'സിദ്ദീഖ് കാപ്പൻ: കേരളം അമാന്തം കാട്ടരുത്'
text_fieldsഒരു മാധ്യമ പ്രവർത്തകനെതിരെ കഴിഞ്ഞ നാൽപതു വർഷങ്ങളിൽ സംഭവിച്ച ഏറ്റവും നിന്ദ്യവും ലജ്ജാകരവും മാപ്പർഹിക്കാത്തതുമായ അധികാര ദുർവിനിയോഗവും പൊലീസ് അതിക്രമവുമാണ് സിദ്ദീഖ് കാപ്പെൻറ കാര്യത്തിൽ ഉണ്ടായിരിക്കുന്നതെന്ന് വിഖ്യാത മാധ്യമ പ്രവർത്തകനും മാഗ്സസെ അവാർഡ് ജേതാവുമായ പി. സായ്നാഥ്. 'മാധ്യമ'ത്തിന് അനുവദിച്ച പ്രത്യേക ഇ-മെയിൽ അഭിമുഖം
കഴിഞ്ഞ നാലു പതിറ്റാണ്ടുകളായി ഞാൻ ഇന്ത്യയിലെ മാധ്യമരംഗത്ത് സജീവമാണ്. ക്രൂരതയിലും നീതിനിഷേധത്തിലും വസ്തുതകൾ വളച്ചൊടിക്കുന്നതിലും കാപ്പെൻറ കേസിന് സമാനമായ മറ്റൊന്ന് ഓർമയിലില്ല. ഇത്ര നീചവും നിന്ദ്യവുമായ വിധത്തിൽ മറ്റൊരു മാധ്യമ പ്രവർത്തകനും നാളിതുവരെ അടിസ്ഥാന മനുഷ്യാവകാശങ്ങൾ നിഷേധിക്കപ്പെട്ടിട്ടില്ല. കോവിഡ് ബാധിതനായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിടത്തു പോലും അദ്ദേഹം നേരിടുന്ന യാതനകൾ മനുഷ്യത്വം ഉള്ളവരെ ഞെട്ടിക്കുന്നതും കരയിക്കുന്നതുമാണ്.
ഉത്തർപ്രദേശിലെ പൊലീസുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കേരളത്തിലെ പൗരസമൂഹത്തിനും ഇവിടത്തെ രാഷ്ട്രീയപാർട്ടികൾക്കും സംസ്ഥാന സർക്കാറിനും പരിമിതികളുണ്ടാകാം. എന്നിരിക്കിലും സാധ്യമായ എല്ലാ വഴികളിലും ഇടപെട്ട് കാപ്പന് നീതിയുറപ്പാക്കാൻ കേരളം അമാന്തം കാട്ടരുത്. കാപ്പന് മോചനം ഉറപ്പാക്കാൻ സംസ്ഥാന സർക്കാറും പുരോഗമന പ്രസ്ഥാനങ്ങളും അദ്ദേഹത്തിെൻറ കുടുംബവും മാധ്യമ പ്രവർത്തകരും നടത്തുന്ന നിയമയുദ്ധത്തിന് ഒപ്പം നിൽക്കണം.
റിപ്പോർട്ടേഴ്സ് സാൻസ് ബോർഡേഴ്സ് എന്ന അന്താരാഷ്ട്ര മാധ്യമസംഘടന ഒടുവിൽ പുറത്തിറക്കിയ ആഗോള മാധ്യമസ്വാതന്ത്ര്യ ഇൻെഡക്സിൽ ഇന്ത്യയുടെ സ്ഥാനം 142 ആയിരുന്നു എന്നത് കേന്ദ്രസർക്കാറിന് കടുത്ത നാണക്കേടായിരുന്നു. ആ ഇൻെഡക്സിൽ വരും വർഷങ്ങളിൽ എങ്ങനെ രാജ്യത്തിെൻറ സ്ഥാനം ഉയർത്താം എന്ന് പരിശോധിക്കാനായി കേന്ദ്ര കാബിനറ്റ് സെക്രട്ടറി നിർദേശിച്ചതനുസരിച്ച് വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം രൂപവത്കരിച്ച ഇൻഡെക്സ് മോണിറ്ററിങ് സെല്ലിൽ മാധ്യമ പ്രവർത്തകരായി ഉണ്ടായിരുന്നത് രജത് ശർമയും ഞാനും മാത്രമാണ്. ബാക്കിയെല്ലാവരും ഉദ്യോഗസ്ഥരായിരുന്നു.
പൊതുസമൂഹം ഒന്നിച്ചുനിൽക്കണം
കഴിഞ്ഞ ഒരു ദശകമായി രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന മാധ്യമപ്രവർത്തക വേട്ടകളെയും മാധ്യമ പ്രവർത്തകർക്കെതിരായ അതിക്രമങ്ങളെയും കുറിച്ച് ലഭ്യമായ എല്ലാ ആധികാരിക വിവരങ്ങളും സെല്ലിന് ഞാൻ നൽകിയതാണ്. കാപ്പെൻറ കാര്യത്തിലെ മനുഷ്യാവകാശ ലംഘനങ്ങൾ പ്രത്യേകം പരാമർശിച്ചു. എന്നാൽ, ഉദ്യോഗസ്ഥർ തയാറാക്കിയ റിപ്പോർട്ടിൽ രാജ്യത്തെ മാധ്യമസ്ഥാപനങ്ങളുടെ കുറെ സ്ഥിതിവിവരക്കണക്കുകൾ അല്ലാതെ മറ്റൊന്നും സ്ഥാനം പിടിച്ചില്ല.
ഈ പശ്ചാത്തലത്തിൽ 46 പേജുകളുള്ള വിശദമായ ഒരു വിയോജനക്കുറിപ്പ് ഞാൻ തയാറാക്കി സെല്ലിന് നൽകിയിട്ടുണ്ട്. അതിലും ഏറ്റവും ശക്തമായി ചൂണ്ടിക്കാട്ടിയിരിക്കുന്നത് കാപ്പെൻറ കാര്യമാണ്. കാപ്പന് മോചനവും നീതിയും ഉറപ്പാക്കാനുള്ള ഏതു പരിശ്രമത്തിനൊപ്പവും ഞാൻ ഉണ്ടായിരിക്കും. ഇന്ത്യയിലെ ജനാധിപത്യത്തിലും മതനിരപേക്ഷതയിലും വിയോജിക്കാനുള്ള അവകാശത്തിലും വിശ്വസിക്കുന്ന ഓരോ മാധ്യമ പ്രവർത്തകനും ഉണ്ടായിരിക്കണം. പൊതുസമൂഹവും കാപ്പനെപോലുള്ള മാധ്യമ പ്രവർത്തകർക്കായി ഒന്നിച്ചുനിൽക്കണം. ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടരുത്.
ജയിലിൽനിന്നു കുടുംബത്തെ ഫോണിൽ വിളിക്കാൻ കാപ്പന് അനുവാദം കിട്ടിയത് അറസ്റ്റ് കഴിഞ്ഞു ഒരു മാസത്തിനു ശേഷമാണ്. പത്രപ്രവർത്തക യൂനിയൻ ഏർപ്പെടുത്തിയ അഭിഭാഷകർക്ക് അദ്ദേഹത്തെ ബന്ധപ്പെടാൻ ആഴ്ചകളോളം സാധിച്ചില്ല. എന്തുതരം മാധ്യമ സ്വാതന്ത്ര്യവും പൗരാവകാശവുമാണ് ഈ രാജ്യത്ത് നിലനിൽക്കുന്നത് എന്ന് ഇവയിൽ നിന്നെല്ലാം മനസ്സിലാക്കാനാകും. ഇൻഡെക്സ് കമ്മിറ്റികൾ ഉണ്ടായതുകൊണ്ട് മാത്രം കാര്യമില്ല. മാധ്യമസ്വാതന്ത്ര്യം സംബന്ധിച്ച അന്താരാഷ്ട്ര റാങ്കിങ്ങുകളിൽ ഇന്ത്യ ഇനിയും പുറകോട്ട് പോകാതിരിക്കാൻ കാപ്പൻ സംഭവങ്ങൾ ആവർത്തിക്കാതിരിക്കണം. അതിനായി കേരള സമൂഹം ഒന്നിച്ചുനിൽക്കണം.
പാതാളത്തോളം താണ് ഇന്ത്യ
വിയോജിക്കാനുള്ള അവകാശത്തെ ആദരിക്കാതെ ഒരു മാധ്യമ സ്വാതന്ത്ര്യവും സംരക്ഷിക്കാനാകില്ല. മാധ്യമ മുതലാളിമാരും കേന്ദ്രം ഭരിക്കുന്നവരും തമ്മിലുള്ള അവിശുദ്ധ ബന്ധങ്ങൾ അത്രമേൽ തീവ്രമായിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് ഇന്ത്യൻ മാധ്യമസ്വാതന്ത്ര്യ റാങ്കിങ് ഇത്ര താഴേക്ക് പോകുന്നത്. മാധ്യമപ്രവർത്തകർക്കെതിരെ ഇത്രയേറെ കള്ളക്കേസുകൾ ഉണ്ടായ ഒരു ദശകമില്ല. കോടതികളിൽ നിലനിൽക്കാത്ത കുറ്റാരോപണങ്ങളാണ് മാധ്യമപ്രവർത്തകർക്കു മീതെ വെച്ചുകെട്ടുന്നത്.
അപമാനിച്ചും ഭയപ്പെടുത്തിയും വേട്ടയാടിയും മാധ്യമ പ്രവർത്തകരെ നിശ്ശബ്ദരാക്കാനുള്ള ശ്രമത്തിന് മാധ്യമമുതലാളിമാരുടെ പിന്തുണ ഉണ്ടെന്നതും ശ്രദ്ധേയമാണ്. നിലപാടുകളുള്ള മാധ്യമപ്രവർത്തകരും പത്രാധിപന്മാരും വ്യാപകമായി പിരിച്ചുവിടപ്പെടുന്നു. പോയ വര്ഷം ലോക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത് മാധ്യമങ്ങൾ അവശ്യസർവിസുകളിൽ പെടുന്നു എന്നാണ്. എന്നാൽ, അദ്ദേഹത്തിെൻറ പാർട്ടിയിൽനിന്നും സർക്കാറിൽനിന്നും തുടർച്ചയായ അതിക്രമങ്ങൾ മാത്രമാണ് മാധ്യമപ്രവർത്തകർക്ക് നേരെ ഉണ്ടായത്.
കശ്മീരിലും പുറത്തു മറ്റു പലയിടത്തും ഇൻറർനെറ്റ് ആറു മാസത്തിലധികം നിഷേധിക്കപ്പെടുന്നതും മാധ്യമങ്ങൾ അവശ്യസർവിസുകളിൽ പെടുന്നു എന്നു പറഞ്ഞ ശേഷമാണ്. 1897 ലെ പകർച്ചവ്യാധി നിയമം ഉപയോഗിച്ച് ബ്രിട്ടീഷുകാർ ഒടുവിൽ വായടപ്പിക്കാൻ ശ്രമിച്ചത് ബാലഗംഗാധര തിലകനെ ആയിരുന്നു. എന്നാൽ, ആ നിയമം സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി പ്രയോഗിച്ചത് പോയ വർഷം കോയമ്പത്തൂരിലെ മാധ്യമപ്രവർത്തകനായ സാം രാജക്കെതിരെയായിരുന്നു.
അവിടത്തെ മെഡിക്കൽകോളജിലെ ഡോക്ടർമാരും ആരോഗ്യരക്ഷാ ചുമതലയുള്ള ഇതര ജീവനക്കാരും ഭക്ഷ്യവസ്തുക്കളുടെയും പി.പി.ഇ കിറ്റുകളുടെയും ക്ഷാമം നേരിടുന്നു എന്ന വാർത്ത കൊടുത്തതിനായിരുന്നു അത്. അതിനേക്കാൾ ഭയപ്പെടുത്തുന്ന അവസ്ഥ ഇന്ന് രാജ്യത്തെ എല്ലാ കോവിഡ് ചികിത്സ കേന്ദ്രങ്ങളിലും നിലനിൽക്കുകയാണ്.
കള്ളക്കേസ് ചമക്കുന്നവരെ ശിക്ഷിക്കാൻ നിയമം വേണം
അന്തമാനിൽ സുബൈർ അഹ്മദ് എന്ന മാധ്യമ പ്രവർത്തകൻ അറസ്റ്റിലായത് കോവിഡ് രോഗിയുമായി ഫോണിൽ സംസാരിച്ചാൽ ക്വാറൻറീനിൽ പോകണോ എന്ന ഒറ്റവരി ട്വീറ്റ് ചെയ്തതിനാണ്. കൊമേഡിയൻ മുനവർ ഫാറൂഖി വരെ അറസ്റ്റു ചെയ്യപ്പെട്ടു. വിയോജിപ്പ് രേഖപ്പെടുത്തുന്ന മാധ്യമസ്ഥാപന ഉടമകളുടെ വീടുകളിൽ റെയ്ഡ് നടത്തുകയും കള്ളക്കേസുകളിൽ കുടുക്കുകയും ചെയ്യുന്നു.
ദലിത് ആദിവാസി മേഖലകളിൽ നിലനിൽക്കുന്ന പട്ടിണിയും അവഗണനയും നീതിനിഷേധവും റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകർ എല്ലാവരും തന്നെ കള്ളക്കേസുകൾ നേരിടുന്നുണ്ട്. വ്യാജ കേസുകളും വ്യാജ എഫ്.ഐ.ആറുകളും ഭരണകക്ഷിയുടെ പ്രേരണയിൽ വ്യാപകമായി മാധ്യമ പ്രവർത്തകർക്കെതിരെ ഉണ്ടാവുകയാണ്. കള്ളക്കേസുകൾ എടുക്കുന്ന പൊലീസ് ഉദ്യോഗസ്ഥരെ ശിക്ഷിക്കാൻ നമ്മുടെ നാട്ടിലെ നിലവിലെ നിയമങ്ങൾ അപര്യാപ്തമാണ്. പൊലീസ് അതിക്രമ നിരോധന നിയമത്തിെൻറ ഒരു കരട് വിദഗ്ധരുടെ സഹായത്തോടെ ഞാൻ തയാറാക്കിയിട്ടുണ്ട്. അത് രാജ്യവ്യാപകമായി ചർച്ച ചെയ്യിക്കാനുള്ള പ്രവർത്തനത്തിലാണ് ഇപ്പോൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.