Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightകർഷകരെ വീണ്ടും...

കർഷകരെ വീണ്ടും തെരുവിലിറക്കുമ്പോൾ

text_fields
bookmark_border
കർഷകരെ വീണ്ടും തെരുവിലിറക്കുമ്പോൾ
cancel

വർഷം നീണ്ട പോരാട്ടത്തിനു​ശേഷം കേന്ദ്രസർക്കാറിനെ വിട്ടുവീഴ്ചയിലേക്കു മുട്ടുകുത്തിച്ചു പിൻവാങ്ങിയ കർഷകസംഘടനകൾ തിങ്കളാഴ്ച വീണ്ടും രാജ്യതലസ്ഥാനം സ്തംഭിപ്പിച്ചിരിക്കുന്നു. നാൽപത്​ കർഷകസംഘടനകളുടെ പൊതുവേദിയായ സംയുക്ത കിസാൻ മോർച്ച (എസ്​.കെ.എം) ആണ്​ കഴിഞ്ഞ ദിവസം ജന്തർമന്തറിൽ മഹാപഞ്ചായത്ത്​ സംഘടിപ്പിച്ചത്​. കഴിഞ്ഞ വർഷം സമരം നേരിട്ട രീതിയിൽതന്നെ അതിർത്തികളിൽ അവരെ തടയാൻ ശ്രമിച്ചും നിരോധനാജ്ഞ പ്രഖ്യാപിച്ച്​ തലസ്ഥാന​ത്ത്​ ബാരിക്കേഡുകളുടെ തടയണ തീർത്തും പ്രക്ഷോഭം പരാജയ​പ്പെടുത്താനുള്ള മുഴുവൻ നീക്കങ്ങളെയും തകർത്താണ്​ ​കർഷകർ തിങ്കളാഴ്ചയും തലസ്ഥാനത്ത് അണയാത്ത സമരവീര്യം പ്രകടമാക്കിയത്​. പൊലീസ്​ ഒരു ദിവസം മുമ്പ്​ കർഷക നേതാവ്​ രാകേഷ്​ ടികായത്തിനെ കരുതൽ തടങ്കലിൽ വെച്ചെങ്കിലും വിട്ടയച്ച ഉടൻ അദ്ദേഹം ജന്തർമന്തറിലെത്തി സമരക്കാരുടെ നിലപാട്​ ആവർത്തിച്ചു വ്യക്തമാക്കി: ''അവസാനശ്വാസം വരെയും ഈ പോരാട്ടം തുടരും. ഞങ്ങൾ നിർത്തില്ല, ഞങ്ങൾ തളരില്ല, ഞങ്ങൾ തലകുനിക്കില്ല.'' കഴിഞ്ഞ വാരം ഉത്തർപ്രദേശിലെ ലഖിംപുർ​ ഖേരിയിൽ കിസാൻ മോർച്ച ഒരു പ്രതിഷേധ പരിപാടി സംഘടിപ്പിച്ചിരുന്നു. കഴിഞ്ഞ വർഷം ഒക്​ടോബറിൽ അവിടെ സമരക്കാരുടെ ഇടയിലേക്ക്​ കേന്ദ്രമന്ത്രി അജയ്​ മിശ്രയുടെ മകൻ അശിഷ്​ വാഹനമോടിച്ചു കയറ്റി നാലു കർഷകരെയടക്കം കൊന്നുകളഞ്ഞ സംഭവത്തിൽ നീതി ലഭ്യമാക്കണമെന്നാവശ്യ​പ്പെട്ടായിരുന്നു സമരം. സെപ്​റ്റംബർ ആറിനു ഡൽഹിയിൽ ചേർന്ന്​ സമരത്തിന്‍റെ ഭാവി ചർച്ചചെയ്യാനാണ്​ മോർച്ചയുടെ തീരുമാനം.

ഐതിഹാസികമായ കർഷകസമരത്തിനൊടുവിൽ കേന്ദ്രം കൊണ്ടുവന്ന തല തിരിഞ്ഞ നിയമങ്ങൾ പിൻവലിക്കാൻ മോദിസർക്കാർ നിർബന്ധിതമായി. എന്നാൽ, അന്നു കർഷകർക്കു നൽകിയ ഉറപ്പുകളെല്ലാം കടലാസിൽ മാത്രം അവശേഷിക്കുകയും ദുരിതങ്ങൾ മാറ്റമില്ലാതെ തുടരുകയും ചെയ്തപ്പോഴാണ്​ സമരം കൂടുതൽ ശക്തമാക്കി രണ്ടാം വട്ടവും രംഗത്തിറങ്ങിയത്​. മിനിമം താങ്ങുവില നിയമവിധേയമാക്കുന്നതിനുവേണ്ടിയുള്ള നടപടികൾ, കർഷകർക്കെതിരായ കേസുകൾ പിൻവലിക്കുക, കർഷകർക്ക്​ ദ്രോഹമായിത്തീരുന്ന വൈദ്യുതിബിൽ പിൻവലിക്കുക, ലഖിംപുർ ഖേരിയിലെ കർഷകകൊലയുടെ കേസ്​ നടപടി തുടങ്ങിയ വിഷയങ്ങളിലെല്ലാം അന്നു തന്ന ഉറപ്പിൽനിന്നു കേന്ദ്രസർക്കാർ പിന്മാറിയതാണ്​ ​കർഷകരെ വീണ്ടും പ്രകോപിപ്പിച്ചിരിക്കുന്നത്​. അന്ന് ഉത്തർപ്രദേശിലെ തെരഞ്ഞെടുപ്പ്​ നടക്കാനിരിക്കെ തിരക്കിട്ടൊരു ഉപായമൊപ്പിക്കുകയായിരുന്നു കേന്ദ്രസർക്കാർ. എന്നാൽ, ഈ വിഷയത്തിൽ നേരത്തേ സമരം ചെയ്ത എല്ലാവരെയും ഒരുമിച്ചു കൂട്ടാൻ സംയുക്തവേദിക്കു കഴിഞ്ഞില്ല. വിവിധ രാഷ്ട്രീയപാർട്ടികളുമായി ചേർന്നു പ്രവർത്തിക്കുന്ന കർഷകർ പല തട്ടിലായി. അതിനാൽ, അവരെ മാറ്റിനിർത്തി, തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിനിറങ്ങുന്ന പാർട്ടികളുമായി ബന്ധമില്ലാത്ത സ്വതന്ത്ര കർഷകപാർട്ടികളെ കൂട്ടിയാണ്​ ഇത്തവണ സമരമുന്നണി രൂപപ്പെടുത്തിയിരിക്കുന്നത്​. ഇത്തവണ വർധിച്ചുവരുന്ന ​തൊഴിലില്ലായ്മയും മിനിമം താങ്ങുവിലക്ക്​ നിയമപരമായ ഉറപ്പുമാണ്​ കർഷകർ പ്രധാനമായും മുന്നോട്ടുവെക്കുന്നത്​. 23 വിളകൾക്ക്​ കേന്ദ്രം മിനിമം താങ്ങുവില പ്രഖ്യാപിച്ചിട്ടുണ്ട്​. എന്നാൽ, അതിനു നിയമപരമായ താങ്ങില്ലാത്തതിനാൽ കർഷകർക്ക്​ വിൽപനയിൽ അതൊരു അവകാശമായി നേടിയെടുക്കാനാവില്ല. കൊയ്ത്തുകാലത്ത്​ ഇന്ത്യയിൽ പൊതുവെ പ്രഖ്യാപിക്കപ്പെട്ട ഔദ്യോഗികവിലയിലും വളരെ കുറഞ്ഞ വിലക്കാണ്​ കർഷകർക്ക് ഉൽപന്നങ്ങൾ വിറ്റഴിക്കേണ്ടി വരുന്നത്​. അതുകൊണ്ടാണ്​ താങ്ങുവിലക്ക്​ നിയമത്തിന്‍റെ പിൻബലം നൽകാൻ കഴിഞ്ഞ സമരകാലത്ത്​ കർഷകർ ആവശ്യപ്പെട്ടത്​. 2021 നവംബർ 19ന്​ പ്രമാദമായ മൂന്നു കർഷകനിയമങ്ങൾ പിൻവലിക്കുമ്പോഴും താങ്ങുവിലയുടെ കാര്യത്തിൽ കേന്ദ്രം വഴുതിക്കളിച്ചു. കഴിഞ്ഞ മാസം പാർല​മെന്‍റിലെ ചോദ്യോത്തര സെഷനിൽ അത്തരമൊരു ഉറപ്പ്​ കർഷകർക്കു നൽകിയില്ലെന്ന്​ സർക്കാർ അസന്ദിഗ്​ധമായി പ്രസ്താവിക്കുകയും ചെയ്തു. എന്നാൽ, സമരം നിർത്തിവെക്കുമ്പോൾ താങ്ങുവിലയടക്കമുള്ള കാര്യങ്ങളിൽ പരിഹാരം പഠിക്കാൻ ഒരു സമിതിയെ നിശ്ചയിക്കു​മെന്ന്​ സർക്കാറിന്‍റെ ഉറപ്പുണ്ടായിരുന്നുവെന്നാണ്​ കർഷകസംഘടനകളുടെ വാദം.

ലഖിംപുർ ഖേരി സംഭവത്തിനുത്തരവാദിയായ കേന്ദ്രമന്ത്രിയുടെ മകനെ അറസ്റ്റ്​ ചെയ്​തെങ്കിലും വൈകാ​തെ ജാമ്യത്തിൽ വിടുകയായിരുന്നു. മന്ത്രിയെ നീക്കി നിഷ്പക്ഷമായ ജുഡീഷ്യൽ അന്വേഷണം നടത്തി പ്രതികൾക്ക്​ ഉചിതമായ ശിക്ഷ നൽകണമെന്നും സംഭവത്തിൽ പിടികൂടിയ നാലു കർഷകരെ കേസൊഴിവാക്കി വിട്ടയക്കണമെന്നുമാണ്​ പ്രക്ഷോഭകരുടെ ആവശ്യം. കഴിഞ്ഞയാഴ്ച ഈയാവശ്യം ഉന്നയിച്ച് അവർ മൂന്നുനാൾ ധർണസമരം ഇരുന്നിരുന്നു.

ഇതിനു പുറ​മെയാണ്​ പഞ്ചസാര മില്ലുകളിൽനിന്നു കരിമ്പുകർഷകർക്കു ലഭിക്കാനുള്ള ഭീമമായ കുടിശ്ശികയടക്കമുള്ള വയറ്റുപ്പിഴപ്പിന്‍റെ കാര്യങ്ങൾ. സൗജന്യ വൈദ്യുതി, ആഭ്യന്തരകണക്​ഷന്​ പ്രീപെയ്​ഡ്​ മീറ്ററുകൾ സ്ഥാപിക്കുന്നത്​ നിർത്തുക, അലഞ്ഞുതിരിയുന്ന മൃഗങ്ങളിൽനിന്നു സുരക്ഷ, വരൾച്ച ബാധിതർക്ക്​ നഷ്ടപരിഹാരം തുടങ്ങിയ അഞ്ചിന ആവശ്യങ്ങളടങ്ങുന്ന നിവേദനം അവർ ഗവൺമെന്‍റിനു സമർപ്പിച്ചു. ഇക്കാര്യങ്ങളി​ലൊക്കെ കൃത്യമായ ഉറപ്പുകൾ നൽകിയശേഷം പിൻവാങ്ങിയ ഗവൺ​മെന്‍റ്​ തങ്ങളെ വഞ്ചി​ച്ചുവെന്നാണ്​ കർഷകരുടെ പരിഭവം. അതുകൊണ്ടു രാഷ്​ട്രീയക്കാരുടെ പിന്തുണയും ഇടനിലയും മാധ്യസ്ഥ്യവു​​മൊക്കെ കൈയൊഴിഞ്ഞ്​ പ്രായോഗികപരിഹാരങ്ങൾ ഉണ്ടാകുന്നതുവരെ പ്രക്ഷോഭവുമായി ​തെരുവിൽ കഴിയാനാണ്​ കർഷകരുടെ തീരുമാനം. കഴിഞ്ഞ പ്രക്ഷോഭകാലത്ത്​ സമരം പൊളിക്കാനുള്ള സകലശ്രമവും നടത്തി പരാജയപ്പെടുകയായിരുന്നു കേന്ദ്ര സർക്കാർ. ഒടുവിൽ കർഷകമാരണ നിയമങ്ങൾ പിൻവലിക്കുകയല്ലാതെ നിവൃത്തിയില്ലെന്നായി. അപ്പോഴും പിൻവാതിലിലൂടെ നിയമത്തിലെ വകുപ്പുകൾ നടപ്പിലാക്കാനുള്ള ഉപായങ്ങൾ തേടിക്കൊണ്ടിരുന്നു. ഇപ്പോഴും കർഷകരുടെ കണ്ണീരിനു പരിഹാരം എന്നതിനേക്കാൾ സമരത്തിനു വഴങ്ങിയതിന്‍റെ സങ്കടം തീർക്കാനാണ്​ ഗവൺമെന്‍റിന്‍റെ വ്യഗ്രതയത്രയും. അതുകൊണ്ടാണ്​ താൽക്കാലികമായി തലകുനിച്ച വിഷയങ്ങളിൽനിന്നു ഒരു തരിമ്പും പിന്മാറില്ലെന്ന മട്ടിലുള്ള അവരുടെ പോക്ക്​. അതു തിരിച്ചറിഞ്ഞാണിപ്പോൾ കർഷകർ സമരത്തിലേക്കു തിരിച്ചെത്തിയിരിക്കുന്നത്​. ഗവൺമെന്‍റിന്‍റെ ദുരഭിമാനത്തേക്കാൾ കർഷകരുടെ സങ്കടസമരം ജയിച്ചേ തീരൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorial
News Summary - madhyamam editorial 2022 august 23
Next Story