Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഇസ്​ലാമിക ഭരണം...

ഇസ്​ലാമിക ഭരണം സ്ഥാപിക്കാൻ നടത്തിയ ശ്രമം എന്നൊരു വായന

text_fields
bookmark_border
malabar-rebellion352.jpg
cancel

''മലബാറിൽ ഇസ്​ലാമിക ഭരണം കൊണ്ടുവരാനും ഇസ്​ലാമിക മലബാറിൽ ഖലീഫയെ അവരോധിക്കാനുമുള്ള നീക്കങ്ങളാണ് മാപ്പിളമാർ നടത്തികൊണ്ടിരുന്നത്''- എന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്ന പുസ്തകമാണ് 'മാപ്പിള ലഹള-സത്യവും മിഥ്യയും'. മലബാർ സമരത്തിന്‍റെ എഴുപത്തിയഞ്ചാം വാർഷികം പ്രമാണിച്ച് 1996ൽ തിരൂർ ദിനേശ് രചിച്ച പുസ്തകത്തിന്‍റെ പ്രസാധനം കുരുക്ഷേത്ര പ്രകാശൻ ആണ്.

കുമാരനാശാന്‍റെ ദുരവസ്ഥയെ അവലംബമാക്കി വി.ടി. ഇന്ദുചൂഢൻ എഴുതിയ അവതാരിക പുസ്തകത്തിന്‍റെ ലക്ഷ്യത്തെ സൂചിപ്പിക്കുന്നുണ്ട്. ''കണ്ടവർ നിൽക്കട്ടെ, കേട്ടവർ പറയട്ടെ - എന്നൊരു ചൊല്ല് മലയാളത്തിലുണ്ട്. അതാണ് മാപ്പിള ലഹളയെപ്പറ്റി ചരിത്രകാരന്മാർ എന്നവകാശപ്പെട്ടുകൊണ്ട് ചില ബുദ്ധിജീവികൾ പറയുന്നത്. കുമാരനാശാൻ നേരിൽക്കണ്ട് എഴുതിയത് സ്വീകാര്യമല്ലെന്നും മാപ്പിളലഹള പുരോഗമന വിപ്ലവമായിരുന്നു എന്നുമാണല്ലോ ഇവരുടെ നിലപാട്. ഇന്ത്യൻ നാഷണൽ കോൺഗ്രസ് അന്ന് മാപ്പിളമാരുടെ അക്രമം തുടങ്ങിയ ഉടനെ ഖിലാഫത്ത് കൂട്ടുകെട്ടിൽനിന്ന് പിന്മാറുകയും കോൺഗ്രസ് പ്രവർത്തകസമിതി അക്രമങ്ങളെ അപലപിച്ചുകൊണ്ട് ഒരു പ്രമേയം പാസാക്കുകയും ചെയ്തു. ആര്യസമാജത്തിന്‍റെ സ്ഥിതിവിവരക്കണക്കു പ്രകാരം പതിനായിരത്തോളം ഹിന്ദുക്കളെ ബലാൽക്കാരമായി മതപരിവർത്തനം ചെയ്തിട്ടുണ്ട്'' - അവതാരികയിൽ പറയുന്നു.

സമരത്തിന്‍റെ എഴുപത്തഞ്ചാം വാർഷികത്തോട് അനുബന്ധിച്ചാണ് പുസ്തകം രചിച്ചതെന്ന് പറഞ്ഞല്ലോ. അതിന്‍റെ പ്രസക്തി അവതാരികയിൽ ഇന്ദുചൂഢൻ എടുത്തു പറയുന്നത് ഇങ്ങനെയാണ്:

''ലഹളയുടെ എഴുപത്തഞ്ചാം വാർഷികം ആഘോഷിക്കുന്നതിന് ഒരു പ്രത്യേക ഉദ്ദേശ്യമുണ്ട്. മലപ്പുറം ജില്ലയിലെ ഹിന്ദുക്കളെ പേടിപ്പിക്കണം. എന്നിട്ട് അവരുടെ കയ്യിലെ ഭൂമി ഗൾഫുകാർക്ക് വിലകുറച്ച് വാങ്ങണം. - ഇതാണ്, ഇത് മാത്രമാണ് ആഘോഷത്തിന്‍റെ ഉദ്ദേശം. പക്ഷേ 1921ലെ ഹിന്ദുവല്ല 1996 ലെ ഹിന്ദു എന്ന് ആഘോഷക്കാരെ ഞാൻ ഓർമപ്പെടുത്തട്ടെ'' - എന്നു പറഞ്ഞുകൊണ്ടാണ് വി.ടി. ഇന്ദുചൂഢൻ അവതാരിക അവസാനിപ്പിക്കുന്നത്.

എന്നാൽ രചയിതാവിന്‍റെ ലക്ഷ്യപ്രഖ്യാപനം മറ്റൊരു വിധത്തിലാണ്: ''മാപ്പിള ലഹളനടന്നിട്ട് നൂറു വർഷമാകാൻ പോകുന്നു. കഴിഞ്ഞകാര്യങ്ങൾ എന്തുകൊണ്ടു വീണ്ടും പുറത്തുകൊണ്ടു വരുന്നു എന്ന ചോദ്യം ഉന്നയിക്കുന്നവരുണ്ടാകാം. ഈ പുസ്തകം മാപ്പിളലഹളയെക്കുറിച്ചുള്ള നിരവധി പുസ്തകങ്ങളിൽ ഒന്നു മാത്രമാണ്. വസ്തുതകൾ അതേപടി വായനക്കാരനു മുന്നിൽ എത്തിക്കുന്ന രീതി പുസ്തകത്തെ വ്യത്യസ്തമാക്കുമെന്ന് കരുതുന്നു. ഈ ഗ്രന്ഥം ഏതെങ്കിലും മതവിഭാഗത്തേയോ രാഷ്ട്രീയ പാർട്ടിയേയോ ഇകഴ്ത്താനോ പുകഴ്ത്താനോ ഉദ്ദേശിച്ചുകൊണ്ടുള്ളതല്ല. ഈ പുസ്തകത്തിലെ വിവരങ്ങൾകൊണ്ട് ഹിന്ദു - മുസ്​ലിം ഐക്യത്തിന് കോട്ടംതട്ടാൻ പാടില്ലെന്നും വസ്തുതകൾ മനസ്സിലാക്കി ഹിന്ദുക്കളും മുസ്​ലിങ്ങളും തോളോടു തോളുരുമ്മി നിന്നും അന്യോന്യം ബഹുമാനിച്ചും ശക്തമായ സാഹോദര്യം ഉണ്ടായിക്കാണണമെന്നും ആഗ്രഹിക്കുന്നു. ഈ ഗ്രന്ഥത്തിലെ വിവരങ്ങൾ മുഴുവൻ ഒരു ഭൂതകാലത്തെ ഓർമപ്പെടുത്തൽ മാത്രമാണ്. അത് ഇന്നത്തെ തലമുറയെ ബന്ധപ്പെട്ടിട്ടുള്ളതല്ല.'' - എന്നാണ് രചയിതാവ് ആമുഖമായി പറയുന്നത്. എങ്കിലും അവസാന ഭാഗത്ത്  'മാപ്പിളലഹളക്ക് ശേഷം മലബാർ' എന്നൊരു അധ്യായം പുതിയ പതിപ്പിൽ ചേർത്തിട്ടുണ്ട്. അതിൽ ''മുഹമ്മദ് നബിയെ നിന്ദിച്ചെന്നാരോപിച്ച് 2010 ജൂലൈ നാലിന് തൊടുപുഴ ന്യൂമാൻ കോളജിലെ അധ്യാപകനായ ടി.ജെ. ജോസഫിന്‍റെ കൈപ്പത്തി ഒരു സംഘം മാപ്പിളമാർ വെട്ടിമാറ്റി" - എന്നത് അടക്കമുള്ള വിവരങ്ങളുമുണ്ട്.

അനുഭവ വിവരണങ്ങളും അനുബന്ധ രേഖകളും കൊണ്ട് സമ്പന്നമാണ് തിരൂർ ദിനേശിന്‍റെ ഈ പുസ്തകം. ഗ്രന്ഥകാരൻ നേരിട്ട് നടത്തിയ അഭിമുഖ സംഭാഷണങ്ങൾക്ക് പുറമെ മറ്റു പ്രസിദ്ധീകരണങ്ങളിൽ നിന്നും പുസ്തകങ്ങളിൽ നിന്നും എടുത്തു ചേർത്തതുമാണ് ഈ അനുഭവ വിവരണങ്ങൾ. ആ ഭാഗത്തെത്തുമ്പോൾ  "വസ്തുതകൾ മനസ്സിലാക്കി ഹിന്ദുക്കളും  മുസ്​ലിങ്ങളും തോളോടുതോൾ ചേർന്ന് നിന്നും അന്യോന്യം ബഹുമാനിച്ചും'' പോകാൻ പ്രേരിപ്പിക്കുന്ന പല സന്ദർഭങ്ങളും വരുന്നുണ്ട്. ഹിന്ദുക്കൾക്കെതിരെ  മാപ്പിളമാർ നടത്തിയ അക്രമമായിരുന്നു ഖിലാഫത്ത് എന്ന വാദത്തെ സ്ഥാപിക്കാൻ സഹായിക്കാത്ത അനുഭവങ്ങൾ പലതുമുണ്ട്. മുസ്​ലിങ്ങൾ ഹിന്ദുക്കളെ രക്ഷിച്ച കഥകളും മുസ്​ലിങ്ങളെ ലഹളക്കാർ ദ്രോഹിച്ച അനുഭവങ്ങളും അനവധിയുണ്ട്. പലതും വിശദമായിത്തന്നെ പറഞ്ഞു പോകുന്നുണ്ട്.

വളാഞ്ചേരി കാളൂർ വീട്ടിലെ കുട്ടിശങ്കരൻ നായരുടെ അനുഭവം ഉദാഹരണം. അച്ഛനും അമ്മയും കുട്ടിശങ്കരനും അടങ്ങുന്ന കുടുംബത്തെ ലഹളക്കാരുടെ കണ്ണിൽ പെടാതെ ഒളിപ്പിച്ചു സംരക്ഷിക്കുന്നതും പിന്നെ വളാഞ്ചേരിയിൽക്കൂടിത്തന്നെ കൊണ്ടുപോയി പള്ളിപ്പുറം റെയിൽവേ സ്റ്റേഷനിൽ നിന്ന് ഷൊർണൂർക്ക് വണ്ടികയറ്റി അയക്കുന്നതും കപ്പൂരത്ത് കുട്ടിരായിൻ ആണ്. ലഹള അടുത്തുവന്നപ്പോൾ തന്നെ കുട്ടിശങ്കരന്‍റെ അമ്മ ആഭരണങ്ങൾ ഊരി കുട്ടിരായിനെ ഏൽപ്പിക്കുന്നുണ്ട്. തീവണ്ടിയിൽ കയറി പരിഭ്രമമൊക്കെ മാറിയശേഷം കുട്ടിരായിൻ ആഭരണങ്ങൾ ആ അമ്മയെ തിരിച്ചേൽപ്പിക്കുന്നു. ഷൊർണൂരിൽ ഇറങ്ങിയ ശേഷം കവളപ്പാറ മൂപ്പിൽ നായരുടെ സംരക്ഷണയിലാണ് അ കുടുംബം കഴിഞ്ഞത്. "ജീവിതത്തിൽ അച്ഛനേയും അമ്മയേയും കഴിച്ചാൽ മറക്കാത്ത രണ്ടുപേരുണ്ട്. ഒന്ന് കുട്ടിരായിൻ. മറ്റൊന്ന് ലെഫ്റ്റനന്‍റ് കേണൽ കവളപ്പാറ മൂപ്പിൽ നായർ ''- എന്നാണ് ശങ്കരൻനായർ അനുഭവവിവരണം അവസാനിപ്പിച്ചു കൊണ്ട് പറയുന്നത്.

പൈങ്കണ്ണൂർ ആമിനാ മൻസിലിൽ പി.കെ. മൊയ്തീൻ കുട്ടി പറയുന്നത്, ബാപ്പയെ കൊല്ലാൻ സമരക്കാർ പരിപാടിയിട്ടിരുന്നു എന്നാണ്. "ലഹളക്കാരുടെ ആക്രമണം ഏതു നേരവും ഉണ്ടാകും എന്ന ഭയം ഞങ്ങളെ വേട്ടയാടിയിരുന്നു. ഒരു കുട്ടി കരയുന്ന ശബ്ദം കേട്ടാൽപോലും വിറയ്ക്കും. തക്ബീർ മുഴക്കി ലഹളക്കാരുടെ വരവാണോ എന്ന് സംശയിച്ചിരിക്കും. ഒടുവിൽ കുടുംബസമേതം ഞങ്ങൾ കൊച്ചി സ്റ്റേറ്റിൽ പെരുമ്പിലാവിലുള്ള ഞങ്ങളുടെ കളത്തിലേക്ക് ഓടിപ്പോയി. അക്കാലത്ത് ലഹളക്കാരല്ലാത്ത ഒട്ടനവധി ആളുകൾ അറസ്റ്റു ചെയ്യപ്പെട്ടിട്ടുണ്ട്. അതാത് പ്രദേശങ്ങളിലെ ഹിന്ദുക്കൾ നൽകുന്ന ലിസ്റ്റിന്‍റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് അറസ്റ്റ്.'' - എന്നാണ് മൊയ്തീൻകുട്ടിയുടെ അനുഭവ വിവരണം.

അനുഭവ വിവരണത്തിനു പുറമെ സമരക്കാലത്തെ പത്രവാർത്തകളും ചേർത്ത് എഴുതിയ ഡയറിക്കുറിപ്പ്, ലഹളയിൽ പെട്ടുപോയവർ അധികാരികൾക്ക് അയച്ച നിവേദനങ്ങളുടെ പകർപ്പുകൾ തുടങ്ങി പല അപൂർവ്വ വിവരങ്ങളും ഇതിലുണ്ട്. ഹിന്ദു സ്ത്രീകളുടെ പേരിൽ വൈസ്രോയിയുടെ ഭാര്യക്ക് സമർപ്പിച്ച നിവേദനമാണ് അതിലൊന്ന്.

'മതം മാറിയവർ സ്വധർമ്മത്തിലേക്ക് ' എന്ന അദ്ധ്യായം പ്രത്യേകം ശ്രദ്ധേയമാണ്. മുസ്​ലിങ്ങളായി മതംമാറിയവരെ തിരിച്ച് ഹിന്ദുമതത്തിലേക്ക് മാറ്റുന്നതിനുള്ള യത്നത്തിന്‍റെ വിശദമായ വിവരങ്ങൾ ഇതിലുണ്ട്. സാമൂതിരി രാജാവാണ് അതിനുള്ള നീക്കങ്ങൾ തുടങ്ങിയത്. ആദ്യം രാജാവ് പന്ത്രണ്ട് വൈദികർക്ക് കത്തെഴുതി അഭിപ്രായം ചോദിക്കുകയാണ്. അത് അനുകൂലമാണ് എന്നു കണ്ടപ്പോൾ കലക്ടറുമായി ആലോചിച്ച് പദ്ധതി തയ്യാറാക്കി. 1922 ആഗസ്റ്റ് 20 ഞാറാഴ്ച സാമൂതിരിയുടേയും കലക്ടറുടേയും സാന്നിധ്യത്തിൽ ചേർന്ന വൈദികരുടേയും വാദ്ധ്യാന്മാരുടേയും യോഗമാണ് അന്തിമരൂപം നൽകിയത്. 

കുടുമ അഴിച്ചത്, ലിംഗം ഛേദിച്ചത്, വേദം ചൊല്ലിച്ചത്, മാപ്പിളമാർ പാകംചെയ്ത ഭക്ഷണം കഴിപ്പിച്ചത്, സ്ത്രീകളെ കാതുകുത്തി ചിറ്റ് ഇട്ടത്, കുടിസഹവാസം ചെയ്യിച്ചത്, ഹിന്ദു മതാചാരപ്രകാരമല്ലാത്ത മറ്റുവല്ല പ്രവർത്തികളും ചെയ്യിച്ചിട്ടുണ്ടെങ്കിൽ അത് - എന്നിങ്ങനെ ഓരോ കാര്യത്തിനും ഓരോ പ്രായശ്ചിത്തം നിശ്ചയിച്ചായിരുന്നു തിരിച്ചു മാറ്റൽ. ഉദാഹരണത്തിന്, മാപ്പിളമാർ പാകം ചെയ്ത ഭക്ഷണം കഴിച്ചിട്ടുണ്ടെങ്കിൽ കടലിൽ കുളിച്ച് വന്ന് നാട്ടിൽ അടുത്തുള്ള ക്ഷേത്രത്തിൽ പോയി നാൽപ്പത്തിയൊന്നു ദിവസം പഞ്ചഗവ്യം സേവിക്കണം, ദിവസേന പന്തീരായിരം നാമം ജപിക്കണം, മറ്റുവഴിപാടുകളും കഴിക്കണം.

സംഭവിച്ചുപോയ ഓരോ കാര്യത്തിനും വ്യത്യസ്ത പ്രായശ്ചിത്തങ്ങൾ ചെയ്ത് ഹിന്ദുക്കളായ പല കുടുംബങ്ങളുടേയും പേരു വിവരങ്ങളും ചേർത്തിട്ടുണ്ട്.

ഒരു മതം മാറ്റക്കഥയുടെ വേര് ചികഞ്ഞുകൊണ്ടാണ് പുസ്തകം തുടങ്ങുന്നത്. ചേരമാൻ പെരുമാൾ മാർക്കം കൂടിയ ഐതിഹ്യത്തിന്‍റെ കഥ. അങ്ങനെയൊന്ന് സംഭവിച്ചിട്ടില്ലെന്ന നിഗമനത്തിൽ എത്തുന്നു. തുടർന്ന് ഹൈദരലിഖാന്‍റെയും ടിപ്പു സുൽത്താന്‍റെയും മലബാർ ഭരണം. ടിപ്പു സുൽത്താന്‍റെ കാലം വിശദീകരിക്കുമ്പോൾ ഹിന്ദു വിരുദ്ധ നടപടികൾക്കാണ് മുൻതൂക്കം. അതു കഴിഞ്ഞാൽ മാപ്പിളമാരുടെ ചെറു ലഹളകൾ, തുടർന്ന്  ഖിലാഫത്ത് - കോൺഗ്രസ് ചരിത്രം. - ഇങ്ങനെയാണ് പുസ്തകത്തിന്‍റെ ഗതി.

ഈ ഒഴുക്കിൽ ചിലയിടത്തൊക്കെ മറ്റു പുസ്തകങ്ങളിൽ കണ്ടിട്ടില്ലാത്ത വിവരണങ്ങളുണ്ട്. 1921 ഏപ്രിൽ 23 മുതൽ നാലു ദിവസം ഒറ്റപ്പാലത്തു നടന്ന കോൺഗ്രസ് സമ്മേളനത്തിന്‍റെ വിവരണം അതിലൊന്നാണ്. സംഘർഷമുണ്ടാക്കാൻ പൊലീസ് പരമാവധി ശ്രമിച്ചു എന്നാണ് മഹാഭൂരിപക്ഷം പുസ്തകങ്ങളിലും കാണുന്നത്. അനുഭവസ്ഥരും ചരിത്രകാരന്മാരും അങ്ങനെ പറയുന്നുണ്ട്. എന്നാൽ ആ സംഭവം മറ്റൊരു തരത്തിലാണ് വിവരിക്കുന്നത്: ''അതേസമയം അഞ്ചാം ദിവസം സമ്മേളനം തുടങ്ങുന്നതിനു തൊട്ടുമുമ്പ് ഒറ്റപ്പാലത്ത് പൊലീസ് നടത്തിയ ഫ്ലാഗ് മാർച്ചിനു നേരെ മാപ്പിളമാർ കൂവിവിളിച്ച് പ്രകോപനമുണ്ടാക്കാൻ ശ്രമിച്ചുനോക്കി. സമ്മേളനത്തിന് എത്തിയ ബീരാൻകുട്ടി എന്ന ഖിലാഫത്ത് പ്രവർത്തകൻ എം.എസ്.പിക്കാരെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത് 27നാണ്''- എന്നാണ് അതേക്കുറിച്ചുള്ള വിവരണം. തുടർന്നുണ്ടായ പ്രശ്നം ശാന്തമാക്കാൻ സാധിക്കാതെ വന്നപ്പോൾ ലാത്തിച്ചാർജ്ജ് ഉണ്ടായെന്നും അതിൽ പെട്ടാണ് രാമുണ്ണി മേനോന് പരിക്കേറ്റു എന്നുമാണ് വിശദീകരണം.

ഖിലാഫത്ത് പ്രസ്ഥാനത്തിന്‍റെ കാര്യത്തിലും ഇത് കാണാം: ''മാപ്പിളമാരുടെ അണിയറയിൽ നടക്കുന്ന യുദ്ധസന്നാഹങ്ങളെക്കുറിച്ച് ഒന്നും അറിയാതിരുന്ന കോൺഗ്രസ്സുകാർ ഖിലാഫത്ത് പ്രക്ഷോഭം അഹിംസാ സിദ്ധാന്തത്തിലും നിസ്സഹകരണത്തിലും ഒതുങ്ങണമെന്നാഗ്രഹിക്കുകയും അതിനുവേണ്ടി മാത്രം പ്രവർത്തിക്കുകയും ചെയ്തു. എന്നാൽ ഖിലാഫത്തിന്‍റെ യഥാർഥ ലക്ഷ്യം തുർക്കിക്ക് നഷ്ടപ്പെട്ട ഖലീഫ പദവി പുനഃസ്ഥാപിക്കുക എന്നതാണെന്നിരിക്കെ മലബാറിൽ ഇസ്​ലാമികഭരണം കൊണ്ടുവരാനും അതിലൂടെ മലബാർ ഖിലാഫത്ത് രാജ്യമാക്കിത്തീർക്കാനും ഇസ്​ലാമിക ഖലീഫയെ അവരോധിക്കാനുമുള്ള നീക്കങ്ങളാണ് നടത്തിക്കൊണ്ടിരുന്നത്'' - എന്നാണ് സമരത്തിന്‍റെ രാഷ്ട്രീയ വശത്തെക്കുറിച്ചുള്ള നിഗമനം.

മതംമാറ്റം, അതിനുള്ള ബലപ്രയോഗം എന്നിവയെ പറ്റിയും വിശദമായ വിവരണങ്ങളുണ്ട്. അതിനിടയിൽ നടന്ന തുവ്വൂർ കൊലപാതകങ്ങളോട് താരതമ്യപ്പെടുത്തിയാണ് വാഗൺ ട്രാജഡിയെപ്പറ്റി പറയുന്നത്.

മലബാറിലെ തർക്കപ്പെട്ട ക്ഷേത്രങ്ങളെക്കുറിച്ചുള്ള ഗവേഷണമാണ് തിരൂർ ദിനേശ് ഇപ്പോൾ നടത്തുന്നത്. 1996ലാണ് 'മാപ്പിള ലഹള - സത്യവും മിഥ്യയും' ആദ്യ എഡിഷൻ പുറത്തുവരുന്നത്. പരിഷ്കരിച്ച മൂന്നാം പതിപ്പാണ് നിലവിലുള്ളത്. 330 പേജ്. 260 രൂപ വില. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malabar RebellionPT Nasar
News Summary - malabar rebellion article series part 17-malayalam article
Next Story