Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightഅനിവാര്യമായ വിചിന്തനം

അനിവാര്യമായ വിചിന്തനം

text_fields
bookmark_border
sslc exam, sslc
cancel


പ്രതീക്ഷിച്ചതുപോലെത്തന്നെ ഇക്കുറിയും എസ്.എസ്.എൽ.സി പരീക്ഷഫലം 99 ശതമാനം കടന്നു; പരീക്ഷയെഴുതിയ 4,26,892 കുട്ടികളിൽ 1327 പേർ മാ​ത്രമാണ് ഉപരിപഠനത്തിന് അർഹത നേടാതെ പോയത്. ഇതിൽത്തന്നെ ഭൂരിഭാഗം പേർക്കും പുനർമൂല്യനിർണയം, സേ പരീക്ഷ എന്നീ സാധ്യതകളിലൂടെ ഉപരിപഠനത്തിന് യോഗ്യ​ത നേടാവുന്നതേയുള്ളൂ. അഥവാ, സാങ്കേതികമായല്ലെങ്കിലും ഫലം നൂറു മേനി​യാണെന്ന് സാമാന്യമായി പറയാം. സാ​ങ്കേതികമാണെങ്കിൽ വിജയശതമാനം 99.69 എന്നും പറയാം. അതെന്തായാലും, ഇക്കുറി ഫലം പ്രഖ്യാപിച്ചപ്പോൾ വിദ്യാഭ്യാസ മന്ത്രി മറ്റു ചില കാര്യങ്ങൾകൂടി പറയുകയുണ്ടായി: വർധിച്ച വിജയശതമാനത്തിനു പിന്നിൽ സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയിലുണ്ടായ ഗുണപരമായ മാറ്റങ്ങൾ വലിയൊരു ഘടകമാണെങ്കിലും പരീക്ഷരീതിയിലും മൂല്യനിർണയത്തിലു​മൊക്കെയുണ്ടായ ‘പരിഷ്കരണങ്ങളും’ ഒരു കാരണമായിട്ടുണ്ട്.

ശരാശരിക്കും താഴെയുള്ള വിദ്യാർഥികൾക്കു പോലും ‘എ പ്ലസ്’ നേടാൻ കഴിയുംവിധം തീർത്തും ലഘുവായ പരീക്ഷക്രമവും മൂല്യനിർണയ രീതിയുമാണ് ഒന്നര പതിറ്റാണ്ടായി കേരളത്തിലുള്ളത്. ഇതുമൂലം വിജയശതമാനം ഗണ്യമായി വർധിച്ചുവെങ്കിലും, പല​പ്പോഴും തുടർന്നുള്ള മത്സരപരീക്ഷകളിൽ വിദ്യാർഥികൾ പിന്നിലാകുന്നുണ്ട് എന്നതും യാഥാർഥ്യമാണ്. കുറച്ചു വർഷങ്ങളായി പല വിദ്യാഭ്യാസവിദഗ്ധർ തന്നെയും ചൂണ്ടിക്കാണിച്ച ഈ വിമർശനം ഒടുവിൽ സംസ്ഥാന സർക്കാർ ഉൾക്കൊണ്ടിരിക്കുകയാണ്.

എസ്.എസ്.എൽ.സി പരീക്ഷക്ക് അടുത്ത വർഷം മുതൽ പുതിയ രീതി ആവിഷ്കരിക്കാനും അതുവഴി ഓരോ വിഷയത്തിനും മിനിമം മാർക്ക് ഏർപ്പെടുത്താനും തീരുമാനിച്ചിരിക്കുകയാണ് പൊതുവിദ്യാഭ്യാസ വകുപ്പ്. തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ, ഔപചാരികമായ പ്രഖ്യാപനം നടത്തിയില്ലെങ്കിലും തീരുമാനവുമായി മുന്നോട്ടു​പോകുമെന്നുതന്നെയാണ് മന്ത്രി വ്യക്തമാക്കിയത്. തീർച്ചയായും, സ്വാഗതം ചെയ്യപ്പെടേണ്ട അതിനിർണായകമായൊരു നീക്കം തന്നെയാണിത്; മറ്റൊരർഥത്തിൽ, പുതിയ കാലം ആവശ്യപ്പെടുന്ന അനിവാര്യമായൊരു മാറ്റം.

എസ്.എസ്.എൽ.സി പരീക്ഷ വിജയിക്കാൻ ‘വിഷയ മിനിമം’ സ​മ്പ്രദായം തിരികെ കൊണ്ടുവരുന്നുവെന്നതാണ് മാറ്റങ്ങളിൽ ഏറ്റവും പ്രധാനം. നി​​ല​​വി​​ൽ നൂ​​റ്​ മാ​​ർ​​ക്കി​​ന്‍റെ പ​​രീ​​ക്ഷ​​യി​​ൽ 80 ശ​​ത​​മാ​​നം എ​​ഴു​​ത്തു​​പ​​രീ​​ക്ഷ​​ക്കും 20 ശ​​ത​​മാ​​നം നി​​ര​​ന്ത​​ര മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നു​​മാ​​ണ് (സി.ഇ). നിരന്തര മൂല്യനിർണയം അതത് സ്കൂളുകൾതന്നെ നിർവഹിക്കുന്നതിനാൽ സ്വാഭാവികമായും എല്ലാവർക്കും മുഴുവൻ മാർക്കും ലഭിക്കും. അപ്പോൾപിന്നെ, കുട്ടിക്ക് എഴുത്തുപരീക്ഷയിൽ കേവലം പത്ത് മാർക്ക് ലഭിച്ചാൽ ജയിച്ചു കയറും. ഉദാര മൂല്യനിർണയം കൂടിയാകുമ്പോൾ ശരാശരിക്കും താഴെ നിൽക്കുന്ന വിദ്യാർഥികൾ പോലും വിജയിക്കും.

സ്വന്തം പേര് തെറ്റുകൂടാതെ എഴുതാൻ കഴിയാത്തവർപോലും എസ്.എസ്.എൽ.സിക്ക് എ പ്ലസ് നേടുന്നുവെന്ന് ​പൊതുവിദ്യാഭ്യാസ ഡയറക്ടർ തുറന്നുപറഞ്ഞത് ചർച്ചയാക്കേണ്ടിവന്നതും ഈ പശ്ചാത്തലത്തിലാണ്. ഇത്തരം മൂല്യനിർണയത്തിലൂടെ ഉപരിപഠനത്തിന് യോഗ്യത നേടുന്ന വിദ്യാർഥികൾ പലപ്പോഴും നീറ്റ്, ജെ.ഇ.ഇ, കേന്ദ്ര സർവകലാശാല പ്രവേശന പരീക്ഷ തുടങ്ങിയ ഘട്ടങ്ങളിൽ പതറിപ്പോകുന്ന സാഹചര്യവുമുണ്ട്. സം​​സ്ഥാ​​ന സി​​ല​​ബ​​സി​​ൽ പ​​ഠി​​ക്കു​​ന്ന വി​​ദ്യാ​​ർ​​ഥി​​ക​​ൾ നീ​​റ്റ്, ജെ.​​ഇ.​​ഇ പ​​രീ​​ക്ഷ​​ക​​ളി​​ൽ പി​​ന്നാ​​ക്കം പോ​​കു​​ന്നു​​വെ​​ന്ന ക​​ണ​​ക്കു​​ക​​ൾ ക​​ഴി​​ഞ്ഞ വ​​ർ​​ഷ​​ങ്ങ​​ളി​​ൽ പു​​റ​​ത്തു​​വ​​ന്നി​​രു​​ന്നു. ഈ പശ്ചാത്തലത്തിൽ കൂടിയായിരിക്കണം, സർക്കാർ പുതിയ മാറ്റങ്ങളെക്കുറിച്ച് ആലോചിച്ചത്.

അടുത്തവർഷം മുതൽ എസ്.എസ്.എൽ.സി പരീക്ഷയെഴുതുന്ന കുട്ടി ഓരോ വിഷയത്തിലും നിരന്തര മൂല്യനിർണയത്തിനു പുറമെ, 30 ശതമാനം മിനിമം മാർക്ക് നേടിയിരിക്കണം. മേൽ സൂചിപ്പിച്ച ഉദാഹരണപ്രകാരം, 80 മാർക്കിന്റെ എഴുത്തുപരീക്ഷയിൽ ചുരുങ്ങിയത് 24 മാർക്ക് നേടിയാലേ ഉപരിപഠന യോഗ്യത നേടാനാകൂ. പൊതുപരീക്ഷ രീതിയിലും മൂല്യനിർണയത്തിലും കാതലായ പരിഷ്കരണങ്ങൾക്കും പൊതുവിദ്യാഭ്യാസ വകുപ്പിന് പദ്ധതിയുണ്ട്. ബി​​രു​​ദ കോ​​ഴ്​​​സു​​ക​​ളി​​ലേ​​ക്കു​​ള്ള പ്ര​​വേ​​ശ​​നം ഏറെക്കുറെ പൂർണമായും മ​​ത്സ​​രപ്പ​​രീ​​ക്ഷ​​ക​​ളി​​ലേ​​ക്ക്​ വ​​ഴി​​മാ​​റി​​യ സാ​​ഹ​​ച​​ര്യ​​ത്തി​​ലാണ് ഈ നടപടി. ഇക്കാര്യത്തിൽ എ​​സ്.​​സി.​​ഇ.​​ആ​​ർ.​​ടി വിശദമായ പഠനംതന്നെ നടത്തുന്നുണ്ട്; വിവിധ കേന്ദ്ര, സംസ്ഥാന പരീക്ഷ ബോർഡുകളുടെ പരീക്ഷരീതിയും മൂല്യനിർണയവും വിലയിരുത്തി പുതിയൊരു മാതൃക സൃഷ്ടിക്കാനാണ് ​പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പരിപാടി. നമ്മുടെ കുട്ടികളെ കൂടുതൽ ക്ഷമതയോ​ടെ മത്സരപ്പരീക്ഷകൾക്ക് സജ്ജമാക്കാനും അവർക്ക് ഉന്നത കലാലയങ്ങളിൽ പ്രവേശനം ലഭ്യമാക്കാനും ഈ മാറ്റം സഹായകമാകുമെന്നതിൽ സംശയമില്ല.

ഇത്തരം മാറ്റങ്ങളിലൂടെ ആദ്യം സംഭവിക്കുക വിജയശതമാനം കുറയുമെന്നതുതന്നെയാണ്; അത് സ്വാഭാവികവുമാണ്. 2004 വരെയും എസ്.എസ്.എൽ.സിക്ക് എഴുത്തുപരീക്ഷ മാത്രമാണുണ്ടായിരുന്നത്. ഓരോ വിഷയത്തിലും 33 ശതമാനം മാർക്ക് ലഭിക്കുന്നവർ വിജയിക്കുന്ന ആ രീതി മാറ്റിയാണ് ഗ്രേഡ് സ​​മ്പ്രദായം കൊണ്ടുവന്നത്. മാർക്കിന്റെ പേരിലുള്ള മത്സര സമ്മർദം ഒഴിവാക്കാനായിരുന്നു ആ നീക്കമെങ്കിലും പിന്നീട് അതിലേക്ക് സി.ഇയും ഉദാര മൂല്യനിർണയ രീതിയുമെല്ലാം വന്നുചേർന്നതോടെ ഈ മാറ്റം കേവലം വിജയശതമാനം ഉയർത്താനുള്ള ചെപ്പടിവിദ്യ മാത്രമായി മാറി.

അങ്ങനെയാണ് വിജയ ശതമാനം 70ൽനിന്ന് 99ലേക്ക് മാറിയത്. ഈ ‘ഉയർച്ച’ ആത്യന്തികമായി കുട്ടികൾക്ക് ദോഷമേ ചെയ്യൂവെന്ന് നേരത്തേതന്നെ പലരും മുന്നറിയിപ്പ് നൽകിയതുമാണ്. പൊതുവിദ്യാഭ്യാസ മേഖലയിലുണ്ടായ പുത്തനുണർവ് എന്ന പരിചകൊണ്ട് ഈ വിമർശനങ്ങളെ പ്രതിരോധിക്കാനാണ് ബന്ധപ്പെട്ടവർ ശ്രമിച്ചത്. ആ സമീപനത്തോടുള്ള സ്വയംതിരുത്തുകൂടിയായി പുതിയ തീരുമാനങ്ങളെ വിലയിരുത്താം. പുതിയ മാറ്റങ്ങൾ കേരളത്തിന്റെ വിദ്യാഭ്യാസ മുന്നേറ്റത്തിൽ പുതിയ ‘മോഡലാ’യി മാറട്ടെയെന്ന് ആശംസിക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sslc examsslcPublic Education Department
News Summary - Department of Public Education is to create a new model by evaluating the examination pattern
Next Story