Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightഇന്ത്യയുടെ ഫലസ്​തീൻ...

ഇന്ത്യയുടെ ഫലസ്​തീൻ നയം

text_fields
bookmark_border
Madhyamam editorial 19th may 2021
cancel




ഫലസ്​തീ​ന്‍റെ അവിഭാജ്യ ഭൂപ്രദേശമായ ഗസ്സക്കും കിഴക്കൻ ജറൂസലമിനും നേരെ ​ഇസ്രായേൽ സൈന്യം ആരംഭിച്ച ആക്രമണം സർവനാശം വിതച്ചുകൊണ്ട്​ രണ്ടാം വാരത്തിലേക്കു​ കടക്കുകയും അത്​ നിർത്തിവെക്കണമെന്നാവശ്യപ്പെടുന്നതിൽപോലും ഐക്യരാഷ്​ട്രസഭ നിസ്സഹായമാവുകയും ചെയ്​തിരിക്കെ തുടക്കംമുതൽ ഫലസ്​തീനെ രാഷ്​ട്രീയമായി അംഗീകരിക്കുകയും ആ രാജ്യവുമായി നയതന്ത്രം സ്​ഥാപിക്കുകയും ചെയ്​ത ഇന്ത്യയുടെ സമീപനം എന്താണ്​, എന്തായിരിക്കണം എന്നതിനെക്കുറിച്ച്​ ചർച്ചകൾ നടക്കുകയാണ്​. ഗസ്സയിലെ സിവിലിയൻ സമൂഹത്തിനും സ്​ഥാപനങ്ങൾക്കുംനേരെ രാപ്പകൽ ഇസ്രായേൽ പട്ടാളം വർഷിച്ചുകൊണ്ടിരിക്കുന്ന മിസൈലുകളും ബോംബുകളും പ്രദേശത്തെ ജനജീവിതത്തെ തീർത്തും ദുസ്സഹമാക്കിത്തീർത്തിരിക്കുന്നു. വൈദ്യുതിയോ വെള്ളമോ മറ്റു പ്രാഥമിക ജീവിതാവശ്യങ്ങൾക്കുള്ള സൗകര്യങ്ങളോ ഇല്ലാതെ നെ​ട്ടോട്ടം ഓടുകയാണ്​ സ്​ത്രീകളും കുട്ടികളും. ഇതിനകം കൊല്ലപ്പെട്ട 200ൽപരം പൗരന്മാരിൽ സ്​ത്രീകളുടെയും കുട്ടികളുടെയും സംഖ്യ നടുക്കുന്നതാണ്​. പരിക്കേറ്റ ആയിരത്തിൽപരം മനുഷ്യരെ പ്രവേശിപ്പിക്കാനുള്ള ആശുപത്രികളുടെ എണ്ണം അങ്ങേയറ്റം പരിമിതമായിരിക്കെ ഉള്ളവയിൽ വെളിച്ചംപോലും ലഭ്യമല്ലെന്ന സ്​ഥിതി എത്രമാത്രം ദയനീയമല്ല! ഇൗ സാഹചര്യത്തിലാണ്​ ലോകത്തി​ന്‍റെ എല്ലാ കോണുകളിൽനിന്നും ഇസ്രായേലി​ന്‍റെ മനുഷ്യത്വരഹിതമായ ക്രൂരതകൾക്കുനേരെ പ്രതിഷേധങ്ങൾ ഉയരുന്നത്; ആ​ക്രമണം നിർത്താൻ ലോകരാഷ്​ട്രങ്ങൾ സത്വരമായി ഇടപെടണമെന്ന​ ആവശ്യം മുഴങ്ങുന്നത്​. ഞായറാഴ്​ച ചേർന്ന യു.എൻ രക്ഷാസമിതി യോഗം അമേരിക്കയുടെ തടസ്സവാദം മൂലം ഒരു തീരുമാനവും എടുക്കാതെ വഴിമുട്ടുകയായിരുന്നു. അമേരിക്കയുടെ അനിഷ്​ടം കണക്കിലെടുക്കാതെയുള്ള ഏതു​ തീരുമാനവും ആ വൻശക്തി വീറ്റോ ചെയ്യുമെന്നത്​ സുനിശ്ചിതമായിരിക്കെ ​റഷ്യയും ചൈനയും ഉൾപ്പെടെയുള്ള മറ്റു​ സ്​ഥിരാംഗങ്ങൾതന്നെ സംയമനം പാലിക്കുകയായിരുന്നു. എന്നാൽ, താൽക്കാലികാംഗം മാത്രമാണെങ്കിലും ഇന്ത്യ തദ്വിഷയകമായി സ്വീകരിച്ച നിലപാട്​ നമ്മെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്​.

1948ൽ ലോകത്താദ്യമായി ജൂതരാഷ്​ട്രം അറബികളുടെ ഫലസ്​തീൻ മണ്ണിൽ സ്​ഥാപിക്കാൻ ഐക്യരാഷ്​ട്രസഭ തീരുമാനമെടുക്കു​േമ്പാൾ ഇന്ത്യയും അതി​െന അനുകൂലിച്ചിരുന്നു. തദ്ദേശവാസികളും അയൽ അറബ്​ രാജ്യങ്ങളും പല്ലും നഖവും ഉപയോഗിച്ചെതിർത്ത യു.എൻ പ്രമേയത്തെ വീ​േറ്റാ ശക്തികളോടൊപ്പം ചേർന്ന്​ സ്വതന്ത്ര ഇന്ത്യ അനുകൂലിച്ചെങ്കിലും അന്ന്​ ഫലസ്​തീ​ന്‍റെ മൂന്നിലൊന്നിൽ മാത്രമായിരുന്നു ജൂതരാഷ്​ട്രം. അറബ്​ ജനതയുടെ കൈവശമിരിക്കുന്ന ഫലസ്​തീൻ അന്യായമായി പിടിച്ചെടുത്ത്​ ജൂതന്മാർക്ക്​ ഒരു രാഷ്​ട്രം സ്​ഥാപിക്കുന്നത്​ നീതീകരിക്കാനാവില്ല എന്ന ഉറച്ച നിലപാടാണ്​ രാഷ്​ട്രപിതാവായ ഗാന്ധിജി സ്വീകരിച്ചിരുന്നത്​. അന്നു മുതൽ ഇന്നേ വരെ ഫലസ്​തീൻ രാഷ്​ട്രത്തെ ഇന്ത്യ തള്ളിപ്പറഞ്ഞിട്ടില്ലെന്ന​ു മാത്രമല്ല അംഗീകരിക്കുകയും അവർക്ക്​ ന്യൂഡൽഹിയിൽ സ്​ഥാനപതി കാര്യാലയം അനുവദിക്കുകയും ചെയ്​തിട്ടുണ്ട്​. പി.എൽ.ഒവി​ന്‍റെ സാരഥിയായിരുന്ന യാസിർ അറഫാത്തിനെ കേ​ന്ദ്ര സർക്കാറുകൾ യഥോചിതം സ്വീകരിച്ചിട്ടുമുണ്ട്​. പി.വി. നരസിംഹറാവു ഇന്ത്യയുടെ പ്രധാനമന്ത്രി ആയിരുന്നപ്പോൾ ഇസ്രായേലുമായുള്ള നയതന്ത്രബന്ധം സ്​ഥാനപതി കാര്യാലയ പദവിയിലേക്ക്​ ഉയർത്തിയതോടൊപ്പംതന്നെ ഫലസ്​തീന്​ അനുവദിച്ച പദവി താഴ്​ത്തുകയോ അവഗണിക്കുകയോ ചെയ്​തിരുന്നില്ല. ഈസ്​റ്റ്​ ജറൂസലം തലസ്​ഥാനമായി ഒരു സ്വതന്ത്രപരമാധികാര ഐക്യഫലസ്​തീൻ എന്ന ആശയത്തെ പിന്താങ്ങുന്നു എന്നായിരുന്നു 2013 നവംബറിൽ അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിങ്ങും 2015 ഒക്​ടോബറിൽ പ്രസിഡൻറ്​ പ്രണബ്​ കുമാർ മുഖർജിയും പരസ്യമായി പ്രഖ്യാപിച്ച നിലപാട്​. എന്നാൽ, ഫലസ്​തീൻ അതോറിറ്റി പ്രസിഡൻറ്​ മഹ്​മൂദ്​ അബ്ബാസ്​ 2017ൽ ഇന്ത്യ സന്ദർശിച്ചപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി 'ഒരു സ്വതന്ത്രപരമാധികാര ഏകീകൃത പ്രവർത്തനക്ഷമമായ, സമാധാനപരമായി ഇസ്രായേലിനോട്​ സഹവർത്തിക്കുന്ന ഒരു ഫലസ്​തീൻ ആണ്​ ഞങ്ങൾ ആഗ്രഹിക്കുന്നത്​' എന്നാണ്​ വ്യക്തമാക്കിയത്​. ഈസ്​റ്റ്​ ജറൂസലം തലസ്​ഥാനമായ എന്ന പരാമർശം മോദി മനഃപൂർവം ഒഴിവാക്കുകയായിരുന്നു. ഇസ്രായേലിനെ സുഖിപ്പിക്കുന്നതാണ്​ ഈ നിലപാടുമാറ്റം എന്നു വ്യക്തം. ഏറ്റവും ഒടുവിൽ ഞായറാഴ്​ച യു.എൻ രക്ഷാസമിതി​ യോഗത്തിൽ, 'കിഴക്കൻ ജറൂസലമും അയൽപക്കവും ഉൾപ്പെടെയുള്ള പ്രദേശത്തി​ന്‍റെ തൽസ്​ഥിതി മാറ്റാനുള്ള ശ്രമങ്ങളിൽനിന്ന്​ ഇരുപക്ഷവും വിട്ടുനിൽക്കണം' എന്നാണ്​ ഇന്ത്യൻ പ്രതിനിധി ടി.എസ്​. തിരുമൂർത്തി ആവശ്യപ്പെട്ടത്​. ജറൂസലമിൽ വിശിഷ്യ, ഹറം ശരീഫിൽ റമദാനിൽ നടക്കുന്ന അക്രമസംഭവങ്ങളിൽ അദ്ദേഹം ഇന്ത്യയുടെ ഉത്​കണ്​ഠ അറിയിക്കുകയും ചെയ്​തു. ശൈഖ്​​ ജർറാഹിലും ബിൻഖാഹിനിലും നടന്നേക്കാവുന്ന ഒഴിപ്പിക്കൽ നടപടികളിലും അദ്ദേഹം ഉത്​കണ്​ഠ രേഖപ്പെടുത്തി.

ഇസ്രായേലുമായി ഇന്ത്യ പുലർത്തുന്ന ശക്തമായ സാമ്പത്തിക-സൈനിക-സ​ാ​ങ്കേതിക ബന്ധങ്ങളുടെ പശ്ചാത്തലത്തിൽ ഈ നയംമാറ്റം മനസ്സിലാക്കാവുന്നതേയുള്ളൂ. എന്നിട്ടും ഇന്ത്യയുടെ നിലപാടിലടങ്ങിയ കരുതൽ മുഖവിലക്കെടുക്കാൻ ജൂതരാഷ്​ട്രത്തിന്​ സാധ്യമായിട്ടില്ലെന്നാണ്​ പുതിയ സംഭവവികാസങ്ങളിൽ തങ്ങൾക്ക്​ പിന്തുണനൽകുന്ന 25 രാജ്യങ്ങളുടെ ദേശീയ പതാകകൾ ട്വിറ്ററിൽ പ്രദർശിപ്പിച്ചപ്പോൾ ഇസ്രായേൽ പ്രധാനമ​ന്ത്രി ബിന്യമിൻ നെതന്യാഹു ഇന്ത്യൻ പതാകയെ ഒഴിച്ചുനിർത്തിയതിലൂടെ നൽകുന്ന സന്ദേശം. നൂറുശതമാനവും ഫലസ്​തീ​ന്‍റെ അസ്​തിത്വംതന്നെ നിരാകരിച്ച്​ ജൂതരാഷ്​ട്രത്തോടൊപ്പം നിൽക്കുന്നതിൽകുറഞ്ഞ ഒരു നിലപാടിലും അവർ തൃപ്​തരല്ല. അമേരിക്ക മുതൽ അൽബേനിയ വരെ പട്ടികയിലുള്ള സ്​ഥിതിക്ക്​ ഏതെല്ലാം അറബ്​ രാജ്യങ്ങളാണ്​ ഇനിയും സ്​ഥലംപിടിക്കുകയെന്നേ ഇനി നോക്കേണ്ടതുള്ളൂ. എന്നാൽ, സത്യത്തിനും നീതിക്കും മാനവികതക്കും എന്തെങ്കിലും സ്​ഥാനവും പരിഗണനയുമുണ്ടെങ്കിൽ അതിക്രൂരമായ ഇസ്രായേൽ അധിനിവേശത്തെ വാക്കുകളിലെങ്കിലും തുറന്നെതിർക്കാൻ നമ്മുടെ ജനങ്ങൾക്കും സർക്കാറിനും സാധിക്കേണ്ടതാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorial
News Summary - Madhyamam editorial 19th May 2021
Next Story