Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightബിഗ്​ ട്വിസ്റ്റ്​......

ബിഗ്​ ട്വിസ്റ്റ്​... ബിഗ്​ ഫൈറ്റ്​...

text_fields
bookmark_border
VS Sunil Kumar, K muraleedharan, Suresh Gopi
cancel
camera_alt

വി.എസ്. സുനിൽകുമാർ, കെ. മുരളീധരൻ, സുരേഷ് ​േഗാപി

റുപക്ഷം പൊടുന്നനെ നടത്തിയ രാഷ്​ട്രീയ നീക്കത്തിൽ സ്തബ്​ധരായി നിൽക്കാതെ ചടുലമായ മറുപടി. വമ്പൻ ട്വിസ്റ്റിലൂടെ പൊരിഞ്ഞ പോരിന്​ തയാറാണെന്ന സന്ദേശം. ‘റിസർവ്​ഡ്​ സ്ഥാനാർഥി’ ഉണ്ടായിരുന്നിട്ടും നിർണയവും പ്രഖ്യാപനവും നീണ്ടുപോയ കോൺഗ്രസ്​ അവസാന മണിക്കൂറുകളിൽ തൃശൂരിൽ നടത്തിയത്​ അത്തരമൊരു കരുനീക്കമാണ്​. ഒരുപക്ഷേ, രാഷ്​ട്രീയ എതിരാളികൾ പോലും നമിച്ചു​പോകുന്ന പ്രകടനം. രാഷ്ട്രീയ ചാണക്യനെന്ന വിശേഷണം ഉണ്ടായിരുന്ന അച്ഛൻ കെ. കരുണാകരനും താനും ഇപ്പോൾ കൂടുമാറിയ സഹോദരി പത്മജ രണ്ടു​ തവണയും വീണ തൃശൂരിന്‍റെ മണ്ണിൽ പോരാട്ടത്തിന്​ എത്തുന്ന കെ. മുരളീധരൻ മുമ്പ്​ തോറ്റ്​ അടിയറവ്​ പറഞ്ഞ മുരളീധരനല്ലെന്ന്​ എതിരാളികൾക്കും അറിയാം.

ഇതുവരെ തൃശൂരിലെ കാര്യങ്ങൾക്ക്​ സാധാരണ ഒഴുക്കായിരുന്നു. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിലും 2021ലെ നിയമസഭ തെരഞ്ഞെടുപ്പിലും തോറ്റ ബി.ജെ.പിയുടെ സുരേഷ്​ ഗോപി വീണ്ടും മത്സരിക്കാൻ എത്തുമെന്നത്​ എന്നേ അറിയാവുന്ന കാര്യം. തൃശൂർ നിയമസഭ മണ്ഡലത്തിന്‍റെ മുൻ പ്രതിനിധിയും മന്ത്രിയുമായിരുന്ന സി.പി.ഐയിലെ ചുണയുള്ള നേതാവ്​ വി.എസ്​. സുനിൽ കുമാറിനെ ഇടതുപക്ഷം രംഗത്ത്​ ഇറക്കുമെന്നതും രഹസ്യമായിരുന്നില്ല. കോൺഗ്രസിന്​ വേണ്ടി സിറ്റിങ്​ എം.പി ടി.എൻ. പ്രതാപനല്ലാതെ മറ്റാര്​ എന്നതായിരുന്നു ചർച്ച. പക്ഷേ, ഏതാനും ദിവസംകൊണ്ട്​ കാര്യങ്ങൾ മാറിമറിഞ്ഞു.

സുരേഷ്​ ഗോപിയിലൂടെ മണ്ഡലത്തിൽ ബി.ജെ.പി, പ്രത്യേകിച്ച്​ സ്ത്രീ വോട്ടർമാർക്കിടയിൽ​ സ്വീകാര്യത ഉയർത്തിയെന്ന തോന്നൽ എതിരാളികളിൽ ചലനമുണ്ടാക്കി. ചില വിഭാഗങ്ങളുടെ വോട്ടിന്​ വേണ്ടി ബി.ജെ.പിയും കോൺഗ്രസും തമ്മിൽ മത്സരം മുറുകുമ്പോൾ പരമ്പരാഗത മുന്നണി വോട്ടിനൊപ്പം സ്ഥാനാർഥിയുടെ പൊതുസ്വീകാര്യതക്കുള്ള വോട്ടുകൂടി തരപ്പെടുത്തി ജയിക്കാമെന്ന ഇടതുപക്ഷത്തിന്‍റെ ആത്മവിശ്വാസം ഒരുഭാഗത്ത്​. ഒന്ന്​ മാറ്റിപ്പിടിക്കണോ എന്ന കോൺഗ്രസിന്‍റെ സന്ദേഹം മറുഭാഗത്ത്​. കോൺഗ്രസ്​ ഈ സംശയവുമായി ദിവസങ്ങൾ തള്ളിനീക്കുമ്പോൾ പടയിൽനിന്ന്​ ഒരാൾ മറുകണ്ടം ചാടി. പത്മജ വേണുഗോപാലിന്‍റെ ബി.​ജെ.പി ആ​ശ്ലേഷം സംഘടനാപരമായി അത്ര വലിയ ആഘാതമൊന്നും ഏൽപിക്കില്ലെങ്കിലും പറഞ്ഞുനിൽക്കാൻ പാടുപെടുമല്ലോ എന്ന വേവലാതിക്ക്​ മണിക്കൂറുകളുടെ ആയുസ്സ്​ മാത്രം. വടകരയിൽനിന്ന്​ കെ. മുരളീധരൻ തൃശൂരിൽ എത്തുമ്പോൾ ‘ബി.ജെ.പിയുടെ കേരളത്തിലെ പരീക്ഷണശാല’കളിൽ ഒന്ന്​ എന്ന്​ അവർ സ്വയം വിശേഷിപ്പിക്കുന്ന തൃശൂരിന്‍റെ പോരിന്​ പൂരത്തെ വെല്ലുന്ന പെരുമ കൈവരികയാണ്​.

കെ. കരുണാകരൻ, കെ. മുരളീധരൻ, പത്മജ വേണുഗോപാൽ

1996, 1998 ലോക്സഭ തെരഞ്ഞെടുപ്പുകളിലാണ്​ യഥാക്രമം കെ. കരുണാകരനും കെ. മുരളീധരനും തൃശൂരിൽ പരാജയപ്പെട്ടത്​. രണ്ടു​ തവണയും വീഴ്ത്തിയത്​ സി.പി.ഐയിലെ വി.വി. രാഘവൻ എന്ന സൗമ്യൻ. 2016, 2021 നിയമസഭ തെരഞ്ഞെടുപ്പുകളിൽ കരുണാകരന്‍റെ മകൾ പത്മജ വേണുഗോപാൽ തൃശൂർ നിയമസഭ മണ്ഡലത്തിലും തോറ്റു. ആദ്യം വി.എസ്​. സുനിൽകുമാറും പിന്നീട്​ പി. ബാലചന്ദ്രനുമാണ്​ തോൽപ്പിച്ചത്​. കരുണാകരന്‍റെ തട്ടകമായി അറിയപ്പെട്ടിരുന്ന തൃശൂരിനോട്​ മുരളീധരനും അടുത്ത ബന്ധമുണ്ട്​. പത്മജക്കാ​ണെങ്കിൽ നഗരത്തിലെ പൂങ്കുന്നത്ത്​ കരുണാകരനും ഭാര്യ കല്യാണിക്കുട്ടിയും ഉറങ്ങുന്ന ‘മുരളീമന്ദിര’മുണ്ട്​. കരുണാകരനോട്​ ഇപ്പോഴും അങ്ങേയറ്റത്തെ മമത കാത്തുസൂക്ഷിക്കുന്ന തലമുറയുടെ കണ്ണികളും അവരുടെ പിന്തുടർച്ചക്കാരും തൃശൂരിലുണ്ട്​.

സുനിൽകുമാർ, അജയ്യൻ

തെരഞ്ഞെടുപ്പുകളിൽ തോൽവിയറിയാത്ത സുനിൽ കുമാറിന്​ തൃശൂർ ലോക്സഭ മണ്ഡലത്തിന്‍റെ അൽപം ഇടത്തോട്ടാഞ്ഞ കൂറ്​ വലിയ ബലമാണ്​. അതിലുപരിയാണ്​ മന്ത്രിയെന്ന നിലക്ക്​ ഉണ്ടാക്കിയ മികച്ച പ്രതിച്ഛായ. സുനിൽ കുമാർ തൃശൂരിൽ സ്ഥാനാർഥിയാകണമെന്ന്​ ഏറെ ആഗ്രഹിച്ചതും ആവശ്യപ്പെട്ടതും സി.പി.എമ്മാണെന്നാണ്​ മുന്നണി വർത്തമാനം. സുനിൽ കുമാറിന്‍റെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതിന്‍റെ തൊട്ടടുത്ത നിമിഷം പ്രചാരണത്തിന്​ അവർ ചാടിയിറങ്ങിയത്​ തെളിവാണ്​. മണ്ഡലത്തിലാകെ ഇതിനകം ഓടിയെത്തിയ സുനിൽ കുമാർ അല സൃഷ്ടിക്കുന്നുണ്ട്​.

സുരേഷ്​ ഗോപി, ബി.​ജെ.പി

ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകളിൽ തൃശൂരിൽ​ തോൽവി ഏറ്റുവാങ്ങേണ്ടിവന്നിട്ടും പിന്മാറാതെ വീണ്ടും അങ്കത്തിന്​ ഇറങ്ങിയതാണ്​ ബി.ജെ.പി സ്ഥാനാർഥി സുരേഷ്​ ഗോപിയുടെ പ്രത്യേകത. കഴിഞ്ഞ ലോക്​സഭ തെരഞ്ഞെടുപ്പിൽ മൂന്ന്​ ലക്ഷത്തിനടുത്ത്​ വോട്ട്​ നേടാൻ കഴിഞ്ഞു. രണ്ടാം സ്ഥാനത്തെത്തിയ ഇടതുമുന്നണി സ്ഥാനാർഥിയുമായി വോട്ടുവ്യത്യാസം 30,000ഓളം മാത്രം. സ്ഥാനാർഥിക്ക്​ മണ്ഡലത്തിലെ സ്വീകാര്യത പിന്നെയും ഉയർന്നിട്ടുണ്ടെന്നാണ്​ പാർട്ടിയുടെ വിശ്വാസം.

നിർണായക ഘടകങ്ങൾ

35 ശതമാനത്തോളം വരുന്ന ക്രൈസ്തവ വോട്ടും അത്രതന്നെ വരുന്ന ഈഴവ വിഭാഗത്തിന്‍റെ വോട്ടുമാണ്​ തൃശൂ​ർ ലോക്സഭ മണ്ഡലത്തിൽ നിർണായകം. മുസ്​ലിം വിഭാഗത്തിന്​ 15 ശതമാനം വോട്ടുണ്ട്​. മറ്റെല്ലാവരും ചേർത്തും അത്രതന്നെ. മണിപ്പൂർ ഉൾപ്പെടെ ക്രൈസ്തവ സമൂഹം രാജ്യത്താകെ നേരിടുന്ന വെല്ലുവിളികളിൽ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന്​ കരുതുന്നു. അതിന്‍റെ അനുരണനങ്ങൾ ‘അതിരൂപത സമുദായ ജാഗ്രത സമ്മേളന’മായും മറ്റും ഇടക്കിടെ പുറത്തുവരുന്നുണ്ട്​. എന്നാൽ, അങ്ങനെ ആരും മനപ്പായസമുണ്ണണ്ട എന്നാണ്​ ബി.ജെ.പിയുടെ മറുപടി. ചെറിയ വോട്ട്​ ശതമാനമുള്ള സമുദായങ്ങൾ കൂടെ നിൽക്കുമെന്നും അവർ പ്രതീക്ഷിക്കുന്നു. എന്നാൽ, എല്ലാ വിഭാഗത്തിന്‍റെയും പിന്തുണ തങ്ങൾക്ക്​ ലഭിക്കുമെന്ന്​ കോൺഗ്രസും ഇടതുപക്ഷവും അവകാശപ്പെടുന്നു.

പ്രതാപന്‍റെ മാറ്റം

ഇനി ലോക്സഭയിലേക്ക്​ മത്സരിക്കാനില്ലെന്ന്​ ആദ്യമേ തുറന്നുപറഞ്ഞ ടി.എൻ. പ്രതാപൻ, സിറ്റിങ്​ എം.പിമാരെല്ലാം മത്സരിക്കണമെന്ന പാർട്ടി തീരുമാനത്തിന്​ വഴങ്ങിയാണ്​ രംഗത്ത്​ സർവശക്തിയുമെടുത്ത്​ ഇറങ്ങിയത്​. ‘വെറുപ്പിനെതിരെ സ്​നേഹ സന്ദേശയാത്ര’യും മറ്റുമായി ഒരുപാട്​ മുന്നേറി. മുരളീമന്ദിരത്തിൽ കരുണാകരന്‍റെ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ച നടത്തി പ്രചാരണത്തിന്​ തുടക്കമിടുകയും ചെയ്തു. അതിന്​ പി​ന്നാലെയാണ്​ കെ. മുരളീധരനെ തൃശൂരിലെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്​. മുരളീധരന്​ വേണ്ടി മണ്ഡലത്തിലെ ചുമരെഴുത്തിന്​ തുടക്കമിട്ട്​ പ്രതാപൻ അവിടെയും സജീവമായി.

മുന്നിൽ സ്​ത്രീ വോട്ടർമാർ

തൃശൂർ ലോക്സഭയിൽ ഉൾപ്പെടുന്ന ഏഴ്​ നിയമസഭ മണ്ഡലത്തിലും നിലവിലെ കണക്കുപ്രകാരം സ്​ത്രീവോട്ടർമാരാണ്​ കൂടുതൽ. ഈ വിഭാഗത്തിൽനിന്നാണ്​ കഴിഞ്ഞ തവണ കൂടുതൽ പിന്തുണ കിട്ടിയതെന്നും അത്​ ഇനിയും വർധിക്കുമെന്നുമാണ്​ സുരേഷ്​​ ഗോപിയുടെയും ബി.ജെ.പിയുടെയും വിശ്വാസം. പക്ഷേ, വി.എസ്​. സുനിൽ കുമാറിന്‍റെയും ഇപ്പോൾ കെ. മുരളീധരന്‍റെയും വരവ്​ ആ കണക്കുകൂട്ടൽ തെറ്റിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thrissur NewsElection CandidatesLok Sabha Elections 2024Kerala News
News Summary - Lok sabha election 2024 Thrissur
Next Story