Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightപുതിയ ഇന്ത്യയുടെ...

പുതിയ ഇന്ത്യയുടെ തലയി​ലെഴുത്ത്​

text_fields
bookmark_border
പുതിയ ഇന്ത്യയുടെ തലയി​ലെഴുത്ത്​
cancel


1992 ഡിസംബർ ആറിന്​ സംഘ്​പരിവാർ കർസേവകർ അയോധ്യയിലെ ബാബരി മസ്​ജിദ്​ തല്ലിത്തകർത്ത സംഭവത്തിൽ ക്രിമിനൽ ഗൂഢാലോചനക്കേസിൽ പ്രതികളായ ബി.ജെ.പിയുടെ സമുന്നതനേതാക്കളായ എൽ.കെ. അദ്വാനി, മുരളി മനോഹർ ജോഷി, ഉമാ ഭാരതി, കല്യാൺസിങ് അടക്കമുള്ള 32 പേരെ ലഖ്​നോവിലെ പ്രത്യേക സി.ബി.​െഎ കോടതി ബുധനാഴ്​ച വെറുതെ വിട്ടു. ബാബരിമസ്​ജിദ്​ പൊളിച്ചത്​ മുൻകൂട്ടിയുള്ള ഗൂഢാലോചനയുടെ ഫലമായാണെന്ന്​ ​തെളിയിക്കുന്നതിൽ സി.ബി.​െഎ പരാജയപ്പെട്ടതായും ധ്വംസനം പൊടുന്നനെയും ആകസ്​മികവുമായിരുന്നുവെന്നും പ്രത്യേക കോടതി ജഡ്​ജി എസ്​.കെ. യാദവ്​ വിധിയെഴുതി.

1992 ഡിസംബർ ആറി​െൻറ കറുത്ത ഞായറാഴ്​ച പട്ടാപ്പകൽ ലോകം മുഴുവൻ വീക്ഷിച്ചുകൊണ്ടിരിക്കെ ഹിന്ദുത്വ കർസേവകർ ബാബരി മസ്​ജിദി​െൻറ താഴികക്കുടങ്ങൾ തല്ലിത്തകർത്ത്​ താഴെയിട്ട്​ പള്ളി നിന്ന സ്​ഥലം നിരപ്പാക്കി അവിടെ താൽക്കാലിക ക്ഷേത്രം കെട്ടിപ്പൊക്കിയത്​ ലോകചരിത്രത്തിലെ തന്നെ കറുത്ത അധ്യായങ്ങളിലൊന്നായിരുന്നു​. മസ്​ജിദ്​ ഒരു സുപ്രഭാതത്തിൽ ഏതാനും പേർ ​മാരകായുധങ്ങളുമായി വന്നു തകർക്കുകയായിരുന്നില്ല.

പള്ളിയുടെ പൂട്ടുപൊളിച്ച്​ ​രാമപൂജക്കു തുറന്നുകൊടുത്തതു മുതൽ ക്ഷേത്ര ശിലാന്യാസം, രാമപാദുക പൂജ, രാജ്യവ്യാപകമായ രഥയാത്ര എന്നിവയിലൂടെ ശ്രീരാമ​െൻറ പേരിൽ ഹിന്ദുമതവികാരം ഇളക്കിവിട്ട്​ സംഘ്​പരിവാർ വർഷങ്ങളെടുത്തു നടത്തിയ വർഗീയപ്രക്ഷാളനത്തിനൊടുവിലായിരുന്നു 1992 ലെ കർസേവ. രാജ്യത്തി​െൻറ നാനാഭാഗത്തുനിന്നു ഹിന്ദുത്വകർസേവകരെ എത്തിച്ചു സംഘ്​പരിവാർ നേതാക്കളായ എൽ.കെ. അദ്വാനി, എ.ബി. വാജ്​പേയി, വി.എച്ച്​.പി നേതാവ്​ അശോക്​ സിംഗാൾ, ബജ്​റങ്​ദൾ നേതാവ്​ വിനയ്​ കത്യാർ, ശിവസേന ചീഫ്​ ബാൽതാക്കറെ എന്നിവർ ഹിന്ദുത്വപരിവാറി​നെ ഇളക്കിവിട്ട്​ തെളിച്ചുകൂട്ടുകയായിരുന്നു അയോധ്യയിൽ.

ഈ നേതാക്കളുടെ നേതൃത്വത്തിൽ നിരവധി യോഗങ്ങൾ ചേർന്ന്​, തട്ടുപൊളിപ്പൻ വർഗീയപ്രഭാഷണങ്ങൾ നടത്തി പള്ളി പൊളിക്കാൻ അനുയായികളെ കയറൂരി വിടുന്നതും അവർ 'കർസേവ'​ നിർവഹിക്കുന്നതും പള്ളി പൊളിക്കുന്നതു കണ്ട്​ ഹിന്ദുത്വനേതാക്കൾ ഉന്മാദനൃത്തം ചവിട്ടുന്നതും ലോകം മുഴുവൻ കണ്ടതാണ്​. ആ കാ​ഴ്​്​ചകളുടെ നേർപതിപ്പുകൾ കണ്ട സാക്ഷികളുടെയും ഒാഡിയോ, വിഡിയോ ക്ലിപ്പുകളുടെയും പത്ര, ചാനൽ റിപ്പോർട്ടുകളുടെയും പടങ്ങളുടെയു​ം രൂപത്തിൽ കോടതി മുമ്പാകെ സി.ബി.​െഎ എത്തിച്ചു. 30,000ത്തിനും 40,000ത്തിനുമിടയിൽ സാക്ഷികളുണ്ടായിരുന്നു അവരുടെ കണക്കിൽ. അതിൽ പൊലീസുകാരും മാധ്യമപ്രവർത്തകരുമടക്കം 1026 പേരുടെ പട്ടിക തയാറാക്കി.

351 പേർ സി.ബി.​െഎ കോടതിയിൽ തന്നെ ഹാജരായി മൊഴി നൽകി. നേതാക്കളുടെ പ്രഭാഷണങ്ങളുടെ ടേപ്പ്​ സഹിതമാണ്​ 1990 മുതൽ ഇതിനുള്ള കൃത്യവും കണിശവുമായ ഗൂഢാലോചന നടന്നെന്നു സി.ബി.​െഎ സമർഥിച്ചത്​. ഇ​ക്കണ്ട തെളിവുകളെല്ലാം തള്ളിയാണ്​ കേസിലുൾപ്പെട്ട മുഴുവൻ പേരെയും കോടതി വെറുതെ വിട്ടിരിക്കുന്നത്​. ഇന്ത്യൻ ശിക്ഷ നിയമമനുസരിച്ച്​ ക്രിമിനൽ ഗൂഢാലോചന, കലാപം ഇളക്കിവിടൽ, വിവിധ വിഭാഗങ്ങൾക്കിടയിൽ പകയും ശത്രുതയും ജനിപ്പിക്കൽ, നിയമവിരുദ്ധമായി സംഘംചേരൽ എന്നീ കുറ്റങ്ങളാണ്​ പ്രതിപ്പട്ടികയിലുണ്ടായിരുന്ന 49 പേർക്കെതിരെ സി.ബി​.​െഎ ഉന്നയിച്ചിരുന്നത്​.

എന്നാൽ, അതു​ സ്​ഥാപിക്കാൻ സി.ബി.​​െഎ കൊണ്ടുവന്നതൊന്നും മതിയായ തെളിവല്ലെന്നാണ്​ കോടതിയുടെ വിധി. മാത്രമല്ല, സി.ബി.​െഎയിൽ നിന്നു വ്യത്യസ്​തമായി, അശോക്​ സിംഗാളിനെപ്പോലുള്ള നേതാക്കൾ ആൾക്കൂട്ടത്തെ അമർച്ച ചെയ്യാനാണ്​ ശ്രമിച്ചതെന്ന കൗതുകകരമായ നിരീക്ഷണം കൂടി കോടതിക്കുണ്ട്​.

ബാബരി മസ്​ജിദുമായി ബന്ധപ്പെട്ട്​ ഇതുവരെ ജുഡീഷ്യറിയുടെ ഭാഗത്തുനിന്നുണ്ടായ ഇടപെടലുകൾ മുന്നിലിരിക്കെ, ഇത്തരമൊരു വിധി ആകസ്​മികമെന്നു പറഞ്ഞുകൂടാ. അതേസമയം, ഒരു വിലക്ഷണവിസ്​മയമായി ഇത്​ എന്നുപറയാം-കഴിഞ്ഞ വർഷം ബാബരി ഭൂമിയുടെ ഉടമസ്​ഥാവകാശ തർക്കത്തിന്മേലുള്ള സുപ്രീംകോടതി വിധിപോലെ തന്നെ.

1949ൽ ബാബരിമസ്​ജിദി​നകത്ത്​ ശ്രീരാമ വിഗ്രഹങ്ങൾ സ്​ഥാപിച്ചത്​ ആരാധനാലയത്തെ കളങ്കപ്പെടുത്തുന്ന നടപടിയാണെന്നും 1992ൽ ബാബരിപള്ളി തകർത്തത്​ അത്യന്തം ഹീനമായ നിയമലംഘനമാണെന്നും വ്യക്​തമാക്കിത്തന്നെ ​മസ്​ജിദ്​ ഭൂമി ക്ഷേത്രത്തിനു വിട്ടുകൊടുക്കാനായിരുന്നു കഴിഞ്ഞ നവംബർ എട്ടി​െൻറ സുപ്രീംകോടതി തീർപ്പ്​.

ഇപ്പോൾ പള്ളി പൊളിച്ചതൊക്കെ അംഗീകരിച്ചു പക്ഷേ, പൊളിപ്പിക്കാൻ നിന്നവർക്ക്​ ഗൂഢാലോചനയിൽ പങ്കുണ്ടെന്നതിനു തെളിവില്ലെന്നു വ്യക്​തമാക്കിയിരിക്കുകയാണ്​ കോടതി. ​വിധി കേട്ട്​ ആഹ്ലാദപൂർവം പുറത്തിറങ്ങിയ പ്രതിക​ളിലൊരാളായ ബി.ജെ.പി നേതാവ്​ ജയ്​ ഭഗവാൻ ഗോയൽ 'പൊളിച്ചതു ഞങ്ങൾ തന്നെ, അടുത്തത്​ കാശി, മഥുര പള്ളികളാണ്'​ എന്നു വിളിച്ചുപറഞ്ഞത്​​ കോടതിവിധിയുടെ യഥാതഥമായ ചിത്രം നൽകുന്നുണ്ട്​.

ഇത്​ പുതിയ ഇന്ത്യയാണ്​ എന്ന്​ ആക്​ടിവിസ്​റ്റും നിയമജ്ഞനുമായ പ്രശാന്ത്​ ഭൂഷണെപോലുള്ളവർ പ്രതികരിച്ചത്​ വെറുതെയല്ല. ചരിത്രയാഥാർഥ്യങ്ങളും വസ്​തുതകളും വിളിച്ചുപറഞ്ഞുതന്നെ അർഹരുടെ അവകാശം അപഹർത്താക്കൾക്കും ധ്വംസകർക്കും വീതം വെക്കുന്ന വിധിയെഴുത്തുകളാണ്​ ഇൗ പുതിയ ഇന്ത്യയുടെ തലയിലെഴുത്ത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:JoshiMadhyamam EditorialLK AdvaniBabri Masjid case
Next Story