Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_right...

ആർത്തിപ്പിശാചുക്കളുടേതോ നവകേരളം?

text_fields
bookmark_border
ആർത്തിപ്പിശാചുക്കളുടേതോ നവകേരളം?
cancel

‘എല്ലാവർക്കും വേണ്ടത് പണമാണ്. എല്ലാറ്റിലും വലുത് പണമാണ്’- നമ്മൾ മലയാളികളുടെ കൊട്ടിഗ്ഘോഷിക്കപ്പെടുന്ന കേരള മാതൃകയുടെ മുഖത്തേക്ക് ഈ ശാപവാക്കുകൾ വലിച്ചെറിഞ്ഞാണ് തിരുവനന്തപുരം മെഡിക്കൽ കോളജിലെ പി.ജി വിദ്യാർഥിനി ഡോ. ഷഹന കഴിഞ്ഞ തിങ്കളാഴ്ച മരണത്തിലേക്ക് സ്വയം എടുത്തുചാടിയത്.

കേരളത്തിന്റെ ബഹുതല പുരോഗതി പാടിപ്പറഞ്ഞ് മുഖ്യമന്ത്രി മന്ത്രിമാരോടൊത്ത് വടക്കുനിന്ന് തെക്കോട്ട് പട നയിക്കുമ്പോഴാണ്, നാടുനീളെ നവകേരളത്തിന്റെ അവകാശത്തർക്കങ്ങളിൽ അഭിരമിച്ചുകൊണ്ടിരിക്കെയാണ്, ദുരയുടെ മനക്കോട്ട നിറയാത്ത മംഗല്യച്ചെറുക്കനും ആർത്തി മൂത്ത ആശ്രിതരും, അനാഥത്വത്തിന്റെ അവശത മറന്ന് ജീവിതത്തിന്റെ മറുകരയിലേക്ക് നീന്തിക്കുതിച്ച ഒരു താരുണ്യത്തെ മരണത്തിലേക്ക് മുക്കിത്താഴ്ത്തിയത്.

വിവാഹജീവിതത്തിലേക്ക് പിടിച്ചുകയറാൻ കൈ നീട്ടിയവളെ മരണത്തിലേക്ക് തട്ടിത്തെറിപ്പിച്ചതു ചില്ലറക്കാരനല്ല. വൈദ്യബിരുദവും സംഘാടനവിരുതുമുള്ള ഡോക്ടർതന്നെ. രോഗികളുടെ ശരീരത്തിന്‍റെ മാത്രമല്ല, സമൂഹ മനസ്സിന്റെ രോഗത്തിനെതിരെയും പൊരുതുന്ന ഭിഷഗ്വര സംഘടനയുടെ നേതാവു കൂടിയാണ് കക്ഷി. എന്നിട്ടെന്ത്? പണത്തിനുവേണ്ടി പിണമായി മാറാനും മടിയില്ലാത്ത പതനത്തിലെത്തി അയാൾ.

പണമാണ് പകിട്ടും പത്രാസുമെന്നും ആ സ്റ്റാറ്റസിൽ മറ്റുള്ളവരെ കടത്തിവെട്ടണമെന്നും ഉറച്ച വീട്ടുകാർക്കു മുന്നിൽ കാലിക്കച്ചവടത്തിലെ ഉരുവെന്നവണ്ണം അയാൾ നിന്നുകൊടുത്തു. 50 ലക്ഷം രൂപയുടെ സ്വത്തും 50 പവൻ സ്വർണം അല്ലെങ്കിൽ കാറും നൽകാൻ ഇഷ്ടപ്പെട്ട പെണ്ണിന്‍റെ വീട്ടുകാർ ഒരുക്കമായിരുന്നു. എന്നാൽ, 150 പവനും ഒരു ഏക്കർ ഭൂമിയും ഒന്നരക്കോടി രൂപയും ബി.എം.ഡബ്ല്യു കാറും നൽകണമെന്ന വിവാഹക്കമ്പോളത്തിലെ വിലപേശലിനുമുന്നിൽ കിനാവിന്‍റെ പിടിവള്ളികൾ പൊട്ടിയതോടെ ഷഹന ജീവിതമവസാനിപ്പിച്ചു-സാക്ഷര പ്രബുദ്ധ സുന്ദര നാട്യങ്ങൾകൊണ്ട് പുറം അലങ്കരിച്ച കേരള സമൂഹത്തിന്റെ അകം മുഴുവൻ കാർന്നുതിന്നുന്ന മാരക രോഗമാണ് എന്നു വെളിപ്പെടുത്തിക്കൊണ്ട്.

ഷഹന ഇതാദ്യത്തേതല്ല. അവസാനത്തേതാകട്ടെ എന്നു പ്രാർഥിക്കാമെന്നല്ലാതെ, പ്രതീക്ഷിക്കാവുന്ന വിധത്തിലല്ല കേരളാനുഭവം. രണ്ടര വർഷം മുമ്പ് വൈദ്യ വിദ്യാർഥിനി വിസ്മയ മരിച്ചപ്പോൾ ഇനിയൊരാൾക്ക് ഈ ഗതി വരുത്തല്ലേ എന്ന അച്ഛന്റെ പ്രാർഥന കേരളത്തിന്റേതുകൂടി ആയിരുന്നു. പക്ഷേ, മനുഷ്യത്വത്തിന്റെ ഉള്ളുരുക്കങ്ങളൊന്നും പിശാചുക്കളെ ഏശുന്നില്ലെന്നാണ് കണക്കുകൾ വെളിപ്പെടുത്തുന്നത്.

സ്ത്രീധന പീഡനക്കേസുകൾ വർഷംപ്രതി അയ്യായിരമെത്തുന്നുണ്ട് കേരളത്തിൽ. കഴിഞ്ഞ ഒന്നര പതിറ്റാണ്ടിൽ 260 പെൺകുട്ടികൾക്ക് ജീവൻ നഷ്ടമായിട്ടുണ്ട്. സ്ത്രീധനം പോരാത്തതിന് ഇണയെ കൊന്ന് കെട്ടിത്തൂക്കുന്നതും തീവെച്ചും പട്ടിണിക്കിട്ടും കൊല്ലുന്നതും മുതൽ പാമ്പിനെ വിട്ട് കടിപ്പിച്ചു കൊല്ലുന്നതുവരെ കണ്ടു- 100 പവൻ, മൂന്നരയേക്കർ സ്ഥലം, കാർ, 10 ലക്ഷം രൂപ, വീട്ടുചെലവിനു പ്രതിമാസം 8000 രൂപയടക്കം നൽകിയതും പോരാഞ്ഞ്- അടൂരിലെ ഉത്രയെ ചെയ്തതുപോലെ.

രണ്ടു ലക്ഷം രൂപ വൈകിയതിന് കൊല്ലത്ത് രണ്ടു പിഞ്ചുകുഞ്ഞുങ്ങളുടെ അമ്മയെ പട്ടിണിക്കിട്ടാണ് കൊന്നത്. ഈ ആർത്തിപ്പണ്ടാരങ്ങളെ കൈകാര്യംചെയ്യാതെ ഏതു നവകേരളമാണ് നമ്മൾ സാധ്യമാക്കുക? വാങ്ങുകയോ പ്രേരിപ്പിക്കുകയോ ചെയ്‌താൽ അഞ്ചുവർഷം തടവും 15,000 രൂപ പിഴയും, ആവശ്യപ്പെട്ടാൽ ആറു മാസം മുതൽ രണ്ടു വർഷം വരെ തടവും 10,000 പിഴയും, പരസ്യം കൊടുത്താൽ അഞ്ചുവർഷം തടവും 15000 രൂപ പിഴയും എന്നിങ്ങനെ ശിക്ഷ നിഷ്കർഷിക്കുന്ന സ്ത്രീധന നിരോധന നിയമം നാട്ടിലുണ്ട്. എന്നാൽ നിയമപാലകരുടെ അനാസ്ഥ പലപ്പോഴും കുറ്റകൃത്യങ്ങൾ നേർപ്പിക്കാനോ മറപ്പിക്കാനോ ഇടയാക്കുന്നു.

ഷഹന കേസിലും പൊലീസ് അമാന്തം കാട്ടിയെന്ന് ആക്ഷേപമുണ്ടായിരുന്നു. കുറ്റം കണ്ടെത്തുന്നതിലും ശിക്ഷ വിധിക്കുന്നതിലും അയവില്ലാത്ത നിലപാട് സ്വീകരിക്കാൻ ഭരണകൂടത്തിന് ബാധ്യതയുണ്ട്.

സമൂഹത്തിന്‍റെ പിഴച്ച പോക്കിന് തടയിടാൻ ഭരണകൂടം മാത്രം വിചാരിച്ചാൽ മതിയാവില്ല. അതിന് സമുദായ, രാഷ്ട്രീയ നേതൃത്വവും പൗരസമൂഹവും കൂടി മുൻകൈയെടുക്കണം. നവോത്ഥാനവും പുരോഗതിയും പ്രയോഗത്തിൽ എത്ര സാക്ഷാത്കൃതമായി എന്ന് അകംപരിശോധന നടത്താൻ മലയാളികൾ ഒറ്റക്കും കൂട്ടായും സന്നദ്ധമാകണം.

ആരാധനകളുടെയും അനുഷ്ഠാനങ്ങളുടെയും വെളിച്ചം നിത്യജീവിതത്തിലേക്കു പ്രസരിപ്പിക്കാൻ ബാധ്യസ്ഥരെന്ന് സ്വയം ബോധിച്ചവരും പരസ്പരം ബോധ്യപ്പെടുത്തിക്കുന്നവരുമായ മുസ്‍ലിംകളിൽ സ്ത്രീധനമോഹികൾ വളരുന്നത് നല്ല സൂചനയല്ല. മഹല്ലു ജമാഅത്തുകൾ മുതൽ വിപുലമായ സംഘടന സംവിധാനങ്ങൾവരെ മുസ്‍ലിം സമുദായത്തിന്‍റെ ഉൽക്കർഷത്തിനുവേണ്ടി പ്രവർത്തിക്കുന്നുണ്ട്. എന്നാൽ വിത്തപ്രതാപത്തിന്‍റെ ആസക്തിയിൽനിന്നും അഹന്തയിൽനിന്നും അണികളെ മോചിപ്പിക്കാൻ നേതാക്കൾക്കും പണ്ഡിതന്മാർക്കും ആകുന്നുണ്ടോ എന്ന് അവർ പരിശോധിക്കട്ടെ.

നേടുന്ന വിദ്യയുടെ ഉന്നവും ജീവിതത്തിന്‍റെ അത്യുന്നത ലക്ഷ്യവും ഭൗതികാസക്തിയായിത്തീരല്ലേ എന്നു പ്രാർഥിക്കാൻ പരിശീലിപ്പിച്ച പ്രവാചകന്‍റെ പേരും പെരുമയും ഉദ്ഘോഷിക്കുന്നവർക്കും പണാധിപത്യത്തിന് ആമേൻ പറയുന്ന ദുര്യോഗത്തിൽനിന്നു രക്ഷനേടാൻ കഴിയുന്നുണ്ടോ? ധനസമ്പാദനത്തിനും വിനിയോഗത്തിനും വിനിമയത്തിനുമുള്ള വഴി വേദവും പ്രവാചകനും പഠിപ്പിച്ചിട്ടും വിവാഹ പെരുമാറ്റച്ചട്ടം കൃത്യപ്പെടുത്തിയിട്ടും അതിനുനേരെ മുഖംതിരിച്ചും കെറുവിച്ചും സമൂഹത്തെ പാട്ടിനുവിട്ട് അവരെ വരുമാനമാർഗമാക്കുന്ന സമുദായനേതൃത്വവും സ്ത്രീധനമരണങ്ങളിൽ കൂട്ടുത്തരവാദികളാണ്.

വിവാഹത്തെ സ്വകാര്യ അനുഷ്ഠാനമായിക്കണ്ടും സ്ത്രീധനത്തെ വധൂഗൃഹത്തിന്‍റെ സന്തോഷസമ്മാനമായി വ്യാഖ്യാനിച്ചും ധനമോഹികളുടെ മനോവിലാസങ്ങളെ വിജയിപ്പിച്ചുകൊടുക്കുന്ന അസംബന്ധങ്ങളിൽനിന്ന് മാറി, ദുരാചാര നിർമാർജനത്തിന് സമുദായനേതാക്കൾ മുന്നിട്ടിറങ്ങണം. ഭരണ, രാഷ്ട്രീയ നേതൃത്വങ്ങളുടെ പിന്തുണ അവർക്ക് ലഭ്യമാക്കണം. അങ്ങനെ ഒത്തുപിടിച്ചാൽ പെൺജന്മങ്ങളുടെ മാത്രമല്ല, നാടിന്‍റെകൂടി സൗഭാഗ്യമാകും പുലരുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dowry CaseDr Shahana Death Case
News Summary - dowry system in kerala
Next Story