Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightവിഴിഞ്ഞം സമരം...

വിഴിഞ്ഞം സമരം അതിജീവനത്തിനുവേണ്ടി

text_fields
bookmark_border
vizhinjam strike
cancel
camera_alt

വിഴിഞ്ഞം സമരവേളയിൽ (ഫയൽ ചിത്രം)

കടലും കടൽ സമ്പത്തും സംരക്ഷിക്കാൻ കടലി​െൻറ മക്കൾ നടത്തുന്ന ജീവൻമരണ പോരാട്ടം ഇന്ന്​ നൂറു ദിവസം തികയവെ വിഴിഞ്ഞം പദ്ധതി എന്തു കൊണ്ട്​ എതിർക്കപ്പെടുന്നുവെന്ന്​ കാര്യകാരണ സഹിതം എണ്ണിപ്പറയുകയാണ്​ ലേഖകർ

വിഴിഞ്ഞം കടലോരദേശത്ത് ഒരു തുറമുഖ പദ്ധതിയുടെ ബീജാവാപം നടത്തിയത് അന്നത്തെ ദിവാൻ സർ സി.പി. രാമസ്വാമി ആയിരുന്നു. ചില ബ്രിട്ടീഷ് മറൈൻ എൻജിനീയർമാർ ഉന്നയിച്ച കാതലായ സംശയങ്ങളാൽ അതു നീണ്ടുപോയി. സി.പി പലായനം ചെയ്തതോടെ പദ്ധതിയും വിസ്മൃതിയിലാണ്ടു. 1981ൽ മുൻ മുഖ്യമന്ത്രി കെ. കരുണാകരൻ നേമത്ത് സ്ഥാനാർഥിയായി നിന്നപ്പോൾ വിഴിഞ്ഞം തുറമുഖ-ആശയം വീണ്ടും ഉണർന്നു വന്നു. തദ്ദേശവാസികൾക്ക് അദ്ദേഹം ആധുനിക മത്സ്യബന്ധന തുറമുഖവും അന്താരാഷ്ട്ര നിലവാരത്തിലുള്ള കയറ്റിറക്ക് തുറമുഖവും വാഗ്ദാനം ചെയ്തു.

1986ൽ കരുണാകരൻ ഇതു സംബന്ധിച്ച്​ പഠിക്കാനാവശ്യപ്പെട്ടു. അന്നത്തെ പോർട്ട് ട്രസ്റ്റ് ചെയർമാനാൻ ഡോ. ബാബു പോളിനോടും കൊച്ചിൻഷിപ്‍യാർഡ്​ സി.എം.ഡി ആയിരുന്ന ജയചന്ദ്രനോടും പ്രധാന കേന്ദ്ര-സംസ്ഥാന ഉദ്യോഗസ്ഥരോടും എല്ലാ സഹായസഹകരണങ്ങളും നൽകാനും ലീഡർ നിർദേശിച്ചു.

ശാസ്ത്ര, സാമ്പത്തിക വിദഗ്ധരുടെ വിശദ പഠനത്തിൽ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി കേരളത്തിനും ഇന്ത്യക്കും ദോഷകരമായി ഭവിക്കും എന്ന് കണ്ടെത്തി. കേരളത്തിന്റെ പ്രധാന തൊഴിൽദാന സംവിധാനങ്ങളായ മത്സ്യബന്ധന-അനുബന്ധ വ്യവസായങ്ങളെയും ഏകദേശം 30 ലക്ഷം ആളുകളെയും അത് പ്രതികൂലമായി ബാധിക്കും. കേരളത്തിന്റെ രണ്ടാമത്തെ വലിയ വ്യവസായമായ ടൂറിസവും അനുബന്ധന വ്യവസായങ്ങളായ ബീച്ച് റിസോർട്ട്സ്, ഹോട്ടൽ വ്യവസായങ്ങൾ എന്നിവയും തീരശോഷണം വഴി ഇല്ലാതാകും എന്നൊക്കെയായിരുന്നു യു.എൻ.ഇ.പിയുടെ ബ്രേക് വാട്ടർ പഠനറിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലെ കണ്ടെത്തലുകൾ. വിഴിഞ്ഞം പ്രദേശം വളരെ കട്ടിയുള്ള 'പാറ സ്ലേറ്റുകൾ' ഉള്ള സ്ഥലമാകയാൽ ഡ്രഡ്ജിങ് മറൈൻ ആവാസ വ്യവസ്ഥയെ ഇല്ലാതാക്കുമെന്നും വിഴിഞ്ഞത്തുനിന്ന് എട്ടു മൈൽ മാത്രം മാറിയുള്ള പ്രത്യേക പ്രതിഭാസമായ വെഡ്ജ് ബാങ്കിനെ ഇത് ദോഷകരമായി ബാധിച്ച് കേരളത്തിന്റെ മത്സ്യസമ്പത്തുതന്നെ നശിക്കും എന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. അതിൻ പ്രകാരം കെ. കരുണാകരൻ സംബന്ധിച്ച, കൊച്ചിൻ പോർട്ട് ട്രസ്റ്റിൽ നടന്ന യോഗത്തിൽ ബാബുപോൾ ഐ.എ.എസിന്റെയും നിരവധി ശാസ്ത്രജ്ഞരുടെയും സാന്നിധ്യത്തിൽ വിഴിഞ്ഞം തുറമുഖ പദ്ധതി മരവിപ്പിക്കാനും വിഴിഞ്ഞത്ത് അറുപതുകളിൽ ആരംഭിച്ച് എൺപതുകളിൽ നവീകരണം തുടങ്ങിയ ഫിഷിങ് ഹാർബർ പദ്ധതി നവീകരിച്ച് നടപ്പാക്കാനും തീരുമാനിച്ചു.

എന്താണ് വെഡ്ജ് ബാങ്ക്?

ഫിഷറീസ് സർവേ ഓഫ് ഇന്ത്യയുടെ രേഖകൾ പ്രകാരം ഏകദേശം 4,000 ചതുരശ്ര മൈൽ അറേബ്യൻ സമുദ്രത്തിൽ വ്യാപിച്ചു കിടക്കുന്ന കടൽ പ്ര​ദേശമാണിത്​. 120 മീറ്റർ മുതൽ 140 മീറ്റർ വരെ ആഴത്തിൽ ഇരുണ്ട നീലനിറത്തിലുള്ള ഈ കടൽപ്രദേശം 200 ൽപരം മത്സ്യങ്ങൾ, അപൂർവയിനം അലങ്കാര മത്സ്യങ്ങൾ, അപൂർവ ഇനം ആമകൾ തുടങ്ങി വൈവിധ്യമാർന്ന സമുദ്ര ജീവജാലങ്ങളുടെ അത്ഭുത കലവറയാണ്​. വിഴിഞ്ഞം തുറമുഖത്തിന്റെ കപ്പൽച്ചാലിനായി നടത്തുന്ന ഏതൊരു ഡ്രഡ്ജിങ്ങും മത്സ്യ ആവാസ വ്യവസ്ഥക്ക് അതിഗുരുതരമായ ക്ഷതം ഉണ്ടാക്കും. അടിത്തട്ട് കോരലും പുലിമുട്ട് നിർമാണവും ഇത് കടലിന്റെ സ്വാഭാവിക സന്തുലനാവസ്ഥയെ തകിടംമറിക്കും. സമുദ്ര ശാസ്ത്രപഠനത്തിൽ ഈ ആവാസ വ്യവസ്ഥ തകരുകയും തീരശോഷണം ഒരു വശത്തും തീരംവെക്കൽ എതിർഭാഗത്തും ഉണ്ടാവുകയും ചെയ്യും എന്നു കണ്ടെത്തി. ഈ പദ്ധതിക്ക് തുടക്കമിട്ടപ്പോൾ പുലിമുട്ടിൽ ഇരുവശത്തും സംഭവിച്ച ഗുരുതര മാറ്റങ്ങൾ ഇതു ശരിയായിരുന്നു എന്നു തെളിയിക്കുന്നു.

ഉമ്മൻ ചാണ്ടി മ​ന്ത്രിസഭ വന്ന​പ്പോൾ തുറമുഖ മന്ത്രി കെ. ബാബു പ്രത്യേക താൽപര്യമെടുത്താണ്​ പദ്ധതിക്ക് പുതുജീവൻ നൽകിയത്. തട്ടിക്കൂട്ട് പഠനം നടത്തി ധിറുതിപിടിച്ച ഏകകക്ഷി ടെൻഡറിലേക്ക്​ എത്തുകയായിരുന്നു അന്ന്​. ശരിയായ ശാസ്ത്രീയ പഠനങ്ങളോ സാമ്പത്തിക, വിശകലനങ്ങളോ ഉണ്ടായിട്ടില്ല എന്ന് 'AECOM' എന്ന കൺസൾട്ടിങ് എൻജിനീയറിങ് കമ്പനിയുടെ പ്രോാജക്ട് റിപ്പോർട്ടിൽ തന്നെ ചൂണ്ടിക്കാണിക്കുന്നു. ഇത്ര ബൃഹത്തായ പദ്ധതി, ഗുരുതരമായ ശാസ്ത്രസത്യങ്ങൾ നിലനിൽക്കേ കാര്യക്ഷമമായ ഒരു പഠനവും കൂടാതെ മു​ന്നോട്ടുപോയതിൽ അന്ന് പ്രതിപക്ഷത്തായിരുന്ന എൽ.ഡി.എഫിന് കടുത്ത പ്രതിഷേധമുണ്ടായിരുന്നു. എന്നാൽ, ഭരണത്തിലേറിയതോടെ അവർ അദാനിക്കുവേണ്ടി വാശിപിടിക്കാനാരംഭിച്ചു.

സമരസമിതിയുടെ ആവശ്യങ്ങൾ

തുറമുഖ പദ്ധതി തുടങ്ങുന്നതിന് മുമ്പ് അതിനെതിരെ സമരം നടന്നിരുന്നു. എന്നാൽ, പണം ഇറക്കി ചില സമുദായാംഗങ്ങളെയും മറ്റു മത്സ്യത്തൊഴിലാളികളിൽ ചിലരെയും വിലക്കു വാങ്ങിയെന്നു സംശയിക്കാവുന്ന തരത്തിൽ കാര്യങ്ങൾ നീങ്ങുന്നതാണ് പിന്നീട് കണ്ടത്. മത്സ്യബന്ധനത്തിന് പദ്ധതി മൂലം തടസ്സമൊന്നുമുണ്ടാകില്ല എന്ന് സർക്കാർ ആർച്ച് ബിഷപ്പിന് വാക്കു കൊടുത്തു. പദ്ധതിമൂലം സ്ഥലവും വീടും നഷ്ടപ്പെടുന്നവരെ പുനരധിവസിപ്പിക്കുമെന്നും വാഗ്ദാനമുണ്ടായി. ഇതെല്ലാം തെറ്റിദ്ധരിപ്പിക്കലായിരുന്നു എന്ന് പദ്ധതിയുടെ നിർമാണ തുടക്കത്തോടെ മനസ്സിലായി. തുടർന്നാണ്​ 2021 ജനുവരിയിൽ മത്സ്യത്തൊഴിലാളികൾ സമരത്തിനിറങ്ങിയത്​. ഇത്​ പുനരധിവാസത്തിനോ നഷ്ടപരിഹാരത്തിനോ വേണ്ടിയുള്ള സമരമല്ല, മത്സ്യത്തൊഴിലാളികളുടെ അതിജീവനപ്പോരാട്ടമാണ്​.

എന്താണ് പ്രധാന ആവശ്യങ്ങൾ?

'കടൽ കടലിൻ മക്കൾക്ക്' എന്ന ആവശ്യം നിറവേറ്റാൻ പാർലമെന്റിൽ നിയമം കൊണ്ടുവരുക, തുറമുഖ നിർമാണം നിർത്തിവെച്ച് സമരമുന്നണിയിലെ മൂന്നു പ്രതിനിധികളും വിദഗ്ധരും ഉൾ​പ്പെടുന്ന സമിതിയെവെച്ച് ശാസ്ത്രീയ പഠനം നടത്തുക, സമ്പൂർണ നഷ്ടപരിഹാരവും പുനരധിവാസവും നടപ്പാക്കുക, മണ്ണെണ്ണ സബ്സിഡി തമിഴ്നാടിന് തുല്യമാക്കുക, സാമ്പത്തിക സഹായങ്ങൾക്കുള്ള പ്രത്യേക പാക്കേജ് ട്രോളിങ് കാല റേഷൻ ഉൾപ്പെടെ നടപ്പാക്കുക, പരമ്പരാഗത മത്സ്യ ബന്ധനത്തിനുള്ള സാഹചര്യങ്ങൾ തടസ്സപ്പെടാതിരിക്കുക, മത്സ്യ​ത്തൊഴിലാളി ക്ഷേമ പെൻഷൻ, ഇൻഷുറൻസ്, കുട്ടികൾക്ക് പഠിക്കാനുള്ള സാമ്പത്തിക സഹായങ്ങൾ, പലിശയില്ലാ ലോണുകൾ ഉൾപ്പെടെ നടപ്പാക്കുക, മത്സ്യത്തൊഴിലാളികളുടെ മത്സ്യവുമായി ബന്ധപ്പെട്ട വ്യവസായങ്ങൾക്ക് പ്രത്യേക മുൻഗണന നൽകുക, പരമ്പരാഗത മത്സ്യബന്ധന മേഖലകളിൽ ട്രോളറുകൾ നുഴഞ്ഞുകയറാതിരിക്കുക, ട്രോളർ വാങ്ങുന്ന മത്സ്യത്തൊഴിലാളി സംഘടനങ്ങൾക്ക് വായ്പ അനുവദിക്കുക, ഫിഷിങ് ഹാർബർ നവീകരിച്ച് ഉപയോഗയോഗ്യമാക്കുക തുടങ്ങിയവയാണ്​ സമരക്കാരുടെ ആവശ്യങ്ങൾ.

തുറമുഖ നിർമാണം കൊണ്ടും പുലിമുട്ട് നിർമാണംകൊണ്ടും പ്രകൃതി വൈരൂപ്യമോ മത്സ്യ​ശോഷണമോ മത്സ്യ ഹാർബർ ഉപയോഗത്തിന് തടസ്സമോ വരില്ല എന്നാണ് മത്സ്യ തൊഴിലാളികളുടെ ആശങ്കയിലുള്ള ഗവൺമെന്റിന്റെ മറുപടിയും ഉറപ്പും. എന്നാൽ, പുലിമുട്ടിന്റെ മൂന്നിലൊരു ഭാഗം തീർന്നപ്പോഴേക്കും ആർച്ച് ബിഷപ്പും മത്സ്യത്തൊഴിലാളികളും ചൂണ്ടിക്കാണിച്ചതുപോലെ അതിരൂക്ഷ പാരിസ്ഥിതികാഘാതങ്ങൾ സമുദ്രത്തിലും തീരത്തും ഉണ്ടായി. വിഴിഞ്ഞം ഫിഷിങ് ഹാർബർ ഉപയോഗശൂന്യമായി. മത്സ്യത്തൊഴിലാളികൾക്ക് അവരുടെ പരമ്പരാഗത മത്സ്യബന്ധനത്തിന് വള്ളം ഇറക്കുന്നതിനോ വലകെട്ടുന്നതി​നോ മീൻ ഉണക്കുന്നതിനോ കഴിയാത്ത സാഹചര്യവും വന്നു. മത്സ്യ ലഭ്യത വളരെ കുറഞ്ഞതിനാൽ വിഴിഞ്ഞം, വലിയ തുറ, ചെറിയ തുറ, ബീമാ പള്ളി, കോവളം, ശംഖുമുഖം തുടങ്ങിയ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികൾ കടക്കെണിയിലായി. മത്സ്യബന്ധനത്തിൽ വൻ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. ചെറുമീനുകളായ ചൂര, മുള്ളൻ, അറിഞ്ഞിൽ എന്നിവ ഇല്ലാതാവുകയും ചാള, അയല, ചെമ്മീൻ, ചെമ്പാൻ തുടങ്ങിയവരുടെ ലഭ്യത കുറയുകയും ചെയ്തു. ഇതിനു കാരണം വിഴിഞ്ഞം തീരത്തോടു ചേർന്ന 'പാറ അടുക്കു'കളുടെ നശീകരണവും കപ്പൽചാൽ 20 മീറ്റർ വരെ താഴ്ത്തി എടുക്കാൻ ഡ്രഡ്ജിങ് നടത്തിയതുമാണെന്ന് മറൈൻ എൻജിനീയറിങ്ങിൽ ചെറിയൊരു ബോധമുള്ള ആർക്കും ബോധ്യമാകും.

ഇന്ത്യയിലേക്കുള്ള ട്രാൻഷിപ്പ്മെന്റ് കൺട്രയിനറുകളും കൊളംബോ തുറമുഖം വഴിയാണെന്നും അതിനെ വിഴിഞ്ഞത്തേക്ക് തിരിച്ചുവിടാനായാൽ വലിയ നേട്ടമാകുമെന്നുമാണ്​ പദ്ധതി വക്താക്കളുടെ വാദം. അതിന് കൊച്ചിതുറമുഖത്തിലെ വെസ്സൽ ഫീ നിരക്കിൽ 35 ശതമാനം കുറവുവരുത്തിയാൽ വിഴിഞ്ഞത്ത്​ കണ്ടെയ്നർ കപ്പലുകൾ വരും എന്നും 166 കപ്പലോളം 2056 ആകുമ്പോ​ഴേക്കും കൊണ്ടുവരാൻ സാധിക്കുമെന്നും പറയുന്നു. ഇതിനായി 'കബോട്ടാഷ്​' നിയമത്തിൽ ഇളവുവരുത്തണം എന്നും പറയുന്നു.

എന്നാൽ, ഈ മൂന്ന് നിയമ ഇളവുകൾ കൊണ്ടുമാത്രം കണ്ടെയ്നർ ഷിപ്പുകളെ വിഴിഞ്ഞത്തേക്ക് ആകർഷിക്കാൻ കഴിയില്ല. കാരണം, ഇന്ന് കൊളംബോ, സിങ്കപ്പൂർ, ദുബൈ (ജബൽ അലി), സലാല (ഒമാൻ) അത്യാധുനിക പോർട്ടുകൾ നൽകുന്ന വെസ്സൽ ഫീസിനോ കണ്ടെയ്നർ ചാർജിനോ അടു​ത്തെത്താൻ വിഴിഞ്ഞത്തിന് കഴിയില്ല. എന്നു മാത്രമല്ല, കബോട്ടാഷ്​ ഇനത്തിൽ ഇന്ത്യൻ ഷിപ്പിങ് കമ്പനികൾക്ക് റിട്ടേൺ കാർഗോ വിദേശ കമ്പനികൾ കൊണ്ടുപോകുന്നതിനാൽ ഉണ്ടാകുന്ന നഷ്ടം കൂടുതലും ആകും. പിന്നെ പറയുന്നത് സ്​പെഷൽ ഇക്കണോമിക്​ സോൺ ആക്കണം എന്നാണ്. അങ്ങനെ അതിന്റെ ലാഭം എടുക്കണമെങ്കിൽ അത്ര അധികം ഇൻഫ്രാസ്​ട്രക്ചർ കമ്പനികളും മാനുഫാക്ചറിങ് കമ്പനികളും ഈ തുറമുഖ പ്രദേശത്തോ അതിനടുത്തോ വരണം. അതിനുള്ള സാധ്യത ഇന്ന് തുലോം പരിമിതമാണ്. അങ്ങനെ ഒരു തരത്തിലും ലാഭകരമാക്കാൻ പറ്റാത്ത തുറമുഖ പദ്ധതിയാണ്​ വിഴിഞ്ഞം. ഈ ​വലിയ ചെലവും സമുദ്രാടിത്തട്ടിലും തീരത്തും ഉണ്ടാക്കാവുന്ന വലിയ പാരിസ്ഥിതിക ആഘാതങ്ങളും ശരിയാവിധത്തിൽ പഠന വിഷയമാക്കിയില്ല എന്ന് AECOM തന്നെ കുറ്റസമ്മതം നടത്തുന്നുണ്ട്​ എന്നതാണ്​ വാസ്തവം.

പദ്ധതി ലാഭകരമാവില്ലെന്ന് VISIL ഉം

2010 ൽ വിഴിഞ്ഞം ഇൻറർനാഷനൽ സീപോർട്ട്​ ലിമിറ്റഡ്​ (VISIL) സമർപ്പിച്ച റിപ്പോർട്ടിൽ കാര്യമായ ഇളവുകൾ കൊടുത്തില്ല എങ്കിൽ 70 ശതമാനം കണ്ടെയ്നർ ട്രാൻഷിപ്പ്മെന്റിലൂടെ കണക്കാക്കുന്ന കണ്ടെയ്നർ ട്രാഫിക്ക് കൊണ്ട് തുറമുഖം ലാഭകരമാക്കാൻ ബുദ്ധിമുട്ടാകുമെന്ന് അതി​െൻറ സി.ഇ.ഒ സുരേഷ് കുമാർ തന്നെ സമ്മതിച്ചിരുന്നു. അങ്ങനെയിരിക്കെ മൂന്നാം ഘട്ടമാകുമ്പോഴേക്ക് 14,000 ത്തിൽ പരം കോടി രൂപ ചെലവ് വരുന്ന ഈ പദ്ധതി കേരള​ത്തെ കടക്കെണിയിൽ മുക്കിക്കൊല്ലും എന്നതിന് ഒരു സംശയവും വേണ്ട.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vizhinjam strike
News Summary - Vizhinjam struggle for survival
Next Story