Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightഇംറാൻ ഖാനെതിരെയും...

ഇംറാൻ ഖാനെതിരെയും ഭീകരതവിരുദ്ധ നിയമം

text_fields
bookmark_border
ഇംറാൻ ഖാനെതിരെയും ഭീകരതവിരുദ്ധ നിയമം
cancel

ഇക്കൊല്ലം ഏപ്രിലിൽ പാകിസ്താൻ നാഷനൽ അസംബ്ലി അവിശ്വാസപ്രമേയത്തിലൂടെ സ്ഥാനഭ്രഷ്ടനാക്കിയ പ്രധാനമന്ത്രി ഇംറാൻ ഖാനെ ഭീകരതവിരുദ്ധ നിയമങ്ങൾ ചുമത്തി അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങളാണ് ഇപ്പോൾ ഇസ്‍ലാമാബാദിൽ തകൃതിയായി നടക്കുന്നത്. വ്യാഴാഴ്ച വരെ അദ്ദേഹത്തിന്റെ അറസ്റ്റ് ഇസ്‍ലാമാബാദ് ഹൈകോടതി തടഞ്ഞിട്ടുണ്ടെങ്കിലും അറസ്റ്റൊഴിവാക്കാൻ നടത്തുന്ന ശ്രമം വിഫലമായാൽ ഇംറാൻ അഴികൾക്കു പിന്നിലാവുമെന്നാണ് പ്രതീക്ഷിക്കേണ്ടത്. തെഹ്‍രീകെ ഇൻസാഫ് പാർട്ടി ശനിയാഴ്ച ഇസ്‍ലാമാബാദിൽ നടത്തിയ റാലിയിൽ പൊലീസ്, ജുഡീഷ്യറി, മറ്റു ഭരണഘടന സ്ഥാപനങ്ങൾ​ എന്നിവയെ ഭീഷണിപ്പെടുത്തി എന്നാരോപിച്ചാണ് ഭീകരതവിരുദ്ധ നിയമം ഉപയോഗിച്ച് മുൻ പ്രധാനമന്ത്രിക്കെതിരെ ഷഹ്ബാസ് ശരീഫിന്റെ നേതൃത്വത്തിലുള്ള പാകിസ്താൻ ഡെമോക്രാറ്റിക് മൂവ്മെന്റ് ഗവൺമെന്റ് കടുത്ത നടപടിക്ക് തുനിഞ്ഞിരിക്കുന്നത്.

ഒരു വനിത ജഡ്ജിയെ ഭീഷണിപ്പെടുത്തിയതിനും പൊലീസ് ഓഫിസർമാരെ നിന്ദിച്ചതിനും ഇംറാൻ ഖാനെതിരെ നടപടിയെടുക്കണമെന്ന് കൂട്ടുകക്ഷിഭരണത്തിൽ പങ്കാളികളായ പാകിസ്താൻ മുസ്‍ലിംലീഗ് (എൻ), പി.പി.പി, എം.ക്യു.എം, ജംഇയ്യതുൽ ഉലമായെ ഇസ്‍ലാം (എഫ്) എന്നീ പാർട്ടികൾ വെവ്വേറെ പ്രസ്താവനകളിലൂടെ ആവശ്യപ്പെട്ടിരുന്നു. ഉറുപ്പികയുടെ വിലയിടിവും അവശ്യസാധനങ്ങളുടെ കനത്ത വിലക്കയറ്റവുംമൂലം രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയെ നേരിടുമ്പോഴാണ് ഒരിക്കലും അവസാനിക്കാത്ത രാഷ്ട്രീയാനിശ്ചിതത്വത്തിലേക്കും പാർട്ടികളുടെ കിടമത്സരത്തിലേക്കും പാകിസ്താൻ വീണ്ടും എടുത്തെറിയപ്പെടുന്നത്.

കാരണങ്ങൾ വ്യക്തമാണ്: സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ പിന്നിടുമ്പോഴും രാഷ്ട്രീയ സുസ്ഥിരതക്ക് വെല്ലുവിളിയായി തുടരുന്ന സൈനിക ഇടപെടലും ഒരിക്കലും കാലാവധി പൂർത്തിയാക്കാനനുവദിക്കാത്ത രാഷ്ട്രീയ ചാപല്യങ്ങളും സർവോപരി അധികാരദുർവിനിയോഗത്തിന്റെ പാരമ്യതയിൽ തിടംവെച്ചുവളർന്ന അഴിമതിയും. ബേനസീർ ഭുട്ടോ വാണ നാളുകളിൽ അവരുടെ ഭർത്താവിന് 'മിസ്റ്റർ ടെൻ ​പെർസന്റ്' എന്ന് പരിഹാസപ്പേര് സമ്പാദിച്ചുകൊടുത്തതാണ് കൈക്കൂലിയുടെ വ്യാപ്തി എങ്കിൽ നവാസ് ശരീഫ് പ്രധാനമന്ത്രിയായ​പ്പോൾ അദ്ദേഹവും കുടുംബവും നടത്തിയ ഭീമൻ സാമ്പത്തിക തിരിമറികളുടെ കഥകളാണ് പാനമ രേഖകളിലൂടെ അനാവരണം ചെയ്യപ്പെട്ടത്. തദ്വിഷയകമായി സുപ്രീംകോടതിയുടെ ഇടപെടലുകളാണ് നവാസ് ശരീഫിന്റെ പ്രധാനമന്ത്രിപദവി​ ​തെറിപ്പിച്ചതും. ഇൗ അസ്ഥിരതക്കും അഴിമതിക്കുമെതിരെ യുദ്ധം​പ്രഖ്യാപിച്ചാണ് ക്രിക്കറ്റ് ടീം ക്യാപ്റ്റനായിരുന്ന ഇംറാൻ ഖാൻ പാകിസ്താൻ തെഹ്‍രീകെ ഇൻസാഫ് രൂപവത്കരിച്ച് ഭാഗ്യപരീക്ഷണത്തിനിറങ്ങിയത്.

കാലുമാറ്റവും കൂറുമാറ്റവും കുതികാൽവെട്ടുംമൂലം മനംമടുത്ത പാക് ജനതയിൽ ഗണ്യമായ വിഭാഗം അദ്ദേഹത്തിൽ രക്ഷകനെ കണ്ടെത്തിയതോടൊപ്പം പട്ടാളത്തിന്റെ പിന്തുണകൂടി ലഭിച്ചപ്പോൾ ചെറുകിട പാർട്ടികളുടെ സഹകരണത്തോടെ രാജ്യത്തിന്റെ പ്രധാനമന്ത്രിയാകാൻ ഇംറാൻ ഖാനും അവസരം ലഭിച്ചു. പക്ഷേ, ഭീകരസംഘടനകളെ സംരക്ഷിക്കുന്നുവെന്ന പാകിസ്താനെക്കുറിച്ച പരാതി യു.എന്നിലും യു.എസിലും മുഴങ്ങിയപ്പോൾ ഇംറാന്റെ ചൊട്ടുവിദ്യകൾ ഫലിക്കാതെവന്നു. അമേരിക്കയിൽനിന്നുള്ള സഹായങ്ങൾ പഴയതുപോലെ ലഭിച്ചില്ല. സ്വരാജ്യത്ത് മതപശ്ചാത്തലമുള്ള പാർട്ടികൾ ശക്തമായി ഉയർത്തിയ അമേരിക്കയോടുള്ള വിരോധവും യു.എസ് സഹായത്തിന് വിഘാതം സൃഷ്ടിച്ചു. ഏഷ്യയിലെ രണ്ടാമത്തെ ശക്തിയും അയൽരാജ്യവുമായ ഇന്ത്യ ഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന പാക് നിലപാടിനെതിരെ പൂർവാധികം തീവ്രമായ സമീപനം സ്വീകരിച്ചതും പ്രയാസങ്ങൾ സൃഷ്ടിച്ചു. ഈ സന്ദിഗ്ധ ഘട്ടത്തിലാണ് ഇംറാൻ ഖാൻ ശത്രുവിന്റെ ശത്രു മിത്രം എന്ന ചിരകാല ഫോർമുലയുടെ ചുവടുപിടിച്ച് ഏഷ്യയിലെ ഒന്നാംനമ്പർ ശക്തിയും അമേരിക്കയുടെ കണ്ണിലെ കരടുമായ ചൈനയോട് ഉറ്റബന്ധം ഊട്ടിയുറപ്പിക്കുന്നതും ചൈനയുമായി ചേർന്ന് പുതിയ പദ്ധതികൾ ആരംഭിക്കുന്നതും.

അമേരിക്കയെ തീർത്തും അലോസരപ്പെടുത്തുന്ന ഈ നിലപാടിന്റെ പേരിലാണ് തന്നെ അധികാരഭ്രഷ്ടനാക്കിയതിന്റെ പിന്നിൽ ഒരു വൻശക്തിയുണ്ട് എന്ന് ഇംറാൻ ഖാൻ പറഞ്ഞുകൊണ്ടേയിരിക്കുന്നത്. ഒപ്പം, പട്ടാളത്തെയും പ്രതിക്കൂട്ടിലാക്കാൻ ഇംറാൻ മടിക്കുന്നില്ല. രണ്ടു ശക്തികളും ചേർന്നാണ് തന്നെ സ്ഥാനഭ്രഷ്ടനാക്കിയതെന്നും ജനങ്ങളെ അണിനിരത്തി താനീ ഭീഷണിയെ ചെറുത്തുതോൽപിക്കുമെന്നും പ്രഖ്യാപിച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ സർക്കാർവിരുദ്ധ പ്രക്ഷോഭറാലികൾ. തനിക്കെതിരെ ചുമത്തിയ ഭീകരതാരോപണത്തിന്റെ പിന്നിലും 'ന്യൂട്രൽസ്' ഉണ്ടെന്നാരോപിക്കാൻ അദ്ദേഹം മടിക്കുന്നില്ല. ന്യൂട്രൽസ് കൊണ്ട് ഇംറാൻ ഉദ്ദേശിക്കുന്നത് സൈന്യമാണെന്ന് എല്ലാവർക്കുമറിയാം. മുൻ പ്രധാനമന്ത്രിയുടെ പ്രസംഗങ്ങൾ തത്സമയം സംപ്രേഷണം ചെയ്യുന്നതിൽനിന്ന് ചാനലുകളെ സർക്കാർ തടഞ്ഞതോടെ പ്രതിഷേധം കൂടുതൽ ശക്തമായിരിക്കുകയാണ്. സാമാന്യം ജനപിന്തുണ തെളിയിച്ചുകഴിഞ്ഞ മുൻ ക്രിക്കറ്റ് ക്യാപ്റ്റനെ ഭീകരതവിരുദ്ധ വകുപ്പുകൾ ചുമത്തി തടവറയിലിട്ടാൽ പാക് രാഷ്ട്രീയരംഗം പൂർവാധികം കലുഷമാവാനാണിട. ദേശീയമായ അനുരഞ്ജനത്തിനും അയൽരാജ്യങ്ങൾ ഉൾപ്പെടെയുള്ളവരുമായി സമാധാനപരമായ സഹവർത്തിത്വത്തിനും ഭീകരതക്കെതിരെ സുദൃഢമായ കാൽവെപ്പുകൾക്കും സന്നദ്ധമാവുന്നതിനെ ആശ്രയിച്ചിരിക്കുന്നു അയൽരാജ്യത്തിന്റെ മുക്കാൽ നൂറ്റാണ്ട് നീണ്ട അസ്ഥിരതയുടെ ശാശ്വത പരിഹാരം

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorialPakistan PM Imran Khan
News Summary - Anti-Terrorism Act against Imran Khan
Next Story