Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightപിണറായിയുടെ പൊലീസും...

പിണറായിയുടെ പൊലീസും പൊലിഞ്ഞ ജീവിതങ്ങളും

text_fields
bookmark_border
പിണറായിയുടെ പൊലീസും പൊലിഞ്ഞ ജീവിതങ്ങളും
cancel
camera_alt

 അനീഷ്​,​ കെവിൻ, ശ്രീജിത്ത്​ 

ആര്യ എന്ന 21കാരിയെ മേയറായി തെരഞ്ഞെടുത്ത്​ ചരിത്രം സൃഷ്​ടിച്ച തിരുവനന്തപുരത്ത് പൊലീസ്​വിലക്കിനെ തുടര്‍ന്ന് അച്ഛ​െൻറയും അമ്മയുടെയും മൃതദേഹം അടക്കാന്‍ 17 തികയാത്ത മകന്‍ കുഴിവെട്ടി. പ്രതിഷേധവുമായി എത്തിയ നാട്ടുകാരെ കുഴിവെട്ടാന്‍ പൊലീസ് അനുവദിച്ചില്ല. 'ഇവരാണ് അച്ഛനെയും അമ്മയെയും കൊലപ്പെടുത്തിയത്' എന്നു നിലവിളിച്ച്​ നെയ്യാറ്റിന്‍കരയിലെ കുടിലിന് അരികില്‍ കുഴിവെട്ടിയ രഞ്ജിത്ത് പൊലീസിനെ ചൂണ്ടി പറഞ്ഞ വാക്കുകള്‍ മനഃസാക്ഷിയെ നടുക്കുന്നതായിരുന്നു. അപ്പോഴും കുഴിവെട്ടാന്‍ പാടില്ലെന്ന് ആക്രോശിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരെ നാടു കണ്ടു.

പുറമ്പോക്കില്‍ കുടില്‍കെട്ടി താമസിച്ചിരുന്ന വീട്ടുകാരെ ഒഴിപ്പിക്കാന്‍ മുന്‍സിഫ് കോടതി പുറപ്പെടുവിച്ച എക്‌സ്പാര്‍ട്ടി ഉത്തരവുമായിട്ടാണ് പൊലീസ് എത്തിയത്. ഊണ് കഴിച്ചുകൊണ്ടിരുന്ന ഇലക്ട്രീഷ്യനായ രാജന്‍ ആവശ്യപ്പെട്ടത് അരമണിക്കൂര്‍ സമയം. ഹൈകോടതിയില്‍നിന്ന് കോടതി ഉത്തരവിന് സ്‌റ്റേ കിട്ടിയിട്ടുണ്ടെന്നും അത് ഹാജരാക്കാന്‍ സമയം നല്‍കണമെന്നും അപേക്ഷിച്ച രാജനെ ഊണ് കഴിക്കാന്‍പോലും അനുവദിക്കാതെ ബലമായി പുറത്തിറക്കിയപ്പോഴാണ് ത​െൻറയും ഭാര്യയുടെയും മേല്‍ പെട്രോള്‍ ഒഴിച്ച് ഗൃഹനാഥന്‍ ആത്മഹത്യാഭീഷണി മുഴക്കിയത്. ഇരുവരുടെയും ദേഹത്ത് പെട്രോള്‍ ഒഴിച്ച് കത്തിച്ച ലൈറ്ററുമായി ഭീഷണി മുഴക്കിയ രാജ​െൻറ കൈയിലെ ലൈറ്റര്‍ ഒരു പൊലീസുകാരന്‍ തട്ടിത്തെറിപ്പിച്ചത് ഇരുവരുടെയും മരണത്തില്‍ കലാശിച്ചു. എല്ലാറ്റിനും ദൃക്‌സാക്ഷികളായി മാറിയ മക്കള്‍ രാഹുലും രഞ്ജിത്തും കഴിഞ്ഞ ഒരാഴ്ചയായി ആശുപത്രിയില്‍ കഴിഞ്ഞിരുന്ന അച്ഛ​െൻറയും അമ്മയുടെയും ജീവനുവേണ്ടി പ്രാർഥിക്കുകയായിരുന്നു. രാജന്‍ ഞായറാഴ്ച രാത്രിയും ഭാര്യ അമ്പിളി തിങ്കളാഴ്ച രാത്രിയും മരിച്ചു. സംഭവത്തില്‍ ജ്വലിച്ച നാട്ടുകാരുടെയും പ്രതിഷേധം ജില്ല കലക്ടര്‍ സ്ഥലത്തെത്തി കുട്ടികള്‍ക്ക് നല്‍കിയ ഉറപ്പിനെ തുടര്‍ന്നാണ് അടങ്ങിയത്.

രണ്ടുപേരുടെയും മരണത്തിനിടയാക്കിയ പൊലീസുകാരെ ശിക്ഷിക്കുക, അനാഥരായ കുട്ടികളുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കുക, പരാതിക്കാരിയായ വസന്തയെ അറസ്​റ്റ്​ ചെയ്യുക തുടങ്ങിയ ആവശ്യങ്ങളാണ് മാതാപിതാക്കള്‍ നഷ്​ടപ്പെട്ട കുട്ടികളും നാട്ടുകാരും കലക്ടര്‍ക്കു മുന്നില്‍ വെച്ചത്.

അച്ഛ​െൻറ കുഴിമാടത്തിന് അരികില്‍ അമ്മയുടെയും മൃതദേഹം അടക്കണമെന്ന മകന്‍ രഞ്ജിത്തി​െൻറ ആവശ്യംപോലും പൊലീസ് അംഗീകരിച്ചില്ല. കുഴിവെട്ടാന്‍ നാട്ടുകാരെ അനുവദിച്ചുമില്ല. തുടര്‍ന്നാണ് പതിമൂന്നുകാരനായ കുട്ടി അമ്മക്കുവേണ്ടിയും കുഴിവെട്ടിയത്. ഇത്തരം ഒരു സംഭവത്തിന് കേരളം ഇതിനുമുമ്പ്​ ഒരിക്കലും സാക്ഷിയായിട്ടില്ല. പാവങ്ങളായ നാട്ടുകാര്‍ പൊലീസിനെ പേടിച്ച് മാറിനിന്നപ്പോഴാണ് അച്ഛനമ്മമാര്‍ക്കുവേണ്ടി ബാലന് കുഴിവെട്ടേണ്ടിവന്നത്.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഒരാഴ്ചക്കുശേഷം ഡി.ജി.പിയും മുഖ്യമന്ത്രിയും ഉത്തരവിട്ടിട്ടുണ്ട്. കുടുംബത്തി​െൻറ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് സ്ഥലത്തെത്തിയ മന്ത്രി കടകംപള്ളിയും കെ.എ. ആന്‍സലന്‍ എം.എൽ.എയും മാധ്യമങ്ങളോട് പറഞ്ഞു. അനാഥരായ കുടുംബത്തിന് വീടുവെച്ചുനല്‍കുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡൻറ്​ ഷാഫി പറമ്പില്‍ പ്രഖ്യാപിച്ചതിനോടൊപ്പമാണ് സര്‍ക്കാറും കുടുംബത്തി​െൻറ സംരക്ഷണം ഏറ്റെടുക്കുമെന്ന് അറിയിച്ചിരിക്കുന്നത്.

കഴിഞ്ഞ നാലരക്കൊല്ലത്തിനിടയില്‍ പൊലീസി​െൻറ അതിക്രമംമൂലം പൊലിഞ്ഞുപോയ ജീവിതങ്ങള്‍ ഒരുപാടുണ്ട്. മുടി നീട്ടിവളര്‍ത്തിയതിന് പൊലീസ് പീഡിപ്പിച്ചതിനെ തുടര്‍ന്ന് ജീവനൊടുക്കിയ തൃശൂരിലെ വിനായകന്‍, പേര് മാറി പൊലീസ് പിടിച്ചുകൊണ്ടുപോയി മർദിച്ചു കൊലപ്പെടുത്തിയ വരാപ്പുഴയിലെ ശ്രീജിത്ത്, വിവാഹത്തെ തുടര്‍ന്ന് ദുരഭിമാനകൊലക്ക്​ ഇരയായ കെവിന്‍, ഏറ്റവും ഒടുവില്‍ പാലക്കാട് തേങ്കുറിശിയില്‍ ദുരഭിമാനകൊലക്ക്​ ഇരയായ അനീഷ്. ഈ സംഭവങ്ങളിലെല്ലാം പ്രതിസ്ഥാനത്ത് നേരിട്ടോ അല്ലാതെയോ പൊലീസാണ്. ഒരാഴ്ച മുമ്പ്​ അനീഷിനെ കൊലപ്പെടുത്തിയത് ഭാര്യയുടെ അച്ഛനും അമ്മാവനും അപ്പൂപ്പനും ഉള്‍പ്പെടെയുള്ളവരാണ്. നേര​േത്ത വധഭീഷണി ഉണ്ടായപ്പോള്‍ അനീഷി​െൻറ അച്ഛന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഭാര്യ ഹരിതയുടെ അമ്മാവന്‍ അനീഷി​െൻറ വീട്ടിലെത്തി ഹരിതയുടെ മൊബൈല്‍ഫോണ്‍ എടുത്തുകൊണ്ടുപോയിരുന്നു. അതു സംബന്ധിച്ച പരാതിയിലും പൊലീസ് നടപടിയുണ്ടായില്ല. തദ്ദേശ തെരഞ്ഞെടുപ്പി​െൻറ തിരക്കായിരുന്നു നടപടി വൈകാന്‍ കാരണമെന്നാണ് പൊലീസ് പറയുന്നത്.

ആളുമാറി കൊല ചെയ്യപ്പെട്ട ശ്രീജിത്തി​െൻറ മരണത്തില്‍ ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ്​ ചെയ്‌തെങ്കിലും പിന്നീട് തിരിച്ചെടുത്തു. തൃശൂരിലെ വിനായക​െൻറ ആത്മഹത്യയുമായി ബന്ധപ്പെട്ട് പൊലീസിനെതിരെ കാര്യമായ ഒരു നടപടിയും എടുത്തതായി അറിവില്ല. ദുരഭിമാനത്തി​െൻറ പേരില്‍ കൊല്ലപ്പെട്ട കെവി​െൻറ വിധവയായ ഭാര്യയെ സംരക്ഷിക്കാനോ ജോലി നല്‍കാനോ സര്‍ക്കാര്‍ ഒരു നടപടിയും എടുത്തില്ല. അച്ഛന്‍ ഉള്‍പ്പെടെ നീനുവി​െൻറ ബന്ധുക്കളായ പ്രതികളെ കോടതി ശിക്ഷിച്ചെങ്കിലും സര്‍ക്കാര്‍ കണ്ണുതുറന്നില്ല. കെവിനെ പ്രതികള്‍ തട്ടിക്കൊണ്ടുപോയപ്പോള്‍ ഭര്‍ത്താവിനെ കാണാനില്ലെന്ന പരാതിയുമായി നീനുവും കെവി​െൻറ അച്ഛനും പൊലീസ് സ്‌റ്റേഷനില്‍ എത്തിയിരുന്നു. എന്നാല്‍, സ്‌റ്റേഷനിലെത്തിയ കെവി​െൻറ അച്ഛനെയും കെവി​െൻറ ഭാര്യയെയും പൊലീസ് അവഗണിച്ചു. വീട്ടിലേക്ക് പെണ്‍കുട്ടിയെ മടക്കിക്കൊണ്ടുപോകാന്‍ ബന്ധുക്കളെ പൊലീസ് സഹായിക്കുകയും ചെയ്തു. കെവിനെ തട്ടിക്കൊണ്ടുപോയവര്‍ക്ക് സഹായികളായി മാറിയതും പൊലീസാണെന്ന് പിന്നീട് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. സംഭവത്തില്‍ പൊലീസ് ഇടപെട്ടിരുന്നെങ്കില്‍ കെവി​െൻറ മരണം ഒഴിവാക്കാന്‍ കഴിയുമായിരുന്നു. പിറ്റേദിവസമാണ് പുഴയില്‍ മുക്കിക്കൊന്ന നിലയില്‍ കെവി​െൻറ മൃതദേഹം കണ്ടെത്തിയത്. ഇപ്പോഴും കെവി​െൻറ വിധവയായി നീനു ഭര്‍ത്താവി​െൻറ വീട്ടില്‍ കഴിയുകയാണ്. ഇതേ അവസ്ഥയാണ് തേങ്കുറിശിയിലെ അനീഷി​െൻറ വിധവക്കും ഉണ്ടായിരിക്കുന്നത്.

പ്രത്യക്ഷമായും പരോക്ഷമായും പൊലീസ് പ്രതിക്കൂട്ടിലായ ഈ സംഭവങ്ങളിലെ ഇരകളെ സംരക്ഷിക്കാന്‍ പിണറായി സര്‍ക്കാറിന് കഴിഞ്ഞിട്ടില്ല. ശ്രീജിത്തി​െൻറ വിധവക്ക്​ ജോലി നല്‍കിയാണ് പ്രതിഷേധങ്ങള്‍ക്ക് സര്‍ക്കാര്‍ പരിഹാരം കണ്ടത്. വിനായക​െൻറ ആത്മഹത്യാകേസിലും ശ്രീജിത്തി​െൻറ കൊലപാതകത്തിലും കെവി​െൻറ കൊലയിലും ആരോപണവിധേയരായ പൊലീസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കുകയും ചെയ്തു. നെയ്യാറ്റിന്‍കരയിലെ പൊലീസി​െൻറ ക്രൂരത സമൂഹമാധ്യമങ്ങളില്‍ ലൈവായി പ്രചരിച്ചിട്ടും ഒരു പൊലീസുകാരനെയെങ്കിലും സസ്‌പെൻഡ്​ ചെയ്യാന്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റക്ക് കഴിഞ്ഞില്ല. ഒരാഴ്ച കഴിഞ്ഞിട്ടും പൊലീസി​െൻറ അതിക്രമമാണ് ദമ്പതികളുടെ ജീവന്‍ അപഹരിച്ചതെന്ന് പൊലീസിനു മാത്രം ബോധ്യപ്പെട്ടില്ല. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ റൂറല്‍ എസ്​.പിയെ ചുമതലപ്പെടുത്തിയതായി ചൊവ്വാഴ്ച ഡി.ജി.പി പറഞ്ഞു.

നാലരക്കൊല്ലം പൂര്‍ത്തിയാക്കിയ പിണറായി സര്‍ക്കാര്‍ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കത്തിലാണ്. പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തേണ്ട കാര്യങ്ങളെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ മുഖ്യമന്ത്രി പിണറായിയുടെ കേരളയാത്ര അവസാനിക്കും മുമ്പാണ് നെയ്യാറ്റിന്‍കരയിലെ പൊലീസ് അതിക്രമം. ഇടതുഭരണം അവസാനിക്കുമ്പോള്‍ സ്വന്തമായി വീടില്ലാത്ത ഒരാളും സംസ്ഥാനത്ത് ഉണ്ടാവില്ലെന്ന പ്രഖ്യാപനമാണ് ലൈഫ് മിഷന്‍ പദ്ധതിയിലൂടെ സര്‍ക്കാര്‍ മുന്നോട്ടുവെച്ചത്. മൂന്നു സെൻറ്​ തികച്ചില്ലാത്ത സ്ഥലം കൈയേറി കുടില്‍ കെട്ടി താമസിച്ച രാജനും കുടുംബവും ഈ കാനേഷുമാരിയില്‍ പെട്ടവരല്ല. ഭാര്യ അമ്പിളി രോഗിയാണ്. രണ്ട് ആണ്‍മക്കളെയും സഹോദരിയുടെ രണ്ടു മക്കളെയും പഠിപ്പിക്കുന്നതും വളര്‍ത്തുന്നതും രാജനായിരുന്നു. ഈ പ്രാരബ്​ധത്തിനിടയിലും രാപ്പകല്‍ അധ്വാനിച്ച് മിച്ചംവെക്കുന്ന പണത്തില്‍നിന്ന് തെരുവില്‍ കഴിയുന്നവര്‍ക്ക് പ്രഭാതഭക്ഷണം നല്‍കാനും ഈ മനുഷ്യന്‍ ശ്രമിച്ചിരുന്നു.

രാജനെതിരെ പരാതി നല്‍കിയ സമ്പന്നയായ വീട്ടമ്മ വസന്തയുടെ പരാതിയെ തുടര്‍ന്നാണ് കുടുംബവീട് ഉപേക്ഷിച്ച് പുറമ്പോക്കായ മൂന്നു സെൻറില്‍ കുടില്‍ കെട്ടി താമസിക്കേണ്ട ഗതികേടില്‍ രാജന്‍ എത്തിയത്. അവിടെയും സ്ഥലം തട്ടിയെടുക്കാനായി വ്യാജപരാതിയുമായി അതേ അയല്‍ക്കാരി എത്തി. പൊലീസ് സ്‌റ്റേഷനില്‍ ഉള്‍പ്പെടെ സ്വാധീനമുള്ള ഇവര്‍ കേസില്‍ കുടുക്കാത്ത ഒരാളും ഈ കോളനി പരിസരത്തില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. രാജ​െൻറയും അമ്പിളിയുടെയും മരണത്തെ തുടര്‍ന്ന് മക്കളും നാട്ടുകാരും ക്ഷുഭിതരായതോടെ പൊലീസ് സംരക്ഷണത്തിലാണ് ഇപ്പോള്‍ കേസ് കൊടുത്ത വസന്ത.

എല്ലാ ദുരന്തത്തിനും കാരണമായ നെയ്യാറ്റിന്‍കര മുന്‍സിഫ് കോടതിയുടെ ഉത്തരവ് എക്‌സ്പാര്‍ട്ടി ഉത്തരവാണ്. കോടതി ജീവനക്കാരെ സ്വാധീനിച്ച് കേസി​െൻറ സമന്‍സ് പോലും ഇവര്‍ കൈക്കലാക്കിയതുകൊണ്ടാണ് രാജന് വിചാരണവേളയില്‍ കോടതിയിലെത്താന്‍ കഴിയാതെപോയത്. ഇക്കാര്യങ്ങള്‍ ബോധ്യപ്പെട്ടതുകൊണ്ടാവണം ഹൈകോടതി കീഴ്‌കോടതി നടപടി ജനുവരി 15 വരെ സ്​റ്റേ ചെയ്തത്. സ്​റ്റേ ലഭിച്ച ആ ഹൈകോടതി ഉത്തരവ് ഹാജരാക്കാന്‍ അരമണിക്കൂര്‍ സമയം പൊലീസ് ഈ കുടുംബത്തിന് നല്‍കിയിരുന്നെങ്കില്‍ 17കാരന് അച്ഛനമ്മമാരുടെ കുഴിമാടം ഒറ്റക്കു വെട്ടേണ്ടിവരുമായിരുന്നില്ല.

21കാരിയായ ആര്യയെ മേയറാക്കി രാജ്യ ചരിത്രത്തില്‍ ഇടംനേടിയ സി.പി.എമ്മിന് അപ്രതീക്ഷിതമായി കിട്ടിയ തിരിച്ചടിയാണ് നെയ്യാറ്റിന്‍കരയിലെ അതിദാരുണമായ ഈ ദുരന്തം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:policeruined lives
News Summary - Pinarayi's police and ruined lives
Next Story