Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
പ്രധാനമന്ത്രീ, ഈ മൗനം അപമാനമാണ്​
cancel
camera_alt

ബംഗളുരുവിലെ ദാനിഷ്​ സിദ്ദീഖി അനുസ്​മരണ പരിപാടിയിൽ നിന്ന്​

ചിത്രം ഐ.എ.എൻ.എസ്



ഫോ​ട്ടോ ജേണലിസ്​റ്റ്​ ദാനിഷ്​ സിദ്ദീഖിയുടെ ദാരുണ മരണത്തിലെ വിഷമം പരസ്യമായി പ്രകടിപ്പിക്കാത്തതു വഴി പ്രധാനമന്ത്രി അബദ്ധമല്ലേ കാണിച്ചത്​? സർക്കാർ ഭാഗത്ത്​ നിന്ന്​ ആകെ ഒരു ട്വീറ്റാണ്​ വന്നത്​. വിദേശകാര്യ സെക്രട്ടറിയുടെ അപലപന പ്രസ്​താവനയും. പക്ഷേ, നരേന്ദ്രമോദിയുടെ മൗനം വ്യത്യസ്​തമാണ്​. എല്ലാ കാര്യങ്ങൾക്കും എപ്പോഴും ആദ്യമേ ട്വീറ്റ്​ ചെയ്യുന്നയാളാണ്​, അത്​ നിരന്തരം ചെയ്യുന്ന ആളുമാണ്​. അങ്ങനെയുള്ളയാൾ ചെയ്യാതിരിക്കു​േമ്പാൾ, മൗനം ശ്രദ്ധിക്കപ്പെടും. ചോദ്യങ്ങളുമുയരും.

എന്തിനേക്കുറിച്ച്​ പ്രതികരിക്കണം, എവിടെ നിശബ്​ദത പാലിക്കണം എന്നതൊക്കെ മോദിയുടെ വിശേഷാധികാരമാണെന്ന കാര്യം സമ്മതിക്കുന്നു. ആർക്കും അദ്ദേഹത്തെ നിർബന്ധിക്കാനൊന്നുമാവില്ല. പക്ഷേ, അത്​ ഇന്ത്യയുടെ പ്രധാനമന്ത്രിക്ക്​ ബാധകമാണോ? അതും നാട്ടുകാരനൊരാൾ വിദേശത്ത്​ അതിദാരുണമാം വിധം കൊല്ലപ്പെടു​േമ്പാൾ?ഭൂമിയിൽ സംഭവിക്കുന്ന എല്ലാ കാര്യങ്ങളിലും പ്രധാനമന്ത്രിക്ക്​ പ്രതികരിക്കാനാവില്ല എന്ന കാര്യവും സമ്മതിക്കുന്നു. പക്ഷേ, ദാനിഷി​ന്‍റെ കൊലപാതകം അത്തരമൊരു വെറും സംഭവമായിരുന്നോ?

സംഭവം നടന്ന്​ മണിക്കൂറുകൾക്കകം അഫ്​ഗാൻ പ്രസിഡൻറും യു.എസ്​ പ്രസിഡൻറും യു.എൻ. സെക്രട്ടറി ജനറലുമെല്ലാം തങ്ങളുടെ അഗാധ ദുഖം പരസ്യമായി പ്രകടിപ്പിച്ചു. കൊലപാതകത്തിൽ ആരോപണ വിധേയരായ താലിബാൻ പോലും ഖേദം പറഞ്ഞു. ദേശീയ-അന്തർദേശീയ തലത്തിലെ പ്രധാന മാധ്യമങ്ങളെല്ലാം ഉപചാരക്കുറിപ്പുകൾ പ്രസിദ്ധീകരിച്ചു. അദ്ദേഹം പകർത്തിയ അതുല്യ ചിത്രങ്ങൾ പ്രദർശിപ്പിച്ചു. ബി.ബി.സി അവരുടെ ബുള്ളറ്റിനിൽ അഞ്ചു മിനിറ്റ്​ ദാനിഷിനായി നീക്കിവെച്ചു. വാഷിങ്​ടൺ പോസ്​റ്റ്​ ഏതാണ്ട്​ ഒരു മുഴുപ്പേജ്​ തന്നെ. ഞാൻ കാണുകയോ വായിക്കുകയോ ചെയ്യുന്ന ഇന്ത്യൻ ചാനലുകളും പത്രങ്ങളുമെല്ലാം അതു തന്നെ ചെയ്​തു.

ഓർക്കണേ, സിദ്ദീഖി ഒരു സാദാ ​ഫോ​ട്ടോജേർണലിസ്​റ്റല്ല. വിഖ്യാതമായ പുലിറ്റ്​സർ സമ്മാന ജേതാവാണ്​. ബംഗ്ലാദേശിലെ റോഹിംഗ്യൻ അഭയാർഥി ക്യാമ്പുകളിലെ സഹനത്തി​ന്‍റെയും ഇന്ത്യയിലെ കോവിഡ്​ രണ്ടാം തരംഗത്തിലെ സങ്കടങ്ങളുടെയും അദ്ദേഹം പകർത്തിയ കാഴ്​ചകൾ വാർത്തകളെ അവിസ്​മരണീയ ചിത്രങ്ങളാക്കി മാറ്റി. വാക്കുകൾക്ക്​ ജീവൻ പകർന്നു ആ ചിത്രങ്ങൾ.

അതിനേക്കാളെല്ലാമുപരിയായി അദ്ദേഹം നമ്മിലൊരാളായിരുന്നു. ആ സിരകളിലൂടെയോടിയ രക്​തം നിങ്ങളുടെതിനും എ​ന്‍റെതിനും സമാനമായിരുന്നു. റോയി​ട്ടേഴ്​സിലെ ഏറ്റവുമധികം അറിയപ്പെട്ട, ബഹുമാനിക്കപ്പെട്ട പ്രഗൽഭനായ ഇന്ത്യൻ ന്യൂസ്​ ഫോ​ട്ടോഗ്രാഫറായിരുന്നു. അതു കൊണ്ടാണ്​ അദ്ദേഹത്തി​ന്‍റെ വിയോഗത്തിൽ സങ്കടപ്പെടേണ്ടതുണ്ടെന്ന്​ ലോകത്തിന്​ തോന്നിയത്​. എന്നി​ട്ടെന്തു കൊണ്ടാണ്​ അദ്ദേഹത്തി​ന്‍റെ സ്വന്തം പ്രധാനമന്ത്രിക്ക്​ തോന്നാത്തത്​?ഞാൻ മറ്റൊരു ചോദ്യം ചോദിക്ക​ട്ടെ, സിദ്ദീഖി എടുത്ത അവിസ്​മരണീയമായ ചിത്രങ്ങളാണോ പ്രധാനമന്ത്രിയുടെ വായടപ്പിക്കുന്നത്​?

രണ്ടാം തരംഗത്തി​ന്‍റെ ദുരിതങ്ങളും ഭയാനകതയും അതേപടി ലോകത്തിന്​ മുന്നിൽ പകർത്തിവെച്ച പത്രക്കാര​ന്‍റെ മരണത്തിൽ പ്രതികരിക്കേണ്ടതില്ല എന്ന്​ അദ്ദേഹം തീരുമാനിച്ച​താണോ​? കൊറോണ വൈറസിനെ മലർത്തിയടിച്ചെന്ന ലോക സാമ്പത്തിക ഫോറത്തിൽ പ്രധാനമന്ത്രി വീമ്പിളക്കിയതുൾപ്പെടെ ഇന്ത്യയുടെ ഇക്കാര്യത്തിലെ അവകാശ വാദങ്ങൾ വെറും കള്ളവും പൊള്ളയുമായിരുന്നുവെന്ന്​ ഏതൊരു പ്രബന്ധത്തേക്കാളും മൂർച്ചയോടെ അദ്ദേഹത്തി​ന്‍റെ ചിത്രങ്ങൾ വെളിപ്പെടുത്തിയിരുന്നല്ലോ. ഹോളിയാഘോഷങ്ങളുടെയും വാരാണസിയിലെ ആരതിയുഴിയലി​ന്‍റെയും കന്യാകുമാരിയിലെ സൂര്യാസ്​തമനത്തി​ന്‍റെയും ചിത്രങ്ങളാണ്​ അദ്ദേഹം പകർത്തിയിരുന്നതെങ്കിൽ പ്രധാനമന്ത്രിയുടെ ട്വിറ്ററിന്​ മൊഴിയാട്ടമുണ്ടായിരുന്നേനെ?

പ്രധാനമന്ത്രിയുടെ പാർട്ടിക്കാർക്കും അനുഭാവികൾക്കും ആരാധകർക്കും ഇതെല്ലാം വേദനിപ്പിക്കുന്ന ചോദ്യങ്ങളായിരിക്കുമെന്നതിൽ സംശയമില്ല. പക്ഷേ, ഈ രാജ്യത്തെ ദശലക്ഷക്കണക്കിന്​ മനുഷ്യർ ഉയർത്തുന്ന ചോദ്യങ്ങളാണിത്​.മൂന്നാമത്തെ ചോദ്യം​ ഏറ്റവും വിഷണ്ണമായ ചോദ്യമാണ്​. പക്ഷേ ഇത്​ ചോദിക്കുക എന്നത്​ ഏറ്റവും സാംഗത്യമുള്ള കാര്യവുമാണ്​. സിദ്ദീഖി മുസ്​ലിം ആയതു കൊണ്ടാണോ പ്രധാനമന്ത്രി മൗനം പാലിക്കുന്നത്​? പലരും ഇക്കാര്യം സംശയിക്കുന്നുണ്ട്​, മറ്റു പലർക്കും ഇതിൽ തരിമ്പ്​ സംശയമില്ല. മോദിക്കല്ലാതെ മറ്റാർക്കും ഇതിന്​ ഉത്തരം പറയാൻ കഴിയില്ല.

പുലിറ്റ്​സർ സമ്മാനം നേടിയ ഫോ​ട്ടോഗ്രാഫറുടെ പേര്​ ദേവീന്ദർ ശർമ്മ എന്നായിരുന്നെങ്കിൽ താലിബാ​ന്‍റെ കൈകളാൽ അദ്ദേഹം കൊല്ലപ്പെട്ടാൽ ബി.ജെ.പിക്കാർ ആ മരണത്തെ ഇതുപോലെ അവഗണിക്കുമായിരുന്നോ? അദ്ദേഹത്തി​ന്‍റെ പേര്​ ധരംസിങ്​ എന്നോ ഡെസ്​മണ്ട്​ സിക്വേറിയ എന്നോ ഒക്കെയായിരുന്നെങ്കിൽ ഈ മരണത്തിന്​ മുന്നിൽ ഇത്തരം നിശബ്​ദതയുണ്ടാകുമായിരുന്നോ?ഇത്രയൊക്കെ​ ചോദിക്കേണ്ടി വന്നതിൽ ഞാൻ ദുഖിതനും അസ്വസ്​ഥനുമാണ്​.മോദിയുടെ മൗനമല്ല അലോസരപ്പെടുത്തുന്നത്​, മറിച്ച്​ നമ്മുടെ പ്രധാനമന്ത്രി അതേക്കുറിച്ചൊന്നും മിണ്ടുന്നില്ല എന്നതാണ്​.

(കടപ്പാട്​: ഹിന്ദുസ്​ഥാൻ ടൈംസ്​)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karan thaparDanish Siddiqui
Next Story