തുടർഭരണം, ഒരു ഇടതുപക്ഷ വായന
text_fieldsഇന്ത്യൻ ഇടതുപക്ഷത്തിെൻറ ചരിത്രത്തിൽ 2011 വളരെ നിർണായകവർഷമായിരുന്നു. പശ്ചിമബംഗാളിൽ നീണ്ട 34 വർഷങ്ങളായി നിലനിന്ന ഭരണത്തുടർച്ച അവസാനിപ്പിച്ച നിയമസഭ തെരഞ്ഞെടുപ്പ് നടന്നത് ആ വർഷമാണ്. ആ പരാജയത്തിെൻറ പ്രത്യാഘാതങ്ങൾ ബംഗാളിൽ മാത്രമായി ഒതുങ്ങിയില്ല. ദേശീയതലത്തിൽ ഇടതുപക്ഷത്തെ മാത്രമല്ല, മതേതര പുരോഗമന ജനാധിപത്യമുന്നേറ്റങ്ങളെ തന്നെ ദുർബലമാക്കി. ഹിന്ദുത്വ ഫാഷിസത്തിനെതിരെ ലോക്‌സഭയിലും രാജ്യസഭയിലും ഉയർന്നിരുന്ന അതിനിർണായകമായ ഇടതുപക്ഷ ചെറുത്തുനിൽപുകൾക്കും പ്രതിരോധങ്ങൾക്കും ക്ഷീണം സംഭവിച്ചു. സിഖ് വിരുദ്ധ കലാപകാലത്തും ബാബരി മസ്ജിദ് തകർക്കപ്പെട്ടപ്പോഴും മതേതര ബഹുസ്വര ജനാധിപത്യം വെല്ലുവിളി നേരിട്ട മറ്റൊരുപാട് സന്ദർഭങ്ങളിലും രാജ്യത്തിെൻറ മനസ്സാക്ഷിയുടെ ശബ്ദമായിരുന്നു പശ്ചിമബംഗാളും ജ്യോതി ബസുവും.
രാജ്യത്തിെൻറ ഭരണച്ചുമതല തന്നെ ബസുവിെൻറ കൈകളിൽ എത്തുന്ന ഒരു ഘട്ടമുണ്ടാകുകയും സ്വന്തം പാർട്ടിയിലെ ചേരിതിരിവുകളിൽ അതില്ലാതാകുകയും ചെയ്തു. പല മതനിരപേക്ഷ ചിന്തകരും പിന്നീട് ചൂണ്ടിക്കാട്ടിയപോലെ അന്ന് സി.പിഎം നേതൃത്വത്തിൽ കേന്ദ്രത്തിൽ ഒരു കൂട്ടുകക്ഷി മന്ത്രിസഭ വന്നിരുന്നെങ്കിൽ ഗുജറാത്ത് കലാപമോ നരേന്ദ്ര മോദിയെന്ന തീവ്രഹിന്ദുത്വ വാദിയുടെ അധികാരപ്രവേശമോ പോലും സംഭവിക്കില്ലായിരുന്നു. പശ്ചിമ ബംഗാളിലെ തുടർഭരണം ഇല്ലാതാക്കിയ തെരഞ്ഞെടുപ്പ് പരാജയത്തെ പ്രമുഖ മാർക്സിസ്റ്റ് ചിന്തകനും വിഖ്യാത സാമ്പത്തിക ശാസ്ത്രജ്ഞനുമായ പ്രഭാത് പട്നായിക് വിശേഷിപ്പിച്ചത് empiricisation എന്ന വാക്കുപയോഗിച്ചു കൊണ്ടായിരുന്നു. മുതലാളിത്തത്തെ തോൽപിക്കുക എന്ന കമ്യൂണിസ്റ്റ് ലക്ഷ്യത്തെ തള്ളിക്കളയുക എന്നതാണ് empiricisation െൻറ അർഥമായി പ്രഭാത് വിശദീകരിച്ചത്. മുതലാളിത്ത വിരുദ്ധവും സാമ്രാജ്യത്വ വിരുദ്ധവും അടിസ്ഥാന വർഗങ്ങളോട് തീവ്രമായി പക്ഷം ചേരുന്നതുമായ ഇടതുപക്ഷ രാഷ്ട്രീയം ഏതാണ്ട് പൂർണമായിതന്നെ പശ്ചിമ ബംഗാളിലെ പാർട്ടിക്ക് നഷ്ടമായപ്പോഴാണ് ഭരണത്തുടർച്ച ഇല്ലാതായത് എന്ന് അദ്ദേഹം വെട്ടിത്തുറന്നു പറഞ്ഞു.
കേരളത്തിലും തുടർഭരണ മുദ്രാവാക്യം
ഒരു ദശകത്തിനിപ്പുറം കേരളത്തിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുമ്പോൾ ഇടതുപക്ഷം മുന്നോട്ടു വെക്കുന്ന പ്രധാന മുദ്രാവാക്യം ഭരണത്തുടർച്ചയാണ്. ബംഗാളിലും ത്രിപുരയിലും സംഭവിച്ച ആശയപരവും രാഷ്ട്രീയപരവും സംഘടനാപരവും പ്രത്യയശാസ്ത്രപരവും ഭരണപരവുമായ വീഴ്ചകൾ കേരളത്തിലും സംഭവിച്ചിട്ടുണ്ടെങ്കിലും ഇവിടെ മുഖ്യധാരാ ഇടതുപക്ഷപാർട്ടികൾ സംഘടനാപരമായും അധികാരശക്തിയായും ഇപ്പോഴും പിടിച്ചുനിൽക്കുന്നുണ്ട്. വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ഭരണത്തുടർച്ച കേരളത്തിൽ സംഭവിച്ചില്ലെങ്കിൽ ദേശീയ തലത്തിൽതന്നെ ഇടതുപക്ഷം ദുർബലമായിപ്പോകും എന്ന് പാർട്ടിയുടെ സമുന്നത നേതാക്കൾ പറഞ്ഞുെവക്കുന്നു. തുടർച്ച എന്ന ആശയത്തിനോ സങ്കൽപത്തിനോ തെറ്റൊന്നുമില്ല. എന്നാൽ, അത് ഏതു തരം തുടർച്ച ആയിരിക്കണം എന്നിടത്താണ് ഇന്ത്യയിലെ ഇടതുപക്ഷ രാഷ്ട്രീയത്തിെൻറ ഭാവി തീരുമാനിക്കപ്പെടുക. പ്രഭാത് ബംഗാളിെൻറ കാര്യത്തിൽ ചൂണ്ടിക്കാണിച്ചതുപോലെ മുതലാളിത്തത്തെ തോൽപ്പിക്കുക എന്ന കമ്യൂണിസ്റ്റ് ലക്ഷ്യത്തെ തള്ളിപ്പറഞ്ഞുകൊണ്ടോ മാറ്റിെവച്ചുകൊണ്ടോ കാണാതിരുന്നുകൊണ്ടോ ഉള്ള ഒരു ഭരണത്തുടർച്ചയാണ് ലക്ഷ്യംെവക്കുന്നതെങ്കിൽ അതൊരു തുടർച്ചയാകില്ല. ഒടുക്കത്തിെൻറ ആരംഭം മാത്രമായിരിക്കും.
ഭരണത്തുടർച്ചയെന്നാൽ വരുന്ന ഒരഞ്ചുകൊല്ലം എങ്ങനെയും ഭരണത്തിലിരിക്കുക എന്നതു മാത്രമാണെങ്കിൽ അതിന് പ്രത്യയശാസ്ത്രവും സമീപനങ്ങളും തടസ്സമാകില്ല. ഏതുവിധേനയും അത് നേടിയെടുക്കാവുന്നതാണ്. മറിച്ച്, ഇന്ത്യൻ ഇടതുപക്ഷത്തിെൻറ നിലനിൽപും പ്രസക്തിയുമാണ് ലക്ഷ്യം വെക്കുന്നതെങ്കിൽ ഈ തെരഞ്ഞെടുപ്പിലെ ജയത്തിനും തോൽവിക്കും അപ്പുറത്തുള്ള ചില ജാഗ്രതകൾ ആവശ്യമുണ്ട്. ബംഗാളിൽ എങ്ങനെ ഭരണം നഷ്ടപ്പെട്ടു എന്ന കാര്യത്തിൽ കേരളത്തിലെ നേതാക്കൾക്ക് ഉള്ള കാഴ്ചപ്പാടുകളെ വെളിവാക്കുന്നതായിരുന്നു മുതിർന്ന നേതാക്കളെ സ്ഥാനാർഥിപ്പട്ടികയിൽ നിന്നു ഒഴിവാക്കി നിർത്തുന്നതിനെ ന്യായീകരിച്ചു കോടിയേരി ബാലകൃഷ്ണൻ നടത്തിയ പ്രസ്താവന. ബംഗാളിലെ നേതാക്കൾ സ്വന്തം മണ്ഡലങ്ങൾ കുത്തകയായി നിലനിർത്തിയതുകൊണ്ട് അവിടെ പാർട്ടിയുടെ ആധിപത്യം നഷ്ടമായി എന്ന ലളിത കേവല കോമള യുക്തിയാണ് കോടിയേരി മുന്നോട്ടുെവച്ചത്. ബംഗാളിൽ അടിസ്ഥാനപരമായ ഇടതുപക്ഷ നിലപാടുകളിൽ നിന്നും വ്യതിചലിച്ചതും വർഗശത്രുക്കളുമായി വർഗ സഹകരണമുണ്ടാക്കിയതും ഏകപക്ഷീയമായി ജനങ്ങളുടെ മുകളിൽ വൻപദ്ധതികൾ അടിച്ചേൽപിച്ചതും പാർട്ടി സമാന്തര സർക്കാറായതും ദുർബല വിഭാഗങ്ങളെയും തൊഴിലാളി വർഗത്തെയും മറന്നതും മുതലാളിത്തവുമായി സന്ധി ചെയ്തതും എല്ലാമായിരുന്നു ബംഗാളിൽ തുടർഭരണം ഇല്ലാതാക്കിയത് എന്നത് കേരളത്തിലെ നേതാക്കൾ മറക്കുന്നതല്ല. മറക്കാൻ ഇഷ്ടപ്പെടുന്നതാണ്. കാരണം, സമാനമായ സമീപനങ്ങൾ കഴിഞ്ഞ കുറെ വർഷങ്ങളിലായി കേരളത്തിലും ഇടതുപക്ഷത്തുനിന്നും ഉണ്ടായിട്ടുണ്ട്.
ഇന്ത്യ ടുഡേ കണ്ടതും സർക്കാർ കാണിച്ചതും
പോയവാരത്തിൽ 'ഇന്ത്യ ടുഡേ' ഇംഗ്ലീഷ് വാർത്താവാരികയുടെ കവർ സ്റ്റോറി 'ആരാണ് സ്റ്റേറ്റിെൻറ ശത്രു' എന്നതായിരുന്നു. രാജ്യമെങ്ങും നടന്ന ജനാധിപത്യ വിരുദ്ധ പൊലീസ് വേട്ടകളുടെയും ഭീകരതയുടെയും കൃത്യമായ ഒരു ചിത്രം അതിലുണ്ട്. പ്രധാനമായും ബി.ജെ.പിയും കോൺഗ്രസും പ്രാദേശിക പാർട്ടികളും ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിന്നായിരുന്നു ആ റിപ്പോർട്ടുകൾ എങ്കിലും യു.എ.പി.എ പോലുള്ള കരിനിയമങ്ങൾ, വ്യാജ ഏറ്റുമുട്ടൽ കൊലകൾ, കസ്റ്റഡി മരണങ്ങൾ എന്നിവയിലെല്ലാം ബി.ജെ.പിയുടെ സംസ്ഥാന സർക്കാറുകളുടെ തൊട്ടുതാഴെ വാരിക പ്രതിഷ്ഠിച്ചത് ഇടതുപക്ഷം ഭരിക്കുന്ന കേരളത്തെയാണ്. രസകരമായ കാര്യം, ആ വാരികയിൽ നാല് പേജ് സ്പോൺസേഡ് ലേഖനം കേരള പൊലീസാണ് രാജ്യത്തെ നമ്പർ വൺ എന്ന തലക്കെട്ടിൽ വന്നിട്ടുണ്ട്. സംസ്ഥാന ആഭ്യന്തരവകുപ്പിെൻറ പണം വാരികക്ക് നൽകി പിണറായി വിജയെൻറയും ലോകനാഥ് ബെഹ്റയുടെയും പടങ്ങളോടെ നെടുങ്കൻ സ്പോൺസേഡ് ലേഖനം വരുത്തിയിരിക്കുകയാണ്. നാലുപേജുകളിൽ എവിടെയും ലോക്കപ്പ് മർദനങ്ങളും ഏറ്റുമുട്ടൽ കൊലകളുമില്ല. എന്നാൽ, തുടർന്നുള്ള കവർ സ്റ്റോറിയിൽ എല്ലാം അക്കമിട്ടു നിരത്തിയിട്ടുണ്ട്. ഫലത്തിൽ പിണറായിയുടെയും ബെഹ്റയുടെയും ചിത്രങ്ങൾ സർക്കാർ ചെലവിൽ 'ഇന്ത്യ ടുഡേ'യിൽ അച്ചടിപ്പിച്ചു എന്നതല്ലാതെ അതുകൊണ്ടു കാര്യം ഒന്നും ഉണ്ടായില്ല. കവർ സ്റ്റോറി വായിക്കുന്നവർക്കുള്ള കോമഡി റിലീഫ് ആയിരുന്നു സ്പോൺസേഡ് ലേഖനം.
വീണ്ടും ഇടതുപക്ഷം വരിക എന്നാൽ കരുണാകര ഭരണകാലത്തെ വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങളെ തിരികെ കൊണ്ടുവന്ന കഴിഞ്ഞ അഞ്ചു വർഷങ്ങളിലെ സമീപനം ആവർത്തിക്കുക എന്നതാണ് അർഥമെങ്കിൽ തികച്ചും പേടിക്കേണ്ടതുണ്ട്. വിചാരണയില്ലാത്ത ശിക്ഷകളും കാട്ടാള നീതികളുമാണ് തിരികെ വരുന്നതെങ്കിൽ അതിനെ പേടിക്കേണ്ടതുണ്ട്. എതിരഭിപ്രായം ജനാധിപത്യപരമായി പറയുന്നവരെ യു.എ.പി.എ ചുമത്തി ജയിലിൽ ഇടുന്നതും ലോക്കപ്പ് മർദനങ്ങളുമാണ് തുടർച്ച അർഹിക്കുന്ന മറ്റു മുൻഗണനകൾ എങ്കിൽ അതും ആശങ്ക ഉണ്ടാക്കുന്നതാണ്. അവയൊന്നും ഇടതുപക്ഷ സമീപനങ്ങൾ അല്ല. കൊലപാതക രാഷ്ട്രീയവും അതിലെ പ്രതികൾക്കായി പൊതുമുതൽ ദുരുപയോഗം ചെയ്ത് വലിയ ഫീസുള്ള സുപ്രീം കോടതി അഭിഭാഷകരെ കൊണ്ടുവന്നു വാദിക്കലുമാണ് തുടർച്ച വേണ്ടാത്ത മറ്റൊരു കാര്യം.
തീർച്ചയായും ഒരുപാട് വലിയ നേട്ടങ്ങൾ ഉണ്ടാക്കിയ സർക്കാർ തന്നെയാണ് പിണറായി വിജയേൻറത്. രണ്ടു പ്രളയങ്ങളെയും ഓഖിയെയും നിപയെയും കൊറോണയെയും നല്ല നിലയിൽ നേരിട്ടു. ഭക്ഷ്യ പൊതുവിതരണം, പൊതുമരാമത്ത്, സ്കൂൾ തല വിദ്യാഭ്യാസം എന്നിങ്ങനെയുള്ള മേഖലകളിൽ ശ്രദ്ധേയമായ മുന്നേറ്റങ്ങൾ ഉണ്ടാക്കി. എന്നാൽ, വീഴ്ചകളെ വീഴ്ചകളായി ഉൾക്കൊള്ളാനും തിരുത്താനും ജനങ്ങളോട് വിധേയത്വം കാണിക്കാനും മുതലാളിത്തവിരുദ്ധ പോരാട്ടം തുടരാനും ഈ സർക്കാറിനും അതിനെ നയിച്ചവർക്കും പലപ്പോഴും കഴിഞ്ഞിട്ടില്ല. ഒരു ജനാധിപത്യ ഭരണക്രമത്തിൽ നിന്നും പൊലീസ് സ്റ്റേറ്റ് എന്ന നിലയിലേക്ക് ഭരണം മാറുന്ന ഒരു സ്ഥിതി പോയ അഞ്ചു വർഷങ്ങളിൽ പലപ്പോഴും ഉണ്ടായി. ജിഷ്ണു പ്രണോയിയുടെ കുടുംബമടക്കം നേരിട്ട തിക്തമായ അനുഭവങ്ങൾ. ലോക്ഡൗൺ കാലത്ത് വിഴിഞ്ഞം പോലുള്ള സ്ഥലങ്ങളിൽ നടന്ന പൊലീസ് അമിതാധികാര പ്രയോഗങ്ങൾ.
ഭക്ഷ്യസുരക്ഷയും സൗജന്യ റേഷനും റോഡുകളും പാലങ്ങളും ഒക്കെ വികസനം തന്നെയാണ്. സർക്കാർ നല്ല രീതിയിൽ അതൊക്കെ ചെയ്തിട്ടുമുണ്ട്. എന്നാൽ, ഭരണം ജനകീയവും സന്തുലിതവും ഇടതുപക്ഷത്ത് നിൽക്കുന്നതുമാകുന്നത് അത് ദുർബലർക്കും നിരാലംബർക്കും ഇതര അടിസ്ഥാനവിഭാഗങ്ങൾക്കും ഒപ്പംനിൽക്കുമ്പോഴാണ്. പോയ കോൺഗ്രസ് സർക്കാർ കൊണ്ടുവന്ന അദാനിയുടെ അശാസ്ത്രീയ വിഴിഞ്ഞം തുറമുഖ പദ്ധതി അതേപടി ആവർത്തിക്കുകയാണ് ഈ സർക്കാർ ചെയ്തത്. ആദിവാസികൾക്കും ദലിതർക്കും കൃഷിക്കും താമസത്തിനും ഉപയുക്തമായ ഭൂമി ലഭ്യമാക്കുക എന്നതിൽ ഒന്നും അഞ്ചുവർഷം ചെയ്തില്ല. അന്യാധീനപ്പെട്ട ഭൂമികളുടെ വീണ്ടെടുപ്പും ഭവന നിർമാണവും മാറ്റിെവച്ചുകൊണ്ടു ലൈഫ് മിഷൻ ഫ്ലാറ്റ് നിർമാണങ്ങൾ വ്യാപകമായി. ആധുനികചേരികളായി ഈ ഫ്ലാറ്റുകൾ മാറിയേക്കുമെന്ന വിമർശനങ്ങളെ പരിഹാസവുമായി മാത്രമാണ് ബന്ധപ്പെട്ടവർ നേരിട്ടതും. കഴിഞ്ഞ അഞ്ചു വർഷങ്ങളിൽ ആദിവാസികൾ, ദലിതർ, ന്യൂനപക്ഷങ്ങളിലെ പിന്നാക്കക്കാർ, ഇതര പിന്നാക്ക വിഭാഗങ്ങൾ, മത്സ്യത്തൊഴിലാളികൾ, ഭൂരഹിതർ എന്നിവർക്കായി എന്തു ചെയ്തു എന്നതും ഭരണം കിട്ടിയാൽ ഇനി എന്തു ചെയ്യാൻ പോകുന്നു എന്നും വിശദീകരിക്കേണ്ടതുണ്ട്. മറുവശത്ത് മുന്നാക്കസമുദായ സംവരണവും ബാലകൃഷ്ണപിള്ളയെ കുടിയിരുത്തിയ മുന്നാക്കവിഭാഗ വികസന കോർപറേഷനും ശബരിമല വിഷയത്തിലെ കേസ് പിൻവലിക്കലുകളും ഒക്കെ ധാരാളമായി ഉണ്ടായിട്ടുണ്ട്.
കാലാവസ്ഥാവ്യതിയാനവും പരിസ്ഥിതി ദുരന്തങ്ങളും വാർഷിക പ്രതിഭാസമായി മാറിക്കഴിഞ്ഞിട്ടുള്ള കേരളത്തിൽ അവക്കുള്ള പ്രതിവിധി പി.വി. അൻവറും കേരള കോൺഗ്രസ് ജോസ് മാണി ഗ്രൂപ്പുമാണോ എന്നതാണ് ഇടതുപക്ഷം വിശദമാക്കേണ്ട ഒരു കാര്യം. കടുത്ത പാരിസ്ഥിതിക ആഘാതങ്ങൾ ഉണ്ടാക്കുന്ന നിരവധി പദ്ധതികൾ പോയ അഞ്ചു വർഷങ്ങളിൽ പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. അവയുടെ പൂർത്തീകരണമാണ് ഭരണത്തുടർച്ചകൊണ്ട് ഉദ്ദേശിക്കുന്നതെങ്കിൽ അത് വലിയ ദുരന്തത്തിലായിരിക്കും കലാശിക്കുക. സവർണ ഭക്തിയും കേരള കോൺഗ്രസ് ഭക്തിയും മുസ്‌ലിം വിരുദ്ധതയുമൊക്കെ അടവുനയങ്ങളായി മുെമ്പങ്ങും ഇല്ലാത്തവിധം തെരഞ്ഞെടുപ്പ് അജണ്ടകളാകുന്ന ഒരു സമയമാണിത്.
സാമ്രാജ്യത്വ വിരുദ്ധവും മുതലാളിത്ത വിരുദ്ധവും ജനാധിപത്യത്തെ ബഹുമാനിക്കുന്നതും ദുർബല വിഭാഗങ്ങളോട് പക്ഷം ചേരുന്നതുമായ ഒരിടതുപക്ഷത്തിനു മാത്രമേ നിലനിൽപുള്ളൂ. പാർട്ടി അംഗത്തെ ജോസ് മാണി ഗ്രൂപ് സ്ഥാനാർഥിയാക്കുകയും അതിനു ശേഷം പാർട്ടി ആ വ്യക്തിയെ പുറത്താക്കുകയും എന്നിട്ട് അതെ വ്യക്തിയെ തന്നെ തെരഞ്ഞെടുപ്പിൽ പിന്തുണക്കുകയും ചെയ്യുന്ന ഒരു വ്യത്യസ്ത വൈരുധ്യാത്മകതയാണ് ഇപ്പോൾ നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്. നയങ്ങളും പരിപാടികളുമാണ് ഇടതുപക്ഷം. അല്ലാതെ കേവലം കുറെ നേതാക്കളല്ല. ജപ്പാനിൽ പെയ്യേണ്ട മഴയെ നിലമ്പൂരിൽ തടഞ്ഞു നിർത്തുന്ന കോമാളിത്തങ്ങൾക്ക് അപ്പുറത്ത് ജനപക്ഷ രാഷ്ട്രീയം വീണ്ടെടുക്കപ്പെടണം. ഇടതുപക്ഷം ജയിക്കുകയും ജോസ് മാണി ഗ്രൂപ് റവന്യൂ, വനം വകുപ്പുകൾ സി.പി.ഐ യിൽ നിന്ന് പിടിച്ചെടുക്കുകയും ചെയ്യുന്ന ഒരു സാധ്യതയെക്കുറിച്ചു തീർച്ചയായും ഭയപ്പെടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.