Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightColumnschevron_rightഅവരെ സ്വയം മരണത്തിന്...

അവരെ സ്വയം മരണത്തിന് വിട്ടുകൊടുക്കരുത്

text_fields
bookmark_border
അവരെ സ്വയം മരണത്തിന് വിട്ടുകൊടുക്കരുത്
cancel

കഴിഞ്ഞ ഒന്നര വർഷത്തിനിടെ അഞ്ച് ട്രാൻസ്ജൻഡറുകളാണ് കേരളത്തിൽ ആത്മഹത്യ ചെയ്തത്. മൂന്ന് ട്രാൻസ്ജൻഡറുകൾ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. കോഴിക്കോട് നഗര മധ്യത്തിൽ രണ്ടുപേരും ആലുവ റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഒരാളുമാണ് വളരെ കുറഞ്ഞ കാലത്തിനിടയിൽ കൊല്ലപ്പെട്ടത്. കേരളത്തിലെ ട്രാൻസ്ജൻഡർ സമൂഹം പ്രതിഷേധങ്ങൾ സംഘടിപ്പിച്ചെങ്കിലും വിഷയം പൊതുസമൂഹം ചർച്ച ചെയ്യുകയോ പൊലീസ് ഉണർന്നു പ്രവർത്തിക്കുകയോ ഉണ്ടായിട്ടില്ല. കൊലപാതകങ്ങൾ സംബന്ധിച്ചുപോലും കൃത്യമായ ധാരണ ഇനിയും ആയിട്ടില്ല.

രാഷ്ട്രീയ, സാമൂഹിക മേഖലകളിൽ സമ്പൂർണ സാക്ഷരരായിട്ടും ജെൻഡർസൈഡ് (ലിംഗത്തിന്റെയും ലൈംഗികതയുടെയും പേരിൽ കൊല്ല​പ്പെടുന്ന) നടമാടുന്ന നാടായി കേരളം മാറിയിരിക്കുന്നു. ട്രാൻസ്ജെൻഡർ പോളിസി നടപ്പാക്കിയ ഒരു സംസ്ഥാനമാണ് കേരളം. മാധ്യമങ്ങളിലും മറ്റും കൂടുതൽ ദൃശ്യത ലഭിച്ചിട്ടും ഇന്നും ഇവർ സമൂഹത്തിന് മൂന്നാം ലിംഗവും അന്യരുമാണ്. ഇഷ്ടമില്ലാത്ത ശരീരങ്ങളിൽ ചേക്കേറേണ്ടിവന്ന്, ഒടുവിൽ ആ ശരീരം കുടഞ്ഞെറിഞ്ഞ് മനസ് പറഞ്ഞ ശരീരങ്ങളിലേക്ക് യാത്ര ചെയ്ത ട്രാൻസ്​ജെൻഡറുകൾ അനുഭവിക്കുന്ന യഥാർത്ഥ പ്രശ്നങ്ങളിലേക്കുള്ള ഒരു അന്വേഷണമാണ് ഈ പരമ്പരയിൽ.

ഷെറിൻ: മരണ പരമ്പരയിലെ അവസാന കണ്ണി

2022 മേയ് 17നാണ് നടിയും മോഡലുമായ ട്രാന്‍സ്‌ജെന്‍ഡര്‍ ഷെറിന്‍ സെലിന്‍ മാത്യുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ട്രാൻസ്ജെൻഡർ ആത്മഹത്യ പരമ്പരയിലെ അവസാന കണ്ണിയാണ് ഷെറിൻ. 27 വയസായിരുന്നു. കൊച്ചിയിലെ ഫ്ലാറ്റില്‍ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.


ഷെറിൻ സെലിൻ മാത്യു

രണ്ട് ദിവസമായി ഫ്ലാറ്റിന് പുറത്തേക്ക് കാണാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഷെറിനെ പാലാരിവട്ടം പൊലീസ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആലപ്പുഴ സ്വദേശിയായ ഷെറിന്‍ കൊച്ചിയിലാണ് താമസം. ഷെറിൻ ഉപയോഗിച്ച ഹോർമോൺ ടാബ്ലറ്റുകളുടെ അവശിഷ്ടങ്ങൾ മുറിയിലുണ്ടായിരുന്നതായി സുഹൃത്തുക്കൾ പറയുന്നു.

സ്നേഹയുടെ മരണം

2021 ഫെബ്രുവരി 10നാണ് കണ്ണൂർ സ്വദേശിയായ ട്രാൻസ്ജൻഡർ സ്നേഹ ആത്മഹത്യ ചെയ്യുന്നത്. കണ്ണൂർ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി ആയിരുന്നു സ്നേഹ. തീ കൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. കുടുംബ വഴക്കിനെ തുടർന്ന് മണ്ണെണ്ണ ദേഹത്ത് ഒഴിച്ച് തീ കൊളുത്തിയെന്നാണ് ലഭ്യമായ വിവരം. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ കണ്ണൂർ കോർപ്പറേഷനിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു.


സ്നേഹ

മരണപ്പെടുമ്പോൾ 34 വയസായിരുന്നു. അപകടത്തെ തുടർന്ന് ഉടൻതന്നെ വിദഗ്ധ ചികിത്സക്കായി കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളജിലേക്ക് മാറ്റിയെങ്കിലും രാത്രിയോടെ മരിച്ചു. സുലൈമാൻ-കൊച്ചമ്മ ദമ്പതികളുടെ മകനായിട്ടായിരുന്നു ജനനം. പിന്നീട് സ്വത്വം തിരിച്ചറിഞ്ഞ് ട്രാൻസ്ജൻഡർ ആകുകയായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ കണ്ണൂർ കോർപ്പറേഷനിൽ മുപ്പത്തിയാറാം ഡിവിഷനിൽ നിന്ന് ആയിരുന്നു സ്വതന്ത്ര സ്ഥാനാർത്ഥിയായുള്ള മത്സരം. സാമൂഹിക മാധ്യമങ്ങളിൽ കെ. സ്നേഹക്ക് വോട്ട് അഭ്യർത്ഥിച്ച് പോസ്റ്ററുകൾ അക്കാലത്ത് പ്രചരിക്കുകയും ചെയ്തിരുന്നു. ട്രാൻസ്ജൻഡർ വിഭാഗത്തിൽ നിന്ന് ഒരാൾ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് കേരളത്തിൽ വലിയ വാർത്ത ആയിരുന്നു.

നാടിനു വേണ്ടിയും ട്രാൻസ്ജൻഡർ വിഭാഗത്തിനു വേണ്ടിയും കൂടുതൽ കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്ന് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സമയത്ത് സ്നേഹ ശുഭ പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. കുട അടയാളത്തിൽ ആയിരുന്നു തദ്ദേശ തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി സ്നേഹ മത്സരിച്ചത്. കുടുംബവഴക്കാണ് മരണത്തിന് കാരണം എന്ന് പറയുമ്പോഴും കൂടുതൽ വിവരങ്ങൾ ഇനിയും ലഭ്യമല്ല.

താഹിറ അസീസ്

2021 നവംബർ 27നാണ് ട്രാൻസ്ജൻഡർ യുവതി ട്രെയിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്യുന്നത്. ട്രാൻസ്‌ജൻഡർ ആക്ടിവിസ്റ്റ് കൂടിയായ താഹിറ അസീസ് ആണ് ട്രെയിനു മുന്നിൽ ചാടി ജീവനൊടുക്കിയത്. മോഡൽ ആയിരുന്ന താഹിറ വിവിധ സൗന്ദര്യ മത്സരങ്ങളിൽ പ​ങ്കെടുത്തിട്ടുണ്ട്.

താഹിറ അസീസ്


ജീവിത പങ്കാളി വാഹനാപകടത്തിൽ മരിച്ചത് സഹിക്കാനാവാതെയാണ് താഹിറ ജീവനൊടുക്കിയതെന്ന സൂചനയുണ്ട്. എറണാകുളത്തുവെച്ചാണ് ഇവർ ജീവിതം അവസാനിപ്പിച്ചത്. ജീവിതത്തിലെ ഒറ്റപ്പെടലാണ് താഹിറയെ മരണത്തിലേക്ക് തള്ളിവിട്ടതെന്ന് മറ്റൊരു ട്രാൻസ്ജൻഡർ ആക്ടിവിസ്റ്റ് സീമ വിനീത് പറയുന്നു.

അനന്യകുമാരി അലക്സ്

2021 ജൂലൈയിലാണ് ട്രാൻസ്ജൻഡർ അനന്യകുമാരി അലക്സ് ആത്മഹത്യ ചെയ്യുന്നത്. കേരളത്തിൽ കുറച്ചെങ്കിലും ചർച്ച ചെയ്യ​െപപടട ട്രാൻസ്ജൻഡർ മരണങ്ങളിൽ ഒന്നായിരുന്നു അനന്യയുടേത്. ലിംഗമാറ്റ ശസ്ത്രക്രിയയിലെ ഗുരുതര പിഴവുകളാണ് അനന്യയെ ആത്മഹത്യയിലേക്ക് തള്ളിവിട്ടത്.

മരണത്തെ തുടർന്ന് ആശുപത്രിക്കെതിരെ സർക്കാർ അന്വേഷണം പ്രഖ്യാപിച്ച് ഉത്തരവിട്ടിരുന്നു. എറണാകുളത്തെ റീനൈ മെഡിസിറ്റി ആശുപത്രിക്കെതിരെയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ആരോഗ്യ വകുപ്പ് അഡീഷനല്‍ ഡയറക്ടര്‍ക്കാണ് അന്വേഷണ ചുമതല. അനന്യകുമാരി അലക്‌സിന്റെ ലിംഗമാറ്റ ശസ്ത്രക്രിയയില്‍ പിഴവുകള്‍ സംഭവിച്ചെന്നും അതിലെ മനോവിഷമത്തിലാണ് ജീവനൊടുക്കിയതെന്നും ക്വീർ ആക്ടിവിസ്റ്റ് പ്രജിത്ത് നൽകിയ പരാതിയില്‍ വ്യക്തമാക്കിയിരുന്നു.

ലിംഗമാറ്റ ശസ്ത്രക്രിയയില്‍ ഡോക്ടര്‍ക്ക് പിഴവ് സംഭവിച്ചു എന്ന ആരോപണവുമായി അനന്യ തന്നെ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ആത്മഹത്യ. അനന്യക്ക് നടത്തിയ ശസ്ത്രക്രിയക്ക് ശേഷം ഒരു വര്‍ഷം പിന്നിട്ടിട്ടും ഉണങ്ങാത്ത മുറിവുകളുണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി പറഞ്ഞിരുന്നു.

അനന്യകുമാരി അലക്‌സ് ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തിയ വിവരങ്ങളും ഇതിനിടെ പുറത്ത് വന്നിരുന്നു. ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ക്ക് ഗുരുതര വീഴ്ച സംഭവിച്ചതായും ഇതുസംബന്ധിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് പരാതി നല്‍കിയതായും അനന്യ അന്ന് വെളിപ്പെടുത്തിയിരുന്നു. ആരോഗ്യമന്ത്രിയില്‍ നിന്ന് ഉദാസീനമായ സമീപനമാണ് ഉണ്ടായതെന്നും അവര്‍ ആരോപിച്ചിരുന്നു. ഒരു സ്വകാര്യ ഓൺലൈൻ മാധ്യമത്തിനോട് അനന്യ പറഞ്ഞ വാക്കുകൾ ഇങ്ങനെ:



'റിനൈ മെഡിസിറ്റിയിലെ പ്ലാസ്റ്റിക് സര്‍ജന്‍ അര്‍ജുന്‍ അശോകനാണ് ലിംഗമാറ്റ ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്. അദ്ദേഹത്തിന്റെ ഭാര്യ ഡോ. സുജ സുകുമാര്‍ അവിടുത്തെ എന്‍ഡോക്രൈനോളജിസ്റ്റാണ്. അവരാണ് ഹോര്‍മോണ്‍ ട്രീറ്റ്‌മെന്റ് ചെയ്തത്. 2020 ജൂണ്‍ പതിനാലിനായിരുന്നു ശസ്ത്രക്രിയ. അതേസമയം തന്നെയാണ് കോട്ടയം സ്വദേശിയായ നൃത്താധ്യാപിക ഭദ്ര മലിന്റെയും ശസ്ത്രക്രിയ. രണ്ടുപേരുടെ ശസ്ത്രക്രിയ ഒരേസമയം ഒരേ തീയറ്ററിലായിരുന്നു.

കോളണ്‍ വജൈനാ പ്ലാസ്റ്റി അഥവാ കുടലില്‍ നിന്നെടുത്ത് വജൈന ക്രിയേറ്റ് ചെയ്യുന്ന രീതിയായിരുന്നു എന്റേത്. സര്‍ജറി കഴിഞ്ഞ് ആറാംദിവസം തന്നെ ഡിസ്ചാര്‍ജ് ആയി. അപ്പോള്‍ തന്നെ പറഞ്ഞതിനേക്കാളധികം തുകയായിരുന്നു. ഏതാണ്ട് രണ്ടുലക്ഷത്തി അമ്പത്തിഅയ്യായിരം രൂപയോളം കൊടുത്തു. സര്‍ജറി കഴിഞ്ഞയുടന്‍ തന്നെ ഛര്‍ദിയും മറ്റ് ആരോഗ്യപ്രശ്‌നങ്ങളുമുണ്ടായി. വീട്ടിലെത്തി നാലുമണിക്കൂറിനുള്ളില്‍ പ്രശ്‌നങ്ങള്‍ ഗുരുതരമായി വീണുപോയി. അന്നുതന്നെ വീണ്ടും അഡ്മിറ്റ് ചെയ്തു.

പിന്നെ ജൂലായ് രണ്ടിനാണ് ഡിസ്ചാര്‍ജ് ആവുന്നത്. അത്രയും ദിവസം ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ കഴിയാതെ മൂക്കിനകത്ത് ട്യൂബിട്ട അവസ്ഥയിലായിരുന്നു. സ്‌കാന്‍ ചെയ്തപ്പോള്‍ സര്‍ജറിയുടെ പ്രശ്‌നം കാരണം കുടലിനകത്ത് ആറുസ്ഥലത്ത് ഗ്യാസ് ട്രബിള്‍ ഉണ്ടായതാണ് കാരണം. വീണ്ടും എന്റെ അനുവാദമൊന്നും ചോദിക്കാതെ വയറൊക്കെ കുത്തിക്കീറി കുടലില്‍ സര്‍ജറി ചെയ്തു. ജൂലൈ മൂന്നിന് ആശുപത്രിയില്‍ നിന്ന് തിരികെയെത്തി.


അനന്യകുമാരി അലക്സ്

പക്ഷേ എന്റെ സ്വകാര്യ ഭാഗം ഭീകരമായിരുന്നു. വെട്ടിക്കണ്ടിച്ച പോലെയാണ്. സാധാരണ പോലെ വൃത്തിയും വെടിപ്പുമുള്ളത് സര്‍ജറി ചെയ്‌തെടുക്കാനൊക്കെ കഴിയും. ഈ ഡോക്ടര്‍ ഇതില്‍ വിദഗ്ധനാണെന്നും മറ്റും അറിഞ്ഞാണ് അവിടെ തന്നെ പോയത്. എപ്പോഴും ഫ്‌ളൂയിഡ് വരുന്നതിനാല്‍ ഒരുദിവസം എട്ടുമുതല്‍ പന്ത്രണ്ടോളം പാഡ് മാറ്റണം. മൂത്രം പിടിച്ചു വെക്കാന്‍ കഴിയില്ല. മൂത്രം പോകുന്നതും പലവഴിക്കാണ്. പരാതിയുമായി ഡോക്ടറെ സമീപിച്ചപ്പോള്‍ ഹോസ്പിറ്റല്‍ അധികൃതരിൽ ശരിയായ മറുപടി ലഭിച്ചില്ല.

പിന്നീടൊരിക്കല്‍ ആശുപത്രിയില്‍ പോയപ്പോള്‍ ബില്ലില്‍ ക്രമക്കേട് ഉണ്ടാവുകയും അന്ന് പൊലീസില്‍ പരാതിപ്പെടുകയും ചെയ്തിരുന്നു. പുരുഷന്മാരുടെ സ്തനംനീക്കല്‍ ശസ്ത്രക്രിയക്ക് ശേഷവും വളരെ മോശം രീതിയില്‍ നെഞ്ചില്‍ സര്‍ജറിയുടെ പാടുകളുമായി ജീവിക്കേണ്ടി വരുന്നവരുണ്ട്. നൂറില്‍ തൊണ്ണൂറ്റിയെട്ട് ശതമാനം പേരുടേയും ഇങ്ങനെയാണ്. പക്ഷേ ഭയമാണ് തുറന്നുപറയാന്‍.

പച്ചമാംസം വെട്ടിക്കീറിയതുപോലെയാണ് എന്റെ സ്വകാര്യ ഭാഗം. അയാള്‍ക്കെതിരേ ശക്തമായ നടപടിയുണ്ടാകണം. ഇക്കാര്യം പറഞ്ഞപ്പോള്‍ പഠിച്ചിട്ട് ഒരിക്കല്‍ക്കൂടി സര്‍ജറി ചെയ്യാമെന്നാണ് പറഞ്ഞത്. എന്ത് ധൈര്യത്തിലാണ് വീണ്ടും സര്‍ജറിക്ക് അവിടെ കിടക്കുക. എന്റെ വയറിൽ മുഴുവന്‍ പാടുകളാണ്. കുടലിന്റെ പ്രശ്‌നം കാരണം ദിവസം നാലും അഞ്ചും തവണ കക്കൂസില്‍ പോകണം.

മറ്റു സംസ്ഥാനങ്ങളിലെ ട്രാന്‍സുകള്‍ മാതൃകയാക്കുന്ന കേരളത്തില്‍ ഇത്തരമൊരു കാര്യം നടക്കുന്നത് ലോകം അറിയണം. ആരോഗ്യമന്ത്രിയോട് സംസാരിച്ചപ്പോള്‍ നോക്കാം, ഡോക്ടര്‍മാരോട് സംസാരിക്കാം എന്നുപറഞ്ഞ് കൈയൊഴിഞ്ഞു. കെ.കെ ശൈലജ ടീച്ചറായിരുന്നു ആരോഗ്യമന്ത്രിയെങ്കില്‍ അടിയന്തിരമായി നടപടിയെടുത്തേനെ'.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala transgenders
News Summary - kerala transgenders lives matter
Next Story