Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightആ തണൽമരം വിട

ആ തണൽമരം വിട പറയുമ്പോൾ

text_fields
bookmark_border
ആ തണൽമരം വിട പറയുമ്പോൾ
cancel

മലയാളിയിൽ പരിസ്ഥിതിബോധം ഉറപ്പിക്കുന്നതിൽ വലിയ പങ്കുവഹിച്ച നിരവധി പേരുണ്ടെങ്കിലും അവരിൽ ഒന്നാമതു പറയേണ്ട പേര് എം.കെ. പ്രസാദി​േൻറതു തന്നെ. അക്കാദമികമായ പരിസ്ഥിതി പ്രവർത്തനം, ആക്ടിവിസത്തി​േൻറതായ പരിസ്ഥിതി പ്രവർത്തനം, പ്രകൃതിയോടുള്ള വൈകാരികസ്നേഹത്തി​േൻറതായ പരിസ്ഥിതി പ്രവർത്തനം - ഇങ്ങനെ പല ധാരകളിൽ പരിസ്ഥിതിയെ സമീപിച്ചു പ്രവർത്തിച്ചവരുണ്ട്. എന്നാൽ, ഇവ മൂന്നും ഒരാളിൽ അവശ്യം വേണ്ട അളവിൽ സംഗമിച്ച വ്യക്തിത്വമായിരുന്നു പ്രഫ. എം.കെ. പ്രസാദിന്‍റേത്.

ചെറായിയിൽ സഹോദരൻ അയ്യപ്പനൊപ്പം മിശ്രഭോജനപ്രസ്ഥാനത്തിന്‍റെ നേതാവായിരുന്ന എം.കെ. കോരുവൈദ്യ​െൻറ മകനായി 1933ലാണ് അദ്ദേഹം ജനിക്കുന്നത്. ഈ പാരമ്പര്യത്തിൽനിന്നു ലഭിച്ച, കേരളത്തിലെ സാമൂഹിക നവോത്ഥാനപ്രസ്ഥാനത്തി​െൻറ ഊർജവും ത​െൻറ അക്കാദമിക വൈഭവവുമാകും ഒരു പക്ഷേ, നവോത്ഥാനത്തി​െൻറ സഫലമായ തുടർച്ചയായ ശാസ്ത്രപ്രസ്ഥാനത്തിലേക്ക് അദ്ദേഹത്തെ എത്തിച്ചത്. ശാസ്ത്രസാഹിത്യ പരിഷത്ത് 1963 ൽ പ്രവർത്തനം ആരംഭിച്ചുവെങ്കിലും അദ്ദേഹം ശാസ്ത്രപ്രവർത്തനം സജീവമായി ആരംഭിക്കുന്നത് പരിഷത്തിലൂടെയല്ല. എഴുപതുകളുടെ തുടക്കത്തിൽ എറണാകുളത്ത് പ്രഫ. യു.കെ. ഗോപാലൻ, പ്രഫ. എം.കെ. പ്രസാദ് തുടങ്ങിയവരുൾപ്പെടെ ഒരു സംഘം ചേർന്ന് കൊച്ചി സയൻസ് സെൻറർ എന്നൊരു സംഘടന രൂപവത്കരിച്ചിരുന്നു.

അതിന്റെ നേതൃത്വത്തിലാണ് 1971ൽ ഒരു പരിസര ശില്പശാലസംഘടിപ്പിച്ചത്. ഒരു പക്ഷേ, കേരളത്തിലെ ആദ്യ പരിസ്ഥിതി സമ്മേളനം! ഡോ. പി.വി.എസ്. നമ്പൂതിരിപ്പാടായിരുന്നു അന്നവിടെ പ്രബന്ധം അവതരിപ്പിച്ചത്. പരിസ്ഥിതിയെ ആഗോള ശ്രദ്ധയിലേക്ക് കൊണ്ടുവന്നത് 1972 ൽ സ്റ്റോക്ക് ഹോമിൽ ഐക്യരാഷ്ട്രസംഘടനയുടെ നേതൃത്വത്തിൽ നടന്ന അന്താരാഷ്ട്ര പരിസ്ഥിതി സമ്മേളനമാണല്ലോ. അതിനും ഒരു വർഷം മുമ്പാണ് ഈ സെമിനാറെന്നോർക്കണം. ഈ കാലത്തുതന്നെ ആലുവയിലെ ഫാക്ടറിമലിനീകരണങ്ങൾക്കെതിരെ ഇവർ പഠനങ്ങളും സമരങ്ങളും നടത്തിയിരുന്നു. ഫാക്ടറിയിലെ ഇടവേള സമയത്ത് തൊഴിലാളികൾ പുറത്തുവരുമ്പോൾ അവരോട് മലിനീകരണത്തെക്കുറിച്ച് ഉച്ചവെയിലത്ത് പ്രസംഗിക്കുന്ന അനുഭവം എം.കെ. പ്രസാദ് പിന്നീട് പങ്കു​െവച്ചിട്ടുണ്ട്. ഒരു പക്ഷേ, കേരളത്തിലെ ആദ്യത്തെ പരിസ്ഥിതി സമരമായിരുന്നിരിക്കാം അത്. പിന്നീട് ഈ സംഘടനയുടെ പ്രവർത്തകർ മിക്കവാറും ഒന്നാകെ, അന്ന് കൂടുതൽ പ്രബലമാകാൻ തുടങ്ങിയ, കേരള ശാസ്ത്രസാഹിത്യ പരിഷത്തിൽ ലയിക്കുകയായിരുന്നു.

പ്രസാദ് മാഷ് സംഘടനയിലും പരിസ്ഥിതി രംഗത്തും കൂടുതൽ ഇടപെടാൻ തുടങ്ങിയത് കോഴിക്കോട് ഗവ.ആർട്സ് കോളജിലെത്തുമ്പോഴാണ്. മാവൂർ ഗ്വാളിയോർ റയോൺസ് ഫാക്ടറിയുടെ പ്രവർത്തനം ചാലിയാർ നദിയെ വലിയ തോതിൽ മലിനീകരിക്കുന്ന സാഹചര്യത്തിനെതിരെ പരിസരവാസികളെ സംഘടിപ്പിച്ച് ഡോ. വിജയമാധവൻ, ഉണ്ണികൃഷ്ണൻ നമ്പീശൻ എന്നിവർക്കൊപ്പം എം.കെ. പ്രസാദും സമരരംഗത്തെത്തി. "വ്യവസായങ്ങൾ വേണം പക്ഷേ, വിഷമീ നാട്ടിൽ വിളമ്പരുത്, തൊഴിലെല്ലാർക്കും വേണം പക്ഷേ, മനുഷ്യജാതി നശിക്കരുത്" തുടങ്ങിയ മുദ്രാവാക്യങ്ങൾ അതി​െൻറ പശ്ചാത്തലത്തിൽ രൂപം കൊണ്ടവയാണ്. വികസനവും വളർച്ചയും പരിസ്ഥിതിയെക്കൂടി കണക്കിലെടുത്തുകൊണ്ടല്ലെങ്കിൽ അത് മനുഷ്യരാശിക്കുതന്നെയാവും വിനയാവുക എന്ന കാഴ്ച്ചപ്പാടിലേക്കെത്താനും അത് പ്രചരിപ്പിക്കാനും ഒരു പക്ഷേ, ചാലിയാർ സമരമാകും എം.കെ.പിയെ പ്രേരിപ്പിച്ചിട്ടുണ്ടാവുക.

തുടർന്നാണ് കേരളത്തിൽ വലിയൊരു പരിസ്ഥിതി-വികസന സംവാദത്തിനു തിരികൊളുത്തിയ സൈലൻറ്​ വാലി പ്രക്ഷോഭമുണ്ടാകുന്നത്. സംസ്ഥാന വൈദ്യുതി ബോർഡ് സൈലൻറ്​ വാലിയിൽ കുന്തിപ്പുഴയ്ക്കു കുറുകെ അണകെട്ടി വൈദ്യുതി ഉൽപാദനത്തിനുള്ള വലിയ പദ്ധതി ആവിഷ്കരിച്ചപ്പോൾ ആദ്യകാലത്ത് അതിനെതിരെ നിലപാടെടുക്കുന്നതിൽ പരിഷത്തിലും വ്യത്യസ്ത അഭിപ്രായങ്ങളുണ്ടായിരുന്നു. പരിഷത്തിലെ മുതിർന്ന പ്രവർത്തകർ പലരും തുടക്കത്തിൽ പദ്ധതി നമ്മുടെ വൈദ്യുതിക്ഷാമത്തിനു മുതൽക്കൂട്ടാകുമെന്നതിനാൽ എതിർക്കണോയെന്നു ശങ്കിച്ചു. ഈ സംവാദത്തിൽ പൂർണമായും പരിസ്ഥിതിയുടെ പക്ഷത്തായിരുന്നു എം.കെ.പി. വൈദ്യുതി ആവശ്യമാണ് എന്നാൽ, സൈലൻറ്​ വാലി മഴക്കാടുകളുടെ പാരിസ്ഥിതികമൂല്യം അതിലുമെത്രയോ വലുതാണെന്നും അതുകൊണ്ടുതന്നെ വൈദ്യുതിക്ക് മറ്റു മാർഗങ്ങൾ തേടി ഈ പദ്ധതി ഉപേക്ഷിക്കണമെന്നും അദ്ദേഹം വാദിച്ചു. ഇതേക്കുറിച്ച് ആദ്യമായൊരു ലേഖനം മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൽ അദ്ദേഹമെഴുതി.

തുടർന്ന് ഏതാനും വർഷങ്ങൾ ഇതിനായി പഠനവും തുടർസംവാദങ്ങളും നടന്നു. ആ സംവാദങ്ങൾ പരിസ്ഥിതി പ്രശ്നങ്ങളെ സമഗ്രമായി സമീപിക്കേണ്ടതെങ്ങനെയെന്ന കൃത്യത പരിഷത്തിലുണ്ടാക്കാൻ സഹായിച്ചു. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധത്തെ സൂചിപ്പിക്കുന്ന ഭൗതിക പരിസ്ഥിതി, മനുഷ്യനും മനുഷ്യനും തമ്മിലുള്ളബന്ധത്തെ നിർവചിക്കുന്ന സാമൂഹിക സാമ്പത്തിക പരിസ്ഥിതി, ഇവ രണ്ടിനെയും നോക്കിക്കാണുന്ന സാംസ്കാരിക പരിസ്ഥിതി എന്നിങ്ങനെ ഒരു ത്രിപരിസ്ഥിതി സിദ്ധാന്തം രൂപം കൊള്ളാനും ഈ സംവാദം ഇടയാക്കി. സിംഹവാലൻ കുരങ്ങുകളെപ്പോലെ വംശനാശഭീഷണി നേരിടുന്ന അപൂർവം സസ്യജന്തു ജാലങ്ങളാൽ സമ്പന്നമാണ് സൈലന്റ് വാലിക്കാടുകൾ. പക്ഷേ, അതു സംരക്ഷിക്കപ്പെടേണ്ടത് മുഖ്യമായും ലോകത്തിലെ അപൂർവം മഴക്കാടുകളിലൊന്ന് എന്ന നിലയിൽ മനുഷ്യ​െൻറ നിലനില്പിനു വേണ്ടിക്കൂടിയാണ്.

"വർഷപാതം സംരക്ഷിക്കുന്നതിനു പുറമെ മണ്ണൊലിപ്പും വെള്ളപ്പൊക്കവും നിയന്ത്രിക്കുന്നതും കാടുകളാണ്. ഒരു ജൈവിക കലവറയെന്ന നിലയിലും മഴക്കാടുകൾ പ്രാധാന്യമർഹിക്കുന്നു" എന്ന് അദ്ദേഹം അക്കാലത്ത് എഴുതിയ ഒരു ലേഖനത്തിൽ പറയുന്നുണ്ട്. അതുകൊണ്ടുതന്നെ സസ്യജന്തുജാല സംരക്ഷണമെന്നതിലുപരി മനുഷ്യ​െൻറ നിലനിൽപിനെ പരിഗണിക്കുമ്പോൾ ഏറെ പ്രധാനമാണ് സൈലന്റ് വാലി സംരക്ഷണം എന്ന വാദത്തെ സമൂഹത്തിലേക്കെത്തിക്കാനും, പിന്നീട് എം.ജി.കെ. മേനോൻ കമ്മിറ്റി പദ്ധതിക്കെതിരായി റിപ്പോർട്ട് നല്കാനും കേന്ദ്രസർക്കാർ തന്നെ സൈലന്റ് വാലിയെ ഒരു ദേശീയ ഉദ്യാനമായി സംരക്ഷിക്കാനുമൊക്കെയുള്ള തീരുമാനങ്ങളിലേക്കെത്താനുമൊക്കെ എം.കെ. പ്രസാദിന്റെ നേതൃത്വത്തിൽ നടന്ന നിരന്തരപോരാട്ടത്തിലൂടെ കഴിഞ്ഞു.

സുഗതകുമാരി ടീച്ചറുടെ നേതൃത്വത്തിലെ പ്രകൃതി സംരക്ഷണ സമിതിയുൾപ്പെടെ നിരവധി പേരെ ഇതിനായി അണിനിരത്താനും അദ്ദേഹം ജാഗ്രത കാട്ടി.സൈലൻറ് വാലി സമരമാണ് കേരളത്തിൽ പരിസ്ഥിതിയെയും വികസനത്തെയും സമന്വയിപ്പിച്ചുകൊണ്ടുള്ള സുസ്ഥിരവികസനം എന്ന കാഴ്ചപ്പാടിന് അംഗീകാരം നേടിക്കൊടുത്തത്. മറ്റൊരു സവിശേഷത, അക്കാദമികവും ശാസ്ത്രീയവുമായ വസ്തുതകൾ മനുഷ്യപക്ഷത്തുനിന്നു വിലയിരുത്തുക എന്ന ശാസ്ത്രീയ സമീപനം സ്വീകരിക്കുമ്പോഴും അതി​െൻറ ഫലമായി രൂപവത്കരിക്കുന്ന അഭിപ്രായങ്ങൾ കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ ആരുടെ മുന്നിലും അവതരിപ്പിക്കാനും ബോധ്യപ്പെടുത്താനും അദ്ദേഹം ശ്രമിച്ചിരുന്നു എന്നതാണ്. കൃത്യമായ രാഷ്ട്രീയ കാഴ്ച്ചപ്പാടുകൾ പുലർത്തുമ്പോഴും പരിസ്ഥിതിയുടെ വിശാല ജനപക്ഷ രാഷ്ട്രീയമായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര.

സൈലന്റ് വാലി മുതൽ ഏറ്റവുമൊടുവിലെ സിൽവർലൈൻ വരെയുള്ള പ്രശ്നങ്ങളിൽ ഈയൊരു സമീപനമാണ്​ അദ്ദേഹം സ്വീകരിച്ചത്. ഔദ്യോഗിക പ്രവർത്തനം, സാമൂഹിക പ്രവർത്തനം – ഈ രണ്ടു ധാരകളും പരസ്പരം സംഘർഷങ്ങളില്ലാതെ കൊണ്ടുപോകാനും അദ്ദേഹത്തിനായി. 1980-82 കാലത്ത് ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പ്രസിഡന്റായി അദ്ദേഹം പ്രവർത്തിച്ചു. പരിഷത്തിൽ ഒരാൾ ഒരു ചുമതലയിൽ തുടർച്ചയായി രണ്ടുവർഷമേ ഉണ്ടാകാവൂ എന്നൊരു കീഴ്വഴക്കമുണ്ട്. പരിഷത്തി​െൻറ മുഖമാസികയായ ശാസ്ത്രഗതി എഡിറ്റർ, പ്രസിദ്ധീകരണ സമിതി ചെയർമാൻ തുടങ്ങിയ ചുമതലകളും വഹിച്ചു. ജനകീയ ശാസ്ത്ര പ്രസ്ഥാനങ്ങളുടെ അഖിലേന്ത്യ കൂട്ടായ്മയായ ഓൾ ഇന്ത്യ പിപ്​ൾസ് സയൻസ് നെറ്റ്‌വർക്കിന്റെ (AIPSN) അധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്.

ജനങ്ങൾക്കുപകാരപ്രദമായ സാങ്കേതിക വിദ്യകൾ ആവിഷ്കരിച്ച് പ്രചരിപ്പിക്കുന്നതിന് 1987 ൽ പാലക്കാട് മുണ്ടൂരിൽ ശാസ്ത്രസാഹിത്യ പരിഷത്ത് ഐ.ആർ.ടി.സി (Integrated Rural Technology Centre -IRTC) തുടങ്ങിയപ്പോൾ അതിന്റെ ആദ്യ ഡയറക്ടറായത് അദ്ദേഹമാണ്. പരിസ്ഥിതി വിഷയങ്ങളിലുള്ള അഗാധജ്ഞാനമാണ് പ്രഫ. എം.കെ. പ്രസാദിനെ ഏറെ വ്യത്യസ്തനാക്കുന്നത്. കൃത്യമായ ഡേറ്റയുടെ അടിസ്ഥാനത്തിൽ അത്യധികം ശാസ്ത്രീയമായ വാദങ്ങളേ അദ്ദേഹം ഉയർത്താറുള്ളൂ. തീവ്രസമരമുഖങ്ങളിൽപോലും അദ്ദേഹം വൈകാരികമായല്ല, മറിച്ച് വസ്തുതകളുടെ ഗരിമകൊണ്ടാണ് എതിരാളികളെ കീഴ്പ്പെടുത്തുന്നത്.

ഭരണാധികാരിയെന്ന നിലയിലും അദ്ദേഹം മികവു തെളിയിച്ചു. കോഴിക്കോട് സർവകലാശാല ​പ്രോ.വൈസ് ചാൻസലർ എന്ന നിലയിൽ ഭരണപരമായ കാര്യങ്ങൾ കൂടുതൽ ക്രമപ്പെടുത്താൻ പുറത്തെ സാമൂഹികപ്രവർത്തനത്തിനിടയിലും അദ്ദേഹം ശ്രദ്ധിച്ചു. പിൽക്കാലത്ത് ഇൻഫർമേഷൻ കേരള മിഷന്റെ ചെയർമാനെന്ന നിലയിൽ പഞ്ചായത്തുകളുടെ ഡിജിറ്റൽവത്കരണത്തിലും വലിയ സംഭാവന നല്കി. പൗരന്മാർക്കുള്ള സേവനങ്ങൾ പലതും ഡിജിറ്റലായി നിർവഹിക്കാനുള്ള സോഫ്ട് വെയറുകൾ തയാറാക്കുന്നതിനും നിലവിലുള്ളവ പരിഷ്കരിക്കുന്നതിനും കൃത്യമായ പരിപാടി തയാറാക്കി നടപ്പാക്കാനുമായി.

അദ്ദേഹത്തിന്റെ മറ്റൊരു സംഭാവന ജനകീയാസൂത്രണ പ്രവർത്തനങ്ങളിലാണ്. പ്രാദേശിക വികസനത്തിൽ പരിസ്ഥിതിക്ക് വലിയ പരിഗണന നല്കണമെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു. എന്നു മാത്രമല്ല, അതിനായി പഞ്ചായത്തുകളിൽ ജൈവവൈവിധ്യ രജിസ്റ്റർ തയാറാക്കുന്നതിനുള്ള വലിയ പ്രവർത്തനത്തിനും അദ്ദേഹം അക്കാദമിക നേതൃത്വം നല്കി. ജനകീയാസൂത്രണത്തിലെ അദ്ദേഹത്തിന്റെ വേറൊരു സംഭാവന സന്നദ്ധ സാങ്കേതിക സേനയെ പ്രവർത്തനക്ഷമമാക്കിയെന്നതാണെന്ന് ഈ പ്രസ്ഥാനത്തിന്റെ അമരക്കാരിലൊരാളായ ടി.എം. തോമസ് ഐസക് ഓർക്കുന്നു. ആദ്യകാലത്ത് വിശേഷിച്ചും പദ്ധതി രൂപവത്​കരണമുൾപ്പെടെയുള്ള പല കാര്യങ്ങളെ സംബന്ധിച്ചും വലിയ ധാരണയില്ലാതിരുന്ന തദ്ദേശ ഭരണസ്ഥാപനങ്ങളെ സഹായിക്കാൻ ഓരോ പഞ്ചായത്തിലും വിവിധ രംഗങ്ങളിലെ റിട്ടയർ ചെയ്തവരുൾപ്പെടെയുള്ള വിദഗ്ധരെ സംഘടിപ്പിച്ചിരുന്നു. ഇവരെ പ്രവർത്തനക്ഷമമാക്കുക എന്ന ശ്രമകരമായ ദൗത്യത്തിന് നിരവധി തടസ്സങ്ങളുണ്ടായിരുന്നു, ഇത്തരം സമിതികൾക്കെതിരെയുള്ള വിവാദങ്ങളുൾപ്പെടെ.

പല ജില്ലകളിലുമെത്തി ഇവയുടെ തടസ്സങ്ങൾ പരിഹരിക്കാൻ വലിയ ശ്രമമാണ് അദ്ദേഹം ചെയ്തത്. യുനൈറ്റഡ്​ നാഷൻസിന്റെ മില്ലേനിയം ഇക്കോസിസ്റ്റം അസ്സെസ്​മെന്റ് ബോർഡിൽ അഞ്ചു വർഷത്തിലധികം വിവിധ മേഖലകളിൽ ഇടപെടുകയും സജീവ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു.

രണ്ടു ദിവസം മുമ്പാണ് കോവിഡ് മൂലം അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായത്. അതിനു മുമ്പുള്ള അവസാന നിമിഷം വരെയും കർമനിരതനായിരുന്നു അദ്ദേഹം. നിലവിൽ വയനാട്ടിൽ സ്ഥിതിചെയ്യുന്ന എം.എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷനിലെ പ്രോഗ്രാം അഡ്വൈസറി കമ്മിറ്റി ചെയർപേഴ്സനായും കേരള സംസ്ഥാന ബയോഡൈവേഴ്സിറ്റി ബോർഡ്, സെന്റർ ഫോർ എൻവയൺമെന്റ് എജുക്കേഷൻ എന്നിവയിലെ വിശിഷ്ട അംഗമായും പ്രവർത്തിച്ചു വരുകയായിരുന്നു.

നല്ലൊരു സംഘാടകനും പ്രഭാഷകനുമാണെങ്കിലും തിരക്കുകൾക്കിടയിൽ ഏറെ എഴുതാൻ അദ്ദേഹത്തിനു കഴിഞ്ഞിരുന്നില്ല. എങ്കിലും നിരവധി പുസ്തകങ്ങൾ, വിശേഷിച്ചും കുട്ടികൾക്കുള്ള നിരവധി പുസ്തകങ്ങളും ലേഖനങ്ങളും ഗവേഷണ പ്രബന്ധങ്ങളും എഴുതിയിട്ടുണ്ട്. അവയിൽ പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ചുള്ളതും സൈലന്റ് വാലി ഹൈഡ്രോ ഇലക്ട്രിക് പ്രോജക്​ടിനെ കുറിച്ചുള്ളതുമായ പുസ്തകങ്ങൾ മലയാളത്തിലെ മോണോഗ്രാമുകളാണ്.

പ്രഫ. എം.കെ. പ്രസാദി​െൻറ വിയോഗത്തിലൂടെ മലയാളത്തിന്റെ പ്രകൃതിക്കും പരിസ്ഥിതിക്കും തണലായി പടർന്നു പന്തലിച്ച ഒരു മഹാവൃക്ഷമാണ് വീഴുന്നത്. ആഗോളതാപനം സൃഷ്ടിക്കുന്ന കാലാവസ്ഥാ വ്യതിയാനമുൾപ്പെടെയുള്ള നിരവധി പാരിസ്ഥിതിക പ്രശ്നങ്ങളിൽപെട്ടുഴറുന്ന നാടിന് അന്താരാഷ്ട്ര കാഴ്ച്ചപ്പാടോടെ പ്രശ്നങ്ങളെ സമീപിക്കുന്ന എം.കെ. പ്രസാദിനെപ്പോലൊരു വടവൃക്ഷത്തെ നഷ്ടപ്പെടുന്നത് വലിയ ആഘാതമാണ് സൃഷ്ടിക്കുക.

കാലാവസ്ഥാ വ്യതിയാനത്തിന്റെ ഈ ഉച്ചവെയിൽച്ചൂടിൽ നിൽക്കുന്ന മലയാളത്തി​െൻറ മണ്ണിനും മനുഷ്യനും നാടി​െൻറ ജൈവ വൈവിധ്യക്കലവറയ്ക്കാകെയും തീരാനഷ്ടമായി മാറുന്നു ഈ വിയോഗം.

(സംസ്​ഥാന ഇൻഫർമേഷൻ ആൻഡ്​​ പി.ആർ.ഡി മുൻ അഡീഷനൽ ഡയറക്​ടറും കേരള ശാസ്​ത്ര സാഹിത്യ പരിഷത്ത്​ കേന്ദ്ര നിർവാഹക സമിതിയംഗവുമാണ്​ ലേഖകൻ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:environmentalistM.K. PrasadKerala News
News Summary - When that shade tree says goodbye
Next Story