Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightകേരളം മലയാളത്തെ...

കേരളം മലയാളത്തെ ഭയക്കുന്നുണ്ടോ?

text_fields
bookmark_border
കേരളം മലയാളത്തെ ഭയക്കുന്നുണ്ടോ?
cancel

മാതൃഭാഷാവകാശം മനുഷ്യാവകാശമാണെന്ന് ഐക്യരാഷ്ട്രസഭ അംഗീകരിച്ചു കഴിഞ്ഞു. ആ പ്രഖ്യാപനത്തിന്‍െറ അര്‍ഥം ലോകഭാഷാ സങ്കല്‍പത്തിന്‍െറ തകര്‍ച്ചയാണ്. ബാബേല്‍ ഗോപുരം തകര്‍ന്നതോടെ ഏകഭാഷാ ലോകം അവസാനിച്ചു. പിന്നെ ലോകത്തെ അടക്കിഭരിക്കുന്ന പ്രമാണ ഭാഷയുടെ അധികാരമായി. ഇപ്പോഴിതാ അതും കൈയൊഴിയപ്പെട്ടിരിക്കുന്നു.

പക്ഷേ, നിര്‍ഭാഗ്യമെന്നേ പറയേണ്ടൂ, കേരളത്തില്‍ മാതൃഭാഷയുടെ അവകാശം പ്രഖ്യാപിച്ച് ഒരു ജാഥ നടക്കുകയാണ്. 2016 ഒക്ടോബര്‍ 22ന് കാസര്‍കോട്ടുനിന്നു തുടങ്ങി 31ന് തിരുവനന്തപുരത്ത് അവസാനിക്കുന്ന ഈ ജാഥ നയിക്കുന്നത് മലയാള ഐക്യവേദി, മലയാള സമിതി, മലയാള സംരക്ഷണ വേദി എന്നീ മലയാള ഭാഷാസംഘടനകളുടെ പൊതുവേദിയായ ഐക്യമലയാള പ്രസ്ഥാനമാണ്. കേരളത്തില്‍ ഭരണഭാഷ മലയാളമാക്കിക്കൊണ്ടുള്ള നിയമം വന്നത് 1969ലാണ്. എന്നാല്‍, ഒന്നാം ഭാഷാ ഉത്തരവ് വരുന്നത് 2011ലാണ്. 12ാം കേരള നിയമസഭ 2015ല്‍ പാസാക്കിയെടുത്ത സമഗ്ര ഭാഷാനിയമം നടപടിക്രമങ്ങള്‍ പാലിച്ച് ഇനിയും പ്രാബല്യത്തില്‍ വന്നിട്ടുമില്ല’.

വെറുതെ തോന്നിയതല്ല. ഒൗദ്യോഗിക ഭാഷ മലയാളമാക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിയോഗിച്ച സമിതി വിവിധ വകുപ്പുകളില്‍ തെളിവെടുപ്പു നടത്തി തയാറാക്കിയ പഠന റിപ്പോര്‍ട്ടാണ് ഇത്തരമൊരു ആശങ്ക ഉണ്ടാക്കുന്നത്. തെളിവെടുപ്പുയോഗങ്ങളില്‍ ഉത്തരവാദപ്പെട്ട സെക്രട്ടറിമാര്‍ പലരും പങ്കെടുത്തിരുന്നില്ല എന്ന റിപ്പോര്‍ട്ട് പരാമര്‍ശംതന്നെ മതിയാകും എത്രമാത്രം അലംഭാവത്തോടെയാണ് ഭാഷയെ സമീപിച്ചതെന്നു വ്യക്തമാകാന്‍. 2006 ഡിസംബര്‍ മുതല്‍ 2008 ഡിസംബര്‍ വരെയായിരുന്നു തെളിവെടുപ്പ്.

മലയാള ഭാഷാമാറ്റ പുരോഗതി ഒൗദ്യോഗികമായി രേഖപ്പെടുത്തുമ്പോഴും ട്രഷറി വകുപ്പില്‍ പൊതുജനങ്ങളുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും മലയാളത്തിലാവണമെന്ന് സമിതി നിര്‍ദേശിക്കുന്നു. ചെക്, പെന്‍ഷന്‍ ഫോറം, ചലാന്‍ ഫോറം എന്നിവയെല്ലാം മലയാളത്തില്‍ ആകേണ്ടതിന്‍െറ ആവശ്യകത സമിതിക്കു ബോധ്യപ്പെടുകയായിരുന്നു. ദേശീയ സമ്പാദ്യ പദ്ധതിയുമായി ബന്ധപ്പെട്ടുണ്ടായ നിര്‍ദേശവും ശ്രദ്ധേയമാണ്. മണിഓര്‍ഡര്‍ ഫോമിലുള്ളതുപോലെ പാസ്ബുക്കിലും മലയാളത്തിനു സ്ഥാനം നല്‍കണം.

ആഭ്യന്തരവകുപ്പുമായി ബന്ധപ്പെട്ട് വളരെ സുപ്രധാനമായൊരു നിരീക്ഷണമാണ് സമിതി നടത്തിയത്. കെമിക്കല്‍ എക്സാമിനേഷന്‍ ലാബറട്ടറിയില്‍ ഉപയോഗിച്ചു വരുന്ന സാങ്കേതികപദങ്ങള്‍ മലയാളലിപിയില്‍ എഴുതി പരിശോധന റിപ്പോര്‍ട്ട് മലയാളത്തില്‍ തയാറാക്കുക. എത്ര പ്രായോഗികവും സോദ്ദേശ്യവുമായ നിരീക്ഷണമാണിത്. സാങ്കേതിക പദാവലികളെ ക്രമേണ മലയാളീകരിക്കാനുള്ള സാധ്യതകൂടിയാണ് ഇതിലൂടെ തുറന്നുകിട്ടുക. ജയില്‍ നിയമം ഇപ്പോള്‍ നിലനില്‍ക്കുന്നത് ഇംഗ്ളീഷിലാണല്ളോ. അതെന്തിന് ഇംഗ്ളീഷില്‍ ആകണം? പൊതുജനങ്ങള്‍ക്ക് മനസ്സിലാകുന്ന വിധം ജയില്‍ചട്ടങ്ങളുടെയും മാന്വലുകളുടെയും മലയാള പരിഭാഷകള്‍ക്കായുള്ള നിര്‍ദേശം സമിതിയില്‍നിന്നുണ്ടായി. ആഭ്യന്തരവകുപ്പിലെ ഫയലുകള്‍ കൃത്യമായും മലയാളത്തിലാണോ എന്നു പരിശോധിച്ച് മൂന്നു മാസത്തിലൊരിക്കല്‍ റിപ്പോര്‍ട്ട് തയാറാക്കാന്‍ വരെ സമിതി ശിപാര്‍ശ ചെയ്തിട്ടുണ്ട്.

കോടതിഭാഷ സംബന്ധിച്ച സമിതി നിര്‍ദേശവും സൂചിപ്പിക്കേണ്ടതുണ്ട്. ഹൈകോടതിയിലും കീഴ്കോടതികളിലും കൈകാര്യം ചെയ്യുന്ന നിയമങ്ങളെല്ലാം മലയാളത്തിലാക്കണമെന്നും കാലാകാലങ്ങളില്‍ വരുന്ന വിധിന്യായങ്ങള്‍ മലയാളത്തില്‍ തര്‍ജമ ചെയ്ത് വക്കീലന്മാര്‍ക്കു നല്‍കണമെന്നും ഗ്ളോസറി തയാറാക്കണമെന്നും സമിതി നിര്‍ദേശിച്ചു. ഹൈകോടതിക്കു കീഴിലെ സിവിലും ക്രിമിനലുമായ കോടതികളില്‍ മലയാളംകൂടി ഉപയോഗിക്കാവുന്നതാണെന്ന് 1973ല്‍തന്നെ കേരള സര്‍ക്കാര്‍ നിര്‍ദേശിച്ചു. പരാതിയുമായി വരുന്ന സാധാരണക്കാരെ പരിഭ്രമിപ്പിക്കുന്നതാണ് ഇന്ത്യന്‍ കോടതികളുടെ രൂപഭാവങ്ങള്‍ എന്നതു വിസ്മരിച്ചുകൂടാ. ചിറകുവിടര്‍ത്തുന്ന വവ്വാലുകളെപ്പോലെയത്തെുന്ന വക്കീലന്മാരെ ഒരുതരം ഭയം കലര്‍ന്ന അകല്‍ച്ചയോടെയാണ് വാദികള്‍ക്കും പ്രതികള്‍ക്കും സാക്ഷികള്‍ക്കും കാണാനാവുക. അതോടൊപ്പം എന്താണ് തങ്ങള്‍ക്കനുകൂലമായും എതിരായും കോടതികളില്‍ അഥവാ കോടതികള്‍ പറയുന്നതെന്ന് വ്യക്തമായി മനസ്സിലാക്കാന്‍ സാധാരണക്കാര്‍ക്കൊട്ടു കഴിയാറുമില്ല.

തങ്ങള്‍ എന്തിനാണ്, ഏതു വകുപ്പനുസരിച്ചാണ് ജയിലില്‍ കിടക്കുന്നതെന്നും തങ്ങള്‍ക്കു വിധിക്കപ്പെട്ട ശിക്ഷയെന്താണെന്നുപോലും മനസ്സിലാക്കാന്‍ കഴിയാത്ത എത്രയോ തടവുകാര്‍ ഇന്നും കേരളത്തിലെ ജയിലുകളിലുണ്ട്. 1987ല്‍ ആയിരുന്നു കോടതിഭാഷ സംബന്ധിച്ച നരേന്ദ്രന്‍ കമ്മിറ്റി റിപ്പോര്‍ട്ട് വന്നത്. എന്തെല്ലാം തടസ്സങ്ങളുണ്ടായാലും അവയെ തരണംചെയ്ത് കോടതിഭാഷ മലയാളമാക്കേണ്ടതിന്‍െറ ആവശ്യകത നരേന്ദ്രന്‍ കമീഷന്‍ ഊന്നിപ്പറഞ്ഞു. രണ്ടു വര്‍ഷത്തിനകം ഹൈകോടതിക്കു കീഴിലെ എല്ലാ കോടതികളിലെയും ഭാഷ മലയാളമാക്കണമെന്ന ജസ്റ്റിസ് നരേന്ദ്രന്‍െറ ശിപാര്‍ശകള്‍ നടപ്പാക്കാന്‍ മൂന്ന് ജഡ്ജിമാരടങ്ങിയ ഒരു സമിതി നിയോഗിക്കപ്പെട്ടു. നടപ്പില്‍വരുത്താന്‍ മുഖ്യമന്ത്രി അധ്യക്ഷനായ മന്ത്രിതല സമിതിയും 2009ല്‍ രൂപവത്കരിച്ചു. കോടതിയിലെ ഒൗദ്യോഗിക ഭാഷ മലയാളമാക്കുന്നതിലേക്ക് നിയമശബ്ദാവലിയുടെ നിര്‍മാണവും പരിഷ്കരണവും സമയബന്ധിതമായി തീര്‍ക്കുന്നതിന്‍െറ മേല്‍നോട്ടം വഹിക്കുന്നതിന് ഉദ്ദേശിച്ചുള്ളതായിരുന്നു ഈ മന്ത്രിതല സമിതി. എന്നിട്ടെന്തു സംഭവിച്ചു? 2010ലെ നിയമസഭാ സമിതി റിപ്പോര്‍ട്ടിലും ഇക്കാര്യങ്ങള്‍ ആവര്‍ത്തിക്കേണ്ടി വരുന്നു എന്നതിന് എന്താണര്‍ഥം?

ഇതുപോലത്തെന്നെ ദയനീയമാണ് 2011ല്‍ പുറത്തിറങ്ങിയ ഒന്നാം ഭാഷാ ഉത്തരവിന്‍െറ കാര്യവും. പൊതുവിദ്യാലയങ്ങള്‍ നഷ്ടത്തിലാവുകയും പൂട്ടിപ്പോവുകയും പല എയ്ഡഡ് സ്കൂളുകളും വിറ്റുപോവുകയും ചെയ്യുന്ന വാര്‍ത്തകള്‍ സമീപകാലത്ത് ഏറെ കോളിളക്കമുണ്ടാക്കിയല്ളോ. എങ്ങനെയാണ് ഒരു നാട്ടില്‍ പൊതുവിദ്യാലയങ്ങള്‍ ഇല്ലാതാവുക? നാട്ടിലുടനീളം വികസിച്ചുവന്ന വിദ്യാഭ്യാസക്കച്ചവടത്തിന്‍െറ ഭാഗമായി ധാരാളം സ്വാശ്രയ ഇംഗ്ളീഷ് മീഡിയം വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ഉണ്ടായി. മധ്യവര്‍ഗവത്കരണം നടക്കുന്ന ഒരു സമൂഹത്തിന് ഇത്തരം സ്കൂളുകള്‍ അഭിലഷണീയമായി തോന്നിയതില്‍ അദ്ഭുതമെന്തുള്ളൂ? പരസ്പരം മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്യേണ്ടതിന്‍െറ പാഠങ്ങളല്ല മക്കളവിടെ പഠിച്ചത്. മത്സരത്തിന്‍െറയും സ്വാര്‍ഥതയുടെയും അമിതഭാരംകൊണ്ട് കുട്ടികളുടെയും രക്ഷിതാക്കളുടെയും നടുവൊടിഞ്ഞപ്പോഴും ഇംഗ്ളീഷ് മീഡിയം സങ്കല്‍പം നല്‍കിയ ആത്മവിശ്വാസത്തിന്‍െറ ബലത്തിലായിരുന്നു അവര്‍.

മാതൃഭാഷയിലൂടെയുള്ള വിദ്യാഭ്യാസത്തിന് വൈകാരികബലം കൂടും. അത് ലാഭനഷ്ടങ്ങളുടെ കണക്കിലേക്ക് വിദ്യാഭ്യാസ പ്രക്രിയയെ തള്ളിവിടുകയില്ല. പകരം സംസ്കാരസമ്പന്നതയെപ്പറ്റി ഓര്‍മിപ്പിച്ചുകൊണ്ടിരിക്കും. മാതൃഭാഷയിലൂടെയാണ് അന്തര്‍ദേശീയ വ്യക്തിത്വങ്ങള്‍ വികസിച്ചത്, ഐന്‍സ്റ്റൈനും മാര്‍ക്സുമുള്‍പ്പെടെ. ഇത്തരം വ്യക്തിത്വ വികാസങ്ങള്‍ സാധ്യമാക്കുന്നവിധം പൊതുവിദ്യാഭ്യാസ മേഖലയെ മാതൃഭാഷയിലൂടെ ശക്തിപ്പെടുത്താനുദ്ദേശിച്ചുള്ളതായിരുന്നു ഒന്നാം ഭാഷാ ഉത്തരവ്. ആ ഉത്തരവിറക്കിയവര്‍തന്നെ അതിനോട് പരമാവധി അനാദരവ് കാണിച്ചു. ഭാഷാടിസ്ഥാനത്തില്‍ രൂപവത്കൃതമായ കേരളം ഏറ്റവും നിന്ദിച്ചത് ഭാഷയത്തെന്നെയായിരുന്നു. മാതൃഭാഷ കൈവെടിയുന്ന ഒരു നാടിന് അതിന്‍െറ മണ്ണും മരങ്ങളും ജീവജാലങ്ങളും കാലാവസ്ഥയും ഭക്ഷണവും മനസ്സും നഷ്ടപ്പെടുകതന്നെ ചെയ്യും. സുഖകരമായ കാലാവസ്ഥ, സ്വയംപര്യാപ്ത സഹവര്‍ത്തിത്വം -ഇതെല്ലാം മലയാളിക്കു നഷ്ടപ്പെടാന്‍ ഇടയാക്കിയ മുഖ്യകാരണം മലയാളത്തോടു കാണിച്ച നന്ദികേടുകൂടിയാണ്. ഒരു പുഴയെ തിരിച്ചുകൊണ്ടുവരുന്നതു പോലുള്ള യജ്ഞമാണ് ഭാഷയെ തിരിച്ചുപിടിക്കല്‍. മാതൃഭാഷാവകാശത്തിനായി നടത്തുന്ന ഈ ജാഥയുടെയും ലക്ഷ്യം മറ്റൊന്നല്ല.
1. മലയാളമാധ്യമ പൊതുവിദ്യാലയങ്ങള്‍ സംരക്ഷിക്കുക.
2. തൊഴില്‍ പരീക്ഷകളും പ്രവേശ പരീക്ഷകളും മലയാളത്തില്‍ എഴുതാന്‍ അനുവദിക്കുക.
3. കോടതി ഭാഷ മലയാളമാക്കുക.
4. ഒന്നാം ഭാഷാ ഉത്തരവ് പൂര്‍ണമായും നടപ്പാക്കുക.
5. സമഗ്ര ഭാഷാ നിയമം നടപ്പാക്കുക.
6. ഭാഷാ ന്യൂനപക്ഷങ്ങളുടെ ഭാഷാവകാശങ്ങള്‍ സംരക്ഷിക്കുക.
7. ആദിവാസി ഗോത്രഭാഷകള്‍ സംരക്ഷിക്കുക. ആദിവാസി വിഭാഗങ്ങള്‍ക്ക് അവരുടെ ഭാഷയില്‍ വിദ്യാഭ്യാസം നടത്താന്‍ കഴിയണം.
ജാഥ ഉന്നയിക്കുന്ന മുഖ്യാവശ്യങ്ങളാണ് മേല്‍ കൊടുത്തത്. കേരളത്തിന്‍െറ മുഴുവന്‍ മാതൃഭാഷ ഞാന്‍ ഇതെഴുതുന്ന മലയാളമല്ളെന്ന് ഓര്‍മിച്ചുകൊണ്ടുതന്നെ പറയട്ടെ: ഭാഷയുടെ വീണ്ടെടുപ്പ് അതില്‍ ജനിച്ചുവീണ മനുഷ്യരുടെ പാരമ്പര്യത്തെയും സ്വപ്നങ്ങളെയും തിരിച്ചുപിടിക്കലാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalammother tongueKerala News
News Summary - malayalam language and kerala
Next Story