Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightപാളം തെറ്റിയത്​...

പാളം തെറ്റിയത്​ നിയമവാഴ്​ചക്ക്​; പഴി മുസ്​ലിംകൾക്ക്​

text_fields
bookmark_border
പാളം തെറ്റിയത്​ നിയമവാഴ്​ചക്ക്​; പഴി മുസ്​ലിംകൾക്ക്​
cancel
camera_alt

ഉത്തരകാശിയിലെ പുരോലയിൽ ഭീഷണിയെത്തുടർന്ന് അടച്ചിട്ടിരിക്കുന്ന വ്യാപാര

സ്ഥാപനങ്ങൾ ​േഫാട്ടോ: സഫർ ആഫാഖ്

ഒരു തീവണ്ടി അപകടംപോലും മുസ്‍ലിം ജനസമൂഹത്തെ പൈശാചികവത്​കരിക്കാനുള്ള അവസരമാക്കി മാറ്റുന്ന രീതി മറ്റൊരു നാട്ടിലുമുണ്ടാവില്ല. 280ലേറെപ്പേരുടെ ജീവനെടുത്ത ഒഡിഷ ബാലസോറിലെ തീവണ്ടി ദുരന്തം സംഭവിച്ച്​ അൽപ സമയത്തിനുള്ളിൽ അതി​ന്റെ പഴി മുസ്​ലിംകളുടെ മേൽ ചാർത്തിക്കൊണ്ട്​ സമൂഹമാധ്യമ പ്ലാറ്റ്​ഫോമുകളിലും വാട്ട്​സ്​ആപ്​ ഗ്രൂപ്പുകളിലും പോസ്​റ്റുകൾ പ്രവഹിക്കാൻ തുടങ്ങി.

മൂന്ന്​ വണ്ടികൾ കൂട്ടിയിടിച്ചത്​ വെള്ളിയാഴ്​ച ദിവസമായത്​ യാദൃച്ഛികമാണോ എന്ന ചോദ്യം കൊണ്ട്​ മതിയാവാതെ സ്​റ്റേഷൻ മാസ്​റ്റർ മുസൽമാനാണെന്ന കള്ളവും പടക്കപ്പെട്ടു. അപകടം നടന്ന ട്രാക്കിനരികിലെ ദേവാലയത്തി​ന്റെ ചിത്രം മസ്​ജിദ്​ എന്ന പേരിൽ പ്രചരിപ്പിച്ചത്​ അതിലുമേറെ ദുഷ്​ടലാക്കോടെയാണ്​​. ആ നുണ അതിവേഗം പൊളിച്ചടുക്കപ്പെട്ടു. അതൊരു ക്ഷേത്രമായിരുന്നു. യഥാർഥത്തിൽ അതൊരു മസ്​ജിദ്​ ആയിരുന്നുവെങ്കിൽ ഒരടിസ്ഥാനവുമില്ലാത്ത ഈ ഗൂഢാലോചന സിദ്ധാന്തത്തിന് എത്രമാത്രം ചിറകുവെച്ചേനെ.

അപകടം സി.ബി.ഐ അന്വേഷിക്കാൻ റെയിൽവേ മന്ത്രി ഉത്തരവിട്ടു. ഈ സംഭവത്തിൽ, കേസ് സി.ബി.ഐ.ക്ക് കൈമാറിയത് ഇത്തരം സാഹചര്യങ്ങളിൽ നടത്താറുള്ള സാധാരണ പ്രക്രിയയെ -സുരക്ഷ കമീഷണറുടെ അന്വേഷണത്തെ മറികടന്നാണ്​. അതുകൊണ്ടെന്തുണ്ടായി​? സർക്കാറിനുനേരെ അസുഖകരമായ ചോദ്യങ്ങൾ ഉയർന്നേക്കാവുന്ന സുരക്ഷാ പിഴവുകളിൽനിന്ന്​ ശ്രദ്ധ മാറ്റപ്പെട്ടു. പകരം, അപകടം സംബന്ധിച്ച അന്വേഷണം ഒരു ക്രിമിനൽ ഗൂഢാലോചന സിദ്ധാന്തത്തെയാവും സജീവമാക്കുക.

കേട്ടിട്ടുണ്ടോ രാസവള ജിഹാദ്​ ?

അപകടത്തിന് തൊട്ടുപിന്നാലെ, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ, കൃഷിയിൽ രാസവളങ്ങൾ ഉപയോഗിക്കുന്നത് നിരുത്സാഹപ്പെടുത്താൻ ഒരു പ്രസംഗം നടത്തി- രാസവള ജിഹാദ്​ അനുവദിക്കില്ല എന്നായിരുന്നു അതി​ന്റെ കാതൽ. മുഖ്യമന്ത്രി ഉദ്ദേശിച്ചത്​ സംസ്​ഥാനത്ത്​ കൃഷി മുഖ്യ ഉപജീവനമായി കൊണ്ടുനടക്കുന്ന ബംഗാളി മുസ്​ലിംകളെയാണ്​. അവർ രാസവളങ്ങൾ ഉപയോഗിച്ച്​ കൃഷിഭൂമി നാശമാക്കുന്നുവെന്ന്​ ആരോപിക്കുകവഴി ഭൂമി പിടിച്ചെടുത്ത്​ അവരെ കുടിയിറക്കുക എന്ന താൻ കുറച്ചു വർഷമായി മുന്നോട്ടുവെക്കുന്ന ആശയത്തിന്​ പുതിയ ഒരു ന്യായീകരണം ചമക്കുകയായിരുന്നു ശർമ.

താൻ താരപ്രചാരകനായിരുന്ന കർണാടകയിൽ ബി.ജെ.പി തോറ്റമ്പിയതി​ന്റെ ക്ഷീണത്തിൽനിന്ന്​ മുക്തിപ്രാപിച്ചു വരുന്നതേയുള്ളൂ അദ്ദേഹം. ശർമയും മറ്റ്​ ബി.ജെ.പി നേതാക്കളും ചേർന്ന്​ ആ ഇലക്​ഷൻ പ്രചാരണത്തെ തികഞ്ഞ മുസ്​ലിം വിരുദ്ധ പ്രചാരണയുദ്ധമാക്കി മാറ്റിയിരുന്നു. അസമിൽ നൂറുകണക്കിന്​ മദ്​റസകൾ അടച്ചുപൂട്ടിച്ചെന്നും സമ്പൂർണമായി അടച്ചുപൂട്ടൽ ഉറപ്പാക്കുമെന്നും പറഞ്ഞ ശർമ മുസ്​ലിംകൾ ബഹുഭാര്യത്വം പുലർത്തുന്നുവെന്നും കുടുംബാസൂത്രണത്തിന്​ എതിരു നിൽക്കുന്നുവെന്നുമെല്ലാം പ്രസംഗിച്ചു. ബഹുഭാര്യത്വക്കണക്ക്​ പരിശോധിച്ചാൽ ഇന്ത്യയിലെ മുസ്​ലിംകളും ഹിന്ദുക്കളും ഏതാണ്ട്​ സമാസമമാണ്​. മുസ്‍ലിം ജനന നിരക്ക്​ കഴിഞ്ഞ കുറച്ച്​ ശതകങ്ങളായി വളരെ കുറഞ്ഞുവരുകയാണ്​. പക്ഷേ ഒരു ന്യൂനപക്ഷ മതവിഭാഗത്തിനെതിരെ സംഘടിത നുണപ്രചാരണം നടത്തുന്നതിനിടയിൽ വസ്​തുതകൾക്ക്​ എന്ത്​ പ്രസക്തി.

പ്രത്യക്ഷപ്പെടുന്ന നാസി ചിഹ്നങ്ങൾ

ഉത്തരാഖണ്ഡിലാണെങ്കിൽ പുറത്തുനിന്നു വരുന്ന സകല ആളുകളുടെയും പശ്ചാത്തലം പരിശോധിക്കുമെന്ന്​ പ്രഖ്യാപിക്കുന്നു ബി.ജെ.പി മുഖ്യമ​ന്ത്രി. പ്രായപൂർത്തിയാവാത്ത ഒരു ഹിന്ദു പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന കേസിൽ ഒരു മുസ്‍ലിം യുവാവ്​ അറസ്​റ്റിലായതിനു പിന്നാലെയായിരുന്നു ഈ പ്രഖ്യാപനം. മുസ്‍ലിംകൾ കച്ചവടം മതിയാക്കി നാടുവിട്ട്​ പോകണമെന്നാവശ്യപ്പെടുന്ന പോസ്​റ്ററുകൾ പല പട്ടണങ്ങളിലും പ്രത്യക്ഷപ്പെട്ടിരിക്കുന്നു. നാസി ജർമനിയിൽ യഹൂദരുടെ സ്​ഥാപങ്ങളെ ഉന്നമിട്ട്​ ചെയ്​തിരുന്നതുപോലെ ചിലയിടങ്ങളിൽ മുസ്​ലിംകളുടെ കച്ചവടസ്​ഥാപനങ്ങൾക്കു മുന്നിൽ ഗുണന ചിഹ്​നങ്ങൾ ഇട്ടുവെച്ചിരിക്കുന്നു. മുസ്‍ലിംകളുടെ ഒഴിഞ്ഞുപോക്ക്​ ആവശ്യപ്പെട്ട്​ റാലികൾ നടന്നു, പലയിടത്തും അവർ ഒഴിഞ്ഞുപോക്കും തുടങ്ങി. ആരാധനാലയങ്ങളുടെ മറവിൽ മുസ്​ലിംകൾ ഭൂമി പിടി​ച്ചെടുക്കുന്നു എന്നുൾപ്പെടെ മുഖ്യമന്ത്രിയും പാർട്ടിയും പടച്ചുവിട്ട ലാൻഡ്​ ജിഹാദ്​, മസാർ ജിഹാദ്​ തുടങ്ങിയ നുണക്കഥകളുടെ തുടർച്ചയാണീ സംഭവവികാസങ്ങൾ.

അക്രമം ഔറംഗസീബി​ന്റെ പേരിൽ

മുഗൾ ചക്രവർത്തിയായിരുന്ന ഔറംഗസീബിനെയും മൈസൂർ ഭരണാധികാരിയായിരുന്ന ടിപ്പുവിനെയും സമൂഹമാധ്യമങ്ങളിലും ഒരു റാലിയിലും മഹത്വവത്​കരിച്ചു എന്നതി​ന്റെ പേരിലാണ്​ മഹാരാഷ്​ട്രയിൽ മുസ്‍ലിംകൾക്കെതിരെ അതിക്രമങ്ങൾ പൊട്ടിപ്പുറപ്പെട്ടത്​.

സങ്കീർണവും സൂക്ഷ്​മവുമായ പൈതൃകങ്ങളാണുള്ളതെന്ന്​ ചരിത്രം ചൂണ്ടിക്കാണിക്കു​മ്പോഴും നൂറ്റാണ്ടുകൾക്ക്​ മുമ്പ്​ മരിച്ചുപോയ ഈ ഭരണാധികാരികൾ ഹിന്ദുക്കൾക്കുനേരെ അതിക്രമങ്ങൾ നടത്തിയവരാണെന്ന്​ നിരന്തരം പ്രചരിപ്പിക്കുന്നു ബി.ജെ.പി.യും അവരുടെ തീവ്ര വലതുപക്ഷ സഖ്യകക്ഷികളും.

ആക്രമികളെ അമർച്ചചെയ്യാനും മുസ്‍ലിംകൾക്ക്​ സുരക്ഷ ഉറപ്പാക്കാനും നടപടി സ്വീകരിക്കുന്നതിന്​ പകരം ഔറംഗസീബി​ന്റെ പിന്മുറക്കാർക്ക്​ സംസ്​ഥാനത്ത്​ ഇടമില്ലെന്ന പ്രഖ്യാപനവുമായി അതിക്രമകാരികളെ ന്യായീകരിക്കുന്നു ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്​നാവിസ്​. ഔറംഗസീബി​നെ പുകഴ്​ത്തുന്ന ഒരു സമൂഹമാധ്യമ പോസ്റ്റ്​ എങ്ങനെയാണ്​ ഒരു ക്രിമിനൽ കുറ്റമായി മാറുന്നുവെന്ന്​ പുറത്തുനിന്നുള്ള ഒരാൾക്ക്​ മനസ്സിലാവാൻ ​ബുദ്ധിമുട്ടായിരിക്കും. എന്നാൽ, ഇന്ത്യയിൽ ഇതെല്ലാമിപ്പോൾ തികച്ചും സാധാരണ സംഗതികളായിത്തീർന്നിരിക്കുന്നു.

മാധ്യമങ്ങൾ എന്തെടുക്കുന്നു?

ഒഡിഷയിലെ ട്രെയിൻ അപകടം പോലുള്ള ദുരന്തങ്ങൾ സാധാരണക്കാരായ മുസ്‍ലിംകളുടെയും ഹിന്ദുക്കളുടെയും ജീവൻ ഒരുപോലെ കവർന്നെടുത്തിരിക്കുന്നു. എന്നാൽ, സംഘടിതമായ ദുഃഖാചരണം പോലും അസാധ്യമാക്കുംവിധത്തിലെ വെറുപ്പി​ന്റെ കാലാവസ്​ഥയാണ്​ ഇവിടെ സൃഷ്​ടിക്കപ്പെട്ടിരിക്കുന്നത്​. നരേന്ദ്ര മോദി ഭരണകൂടം റെയിൽവേയിൽ വിപ്ലവാത്​മകമായ പരിവർത്തനം നടത്തി എന്നവകാശപ്പെട്ട ശേഷവും ഇ​തുപോലൊരപകടം എങ്ങനെ സംഭവിച്ചു എന്നു ചോദിക്കു​മ്പോൾ കെട്ടഴിച്ചുവിടപ്പെട്ട ഇസ്​ലാം വിരുദ്ധത കൊണ്ടുള്ള മറുപടിയാണ്​ ലഭിക്കുന്നത്​.

ഇതൊന്നും യാദൃച്ഛികമല്ല. അപകടത്തി​ന്റെ സകലമാന ഉത്തരവാദിത്തങ്ങളിൽനിന്നും പ്രധാനമന്ത്രിയേയും അദ്ദേഹത്തി​ന്റെ സർക്കാറിനെയും ഒഴിവാക്കി നിർത്തുകയാണ്​ ഇതിനു പി​ന്നിലെ ലക്ഷ്യം. റെയിൽവേ സുരക്ഷക്ക്​ വകയിരുത്തിയ പണം അതിനുപയോഗിക്കാതെ മറ്റാവശ്യങ്ങൾക്കാണ്​ മോദി സർക്കാർ വിനിയോഗിച്ചതെന്ന്​ ഓഡിറ്റ്​ റിപ്പോർട്ടുകൾ സാക്ഷ്യപ്പെടുത്തുന്നു. സുരക്ഷ ഉറപ്പാക്കുക എന്ന സുപ്രധാന വിഷയം അവഗണിച്ചുകൊണ്ട്​ പുതിയ ട്രെയിനുകൾ കൊടിവീശി ഉദ്​ഘാടനം ചെയ്യുന്ന തിരക്കിലായിരുന്നു പ്രധാനമന്ത്രി. ചോദ്യങ്ങൾ ചോദിക്കാൻ ഉത്തരവാദപ്പെട്ട മാധ്യമങ്ങളാവ​ട്ടെ ഓൺലൈൻ ഗെയിമുകൾവഴി മുസ്‍ലിംകൾ മതംമാറ്റുന്നുവെന്നാരോപിച്ച്​ ഗെയിമിങ്​ ജിഹാദിനെപ്പറ്റി ചർച്ചചെയ്യുന്ന തിരക്കിലും.

ചോദ്യം ചെയ്യപ്പെടാൻ പാടില്ലാത്ത, തെറ്റുപറ്റാത്ത, വലിയ ദുരന്തങ്ങൾ സംഭവിക്കുമ്പോഴെല്ലാം ജനങ്ങളെ നിഷേധാത്മക അവസ്ഥയിലേക്ക് നയിക്കുന്നതിൽ വിദഗ്‌ധനായ പ്രധാനമന്ത്രിക്ക്​ കീഴിൽ ഇതെല്ലാം ഇന്ത്യയിൽ സാധ്യമാണ്​.

പ്രധാനമന്ത്രിയുടെ എല്ലാ നീക്കങ്ങളെയും ശരിവെക്കുന്നതിനിടയിൽ സർക്കാറിനോട്​ ചോദ്യങ്ങൾ ചോദിക്കാനുള്ള അവകാശം ജനങ്ങൾ മറക്കുന്നുവെന്ന് ഉറപ്പാക്കാനും സഹായിക്കുന്ന മാധ്യമങ്ങൾ മുസ്‍ലിംകൾക്കെതിരായ അതിക്രമങ്ങൾക്ക്​ പ്രേരണയുമേകുന്നു.

ട്രെയിൻ അപകടശേഷം ലോകമൊട്ടുക്കുനിന്ന്​ രാജ്യത്തിന്​ ലഭിച്ച ഐക്യദാർഢ്യ സന്ദേശങ്ങൾപോലും അടിസ്ഥാന മാനവികതയായല്ല, രാജ്യത്തിന്റെ പ്രസക്തിയെ അംഗീകരിക്കാൻ ആഗോള സമൂഹത്തെ നിർബന്ധിതമാക്കിയ സർക്കാറി​ന്റെ നേട്ടം ​എന്ന മട്ടിലാണ്​ ചിത്രീകരിക്കുന്നത്.

ഇതെല്ലാം നടക്കു​മ്പോൾ ഉമർ ഖാലിദ്​, ശർജീൽ ഇമാം, ഖാലിദ്​ സൈഫി, ഗുൽഫിഷ ഫാത്തിമ തുടങ്ങിയ യുവ മുസ്‍ലിം ആക്​ടിവിസ്​റ്റുകളും പണ്ഡിതരും ജയിലിലാണ്​. അവരുടെ ജാ​മ്യാപേക്ഷകൾ നിരന്തരമായി നിരസിക്കപ്പെടുന്നു. സർക്കാർ മുന്നോട്ടുവെച്ച വിവേചനം നിറഞ്ഞ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമാധാനപൂർണമായ പ്രതിഷേധം നടത്തിയെന്നതാണ്​ അവർ ചെയ്​ത കുറ്റം.

ഈ കുറിപ്പ്​ എഴുതിക്കൊണ്ടിരിക്കെ ലഭിച്ചൊരു സന്ദേശം സമാധാന പ്രവർത്തകനും സമുദായ നേതാവുമായ ജാവേദ്​ മുഹമ്മദ്​ യു.പിയിലെ ജയിലിൽ ഒരു വർഷം പിന്നിട്ട കാര്യം ഓർമപ്പെടുത്തുന്നു. ഈ അറസ്റ്റുകളും ഭരണകക്ഷിയുടെ ഉന്നത നേതാക്കൾ നടത്തുന്ന ഇസ്‍ലാമോഫോബിക് പ്രചാരണങ്ങളും ട്രെയിൻ അപകടവും തമ്മിലെ ബന്ധത്തിലേക്കാണ് എന്നെക്കൊണ്ടെത്തിക്കുന്നത്. പരുപരുത്തതാണെങ്കിലും ഒരു പരമ സത്യം ഞാൻ പറയ​ട്ടേ: സമകാലിക ഇന്ത്യയിൽ നീതിനടപ്പാക്കാനുള്ള ഉപകരണമല്ല നിയമം, മറിച്ച്​ ഒരു രാഷ്​ട്രീയ കൊട്ടുവടിയാണ്​. ഒഡിഷയിലെ ട്രെയിനുകളെപ്പോലെ ഇന്ത്യയിലെ നിയമവ്യവസ്​ഥയും പാളംതെറ്റിയിരിക്കുന്നു, അതി​നുത്തരവാദികളായ കുറ്റവാളികളാവ​ട്ടെ ശിക്ഷിക്കപ്പെടുകയുമില്ല.

(ഡൽഹി സർവകലാശാല പ്രഫസറും മനുഷ്യാവകാശ പ്രവർത്തകനുമാണ്​ ലേഖകൻ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MuslimsTrain derailedblame
News Summary - Train derailed, Muslims are to blame
Next Story