Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightകമ്യൂണിസ്റ്റ്...

കമ്യൂണിസ്റ്റ് പാർട്ടികളും മുസ്‍ലിം ന്യൂനപക്ഷവും

text_fields
bookmark_border
കമ്യൂണിസ്റ്റ് പാർട്ടികളും മുസ്‍ലിം ന്യൂനപക്ഷവും
cancel

ഇക്കൊല്ലം ഏപ്രിലിൽ കണ്ണൂരിൽ നടന്ന സി.പി.എം പാർട്ടി ​കോൺഗ്രസിലും ഇപ്പോൾ വിജയവാഡയിൽ സമാപിച്ച സി.പി.ഐ കോൺഗ്രസിലും നടന്ന ചർച്ചകളിലും വിലയിരുത്തലിലും ഒരുപോലെ ചൂണ്ടിക്കാണിക്കപ്പെട്ടതാണ് സ്വതന്ത്ര ജനാധിപത്യ ഇന്ത്യയിൽ കമ്യൂണിസ്റ്റ് പാർട്ടികളടക്കമുള്ള മതേതര പാർട്ടികൾ നേരിട്ടുകൊണ്ടിരിക്കുന്ന വൻ തിരിച്ചടി. തീവ്ര വർഗീയ കക്ഷിയായ ബി.ജെ.പിയും അതിന്റെ പശ്ചാത്തലശക്തിയായ ആർ.എസ്.എസും വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും തീജ്വാലകൾ രാജ്യത്താകെ പടർത്തി അതിലൂടെ ഭൂരിപക്ഷ സമുദായത്തിന്റെ വോട്ടുബാങ്ക് ഭദ്രമാക്കാനും 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ വൻ വിജയം ഉറപ്പാക്കാനും ഒര​ുമ്പെട്ടിറങ്ങിക്കഴിഞ്ഞു. മതേതര പാർട്ടികളുടെ ഐക്യം മാത്രമേ ഫാഷിസത്തിന് പ്രതിവിധിയായുള്ളൂ എന്നാണ് കമ്യൂണിസ്റ്റ് പാർട്ടികൾ വാദിച്ചുകൊണ്ടിരിക്കുന്നത്. പക്ഷേ, പ്രതിപക്ഷത്തെ ഏറ്റവും വലിയ പാർട്ടിയായ കോൺഗ്രസിന്റെ നേരെ സ്വീകരിക്കേണ്ട സമീപനത്തിൽ കമ്യൂണിസ്റ്റ് പാർട്ടികൾക്കുള്ളിൽതന്നെ ഭിന്നവീക്ഷണങ്ങളുണ്ടുതാനും. പ്രവിശാലമായ ഇന്ത്യ രാജ്യത്ത് കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ഒരേയൊരു അഭയകേന്ദ്രമായി അവശേഷിക്കുന്ന കേരളത്തിൽ പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസ് മുഖ്യ പ്രതിയോഗിയായി നിലനിൽക്കെ, ദേശീയതലത്തിൽ ആ പാർട്ടിയുമായി സഖ്യമുണ്ടാക്കുന്നതെങ്ങനെയെന്നതിനെച്ചൊല്ലി ഇടതുപക്ഷത്തിൽ തികഞ്ഞ ആശയക്കുഴപ്പമുണ്ട്. ഈ അനിശ്ചിതത്വം തുടരവെ കമ്യൂണിസ്റ്റ് പാർട്ടികളെ എവ്വിധവും ശക്തിപ്പെടുത്താനുള്ള നടപടികൾക്കാണ് സ്വാഭാവികമായും അവർ പരമപ്രാധാന്യം നൽകുന്നത്. അതിനായി പോഷക സംഘടനകളുടെ അടിത്തറ വികസിപ്പിക്കുകയും സാമുദായിക കൂട്ടായ്മകളെ കൂടെകൂട്ടുകയും ചെയ്യാനുള്ള മാർഗങ്ങളാണ് പാർട്ടി കോൺഗ്രസുകളിൽ ചർച്ച ചെയ്യപ്പെടുന്നതും നടപ്പാക്കാൻ ശ്രമിക്കുന്നതും.

തീവ്ര ഹിന്ദുത്വ ഭരണകൂടവ​ും ചാലകശക്തികളും ശത്രുതയുടെ കുന്തമുന തിരിച്ചുവെച്ചിരിക്കുന്നത് രാജ്യത്തെ ഏറ്റവും വലിയ മതന്യൂനപക്ഷമായ മുസ്‍ലിംകളുടെ നേരെയാണെന്നത് നേരിനുനേരെ കണ്ണടക്കാൻ തയാറില്ലാത്ത സർവർക്കും ബോധ്യമുണ്ട്. ക്രൈസ്തവരും കമ്യൂണിസ്റ്റുകളും സംഘ്പരിവാറിന്റെ ശത്രുപട്ടികയിൽ സ്ഥലംപിടിച്ചിട്ടുണ്ടെങ്കിലും പല കാരണങ്ങളാൽ പ്രഥമ സ്ഥാനം മുസ്‍ലിം ന്യൂനപക്ഷത്തിനുതന്നെ. അതി കർക്കശമായ ഗോവധ നിരോധനവും മതപരിവർത്തന വിലക്കും മസ്ജിദ് കൈയേറ്റങ്ങളും എൻ.ഐ.എ വേട്ടയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് വിലക്കുമൊക്കെ തകൃതിയായി തുടരുന്നതോടൊപ്പം വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ ജനസംഖ്യ വർധനവിന്റെ മതപരമായ അസന്തുലിതാവസ്ഥ എന്ന കൃത്രിമ ബാനറിൽ കാടിളക്കാനാണ് ആർ.എസ്.എസിന്റെ ഒടുവിലത്തെ പുറപ്പാട്. ഇതിന്റെയൊക്കെ അന്തിമഫലം ഫാഷിസത്തിന് രാജ്യത്ത് സ്ഥിരപ്രതിഷ്ഠ കൈവരുകയാണെന്ന് മതേതര പാർട്ടികൾ, വിശിഷ്യാ, ഇടതുപക്ഷം മനസ്സിലാക്കിയിട്ടുണ്ടെന്നുവേണം അവരുടെ പ്രസ്താവനകളിൽനിന്നും പ്രതികരണങ്ങളിൽനിന്നും മനസ്സിലാക്കാൻ. അതോടൊപ്പം ചകിതരായ മുസ്‍ലിംകളെ സ്വന്തം പാളയത്തിലേക്കാകർഷിക്കാനുള്ള അവസരമായും അവരീ സ്ഥിതിവിശേഷത്തെ കാണുന്നു.

ചരിത്രത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ ഇന്ത്യ ഉപഭൂഖണ്ഡത്തിൽ ഇരുപതാം നൂറ്റാണ്ടിന്റെ പ്രഭാതവേളയിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വിത്ത് മുളപ്പിക്കുന്നതിലും നട്ടുവളർത്തുന്നതിലും നേതൃപരമായ പങ്കുവഹിച്ചവരിൽ മുസ്‍ലിം പേരുകളുണ്ട് എന്ന സത്യം വിസ്മരിച്ചുകൂടാത്തതാണ്. ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപക നേതാക്കളിൽ പ്രമുഖരായിരുന്ന മുസഫർ അഹ്മദ് (1889-1973), ഷൗക്കത്ത് ഉസ്മാനി (1901-1978), ഡോ. ഇസെഡ്.എ. അഹമ്മദ്, അബ്ദുൽ ഹലീം (1901-1966) തുടങ്ങി നിരവധി പേർ ബ്രിട്ടീഷ് സാമ്രാജ്യവാദികളുടെ വെടിയുണ്ടകൾ ഭയക്കാതെ രക്തപതാക പറപ്പിച്ചവരാണ്. മൗലാന ഇസ്ഹാഖ് സംഭലി, സജ്ജാദ് സഹിർ തുടങ്ങിയവരുമുണ്ട് പട്ടികയിൽ. ഖാജ അഹമ്മദ് അബ്ബാസിനെപ്പോലുള്ള കല-സാഹിത്യ രംഗത്തെ അതികായരും കമ്യൂണിസ്റ്റ് സഹയാത്രികരായിരുന്നു. ഉർദു ഭാഷയെ പോഷിപ്പിക്കാനും പ്രചരിപ്പിക്കാനും സ്ഥാപിതമായ അഞ്ചുമൻ തറഖിയെ ഉർദു ഒരുകാലത്ത് ഇടത് സഹയാത്രികരുടെ പിടിയിലായിരുന്നു. ബംഗാളിൽ മൂന്നര പതിറ്റാണ്ടു കമ്യൂണിസ്റ്റ് ഭരണം അനുസ്യൂതം നിലനിന്നുവെങ്കിൽ അത് വംഗനാട്ടിലെ മുസ്‍ലിം ന്യൂനപക്ഷ വോട്ടുകളുടെ പിൻബലത്താലായിരുന്നുവെന്നത് അനിഷേധ്യമാണ്. ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനം നൂറ്റാണ്ട് തികക്കാൻ മൂന്നു വർഷം മാത്രം ബാക്കിയിരിക്കെ, നടേപറഞ്ഞവരുടെ പിൻഗാമികളടങ്ങുന്ന സമുദായം ചരിത്രത്തിലെ ഏറ്റവും കടുത്ത പ്രതിസന്ധി നേരിടുമ്പോൾ അവരോടുള്ള സമീപനത്തിൽ തങ്ങൾക്ക് തെറ്റുപറ്റിയോ എന്ന് സി.പി.ഐയും സി.പി.എമ്മും ആത്മപരിശോധന നടത്തുന്നത് നന്നാവും. കേരളമുൾപ്പെടെ ഇന്ത്യൻ സംസ്ഥാനങ്ങളിൽ പലതിലും നിലനിൽക്കുന്നതായി പറയപ്പെടുന്ന തൻസീമെ ഇൻസാഫ് എന്ന രാഷ്ട്രീയേതര സംഘടനയെ പാർട്ടിയുടെ പോഷകസംഘമായി ഏകീകരിക്കാനാണത്രെ സി.പി.​െഎയുടെ പരിപാടി. അതുകൊണ്ടെന്തെങ്കിലും നേട്ടമുണ്ടായാലും ഇല്ലെങ്കിലും അസ്തിത്വ ഭീഷണി നേരിടുന്ന ഇരുപതുകോടി ജനസമൂഹത്തിനെതിരായ കൊണ്ടുപിടിച്ച നീക്കങ്ങളെ അതർഹിക്കുന്ന ഗൗരവത്തോടെ നേരിടാൻ ഇടതുപക്ഷം ഇതര മതേതര പാർട്ടികളോടൊപ്പം ഒറ്റക്കെട്ടായി രംഗത്തിറങ്ങേണ്ട സന്ദർഭമാണ് അതിവേഗം കടന്നുപോയിക്കൊണ്ടിരിക്കുന്നത് എന്ന് തിരിച്ചറിഞ്ഞേ മതിയാവൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muslim minoritycommunist party
News Summary - Communist parties and the Muslim minority
Next Story