Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightകേട്ടുകേൾവിയില്ലാത്ത...

കേട്ടുകേൾവിയില്ലാത്ത തെരഞ്ഞെടുപ്പ് അസംബന്ധങ്ങൾ

text_fields
bookmark_border
hate speech
cancel


‘കേട്ടുകേൾവിയില്ലാത്ത കാര്യങ്ങളാണ്​ നടന്നുകൊണ്ടിരിക്കുന്നത്​’- മധ്യപ്രദേശിലെ ഇൻഡോർ ലോക്സഭ മണ്ഡലത്തിൽ കോൺഗ്രസിന്‍റെ പകരം സ്ഥാനാർഥിയായി ഇറങ്ങാനുള്ള മോതി സിങ്ങിന്‍റെ ഹരജി തള്ളി​ കഴിഞ്ഞ തിങ്കളാഴ്ച സുപ്രീംകോടതി നടത്തിയ അഭിപ്രായ പ്രകടനമാണിത്​. മണ്ഡലത്തിൽ കോൺഗ്രസ്​ സ്ഥാനാർഥിയായി നാമനിർദേശം സമർപ്പിച്ച അക്ഷയ്​ കാന്തി ബാം പത്രിക പിൻവലിക്കാനുള്ള അവസാനദിവസമായ ഏപ്രിൽ 29ന്​ മത്സരത്തിൽനിന്ന് പിന്മാറി ബി.ജെ.പിയിൽ ചേർന്നതിനെതുടർന്നാണ്​ പകരക്കാരനായി മത്സരിക്കാൻ അനുവദിക്കണമെന്ന്​ ആവശ്യപ്പെട്ട്​ മോതി സിങ് ഏപ്രിൽ 30ന്​ മധ്യപ്രദേശ്​ ഹൈകോടതിയെ സമീപിച്ചത്​. മണ്ഡലത്തിൽ കോൺഗ്രസിന്‍റെ ഡമ്മി സ്ഥാനാർഥിയായിരുന്ന മോതി സിങ്ങിന്‍റെ പത്രിക ഏപ്രിൽ 26ന്​ സൂക്ഷ്മപരിശോധനയിൽ റി​​ട്ടേണിങ്​ ഓഫിസർ തള്ളിയിരുന്നു. എന്നാൽ, കോൺഗ്രസിന്​ സ്ഥാനാർഥിയില്ലാതെ വന്ന സാഹചര്യത്തിൽ പത്രിക പുനഃപരിശോധനക്ക്​ വിധേയമാക്കി തന്നെ സ്ഥാനാർഥിയാക്കണമെന്നായിരുന്നു മോതി സിങ്ങിന്‍റെ വാദം. എന്നാൽ, ആദ്യം ​ഹൈകോടതി സിംഗിൾ ബെഞ്ചും പിന്നീട്​ ഡിവിഷൻ ബെഞ്ചും പകരക്കാരന്‍റെ സ്ഥാനാർഥിത്വം നിരാകരിച്ചതി​നെ തുടർന്നാണ് അദ്ദേഹം സുപ്രീംകോടതിയെ സമീപിച്ചത്​.

വോട്ടിങ്​ യന്ത്രവും ചിഹ്നവുമെല്ലാം അനുവദിച്ചു​കഴിഞ്ഞു കാര്യങ്ങൾ മുന്നോട്ടുപോയിരിക്കെ, ഒന്നും ചെയ്യാനാവില്ലെന്നു വ്യക്തമാക്കുകയായിരുന്നു കോടതി. അതേസമയം ഹരജിയിൽ ഉന്നയിച്ച വിഷയങ്ങൾ പ്രസക്തമാണെന്ന നിരീക്ഷണം കൂടി കോടതി നടത്തി. ഗുജറാത്തിലെ സൂറത്തിൽ കോൺഗ്രസിലെ എതിർസ്ഥാനാർഥിയുടെ പ​ത്രിക തള്ളിയതി​നെതുടർന്ന്​ ബി.ജെ.പിയുടെ മുകേഷ്​ ദലാൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ടതിനു പിറ​കെയാണ്​ അയൽ സംസ്ഥാനമായ മധ്യപ്രദേശിലെ ഇൻഡോറിൽ മറ്റൊരു വിചിത്രനാടകം അരങ്ങേറിയത്​. ഡമ്മി സ്ഥാനാർഥിയുടെ പത്രിക സാ​ങ്കേതിക കാരണങ്ങളാൽ നേരത്തേ തള്ളുന്നു. തുടർന്ന് നോമിനേഷന്‍റെ അവസാനനാൾ സ്ഥാനാർഥി പിന്മാറി ബി.ജെ.പിയിൽ ചേരുന്നു. എന്നാൽ, സൂറത്തിലെപോലെ അവശേഷിച്ച സ്ഥാനാർഥികളെ​ മൊത്തം പിൻവലിപ്പിക്കാൻ കഴിയാതെ വന്നതിനാൽ അവിടെ മത്സരം അവശേഷിക്കുന്നുണ്ട്​.

400 സീറ്റുകളും അമ്പതു ശതമാനത്തിലേറെ വോട്ടും എന്ന ലക്ഷ്യത്തിലെത്താൻ പാർട്ടിയുടെ ശക്തികേന്ദ്രങ്ങളിൽ ബി.ജെ.പി കണ്ടുവെച്ച ഉപായമാണ്​ സൂറത്തിലും ഇൻഡോറിലും വെളിവായത്​. ഗുജറാത്തിലെ ഗാന്ധിനഗറിൽ അമിത് ​ഷാക്കെതിരെ മത്സരിക്കുന്നവർക്കെതിരെ നടക്കുന്ന സമ്മർദങ്ങളുടെ ഭീകരചിത്രങ്ങൾ ​സമൂഹമാധ്യമങ്ങളിൽ ഇതിനിടെ വൈറലായിരുന്നു. ജനാധിപത്യത്തെ അതിന്‍റെ സൂത്രവാക്യങ്ങളും ഘടനസംവിധാനങ്ങളും ഉപയോഗിച്ചുതന്നെ അസ്ഥിരപ്പെടുത്താനുള്ള വ്യവസ്ഥാപിത വഴികളൊരുക്കുകയാണ്​ ബി.ജെ.പിയെന്ന്​ വ്യക്തമാക്കുന്നതായിരുന്നു സൂറത്ത്​, ഇൻഡോർ ഓപറേഷനുകൾ. ഔദ്യോഗിക സ്ഥാപനങ്ങളെ നിയമാനുസൃതമായിതന്നെ സ്വന്തം ഇംഗിതം നടപ്പാക്കാനുള്ള ഉപകരണങ്ങളാക്കി എങ്ങനെ മാറ്റാമെന്ന പരീക്ഷണമാണ്​ കേന്ദ്രത്തിലെ അധികാരത്തണലിൽ ബി.ജെ.പി നടപ്പിലാക്കിവരുന്നത്​ എന്ന്​ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്​ ദിനേനയെന്നോണം ഉയർന്നുവരുന്ന വിഷയങ്ങൾ ശ്രദ്ധിച്ചാൽ മനസ്സിലാക്കാം. സുപ്രീംകോടതി നിരീക്ഷിച്ചപോലെ കേട്ടുകേൾവിയില്ലാത്ത സംഭവവികാസങ്ങളാണ്​ നടന്നുകൊണ്ടിരിക്കുന്നത്​ എന്നു വ്യക്തം.

ഇതിനിടെയാണ്​ പോൾ ചെയ്ത വോട്ടുകളുടെ കണക്ക്​ പ്രസിദ്ധീകരിക്കുന്നതിൽ തെരഞ്ഞെടുപ്പ്​ കമീഷൻ വരുത്തുന്ന കാലതാമസത്തിനെതിരെ ​അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ്​ (എ.ഡി.ആർ) എന്ന സംഘടന സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്​. ഇത്തവണ ഏപ്രിൽ 19ന്​ നടന്ന ഒന്നാംഘട്ട വോട്ടെടുപ്പിന്‍റെ പോൾക്കണക്ക്​ 11 ദിവസം കഴിഞ്ഞും ഏപ്രിൽ 26ന്‍റെ രണ്ടാംഘട്ട വോട്ടെടുപ്പ്​ കണക്ക്​ നാലുനാൾ കഴിഞ്ഞുമാണ്​ പ്രസിദ്ധീകരിച്ചത്​ എന്ന്​ ഹരജിയിൽ പറയുന്നു. പ്രസിദ്ധീകരണം വൈകി എന്നു മാത്രമല്ല, തെരഞ്ഞെടുപ്പു നാൾ പുറത്തുവിട്ട കണക്കിൽനിന്ന് അഞ്ചു ശതമാനത്തിലേറെ ​വർധനയും ഉണ്ടായി. ഈ വ്യതിയാനം കണക്കുകളുടെ കൃത്യത സംബന്ധിച്ച സംശയങ്ങളുണർത്താനിടയാക്കുമെന്ന്​ എ.ഡി.ആർ ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ട്​ വോട്ടെടുപ്പ്​ കഴിഞ്ഞ്​ 48 മണിക്കൂറിനുള്ളിൽ എല്ലാ പോളിങ്​ സ്​റ്റേഷനുകളിലെയും പോളിങ്ങിന്‍റെ ആധികാരിക കണക്കുകൾ വെളിപ്പെടുത്തുന്ന ഔദ്യോഗികരേഖകൾ തെരഞ്ഞെടുപ്പ്​ കമീഷന്‍റെ വെബ്​സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്നാണ്​ എ.ഡി.ആറിന്‍റെ ആവശ്യം.

ഫലപ്രഖ്യാപനശേഷം സ്ഥാനാർഥികൾക്കു ലഭിച്ച വോട്ടിന്‍റെ ആധികാരിക വിവരവും വെളിപ്പെടുത്തണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു. കമീഷൻ കണക്കുകൾ വെളി​പ്പെടുത്താൻ വൈകിയതിലും വൈകിവന്ന കണക്കിലെ വലിയ വർധനയും ചോദ്യം ചെയ്ത്​ ​കോൺഗ്രസ്​ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രതിപക്ഷ ‘ഇൻഡ്യ’ സഖ്യത്തിലെ നേതാക്കൾക്ക്​ എഴുതുകയുണ്ടായി. ഒരു പൂർണ ദിവസമെടുത്തു പുറത്തുവിട്ടിരുന്ന കണക്കുകൾക്ക്​ ഇപ്പോൾ 10 നാളിലേറെ കാത്തിരിക്കേണ്ടി വരുന്നതിനെയും പുറത്തുവിടുന്ന കണക്കുകളുടെ സാംഗത്യത്തെയും അദ്ദേഹം വിശദമായിതന്നെ കത്തിൽ ചോദ്യം ചെയ്യുന്നുണ്ട്​. ഖാർഗെയുടെ കത്തിനോട് രൂക്ഷമായി പ്രതികരിച്ചു കമീഷൻ നടത്തിയ പ്രതികരണത്തിൽ പക്ഷേ, കത്തിൽ ഉന്നയിച്ച വിഷയങ്ങൾക്കു കൃത്യമായ മറുപടിയൊന്നും പറയുന്നില്ല; കാര്യങ്ങളെല്ലാം സമുചിതമായി കൊണ്ടുപോകുന്നു എന്ന ചടങ്ങ് വിശദീകരണമല്ലാതെ. അതേസമയം കമീഷന്‍റെ വിശ്വാസ്യതയെയും ജനാധിപത്യ പ്രതിബദ്ധതയെയും ചോദ്യം ചെയ്യുകയും അതേക്കുറിച്ച്​​ വോട്ടർമാരിൽ ആശയക്കുഴപ്പം സൃഷ്ടിക്കുകയും ചെയ്യുന്നു എന്നു കുറ്റപ്പെടുത്തുന്നുമുണ്ട്​. നേരത്തേ, പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും കണക്കുകളിലെ കാലതാമസവും പൊരുത്തക്കേടുകളും സംബന്ധിച്ച്​ ആക്ഷേപമുന്നയിച്ചിരുന്നു.

ചുരുക്കത്തിൽ ഇത്തവണത്തെ വോട്ടെടുപ്പ്​ സംബന്ധിച്ചും സംഘാടക സംവിധാനമായ ​തെരഞ്ഞെടുപ്പ്​ കമീഷനെക്കുറിച്ചും സുപ്രീംകോടതി നിരീക്ഷിച്ചപോലെ അഭൂതപൂർവമായ ആക്ഷേപങ്ങളാണ്​ ഉയർന്നിരിക്കുന്നത്​. അതിനു പരിഹാരം കാണാൻ ശ്രമിക്കേണ്ടത്​ കമീഷൻ തന്നെയാണ്​. തെരഞ്ഞെടുപ്പ്​ പ്രഖ്യാപന സമയത്ത്​ കമീഷന്‍റെ ഉത്തരവാദിത്തങ്ങളും അവകാശാധികാരങ്ങളും സംബന്ധിച്ച്​ ആത്മവിശ്വാസത്തോടെ പ്രഖ്യാപനങ്ങൾ നടത്തിയ കമീഷനെയല്ല പിന്നീട്​ കണ്ടത്​. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും കേ​​ന്ദ്ര ഭരണകക്ഷിയുടെ അധ്യക്ഷനുമൊക്കെ വിദ്വേഷപ്രസംഗങ്ങളും വംശീയവെറി മുറ്റിയ പ്രചാരണങ്ങളുമൊക്കെ നടത്തിയിട്ടും കമീഷന്​ അവ​രെ നിയന്ത്രിക്കാനാവാതെ നിസ്സഹായമായിത്തീരുന്നതാണ്​ കണ്ടത്​. അതിൽ അസഹനീയത പ്രകടിപ്പിച്ചാവണം കഴിഞ്ഞ ദിവസം ​ഡൽഹി ഹൈകോടതി, ‘തെരഞ്ഞെടുപ്പ്​ കമീഷൻ ഒരു ഭരണഘടന സംവിധാനമാണ്​, അതിനെ സൂക്ഷ്മതലത്തിൽ നിയന്ത്രിക്കാൻ തങ്ങൾക്കാവില്ല’ എന്ന്​ തുറന്നു പറഞ്ഞത്​. സ്വന്തം നിലയും വിലയുമറിഞ്ഞ്​ കമീഷൻ അതിന്‍റെ പ്രതാപം തിരിച്ചുപിടിക്കുന്നില്ലെങ്കിൽ ജനാധിപത്യത്തിൽ കേട്ടുകേൾവിയില്ലാത്ത പലതിനും രാജ്യം ഇനിയും സാക്ഷിയാകേണ്ടിവരും. അതാവട്ടെ, ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന നമ്മുടെ അഹങ്കാരത്തെ അട്ടിമറിക്കുന്നതുമായിരിക്കും. അങ്ങനെ സംഭവിക്കാതിരിക്കട്ടെ എന്നു പ്രാർഥിക്കാനേ ഇപ്പോൾ കഴിയൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:editorialHate Speechlok sabha elections 2024
News Summary - Hate Speechs in lok sabha elections 2024
Next Story