Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightകോൺഗ്രസ്​ നേരിടുന്ന...

കോൺഗ്രസ്​ നേരിടുന്ന പ്രതിസന്ധി

text_fields
bookmark_border
കോൺഗ്രസ്​ നേരിടുന്ന പ്രതിസന്ധി
cancel

തദ്ദേശഭരണ തെരഞ്ഞെടുപ്പു ഫലങ്ങളോട് ഓരോ പാർട്ടിയുടെയും പ്രതികരണങ്ങൾ പുറത്തുവന്നുകഴിഞ്ഞു. 2015നേക്കാൾ ഇടതുപക്ഷത്തിന് നല്ല മുന്നേറ്റമുണ്ടായി. യു.ഡി.എഫ് കൂടുതൽ ദുർബലപ്പെട്ടു. അതിെൻറ ബഹുജനാടിത്തറയിൽ ചോർച്ചയുണ്ടായി. മധ്യകേരളത്തിൽ മാണി കേരള കോൺഗ്രസ് കൂടി ഉൾപ്പെട്ട ഇടതുപക്ഷം കോൺഗ്രസ്​കോട്ടകളിൽ പരാജയം ഉറപ്പിച്ചു.

ഫലപ്രഖ്യാപനത്തിനുശേഷമുള്ള വോട്ടിങ്ങിലെ രാഷ്​ട്രീയ പ്രാതിനിധ്യമല്ല ഇവിടെ ചർച്ചചെയ്യുന്നത്. തെരഞ്ഞെടുപ്പ് രംഗത്ത് കാണാൻ കഴിഞ്ഞ ചില പ്രത്യേക പ്രവണതകളെക്കുറിച്ചാണ് ചൂണ്ടിക്കാട്ടുന്നത്. യു.ഡി.എഫ് കോൺഗ്രസിന്‍റെയും ലീഗിന്‍റെയും മാത്രം മുന്നണിയായി ചുരുങ്ങി. മാത്രമല്ല, കോൺഗ്രസിന്‍റെ മേൽ ലീഗ് കൂടുതൽ ആധിപത്യം ഉറപ്പിക്കുന്നതാണ് കാണാൻ കഴിയുന്നത്. തെരഞ്ഞെടുപ്പ് കാലത്ത്​ കേരളത്തിലെ കോൺഗ്രസിന്‍റെ ഭാവിയെക്കുറിച്ച് ഉത്​കണ്ഠപ്പെടുന്ന പല കോൺഗ്രസുകാരുമായും ചർച്ചചെയ്യാൻ അവസരം ലഭിച്ചു.

സ്വാതന്ത്ര്യത്തിനുശേഷം ഗാന്ധി-നെഹ്റു പാരമ്പര്യത്തിൽ അഭിരമിച്ചാണ് കോൺഗ്രസുകാർ പ്രവർത്തിച്ചത്. അതോടൊപ്പം അധികാരത്തിെൻറ തണലിലും. കേന്ദ്രവും സംസ്​ഥാനങ്ങളും കോൺഗ്രസ്​തന്നെ ഭരിച്ച കാലമായിരുന്നു അധികം. എന്നാൽ, 1957ൽ കേരളത്തിലും 1967ൽ ഇന്ത്യയിലെ ഒമ്പതു സംസ്​ഥാനങ്ങളിലും കോൺഗ്രസിന് അധികാരം നഷ്​ടപ്പെട്ടു. അപ്പോ​െഴല്ലാം കേന്ദ്രാധികാരം കോൺഗ്രസിന്‍റ കൈയിൽതന്നെ. എന്നാൽ, ഈ അധികാരത്തുടർച്ചക്ക്​ 30ാം വർഷം, 1977ൽ, തിരശ്ശീല വീണു. അഖിലേന്ത്യതലത്തിൽ കോൺഗ്രസ് തകർച്ചയുടെ പടവുകൾ ഇറങ്ങുന്നതാണ് കണ്ടത്. ഇപ്പോഴാവട്ടെ, സംസ്​ഥാനങ്ങളിൽപോലും കോൺഗ്രസ്​ ഗവൺമെൻറുകൾ താഴെ വീഴുകയും പകരം ബി.ജെ.പി അധികാരത്തിൽ വരുകയും ചെയ്തു.

കോൺഗ്രസിനെ തോൽപിച്ച് 1977ൽ ജനതപാർട്ടി കേന്ദ്രത്തിൽ അധികാരത്തിൽ വന്നു. എന്നാൽ, ആ തകർച്ചയിൽനിന്ന് പാഠം ഉൾക്കൊണ്ട്​ പ്രവർത്തിക്കാൻ കോൺഗ്രസിനായില്ല. ഇന്നിപ്പോൾ ബി.ജെ.പിയുടെ കൈയിൽ കേന്ദ്രാധികാരം ആറു വർഷമായി തുടരുകയാണ്. ഭരണത്തിൽനിന്നുള്ള നിഷ്​കാസനം കോൺഗ്രസിെൻറ ബഹുജനാടിത്തറയിൽ ശോഷിപ്പ് ഉണ്ടാക്കി. കോൺഗ്രസിൽനിന്ന് ബി.ജെ.പിയിലേക്കുള്ള ഒഴുക്കാണ് ഇതര സംസ്​ഥാനങ്ങളിൽ കണ്ടുകൊണ്ടിരിക്കുന്നത്. മാത്രമല്ല, സുപ്രധാന നയപ്രശ്നങ്ങളിൽപോലും കോൺഗ്രസിന് വ്യക്തമായ നിലപാട് സ്വീകരിക്കാൻ കഴിയുന്നില്ല. പലപ്പോഴും അവസരവാദപരമായ നിലപാടാണ് കോൺഗ്രസ്​ കൈക്കൊള്ളുന്നത്. ഇതിൻഫലമായി ആശയപരമായ വൻ പ്രതിസന്ധിയിലാണ് കോൺഗ്രസിലെ അണികളും നേതാക്കളും.

സംഘ്​പരിവാറാവട്ടെ, ആശയപരമായി പ്രതിസന്ധിയിലായ കോൺഗ്രസിനെ കൂടുതൽ ദുർബലപ്പെടുത്താനുള്ള ആസൂത്രിത ശ്രമത്തിലുമാണ്. അഖിലേന്ത്യ കോൺഗ്രസ്​ നേതൃത്വത്തിലെ 23 പേർ ഒപ്പിട്ട ഭിന്നാഭിപ്രായക്കുറിപ്പിെൻറ പശ്ചാത്തലം ഇതാണ്. കൂട്ടത്തിൽ പ്രബലനായ കപിൽ സിബൽ കൃത്യമായി പറഞ്ഞുവെച്ചു: ഇന്നത്തെ കോൺഗ്രസിന് ഒരു ബദൽശക്തിയാവാൻ കഴിയുന്നില്ല.

ഈ നിലപാടില്ലായ്മയാണ് തദ്ദേശ തെരഞ്ഞെടുപ്പിനെ തുടർന്ന് കേരളത്തിലെ കോൺഗ്രസിനകത്തും പ്രശ്നങ്ങൾ സൃഷ്​ടിച്ചത്. ദേശീയ പ്രസ്​ഥാനത്തിെൻറ കാലം മുതൽ കോൺഗ്രസിനുള്ളിൽ ഇടതുപക്ഷത്തിനെതിരായി കോൺഗ്രസിലെ വലതുപക്ഷം ശക്തമായ ഏറ്റുമുട്ടൽ നടത്തിയിരുന്നു. കമ്യൂണിസ്​റ്റ്​ പ്രസ്​ഥാനത്തിനെതിരായി ആശയ-രാഷ്​ട്രീയപ്രചാരണവും പ്രവർത്തനവും നടത്തിയാണ് കേരളത്തിലെ കോൺഗ്രസ്​ രാഷ്​ട്രീയം ചരിച്ചത്. അതേ വാർപ്പുമാതൃകയാണ് ഇപ്പോഴും പിന്തുടരുന്നത്. എന്നാൽ, ദേശീയരാഷ്​ട്രീയം അതിവേഗം മാറി. അഖിലേന്ത്യതലത്തിൽ പാർലമെൻറിന് അകത്തും പുറത്തും ഇടതുപക്ഷത്തെ മുഖ്യശത്രുവായി കാണാൻ പറ്റാത്ത സാഹചര്യം രൂപപ്പെട്ടു. അതേസമയം, സംഘ്​പരിവാർ ആവട്ടെ, ന്യൂനപക്ഷവിരുദ്ധ വികാരം ശക്തിപ്പെടുത്തി ബഹുജനാടിത്തറ വിപുലമാക്കുകയും ഇടതുപക്ഷത്തെ ലക്ഷ്യമിട്ട് ആക്രമണങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്തു. കോൺഗ്രസിനെ അതിവേഗം കീഴ്പ്പെടുത്താമെന്ന് സംഘ്​പരിവാർ കണക്കുകൂട്ടുന്നു. ഇടതുപക്ഷമാണ് ആശയപരമായ ഉറച്ച നിലപാടോടെ ഫാഷിസ്​റ്റ്​ സ്വഭാവമുള്ള ആർ.എസ്​.എസിനെ ചെറുക്കുന്നത്. ത്രിപുരയിലെ ഇടതുപക്ഷ സർക്കാറിനെ തകർത്തശേഷം അടുത്ത ലക്ഷ്യം കേരളമാണെന്ന് അവർ പരസ്യമായി പ്രഖ്യാപിച്ചു. ഇതിെൻറ ഭാഗമായി കേരളത്തിലെ എൽ.ഡി.എഫ് സർക്കാറിനെ അസ്​ഥിരീകരിക്കാനുള്ള പദ്ധതികൾ സംഘ്​പരിവാർ ആവിഷ്കരിച്ചു. ഇത്തരം പദ്ധതികൾ വിജയിച്ചാൽ അതിെൻറ നേട്ടം തങ്ങൾക്കായിരിക്കുമെന്നാണ് കോൺഗ്രസ്​ നേതൃത്വം വിലയിരുത്തുന്നത്.

കോൺഗ്രസിെൻറ പ്രഖ്യാപിതനിലപാടുകളിൽ വെള്ളംചേർക്കാൻ ഒരു വിഭാഗം നേതാക്കൾക്ക് ഒരു മടിയുമില്ല. 2020 ആഗസ്​റ്റ്​ അഞ്ചിന് പ്രധാനമന്ത്രി മോദി രാമക്ഷേത്രത്തിന് ശിലയിടുന്ന ചടങ്ങിൽ തങ്ങളെക്കൂടി പ​െങ്കടുപ്പിക്കേണ്ടിയിരുന്നു എന്ന ചില കോൺഗ്രസ്​ നേതാക്കളുടെ അഭിപ്രായപ്രകടനം ആശയപാപ്പരത്വത്തിെൻറ ആഴം ബോധ്യപ്പെടുത്തുന്നു. സാധാരണ കോൺഗ്രസുകാരിൽ അടിച്ചേൽപിച്ച കമ്യൂണിസ്​റ്റ്​-ഇടതുപക്ഷവിരുദ്ധ ജ്വരം കേരളത്തിലെ കോൺഗ്രസിലെ ഒരു വിഭാഗത്തെ സംഘ്​പരിവാർ കൂടാരത്തിൽ എത്തിച്ചിട്ടുണ്ട്. ഇടതുപക്ഷത്തിനെതിരെ ആയിരം നാവുകൾകൊണ്ട് സംസാരിക്കുകയും സംഘ്​പരിവാറിനെതിരെ ഒന്നും സംസാരിക്കാതിരിക്കുകയും ചെയ്യുക അത്തരം നേതാക്കളുടെ ശീലമായിത്തീർന്നിട്ടുണ്ട്. ഇതിൻഫലമായി കോൺഗ്രസ്​ അണികളും സംഘ്​പരിവാറും തമ്മിലുള്ള അടുപ്പം കുറെക്കൂടി ശക്തിപ്പെട്ടിരിക്കുകയാണ്. ഈ ഐക്യത്തിെൻറ പാരമ്യമാണ് ശബരിമല സംരക്ഷണപ്രക്ഷോഭത്തിൽ കണ്ടത്. ആർ.എസ്​.എസും എൻ.എസ്​.എസും ചേർന്നുനടത്തിയ ആചാരസംരക്ഷണ പ്രക്ഷോഭത്തിൽ കോൺഗ്രസ്​ കൂടി പങ്കുചേർന്നു. ഇത് ലോക്സഭ തെരഞ്ഞെടുപ്പിൽ തങ്ങളെ വലിയതോതിൽ സഹായിച്ചുവെന്നാണ് കോൺഗ്രസ്​ നേതാക്കളുടെ വിലയിരുത്തൽ. എന്നാൽ, അതോടെ സംഘ്​പരിവാറുമായി പ്രാദേശിക കോൺഗ്രസ്​ നേതൃത്വത്തിന് ഗാഢബന്ധമായി. ഇത് കേരളത്തിലെ ലോക്സഭ സീറ്റുകളിൽ കോൺഗ്രസിന് വിജയം സമ്മാനിച്ചെങ്കിലും ഒരു സ്വയംസേവക​െൻറ മനസ്സ്​​ പടിപടിയായി സാധാരണ കോൺഗ്രസ്​ പ്രവർത്തകരിൽ അങ്കുരിപ്പിക്കാനാണ് ഇടയായത്.

തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ്, ബി.ജെ.പി അന്തർധാര പലയിടത്തും പ്രകടമായി. എന്നാൽ, ഇത് ഒരു വിഭാഗം കോൺഗ്രസ്​ അണികളെ ഇരുത്തിച്ചിന്തിപ്പിക്കുന്നുണ്ട്. ബി.ജെ.പിക്ക് സീറ്റ് ലഭിച്ച ഒരു നഗരസഭ വാർഡിൽ മത്സരിച്ച കോൺഗ്രസ്​ സ്​ഥാനാർഥിക്കു കിട്ടിയ വോട്ട് 17. ആ വാർഡിൽ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ 65 വോട്ട് കൈപ്പത്തി ചിഹ്നത്തിൽ ലഭിച്ചിരുന്നു. എൽ.ഡി.എഫ് സ്​ഥാനാർഥിയെ മൂന്നു വോട്ടിന് പരാജയപ്പെടുത്താൻ കഴിഞ്ഞത് ബി.ജെ.പി-കോൺഗ്രസ്​ അന്തർധാരയുടെ ഫലം. മറ്റൊരു പഞ്ചായത്തിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 285 വോട്ട് കിട്ടിയ യു.ഡി.എഫ് ഇത്തവണ ആ വാർഡ് വെൽഫെയർ പാർട്ടിക്ക് നൽകി. അവിടെ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്​ഥാനാർഥിക്ക് ലഭിച്ചതിനേക്കാൾ ഇത്തവണ 120 വോട്ട് വർധിച്ചു. അതിലേറെയും കോൺഗ്രസ്​ വോട്ടുകളാണെന്ന് വ്യക്തം. വെൽഫെയർ ബന്ധത്തിൽ എതിർപ്പുള്ള കോൺഗ്രസുകാർ താമരക്ക്​ വോട്ടുകുത്തി. അവിടെ എൽ.ഡി.എഫ് വിജയിച്ചു.

നിലപാടില്ലായ്മ താഴെതലത്തിലെ കോൺഗ്രസുകാരെ ബി.ജെ.പിയുടെ അണികളിലേക്കാണ് എത്തിക്കുന്നത്. ഈ തെരഞ്ഞെടുപ്പ്ഫലത്തിൽ അതാണ് കാണാൻ കഴിയുന്നത്. ശബരിമല വിഷയത്തിൽ സംഘ്​പരിവാർ അനുകൂല നിലപാടെടുത്ത് വോട്ടർമാരെ തങ്ങൾക്ക് അനുകൂലമായി മാറ്റിയെങ്കിൽ എൽ.ഡി.എഫ് സർക്കാറിനെതിരെ ബി.ജെ.പിക്കൊപ്പം തെരുവുകലാപം നടത്തിയ യു.ഡി.എഫിന് നഷ്​ടക്കച്ചവടമാണ് ഉണ്ടായത്. ഇടതുപക്ഷത്തിനെതിരെ പൊരുതാനുള്ള സഖ്യശക്തിയായി സംഘ്​പരിവാറിനെ ഒരു വിഭാഗം കോൺഗ്രസുകാർ കണക്കാക്കുന്നു. മുച്ചീട്ടുകളിക്കാര​െൻറ മുന്നിൽ പണം വെച്ചാൽ ആദ്യം നാലിരട്ടി നേട്ടം! പിന്നീട് കീശയിലെ പണം കാലിയാകും. ഈ അനുഭവമാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനുണ്ടായത്.

തെരഞ്ഞെടുപ്പിൽ കോൺഗ്രസിനുണ്ടായ തിരിച്ചടിക്ക് വെൽഫെയർ ബന്ധവും ഇടയായി. ഇൗ തെരഞ്ഞെടുപ്പ് ധാരണ അഖിലേന്ത്യ നേതൃത്വത്തിന് സമ്മതിക്കാൻ കഴിയില്ല. അതേസമയം, കേരളത്തിലെ കോൺഗ്രസ്​ നേതാക്കൾക്ക് തള്ളിപ്പറയാനും വയ്യ. ഈ ആശയക്കുഴപ്പത്തിനിടയിലാണ് ലീഗ് നേതൃയോഗം ചേർന്ന് മുല്ലപ്പള്ളിക്കെതിരായ പടനീക്കത്തിന്​ തീരുമാനിച്ചത്. കോൺഗ്രസ്​ ദുർബലമായ സാഹചര്യത്തിലാണ് ലീഗിെൻറ കുതിരകയറ്റം! ബാബരി മസ്​ജിദ് തകർന്നപ്പോൾപോലും കോൺഗ്രസ്​ നേതൃത്വത്തിനെതിരെ നീങ്ങാത്ത ലീഗ് നേതൃത്വം ഇപ്പോൾ കാണിക്കുന്ന ധൈര്യം കോൺഗ്രസിെൻറ ദുർബലാവസ്​ഥ തിരിച്ചറിഞ്ഞാണ്.

ചുരുക്കത്തിൽ, കേരളത്തിലെ കോൺഗ്രസ്​ രാഷ്​ട്രീയം വലിയ പ്രതിസന്ധിയെ നേരിടുകയാണ്. മതനിരപേക്ഷതയുടെ കാര്യത്തിൽ ഉറച്ച നിലപാടെടുത്തും വർഗീയ തീവ്രവാദശക്തികളുമായുള്ള ബന്ധം അവസാനിപ്പിച്ചും മാത്രമേ മുന്നോട്ടുപോകാനാവൂ എന്ന തിരിച്ചറിവ് അണികളിൽ പ്രബലമായുണ്ട്. ഈ അണികളുടെ വികാരവിചാരങ്ങൾക്കൊപ്പം നിൽക്കണമെങ്കിൽ നിലവിലെ നിലപാടുകൾ നേതൃത്വം തിരുത്തണം. അതുണ്ടാകുമോ എന്നാണ് മതനിരപേക്ഷ കേരളം ഉറ്റുനോക്കുന്നത്.l

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:political crisiscongress
Next Story