുതപ്പെടുന്ന നെതന്യാഹു വലതുപക്ഷ-യാഥാസ്ഥിതിക ഗ്രൂപ്പുകളുടെ ഉറച്ച പിന്തുണയോടെയാണ് സാമാന്യം മികച്ച ഭൂരിപക്ഷം നേടിയത്. തൊണ്ണൂറുകൾ മുതലുള്ള തന്റെ നീണ്ട രാഷ്ട്രീയ ജീവിതത്തിൽ, 1996 ലാണ്​ അദ്ദേഹം പ്രധാനമന്ത്രി പദത്തി​ലെത്തുന്നത്​ - ഇസ്രായേൽ രാഷ്ട്ര രൂപവത്​കരണശേഷം ജനിച്ച ആദ്യപ്രധാനമന്ത്രിയായി. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയുമായിരുന്നു നെതന്യാഹു. പുതിയ സ്ഥാനലബ്​ധിയോടെ പ്രധാനമന്ത്രി പദം ഏറ്റവും കൂടുതൽ കാലം അലങ്കരിച്ചതിന്‍റെ പേരും അദ്ദേഹത്തിന്‍റേതാവുകയാണ്​. അധികാരം എന്നും എപ്പോഴും ഭദ്രമൊന്നുമായിരുന്നില്ല. ഗുരുതര അഴിമതിയാരോപണങ്ങളിൽ പലപ്പോഴും മുങ്ങിപ്പോയെങ്കിലും അതെല്ലാം അതിജീവിച്ച്​ പുതിയ സ്ഥാനമാനങ്ങളിലേക്ക്​ പിടഞ്ഞുയരാനുള്ള വൈദഗ്​ധ്യം നെതന്യാഹുവിനു സ്വന്തമാണെന്ന്​ പ്രതിയോഗികൾ പോലും സമ്മതിക്കും. 1996 മുതൽ മൂന്നുതവണ വ്യത്യസ്ത മുന്നണികളിലായി പ്രധാനമന്ത്രിയായി വാണ അദ്ദേഹത്തിന് ഇത്തവണ മാത്രമാണ് അൽപം ഭേദപ്പെട്ട പിന്തുണ ലഭിക്കുന്നത്.

ഇസ്രായേൽ പ്രധാനമന്ത്രിമാരെ ​ലോകം ശ്രദ്ധിക്കുന്നത്​ വിദേശനയത്തിന്‍റെ കാര്യത്തിൽ മാത്രമാണ് എന്നതാണു ശരി. അവരുടെ ആഭ്യന്തരനയത്തിൽ പാതിയും ലോകശ്രദ്ധയിലുള്ള അറബികളുമായുള്ള ബന്ധം സംബന്ധിച്ചാണല്ലോ. രാജ്യത്തെ അഞ്ചിലൊന്ന് ജനസംഖ്യ അറബികളാണ്. നെതന്യാഹുവിന്‍റെ കീഴിൽ രാജ്യം കൂടുതൽ ഭദ്രവും സുരക്ഷിതവും പുരോഗമനപരവുമാവും എന്ന് വിലയിരുത്തുന്നവർ തന്നെ, ഇസ്രായേൽ കൈയടക്കിവെച്ച അറബ്​ ഭൂപ്രദേശങ്ങളുടെ വിഷയത്തിൽ അനുഭാവപൂർണമായ നിലപാടുമാറ്റമൊന്നും പ്രതീക്ഷിക്കുന്നില്ല. പലപ്പോഴും അതു കൂടുതൽ തീക്ഷ്​ണമാകാനുള്ള സാധ്യതയും ഇല്ലാതില്ല.

അമിത സൈനികവത്​കരണത്തിനു കാരണമായി ഇസ്രായേൽ എന്നും പറയുന്ന ബാഹ്യഭീഷണികൾ ഇന്നില്ല. ഇറാൻ ഇന്ന് കൂടുതൽ ആഭ്യന്തരവിഷയങ്ങളിൽ വ്യാപൃതമാണ്. വിദേശ ബന്ധങ്ങളിൽ തന്നെ 2015 ൽ അമേരിക്കയും യൂറോപ്യൻ യൂനിയനും ചേർന്ന സഖ്യവുമായി ഒപ്പിട്ട ആണവ കരാർ ഡോണൾഡ് ട്രംപ് റദ്ദ് ചെയ്തശേഷം പുനരുജ്ജീവിപ്പിക്കുന്നതാണ് അവരുടെ പിന്നത്തെ മുഖ്യപ്രശ്നം- കാരണം അതിന്റെ പേരിൽ നിലനിൽക്കുന്ന ഉപരോധങ്ങൾ തന്നെ. തൊട്ടടുത്തുള്ള ഈജിപ്തും ജോർഡനുമായി ഏതാണ്ട് സുഗമമായി നിൽക്കുന്ന സമാധാനക്കരാറുകളുണ്ട് ഇസ്രായേലിന്. അറബ് രാഷ്ട്രങ്ങളിൽ തന്നെ യു.എ.ഇ, ബഹ്‌റൈൻ എന്നിവയുമായി അബ്രഹാം കരാർ എന്ന പേരിൽ അമേരിക്കൻ സാക്ഷ്യത്തിൽ സമാധാന സന്ധിയനുസരിച്ച് സാധാരണ ബന്ധങ്ങളുണ്ട്. മൊറോക്കോയും സുഡാനുമായി വേറെയും. ഭൂമി കൈയേറ്റ വിഷയത്തിൽ ചില്ലറ വിട്ടു വീഴ്ചകൾക്ക് സമ്മതിച്ച് സാധാരണ ബന്ധങ്ങൾ സ്ഥാപിക്കുന്ന പരിപാടിയാണ് മൊത്തത്തിൽ അബ്രഹാം കരാറുകൾ.

എന്നാൽ ഇസ്രായേലിനകത്തെ അറബികളെ കൈകാര്യം ചെയ്യുന്ന രീതിയിലും ഫലസ്തീനിലെ സ്വയംഭരണമേഖലകളായ ഗസ്സയിലും പടിഞ്ഞാറേക്കരയിലും നടത്തുന്ന അധിനിവേശപ്രവർത്തനങ്ങളിലും പുതിയ ഊഴത്തിൽ നെതന്യാഹു സ്വീകരിക്കുന്ന സമീപനമെന്താവും? ആഭ്യന്തര പ്രതിഷേധങ്ങൾ വെടിയുതിർത്തും ഷെൽ വർഷം നടത്തിയും ചോരയിൽ മുക്കുന്ന പഴയരീതി തന്നെയാവുമോ അദ്ദേഹം തുടരുന്നത്​? അറബ്-ഇസ്രായേൽ സംഘർഷത്തിൽ സമാധാനത്തിന്റെ വഴിയല്ല നെതന്യാഹുവിന്‍റേത്​. അറബ് അധിനിവിഷ്ട മേഖലയിൽ ഇസ്രായേലിന്റെ സാന്നിധ്യം ഉറപ്പിക്കുന്ന കൂടുതൽ നിർമാണ പ്രവർത്തനങ്ങൾ നടക്കാൻ സാധ്യതകളേറെയാണ്. ജറൂസലം ഇസ്രായേലിന്റെ തലസ്ഥാനമായി കൂടുതൽ രാജ്യങ്ങളെക്കൊണ്ട് അംഗീകരിപ്പിക്കുമ്പോൾ, കിഴക്കൻ ജറൂസലം നിർദിഷ്ട ഫലസ്തീൻ രാഷ്ട്രത്തിന്റെ തലസ്ഥാനമാക്കുന്നതിനുള്ള അന്തർദേശീയ ഹിതത്തിനാണ് തടയിടപ്പെടുന്നത്​. മേഖലയിൽ രണ്ടു സ്വതന്ത്ര രാഷ്ട്രങ്ങളുണ്ടാവുന്നത് തന്നെ തത്ത്വത്തിൽ അംഗീകരിക്കാത്ത സഖ്യകക്ഷികളുള്ളപ്പോൾ സമാധാനത്തിന്റെ സാധ്യതകൾ വീണ്ടും മങ്ങും. ചുരുക്കത്തിൽ നെതന്യാഹുവിന്റെ അധികാരാരോഹണം പശ്ചിമേഷ്യൻ സമാധാനത്തിന് ശുഭസൂചനകൾ നൽകുന്നില്ലെന്നാണ്​ ഇതുവരെയുള്ള അനുഭവം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorial
News Summary - madhyamam editorial 2022 november 11 friday
Next Story