Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightനീറ്റിനു വേണ്ടി​ ...

നീറ്റിനു വേണ്ടി​ ഇത്ര നെഞ്ച്​ നീറ്റണോ?

text_fields
bookmark_border
നീറ്റിനു വേണ്ടി​   ഇത്ര നെഞ്ച്​ നീറ്റണോ?
cancel

രാജ്യത്തെ 20 ലക്ഷത്തോളം വിദ്യാർഥികളാണ്​ ഈ വർഷം മെഡിക്കൽ വിദ്യാഭ്യാസ പ്രവേശനത്തിനായുള്ള നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ്​ ടെസ്​റ്റ്​ (നീറ്റ്​)എഴുതിയത്​. പരീക്ഷ എഴുതുന്നവരിൽ നൂറിൽ ഒരാൾക്കുപോലും സർക്കാർ കോളജുകളിൽ എം.ബി.ബി.എസ് പ്രവേശനത്തിന് സാധ്യതയില്ല.

നീറ്റ്​ തികച്ചും ഒരു മത്സരപരീക്ഷയാണ് എന്ന കാര്യത്തിൽ ആർക്കും തർക്കമില്ല. നമ്മുടെ നാട്ടിലെ സാധാരണക്കാരായ, സയൻസ് വിഷയത്തിൽ തൽപരരായ, അതിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളാണ് ഈ മത്സരപരീക്ഷകൾക്കായി ഏറെയും പരിശീലനം നേടുന്നത്. എല്ലാക്കാലത്തും മത്സരപരീക്ഷകളും അതു വഴി പ്രവേശനം ലഭിക്കുന്ന പ്രഫഷനൽ കോഴ്‌സുകളും (മെഡിക്കൽ /എൻജിനീയറിങ്​) ഒരു ട്രെൻഡ് തന്നെയായിരുന്നു. 15 വർഷങ്ങൾക്ക് മുമ്പ്, 150ഓളം വിദ്യാർഥികൾ പഠിച്ച എന്റെ പ്ലസ് ടു സയൻസ് ബാച്ചിലെ നൂറിലധികം പേർ ഇന്ന് ആരോഗ്യപരിരക്ഷാ-എൻജിനീയറിങ്​ മേഖലയിലാണ് പ്രവർത്തിക്കുന്നത്​. കുറച്ചുപേർ ബിസിനസിലേക്ക്​ തിരിഞ്ഞു. പത്തിൽ കുറവാളുകൾ സയൻസ് -ആർട്സ് മേഖലയിലേക്കും നീങ്ങി. സയൻസിൽ തൽപരരായി പത്താം ക്ലാസിനുശേഷം പ്ലസ് ടു സയൻസ് തിരഞ്ഞെടുത്ത വിദ്യാർഥികൾ എന്തുകൊണ്ടാണ്​ ഇത്തരം പ്രഫഷനൽ കോഴ്‌സുകളിലേക്ക് മാത്രമായി ചുരുങ്ങിപ്പോകുന്നത്. ശാസ്ത്രം പഠിക്കാനും പഠിപ്പിക്കാനും അത് സമൂഹത്തിൽ നല്ല മാറ്റങ്ങളായി കൊണ്ടുവരാനും താൽപര്യവും പ്രാപ്​തിയുമുണ്ടായിരുന്ന പ്രതിഭകൾ എന്തു കൊണ്ടാണ്​ ശാസ്ത്ര ഗവേഷണത്തിലേക്കും അധ്യാപനത്തിലേക്കും നീങ്ങാൻ താൽപര്യമെടുക്കാത്തത്​?

ഡോക്ടർ എന്ന സ്വപ്നം

ഡോക്ടർ ആവുക എന്നത് പല കുട്ടികളുടെയും സ്വപ്​നമാണ്, പല കാരണങ്ങൾ കൊണ്ട്. സാമൂഹിക സേവനത്തിനുള്ള അവസരം, സമൂഹത്തിൽ ലഭിക്കുന്ന പദവി, തൊഴിൽ സുരക്ഷ എന്നിങ്ങനെ പല കാരണങ്ങളാണ്​ ഇതിനായി അവർ പറയുന്നത്​. ചെറുപ്പത്തിൽ ആശുപത്രിയിൽ പോയപ്പോൾ ഒരു ഡോക്ടറുടെ അപ്പോയിന്റ്മെന്റിനായി കാത്തിരുന്നതും ആളുകൾ അവർക്ക് നൽകുന്ന ആദരവുമാണ്​ ഈ സ്വപ്​നത്തിൽ എത്തിപ്പെടാൻ കാരണമെന്ന്​ പരിചയവൃത്തത്തിലുള്ള ഒരു വിദ്യാർഥി പറഞ്ഞതോർക്കുന്നു. അത്തരം ഒരു ബോധം സൃഷ്​ടിക്കുന്നതിൽ സമൂഹവും പങ്കുവഹിക്കുന്നില്ലേ? സ്കൂളിൽ തന്നെ പഠിപ്പിച്ചിരുന്ന അധ്യാപകരെ അർഹിക്കുംവിധം സമൂഹം ആദരിച്ചിരുന്നെങ്കിൽ ഇതേ കുട്ടി അധ്യാപനത്തിലേക്ക് കടന്നു വരാൻ മോഹിക്കുമായിരുന്നില്ലേ? നാട്ടുകാരും സ്​കൂൾ കൂട്ടായ്​മകളും എം.ബി.ബി.എസ് പരീക്ഷയിൽ വിജയം നേടിയവരെ ആദരിക്കാറുണ്ട്​. ആർട്സ് / സയൻസ്/ കല /കായിക മേഖലകളിൽ മുന്നേറ്റം നടത്തുന്ന വിദ്യാർഥികളെയും പൂർവ വിദ്യാർഥികളെയും സംബന്ധിച്ച്​ മാധ്യമങ്ങളിൽ വലിയ വാർത്ത വന്നാലല്ലാതെ പഠിച്ച സ്​കൂൾപോലും പലപ്പോഴും ഓർമിക്കാറില്ല.

അതിരുവിടുന്ന നീറ്റോട്ടം

വലിയ മത്സരബുദ്ധിയോടെയാണ് കുട്ടികൾ ഇന്നത്തെ ‘കോമ്പിറ്റേറ്റിവ്’പരീക്ഷകൾക്ക് തയാറെടുക്കുന്നത്. കോച്ചിങ് സെന്ററുകളെല്ലാം ഈ കുട്ടികളെ ‘ട്രെയ്ൻ’ ചെയ്യുന്ന തിരക്കിലുമാണ്. ഒരു കോച്ചിങ് സെന്റർ നടത്തിപ്പുകാര​ന്റെ വാക്കുകൾ കടമെടുത്താൽ അവർ വിദ്യാർഥികളെ ശാസ്ത്രം പഠിപ്പിക്കുകയല്ല, മറിച്ച് അവരെ പരീക്ഷക്ക് ‘ട്രെയ്ൻ’ ചെയ്യുകയാണ്. അദ്ദേഹം പറഞ്ഞത്​ ന്യായമാണ്​. കാരണം, നീറ്റ്​ കടമ്പ കടക്കണമെങ്കിൽ ഒരു വിദ്യാർഥി ദിവസം നൂറും മുന്നൂറും ഒബ്ജക്റ്റിവ് ചോദ്യങ്ങൾ പരിശീലിക്കണം. ഒരു റോബോട്ട് എന്ന പോലെ വിദ്യാർഥികളെ കൊണ്ട് ഇത് സാധിപ്പിക്കുക എന്നതേ മാർഗമുള്ളൂ. ഇത്തരം പരീക്ഷകൾക്ക് വേണ്ടി രണ്ടും മൂന്നും വർഷം ചെലവഴിച്ച വിദ്യാർഥികളിൽ പോലും ശാസ്ത്ര ആശയങ്ങളുടെ അഭാവം കാണുന്നു എന്നത് വിദ്യാഭ്യാസ മേഖലക്ക് ദീർഘകാലാടിസ്ഥാനത്തിൽ വലിയ ദോഷങ്ങൾ ചെയ്തേക്കാം. ശാസ്ത്രബോധവും ശാസ്ത്രീയ ആശയങ്ങളും ഗവേഷണ മനോഭാവവും കുട്ടികളിൽ വളർത്തിയില്ലെങ്കിൽ അതൊരു ദുരന്തമായി മാറും.

വലിയതോതിലെ മാനസിക പിരിമുറുക്കത്തിലൂടെയാണ് ഇത്തരം പരീക്ഷകൾക്ക് തയാറെടുക്കുന്ന വിദ്യാർത്ഥികൾ കടന്നു പോകുന്നത്. ഇതുകൂടി മനസ്സിലാക്കിയിട്ടാവണം കോച്ചിങ് സെന്ററുകൾ ‘മെന്റർ’മാരെ സ്ഥാപനത്തിൽ നിയമിക്കാൻ തുടങ്ങിയത്. ഇവർ കുട്ടികളെ അക്കാദമിക കാര്യങ്ങളിലും മാനസിക കാര്യങ്ങളിലുമെല്ലാം സഹായിക്കുന്നു. എന്നാൽ മനഃശാസ്​ത്ര യോഗ്യതയൊന്നുമില്ലാത്ത ഈ മെന്റർമാർ അമിത മോട്ടിവേഷൻ നൽകി കുട്ടികളെ ഒരുതരം എം.ബി.ബി.എസ് ട്രാപ്പിൽ പെടുത്തുന്നുണ്ടോ എന്ന് നാം സംശയിക്കണം. നീറ്റിനായി പരിശീലിച്ച്​ എം.ബി.ബി.എസിനു യോഗ്യത നേടാൻ കഴിയാതെ പോയ നിരവധി വിദ്യാർഥികൾ പറഞ്ഞത് അവർക്ക് മറ്റൊരു ഓപ്ഷനെക്കുറിച്ച്​ ചിന്തിക്കാൻ സാധിക്കുന്നില്ലെന്നും അതിനാൽ പ്രവേശനം സാധ്യമാകുന്നതുവരെ പരിശീലനം തുടരുകയാണ്​ എന്നുമാണ്. പല വിദ്യാർഥികളും പാര മെഡിക്കൽ കോഴ്‌സുകൾക്കും ശാസ്ത്രമേഖലകളിലേക്കുള്ള ഡിഗ്രി പ്രവേശന പരീക്ഷകൾക്കും (ഐ.എ.ടി, സി.യു.ഇ.ടി, കീം ) ആപ്ലിക്കേഷൻ പോലും കൊടുത്തില്ല എന്നത് ഈ ‘ട്രാപ്’ന്റെ ആഴം വ്യക്തമാക്കുന്നു.

പ്രത്യേക പരിശീലനം നേടാതെ കടമ്പ കടക്കൽ അത്ര എളുപ്പമല്ല എന്നതുകൊണ്ടു തന്നെ നീറ്റ്​ കോച്ചിങ് ഇന്ന്​ കേരളത്തിലെ സുപ്രധാന ബിസിനസുകളിൽ ഒന്നാണ്. ഒരു നല്ല സ്ഥാപനത്തിൽ ഒരു വർഷം പഠിക്കാൻ കുറഞ്ഞത് ഒന്നര ലക്ഷം രൂപ ചെലവുണ്ട്. അന്യസംസ്ഥാനങ്ങളിലെ പേരുകേട്ട സ്ഥാപനങ്ങളിലേക്ക് പോവുകയാണെങ്കിൽ, അത് മൂന്നും അഞ്ചും ലക്ഷം ഒക്കെ ആകും. പുതിയ കാലത്ത് അതിനൂതനമായ അധ്യാപനരീതികളാണ്​ പല സ്​ഥാപനങ്ങളും അവതരിപ്പിക്കുന്നത്​. കുട്ടികൾക്ക് അത് ഏറെ ആകർഷകമാകുന്നുമുണ്ട്​. ഐ.ഐ.ടി പോലുള്ള ഇന്ത്യയിലെ മുൻ നിര സ്ഥാപനങ്ങളിൽ നിന്ന്​ പഠിച്ചിറങ്ങിയവരും എം.ബി.ബി.എസ്​ കഴിഞ്ഞവരും മറ്റുമാണ്​ ഇന്ന് ഈ മേഖലയിൽ അധ്യാപകരായി ജോലി ചെയ്യുന്നത്. ഡോക്​ടർക്ക്​ ലഭിക്കുന്ന സാമൂഹിക മാന്യതയും ആദരവുമെല്ലാം കണ്ട്​ പ്രചോദിതരായി കോച്ചിങ്ങിനു പോയി എം.ബി.ബി.എസും പാസായവർ കോച്ചിങ്​ സെൻററിൽ പഠിപ്പിക്കാൻ നിൽക്കേണ്ടി വരുന്നത്​ എന്തു കൊണ്ടാണ്​?-അഭ്യസ്ത വിദ്യർക്ക് നമ്മുടെ നാട്ടിൽ ഇന്ന് വേണ്ടത്ര ജോലി സാധ്യതകൾ ഇല്ലാത്തതു കൊണ്ടുതന്നെ. ഉന്നത വിദ്യ അഭ്യസിക്കാനായി ലക്ഷങ്ങളും കോടികളും ചെലവഴിച്ച്​ തൊഴിൽ രഹിതരായോ, അല്ലെങ്കിൽ അതൃപ്​തമായ തൊഴി​ലുകളെടുക്കുന്നവരായോ കഴിയുന്ന യുവ തലമുറയാണ് ഇന്ത്യ മഹാരാജ്യമൊട്ടുക്കും. ഇത് തന്നെ ഒരു വലിയ ഗവേഷണ മേഖലയാണ്. അതേക്കുറിച്ച്​ ചർച്ച പിന്നീടൊരിക്കലാവാം.

ഇന്നത്തെ സർക്കാർ സ്ഥാപനങ്ങളിൽ ലഭ്യമാകുന്ന ഇൻഫ്രാസ്ട്രക്ച്ചർ മാത്രമാണ് കോച്ചിങ് സെൻററുകളിലുമുള്ളത്. എന്നിട്ടും നീറ്റ്​ കോച്ചിങ്​ ഉൾക്കൊള്ളിച്ചുകൊണ്ട്​ പ്ലസ് വൺ, പ്ലസ് ടു പഠനമൊരുക്കുന്ന സ്​ഥാപനങ്ങളിൽ നല്ലതുക മുടക്കി അഡ്മിഷൻ സ്വന്തമാക്കുകയാണ്​ ഒട്ടനവധിപ്പേർ. സർക്കാർ സ്​കൂളുകൾ മെച്ചപ്പെടുത്തിയെന്ന്​ എത്ര തന്നെ വാദിച്ചാലും ശരി പൊതു വിദ്യാലയങ്ങളിലെ പഠന സമ്പ്രദായങ്ങളുടെ പോരായ്മയാണ്​ ഇതിൽ പ്രകടമാവുന്നത്​. പണമില്ലാത്തവന് വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്ന ഭീകരമായ സാഹചര്യത്തിലേക്കാണ്​ നാം നടന്നടുക്കുന്നത്​.

അവസരങ്ങൾ അവസാനിക്കുന്നില്ല

ആരോഗ്യപരിരക്ഷാ മേഖലയുടെ പ്രാധാന്യം തിരിച്ചറിഞ്ഞ, അതിൽ അഭിരുചിയുള്ള, മികവുള്ള വിദ്യാർഥികൾ എം.ബി.ബി.എസിനോ മറ്റു മെഡിക്കൽ കോഴ്​സുകൾക്കോ പ്ര​വേശനം നേടുകയും ജനസേവനം നടത്തുകയും ചെയ്യ​​ട്ടെ. എന്നാൽ, നേരത്തേ പറഞ്ഞ എം.ബി.ബി.എസ്​ ട്രാപ്പിൽ നിന്ന്​ രക്ഷിതാക്കളും കുട്ടികളും രക്ഷനേടുക തന്നെ വേണം. നീറ്റ്​ പാസാകുന്നതാണ്​ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമെന്ന മട്ടിൽ അഭിമാനപ്രശ്​നമായെടുക്കുന്ന രീതിമാറണം. താൽപര്യമില്ലാത്ത മക്കളെ അതിനായി തല്ലിപ്പഴുപ്പിക്കുന്നതും അവസാനിപ്പിക്കണം. പ്രവേശനപരീക്ഷ എഴുതുന്ന നൂറിൽ ഒരു കുട്ടിക്ക് പോലും സീറ്റ്​ ലഭിക്കാത്ത കോഴ്​സിനു വേണ്ടി ഇല്ലാത്ത പണം ബാങ്കിൽ നിന്ന് വായ്പ എടുത്ത് പഠിപ്പിക്കുന്ന രക്ഷിതാക്കളും അതിനിറങ്ങി പുറപ്പെടുന്ന വിദ്യാർഥികളും രണ്ടുവട്ടം ഇരുന്ന്​ ആലോചിച്ചു വേണം ഇനിയെങ്കിലും തീരുമാനമെടുക്കാൻ. ഗവേഷണത്തിനും തൊഴിലിനും സംരംഭകത്വത്തിനും വഴി തുറക്കുന്ന ഒട്ടനവധി കോഴ്സുകൾ ഈ നാട്ടിലുണ്ട്. വിദ്യാർഥിയുടെ അഭിരുചികൾ മനസ്സിലാക്കി, കൂടിയാലോചിച്ചും വിദ്യാഭ്യാസ പ്രവർത്തകരുടെ അഭിപ്രായങ്ങൾ സ്വീകരിച്ചും, സാമ്പത്തിക സ്ഥിതി പരിഗണിച്ചും കോഴ്സുകൾ തിരഞ്ഞെടുക്കുക. പഠിക്കുന്ന മേഖലയിൽ (അത് ഏത് തന്നെയായാലും) അഭിനിവേശം പുലർത്തിയാൽ നിങ്ങൾക്ക് വിജയം ഉറപ്പാണ്.

(കോഴിക്കോട് ഫാറൂഖ് കോളജിലെ ആസ്‌ട്രോ ഫിസിക്സ്​ ഗവേഷണ വിദ്യാർഥിയാണ്​ ലേഖിക)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:admissionNational Eligibility Cum Entrance Testmedicine.
News Summary - National Eligibility Cum Entrance Test- admission to medical education.
Next Story