Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightആമിർ ഖാന്‍റെ ആശങ്ക

ആമിർ ഖാന്‍റെ ആശങ്ക

text_fields
bookmark_border
ആമിർ ഖാന്‍റെ ആശങ്ക
cancel

ആഴ്ചകൾക്കകം നാലുതവണ, ഇന്ത്യയിൽ വളരുന്ന അസഹിഷ്ണുതയെക്കുറിച്ച് മുന്നറിയിപ്പ് നൽകാൻ രാഷ്ട്രപതിയെ നിർബന്ധിച്ച സാഹചര്യം കൂടുതൽ രൂക്ഷമായി തുടരുന്നു എന്ന് വിശ്വസിപ്പിക്കുന്നതാണ് ഏറ്റവും പുതുതായി, രാഷ്ട്രാന്തരീയ തലത്തിൽ വിഖ്യാതനായ ഹിന്ദി സിനിമാനടൻ ആമിർ ഖാെൻറ ദുരനുഭവം. തിങ്കളാഴ്ച രാത്രി ഡൽഹിയിൽ രാംനാഥ് ഗോയങ്ക അവാർഡ് വിതരണചടങ്ങിൽ സംബന്ധിക്കേ, രാജ്യം വിട്ടുപോകേണ്ടിവരുമോ എന്ന് തെൻറ ഭാര്യ കിരൺറാവു ആശങ്കപ്പെടുന്നുവെന്നും കുട്ടിയുടെ ഭാവിയെക്കുറിച്ച് അവർക്ക് പേടിയുണ്ടെന്നും ആമിർ ഖാൻ തുറന്നടിച്ചു. മുസ്​ലിം സമുദായത്തിൽ പിറന്നവനെങ്കിലും ഹിന്ദുവനിതയെ വിവാഹംചെയ്ത് തികച്ചും മതേതരനായി ജീവിക്കുന്ന, എല്ലാ വിഭാഗങ്ങളുമായും സൗഹൃദം പങ്കിടുന്ന ആമിർ ഖാനെക്കൊണ്ട് ഇത് പറയിപ്പിച്ചത് നരേന്ദ്ര മോദി സർക്കാർ രാജ്യത്തിെൻറ അധികാരമേറ്റശേഷം ഹിന്ദുത്വ ഫാഷിസത്തിെൻറ നീരാളിക്കൈകൾ ജീവിതത്തിെൻറ സമസ്​ത മേഖലകളിലും പിടിമുറുക്കുന്നതു നിമിത്തം ന്യൂനപക്ഷ സമുദായങ്ങളിലുണ്ടായ വ്യാപകമായ ആശങ്കയും ഭീതിയുമാണെന്ന് വ്യക്തം.

ബി.ജെ.പിയും ശിവസേനയും ഭരണം പങ്കിടുന്ന മഹാരാഷ്ട്രയിൽ അത് കൂടുതൽ ഭീകരമാണെന്നേയുള്ളൂ. ആദ്യം ഡൽഹിയിലും ഒടുവിൽ ബിഹാറിലും നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഫാഷിസ്​റ്റ് ശക്തികളെ രാഷ്ട്രീയമായി നിരാകരിക്കുന്ന സമീപനമാണ് ജനങ്ങൾ പൊതുവെ സ്വീകരിച്ചതെങ്കിലും അതിൽനിന്ന് പാഠം പഠിക്കാനല്ല, സ്വാതന്ത്ര്യത്തിെൻറ 68 സംവത്സരങ്ങൾക്കുശേഷം കൈവന്ന സുവർണാവസരം മുച്ചൂടും പ്രയോജനപ്പെടുത്തി തീവ്രഹിന്ദുത്വ നയപരിപാടികളും പ്രവർത്തനങ്ങളുമായി മുന്നോട്ടുപോവാനാണ് സംഘ്പരിവാർ ഒരുങ്ങിപ്പുറപ്പെട്ടിരിക്കുന്നതെന്നുവേണം കരുതാൻ. രാജ്യത്തേക്ക് പരമാവധി നിക്ഷേപകരെ സ്വാഗതംചെയ്തുകൊണ്ട് പ്രധാനമന്ത്രി നിരന്തരം നടത്തുന്ന വിദേശ പര്യടനങ്ങൾക്ക് മതിയായ അനുകൂല പ്രതികരണം ലഭിക്കാതെപോവുന്നത് ആഭ്യന്തരരംഗത്ത് ശക്തിപ്പെടുന്ന അസഹിഷ്ണുതയെക്കുറിച്ച ഭീതിയാണ്. തെൻറ മുതലാളിത്ത വികസന അജണ്ടയെ പരാജയപ്പെടുത്തുന്ന ഈ പ്രവണത തിരിച്ചടിയാവുമെന്ന് തിരിച്ചറിഞ്ഞിട്ടെങ്കിലും ഒരു പുനരാലോചനക്ക് പക്ഷേ, മോദി തയാറാവുന്ന ലക്ഷണമില്ല. തീവ്ര ഫാഷിസ്​റ്റുകളുടെ മുന്നിൽ അദ്ദേഹം നിസ്സഹായനാണെന്നു വരാം.

അല്ലെങ്കിൽ ആമിർ ഖാനെപ്പോലുള്ള ഒരു കറകളഞ്ഞ മതേതരവ്യക്തിത്വത്തിെൻറ ആശങ്കക്ക് കാരണമെന്താണെന്ന് സമചിത്തതയോടെ അന്വേഷിക്കാനെങ്കിലും സർക്കാറിലെയും ഭരണമുന്നണിയിലെയും ഉത്തരവാദപ്പെട്ടവർ തയാറാവേണ്ടതായിരുന്നു. ആമിറിെൻറ പ്രസ്​താവന രാജ്യത്തിെൻറ പ്രതിച്ഛായക്ക് കളങ്കമേൽപിക്കുമെന്നും ഇന്ത്യയോട് സ്​നേഹമില്ലെങ്കിൽ പാകിസ്​താനിലേക്ക് പോവണമെന്നുമൊക്കെയാണ് കേന്ദ്രമന്ത്രിമാരും ബി.ജെ.പി–ശിവസേന–ഹിന്ദുമഹാസഭാ പാർട്ടികളിലെ ഉന്നതന്മാരും വിളിച്ചുകൂവുന്നത്. വായ തുറന്നാൽ മുസ്​ലിംകളോട് പാകിസ്​താനിലേക്ക് പൊയ്ക്കൊള്ളാൻ ആക്രോശിക്കുന്ന സംഘ്പരിവാർ വൻതോക്കുകൾ അതിെൻറ പ്രത്യാഘാതങ്ങളെക്കുറിച്ച് തെല്ലും ബോധവാന്മാരല്ല. എല്ലാ വിഭാഗം ജനങ്ങൾക്കും തുല്യ പൗരാവകാശങ്ങളും പരിഗണനയും ഉറപ്പുനൽകുന്ന മതനിരപേക്ഷ ജനാധിപത്യ ഭരണഘടന രാഷ്ട്രം അംഗീകരിച്ചതിെൻറ വാർഷിക ദിനാചരണവേളയിൽ പോലും 20 കോടിയോളംവരുന്ന ന്യൂനപക്ഷങ്ങളുടെ കൂറും പൗരത്വവും ചോദ്യംചെയ്യാനുള്ള ധാർഷ്ട്യം അവരിൽ ആശങ്കയും ഭീതിയും വളർത്തുന്നതിൽ അദ്ഭുതമുണ്ടോ? മതേതര പാർട്ടി നേതാക്കളുടെയും എ.ആർ. റഹ്മാനെപ്പോലുള്ള മഹാരഥന്മാരുടെയും അനുഭാവപൂർവമായ പിന്തുണ ലഭിച്ചതിനാലാവാം, ആമിർ ഖാൻ ഇന്ത്യയിൽ പിറന്നതിൽ താൻ ഭാഗ്യവാനാണെന്നും താനും ഭാര്യയും രാജ്യം വിടാൻ ഉദ്ദേശിക്കുന്നില്ലെന്നും ഇന്ത്യക്കാരനാണെന്നതിൽ അഭിമാനംകൊള്ളുന്നുവെന്നും വ്യക്തമാക്കിയിരിക്കയാണ്.

എന്നിട്ടും  അദ്ദേഹത്തെ വിടാൻ ഹിന്ദുത്വ ശക്തികൾ തയാറില്ലെന്നാണ് കാൺപൂരിലും മുസഫർപൂരിലും ഫയൽചെയ്യപ്പെട്ട രാജ്യദ്രോഹ കേസുകൾ സൂചിപ്പിക്കുന്നത്. വിവിധ സംസ്​ഥാനങ്ങളിൽ സമാന കേസുകളുടെ പരമ്പരതന്നെ ഉടനെ പ്രതീക്ഷിക്കാം. ഇന്ത്യയുടെ അഭിമാനമായിരുന്ന ലോകപ്രശസ്​ത കലാകാരൻ എം.എഫ്. ഹുസൈൻ നാടുവിടാൻ നിർബന്ധിതനായത് വർഗീയവാദികൾ ഫയൽചെയ്ത കേസുകളുടെ ബാഹുല്യം നിമിത്തമായിരുന്നല്ലോ. ഒടുവിൽ സ്വദേശത്തേക്ക് തിരിച്ചുവരാമെന്ന പ്രത്യാശപോലും വെടിഞ്ഞ് ഖത്തർ പൗരത്വം സ്വീകരിക്കുകയായിരുന്നു ആ അതുല്യ പ്രതിഭ. തങ്ങളുടെ ഇംഗിതത്തിനെതിരെ ഒരക്ഷരം ഉരിയാടിയാൽ എങ്ങനെയായിരിക്കുമെന്ന് ആമിർ ഖാൻ, ഷാറൂഖ് ഖാൻ പോലുള്ള കലാകാരന്മാർക്ക് അവർ കാണിച്ചുകൊടുക്കാൻ പോവുന്നു. രാജ്യത്തിെൻറതന്നെ ഭാവിക്ക് അത്യന്തം ആപത്കരമായ ഈ സ്​ഥിതിവിശേഷത്തെക്കുറിച്ച് പാർലമെൻറ് ചർച്ചചെയ്യുന്നതും സമാധാനപ്രിയരായ ജനങ്ങളുടെ വികാരം തുറന്നു പ്രകടിപ്പിക്കുന്നതും എന്തുകൊണ്ടും അവസരോചിതമാണ്. എന്നാൽ, കോലാഹലങ്ങൾക്കപ്പുറം രോഗകാരണങ്ങൾ തിരിച്ചറിഞ്ഞുള്ള സമഗ്രവും സൂക്ഷ്മവുമായ ചികിത്സയാണാവശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorialaamir khan
Next Story