Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightന്യൂനപക്ഷ...

ന്യൂനപക്ഷ മന്ത്രാലയത്തിനും ചരമക്കുറി​പ്പോ?

text_fields
bookmark_border
ന്യൂനപക്ഷ മന്ത്രാലയത്തിനും ചരമക്കുറി​പ്പോ?
cancel


കേന്ദ്രസർക്കാറിൽ ന്യൂനപക്ഷ മന്ത്രാലയം നിർത്തലാക്കാനും അതിന്‍റെ കീഴിൽ നടന്നുവരുന്ന പരിപാടികൾ കേന്ദ്ര സാമൂഹികനീതി-ശാക്തീകരണവകുപ്പിനു കീഴിൽ കൊണ്ടുവരാനുമുള്ള നീക്കം നടക്കുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടുചെയ്യുന്നു. രാജ്യസഭയിലെ കാലാവധി അവസാനിച്ച മുറക്ക്​ ന്യൂനപക്ഷവകുപ്പ്​ കൈകാര്യം ചെയ്തിരുന്ന കേന്ദ്ര മന്ത്രിസഭയിലെ ഏക മുസ്​ലിംമുഖമായിരുന്ന മുഖ്​താർ അബ്ബാസ്​ നഖ്​വിയെ ബി.ജെ.പി പിരിച്ചയച്ചിരുന്നു. തുടർന്നു വകുപ്പിന്‍റെ ചുമതല നൽകിയിരിക്കുന്നത്​ വനിത ശിശു വികസനമന്ത്രി സ്മൃതി ഇറാനിക്കാണ്​. ഇപ്പോൾ വകുപ്പു തന്നെ ഇല്ലാതാക്കുന്നു. 'മുസ്​ലിം, ക്രൈസ്തവ, ബുദ്ധ, സിഖ്​, പാഴ്​സി, ജൈന വിഭാഗങ്ങളുടെ പ്രശ്നങ്ങളിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കുവാനായി' യു.പി.എ സർക്കാർ സാമൂഹികനീതി, ശാക്തീകരണവകുപ്പിൽ നിന്നു വേർപെടുത്തി രൂപവത്​കരിച്ച ന്യൂനപക്ഷ മന്ത്രാലയത്തെ അതേ വകുപ്പിലേക്കു തന്നെ തിരിച്ചുനൽകുമ്പോൾ സർക്കാർനയം വളരെ വ്യക്തമാണ്​. ബി.ജെ.പി ആവർത്തിച്ചുറപ്പിക്കുന്ന പോലെ രാജ്യത്ത്​ ന്യൂനപക്ഷങ്ങളെ വകതിരിച്ചു കാണേണ്ടതില്ല എന്നും അവർക്കു പ്രത്യേകം അവകാശങ്ങളോ ആനുകൂല്യങ്ങളോ പ്രോത്സാഹനങ്ങളോ നൽകേണ്ടതില്ല എന്നും. വാർത്ത നിഷേധിച്ച്​ കേന്ദ്രസർക്കാർ ഒറ്റവരി പ്രസ്താവന ഇറക്കിയിട്ടുണ്ടെങ്കിലും മന്ത്രാലയത്തിന്‍റെ അസ്തിത്വം സംബന്ധിച്ച സംശയങ്ങൾ ദുരീകരിക്കാൻ അത്​ പര്യാപ്തമല്ല. അതിനെ ചോദ്യം ചെയ്യുന്ന ബി.ജെ.പി നിലപാടുകൾ നിരന്തരം ആവർത്തിച്ചുകൊണ്ടിരിക്കെ വിശേഷിച്ചും.

ഒരു രാജ്യവും ഭരണകൂടവുമൊക്കെ നാഗരിക, മാനവികസ്വഭാവം പ്രകടിപ്പിക്കുന്നത്​ മത ജാതി പിന്നാക്കവിഭാഗങ്ങൾ, സ്ത്രീകൾ, കുട്ടികൾ, വയോജനങ്ങൾ എന്നിവർക്കൊക്കെ നൽകുന്ന കരുതലും പരിഗണനയും വഴിയാണ്​. സമൂഹത്തിലെ എല്ലാ തട്ടിലുള്ളവരെയും ഒന്നിപ്പിച്ചു കൊണ്ടുപോകുമ്പോഴേ ഏതു സർക്കാറിനും അധികാരം സുഗമവും ഭരണം സുസ്ഥിരവും രാജ്യം സമൃദ്ധവുമാക്കി മുന്നേറാൻ കഴിയൂ. അതു കണ്ടറിഞ്ഞാണ്​ രാജ്യത്തെ സാമൂഹികമായി പിന്തള്ളപ്പെടുകയും ഭരണകൂട പരിഗണന ലഭിക്കാതെ പോവുകയും ചെയ്ത ന്യൂനപക്ഷങ്ങളിലെ മുസ്​ലിം വിഭാഗത്തിനു വേണ്ടി മൻമോഹൻസിങ്​ സച്ചാർ കമ്മിറ്റിയെ നിയോഗിച്ച്​ വസ്തു സ്ഥിതിവിവരം ആരാഞ്ഞതും അതിന്‍റെ ശിപാർശകളുടെ അടിസ്ഥാനത്തിൽ പ്രധാനമന്ത്രിയുടെ പതിനഞ്ചിന പരിപാടി പോലെയുള്ള പരിഷ്കരണങ്ങൾ കൊണ്ടുവന്നതും. എന്നാൽ ന്യൂനപക്ഷവിഭാഗങ്ങൾക്കു പ്രത്യേക പരിഗണനയെന്ന രാഷ്ട്രശിൽപികളുടെ ലക്ഷ്യത്തെ എതിർത്തുപോന്ന സംഘ്​പരിവാർ കക്ഷികൾ ഇത്തരം ​സാമൂഹിക ഉദ്ധാരണനീക്കങ്ങളെ മോദിയുടെ തന്നെ ഭാഷയിൽ 'പല്ലും നഖവും ഉപയോഗിച്ച്​' എതിർത്തു പോന്നു. ഇന്ത്യൻ മുസ്​ലിംകളുടെ ദയനീയമായ ദുസ്ഥിതി അനാവരണം ചെയ്ത സച്ചാർ റിപ്പോർട്ടിന്‍റെ പശ്ചാത്തലത്തിൽ അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിങ്​ പതിനൊന്നാം പഞ്ചവത്സര പദ്ധതിയിൽ നിശ്ചിതശതമാനം തുക ന്യൂനപക്ഷക്ഷേമത്തിനു നീക്കിവെച്ചു. എന്നാൽ 2007 ഡിസംബറിലെ 54ാമത്​ ദേശീയ വികസന സമിതി യോഗത്തിൽ അന്നു ഗുജറാത്ത്​ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദി ഇതിനെതിരെ പട നയിച്ചു. ജനങ്ങളെ സാമ്പത്തിക സ്ഥിതി മാത്രം നോക്കി സഹായിച്ചാൽ മതിയെന്നും മത ജാതി പരിഗണനകൾ വേണ്ടതില്ലെന്നുമായിരുന്നു ബി.ജെ.പി നിലപാട്​. മതമോ ജാതിയോ പരിഗണിക്കുന്നതായിരുന്നില്ല, അതുവഴി മുസ്​ലിംകൾ അടക്കമുള്ള ന്യൂനപക്ഷങ്ങൾക്കു ആനുകൂല്യങ്ങൾ ലഭിക്കു​മെന്നതായിരുന്നു ബി.ജെ.പിയുടെ ആധിയും ആശങ്കയും. ഇത്തരം എതിർപ്പുയർത്തിയവർ ന്യൂനപക്ഷങ്ങ​ളെ പരിഗണിക്കാനുണ്ടാക്കിയ പ്രത്യേക വകുപ്പിനെ പൊറുപ്പിക്കുക ചിതമല്ലല്ലോ.

ന്യൂനപക്ഷം എന്നൊരു അസ്തിത്വം തന്നെ അംഗീകരിക്കാൻ കൂട്ടാക്കാത്ത ബി.ജെ.പി സർക്കാറിന്‍റെ പ്രഖ്യാപിതനയങ്ങൾ വെച്ചുനോക്കുമ്പോൾ ഈ നീക്കത്തിൽ അസ്വാഭാവികതയൊന്നുമില്ല. അതുകൊണ്ടു തന്നെയാണ്​ സർക്കാർ നിഷേധം അപ്പടി വിശ്വാസത്തി​െലടുക്കാൻ സാധിക്കാത്തതും. പ്രധാനമന്ത്രിയുടെ പതിനഞ്ചിന പരിപാടി, സച്ചാർ കമ്മിറ്റി റിപ്പോർട്ടിന്‍റെ തുടർനടപടികൾ, വിവിധ സ്​കോളർഷിപ്പുകൾ, മൗലാന ആസാദ്​ ദേശീയ ​ഫെല്ലോഷിപ്പ്​, വിദേശപഠന വായ്പകൾക്കുള്ള പലിശ സബ്​സിഡി, സൗജന്യകോച്ചിങ്​, യു.പി.എസ്​.സി, എസ്​.എസ്​.സി മെയിൻപരീക്ഷകൾക്കും പി.എസ്​.സി പരീക്ഷകൾക്കും തയാറെടുക്കുന്നവർക്കുള്ള ധനസഹായം തുടങ്ങി വിദ്യാഭ്യാസ ഉയർച്ചക്കായുള്ള നിരവധി പ്രോത്സാഹനപദ്ധതികൾ മന്ത്രാലയം നൽകിവരുന്നു. കൂടാതെ സാമ്പത്തികശാക്തീകരണത്തിന്‍റെ ഭാഗമായി പി.എം വികാസ്​, സീഖോ ഔർ കമാഓ, ഉസ്താദ്​ പദ്ധതികളിലായി തൊഴിൽപരിശീലനത്തിലും തൊഴിൽ സംരംഭത്തിലും ധനസഹായം നൽകുന്നു. പ്രധാനമന്ത്രി ജനവികാസ്​ കാര്യക്രമിന്‍റെ കീഴിൽ അടിസ്ഥാനസൗകര്യ ഉപാധികളുടെ വികസനത്തിനു സഹായം നൽകുന്നു. ദേശീയ വഖ്​ഫ്​ പുരോഗമനപദ്ധതി, അർബൻ വഖ്​ഫ്​ പദ്ധതികൾക്ക്​ സാമ്പത്തികസഹായം, പാഴ്​സികൾക്കു പ്രത്യേകമായുള്ള ജിയോ പാഴ്​സി, ഹമാരി ധാരോഹാർ, നയി റോശ്നി ദേശീയ വനിത നേതൃപരിശീലന പദ്ധതി എന്നിങ്ങനെ ബഹുമുഖമായ പദ്ധതികളും പരിപാടികളുമാണ്​ മന്ത്രാലയത്തിനു കീഴിൽ ആവിഷ്കരിച്ചു നടപ്പാക്കി വരുന്നത്​. സർക്കാർ കാര്യം മുറപോലെ എന്നാണ്​ ചൊല്ലെങ്കിലും ന്യൂനപക്ഷവകുപ്പ്​ നിലവിൽ വന്ന ശേഷം ഈ ആനുകൂല്യങ്ങളുടെയും പ്രോത്സാഹനങ്ങളുടെയും ഫലം ന്യൂനപക്ഷവിഭാഗങ്ങളുടെ വിദ്യാഭ്യാസ പുരോഗതിയിലും തൊഴിൽ മേഖലയിലുമൊക്കെ പ്രതിഫലിച്ചിട്ടുണ്ട്​ എന്നതു അനുഭവയാഥാർഥ്യമാണ്​. അതിനെയൊക്കെ പ്രയോഗത്തിൽ റദ്ദുചെയ്യുകയാവും വകുപ്പ്​ ഇല്ലാതാക്കിയാൽ സംഭവിക്കുക.

'സബ്​ കാ സാത്ത്​, സബ് കാ വികാസ്​'-എല്ലാവരെയും ചേർത്തുപിടിച്ച വികസനം എന്നു​ നൂറ്റൊന്നാവർത്തിക്കുന്ന പ്രധാനമന്ത്രിയും പാർട്ടിയും പ്രയോഗത്തിൽ ന്യൂനപക്ഷ​ ജനവിഭാഗങ്ങളെ എങ്ങനെ പരിഗണിക്കുന്നു എന്നറിയാനുള്ള പരിശോധന കൂടിയാകും മന്ത്രാലയ വിഷയത്തിൽ കേ​ന്ദ്രം എടുക്കുന്ന തീരുമാനം. പ്രബല ന്യൂനപക്ഷമായ മുസ്​ലിംകളെ പാർട്ടി, ഭരണസംവിധാനങ്ങളിൽ നിന്നു അകറ്റിനിർത്തി തുടങ്ങിയ അദൃശ്യവത്​കരണം ന്യൂനപക്ഷങ്ങളിലേക്കു മൊത്തത്തിൽ വ്യാപിപ്പിക്കാനാണോ സംഘ്​പരിവാർ പരിപാടി എ​ന്നുകൂടി വ്യക്തമാക്കുന്നതായിരിക്കും ആ തീരുമാനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:editorialminority
News Summary - Govt's move to end minority ministry
Next Story