Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഅവളുടെ പെരുന്നാൾ

അവളുടെ പെരുന്നാൾ

text_fields
bookmark_border
അവളുടെ പെരുന്നാൾ
cancel

ഹോട്ടൽ ലോബിയിൽ ഇരുന്ന് ഗിത്താറിൽ വിരലുകൾ അമർത്തി സ്പാനിഷ് പാട്ടുകാരി സംഗീതം ആലപിക്കുകയാണ്. അന്തലൂസിയൻ ചരിത്രത്തിൽ വേരുകളുള്ള ഫ്ലമിംഗോ സംഗീതം. അവധി ദിവസമായ വെള്ളിയാഴ്ചയുടെ ആലസ്യത്തിൽ ചുറ്റും കൂടി പാട്ടുകേട്ടിരിക്കുന്നവരുടെ കൂട്ടത്തിൽ നാലാം ക്ലാസ​ുകാരി ആമിറയുമുണ്ട്. അവളുടെ ഉമ്മ ഡോ. ഷാഹിദയും അവരുടെ കൂട്ടുകാരി ഡോ. മൻസൂറയുമുണ്ട്. അവർ രണ്ടു പേരും ഏതാനും ആഴ്ച മുമ്പാണ് ഇവിടത്തെ ആശുപത്രിയിൽ ജോലിക്ക് ചേർന്നത്. അവർ ബോസ്നിയക്കാരാണ്. യുദ്ധം കഴിഞ്ഞ് ഡയ്റ്റൻ കരാറിൽ ഒപ്പുവെച്ച് അപ്പോൾ പത്തു വർഷം തികഞ്ഞിട്ടില്ല. ആമിറയെ ഉമ്മ ഇവിടത്തെ സ്കൂളിൽ ചേർത്തു. നല്ലപോലെ ഇംഗ്ലീഷ് സംസാരിക്കുന്ന അതി മിടുക്കിയായ ഒരു കളിക്കുടുക്കയാണവൾ.

വലുതായാൽ ഈജിപ്റ്റോളജിയിൽ തുടർ പഠനം നടത്തണമെന്നാണ് ആമിറയുടെ ആഗ്രഹം. ഹോളിവുഡ് സിനിമകൾ അവളുടെ കുരുന്ന് മനസ്സിൽ നിക്ഷേപിച്ചതാണ് പ്രാചീന ഈജിപ്തി​െൻറ ചരിത്രത്തിലും സംസ്കാരത്തിലുമുള്ള കൗതുകം.

'എനിക്ക് എത്രയും വേഗം ബോസ്നിയയിലേക്ക് തിരിച്ചുപോവണം. ഇവിടെ നിൽക്കാൻ വയ്യ.' ഉമ്മയുടെ വിരലുകളിൽ തൂങ്ങി ആമിറ വാശിപിടിച്ച് കലപില കൂട്ടുകയാണ്.

'മോൾ ഇവിടെ വന്ന് അത്രയൊന്നും നാളുകൾ ആയില്ലല്ലോ? എന്താണ് ഇത്ര ധിറുതി? ഇവിടത്തെ പള്ളിക്കൂടം പിടിക്കാത്തതു കൊണ്ടാണോ?'

'അതൊന്നുമല്ല. എനിക്ക് എ​െൻറ കൂട്ടുകാരി ലൈലയെയും നിത്യവും കൊണ്ടുനടക്കുന്ന പിയാനോയെയും പിരിഞ്ഞിരിക്കാനാവുന്നില്ല.' ആമിറ പറയുകയാണ്. കുടിക്കാനുള്ള പച്ചവെള്ളം പണം കൊടുത്ത് കുപ്പിയിൽ വാങ്ങിക്കുന്ന ഇവിടത്തെ സമ്പ്രദായം അവളുടെ കുഞ്ഞ് മനസ്സിന് ഉൾക്കൊള്ളാനുമാവുന്നില്ല.

'ഞങ്ങളുടെ നാട്ടിൽ വെള്ളം സൗജന്യമാണ്' ആമിറ പറഞ്ഞുകൊണ്ടിരുന്നു.

പച്ചപുതച്ച കുന്നുകളും, പാട്ടുപാടി ഒഴുകുന്ന അരുവികളും സ്ഫടികംപോലെ തിളങ്ങുന്ന നീർച്ചാലുകളും നിറഞ്ഞ അഡ്രിയാട്ടിക്കിന്റെ തീരത്തെ അതിമനോഹരമായ ബോസ്നിയയിൽ നിന്ന്​, കുന്നും, കാടും കായലുമില്ലാത്ത വരണ്ട മരുഭൂമിയിലേക്ക് ഉമ്മ എന്തിനാണ് ജോലി തേടി വന്നതെന്ന് ആമിറക്ക് മനസ്സിലാവുന്നില്ല. ദിനാറും ദിർഹമും കൂട്ടിക്കിഴിച്ച് ജീവിതത്തിന്റെ ലാഭനഷ്ടങ്ങൾ കണക്കാക്കുന്ന മുതിർന്നവരുടെ ജാലവിദ്യ കുഞ്ഞുങ്ങൾക്ക്​ മനസ്സിലാവില്ലല്ലോ? അവളുടെ നെഞ്ച് നിറയെ കൂട്ടുകാരി ലൈലയാണ്. അവളുടെ പിയാനോയാണ്. നാട്ടിലെ വെള്ളമാണ്.

'ഞാൻ അടുത്തയാഴ്ചയോടെ ജോലി നിർത്തിപോവുകയാണ്. ആമിറക്ക് ഇവിടവുമായി പൊരുത്തപ്പെടാനാവുന്നില്ല. ഷാഹിദ ഒരു ദിവസം പറഞ്ഞു. വേറെ മക്കളൊന്നുമില്ലാത്ത ഷാഹിദയുടെ ലോകത്തിന്റെ കേന്ദ്രം ആമിറയാണ്. ആ കുഞ്ഞി​െൻറ സന്തോഷത്തിനപ്പുറം അവർക്ക്​ ഒരു ആകാശമില്ല.

ഷാഹിദയും മകൾ ആമിറയും നാട്ടിലേക്ക് തിരിച്ചുപോയതോടെ ഡോ. മൻസൂറ പാസിച്ച് തനിച്ചായി. സ്വന്തം നാട്ടുകാരായ കൂട്ടുകാരൊന്നും അടുത്തില്ല. എന്നാലും ഏതാനും മാസമെങ്കിലും ഇവിടെ ജോലിചെയ്യണമെന്നാണ് അവളുടെ ആഗ്രഹം. അതിന് കാരണങ്ങളുണ്ട്. സരയാവോയിൽ അവൾക്ക് കാത്തിരിക്കാനോ അവളെ കാത്തിരിക്കാനോ വേണ്ടപ്പെട്ടവരായി ആരുമില്ല. നീണ്ടു മെലിഞ്ഞ ശരീരവും പൂച്ചക്കണ്ണുകളുമുള്ള മൻസൂറ പാസിച്ച് സ്ലാവിക് സൗന്ദര്യത്തിന്റെ അച്ചടിപ്പകർപ്പാണ്. മുടിനാരുകളൊന്നും പുറത്തുകാണാത്തവിധം സ്കാർഫ് കെട്ടി തലമറച്ചിരിക്കുന്ന മൻസൂറയുടെ മുഖം ചിലപ്പോൾ സങ്കടങ്ങൾ കൊണ്ട് ചുവന്ന് തുടുക്കും. യുദ്ധവും കലാപവും പലായനവും അവ നേരിട്ടനുഭവിക്കാത്തവർക്ക് വരണ്ട രാഷ്ട്രീയ സ്ഥിതിവിവരക്കണക്ക് മാത്രമാണെങ്കിൽ, അതിന്റെ ഇരകൾക്ക് തകർന്നടിഞ്ഞ മോഹങ്ങളും, പൊളിഞ്ഞ പളുങ്കുപാത്രംപോലെ ശിഥിലമായ ബന്ധങ്ങളുമാണ്. ഖബറും കഫൻ പുടവയുമില്ലാതെ വേർപിരിഞ്ഞുപോയ ഉറ്റവരെ കുറിച്ച നീറുന്ന ഓർമകൾ നിറഞ്ഞതാണ് പിന്നീടങ്ങോട്ട് അവരുടെ ജീവിതം.

വർത്തമാനങ്ങൾക്കിടയിൽ ഒരിക്കൽ ഞാൻ അവളോട് സെബ്രനിച്ച കൂട്ടക്കുരുതിയെ കുറിച്ചു ചോദിച്ചു. രണ്ടാം ലോകയുദ്ധാനന്തര യൂറോപ്പ് കണ്ട ഏറ്റവും വലിയ വംശഹത്യ കഴിഞ്ഞ് അപ്പോൾ ഏതാനും വർഷങ്ങളാവുന്നതേയുള്ളൂ. എന്നാൽ, അതേപറ്റി ഒരക്ഷരം ചോദിക്കാൻ വിടാതെ അവൾ സംസാരം നിർത്തി. ഉറ്റവരെയും ഉടയവരെയും നക്കിത്തുടച്ച ദുരന്തത്തെപറ്റി പറയാൻ ആർക്കാണ് ത്രാണിയുണ്ടാവുക! അവൾക്കിപ്പോൾ ഉപ്പയും ഉമ്മയുമില്ല. വിവാഹ ബന്ധവും വേർപിരിഞ്ഞതോടെ തീർത്തും തനിച്ചാണ്. ഒരു നാടോടിയെപോലെ ദേശാന്തര യാത്രകൾ നടത്തി ജീവിക്കുന്നു.

'ഈ ഫോട്ടോ നിനക്ക് തിരിച്ചറിയാനാവുമോ?'

ബോബ് ചെയ്ത് വെട്ടിയൊതുക്കിയ, കാറ്റിൽപറക്കുന്ന സ്വർണത്തലമുടിയുള്ള ഒരു വെള്ളാരം കണ്ണുകാരിയുടെ ഫോട്ടോ കാണിച്ച് ഒരിക്കൽ അവൾ ചോദിച്ചു.

ഒറ്റനോട്ടത്തിൽ ഡയാന രാജകുമാരിയുടെ പഴയ ഫോട്ടോയാണെന്ന് തോന്നും.

'വർഷങ്ങൾ മുമ്പത്തെ എന്റെ തന്നെ ഫോട്ടോയാണത്'- അവൾ ഒരു കുസൃതിയോടെ പറഞ്ഞു.

'നീ ഇപ്പോഴും ചെറുപ്പമല്ലേ? വേണ്ടത്ര അഴകും ആരോഗ്യവുമുണ്ടല്ലോ? എന്നിട്ടും എന്ത്കൊണ്ടാണ് പറ്റിയ ഒരു പുനർവിവാഹത്തെ കുറിച്ച് ആലോചിക്കാത്തത്? പ്രായമാകുമ്പോൾ ഒരാളെങ്കിലും കൂട്ടിനുണ്ടാകുമല്ലോ'- ഒരിക്കൽ ഞാൻ ചോദിച്ചു.

അല്പനേരത്തെ മൗനത്തിനുശേഷം അവൾ തലയുയർത്തി കണ്ണുകളിലേക്ക് നോക്കി.

'നോക്കൂ, നിന്റെ കണ്ണുകൾക്ക് കൗശലം പോര.'

അവളുടെ അമർത്തിവെച്ചിരിക്കുന്ന സങ്കടങ്ങളും സ്വകാര്യതകളും മനസ്സിലാക്കാൻ മാത്രം എന്റെ കണ്ണുകൾക്ക് ശേഷിയുണ്ടായിരുന്നില്ല.

അങ്ങനെ അറഫ ദിനം അടുത്തുവന്നു.

പെരുന്നാളിനെ വരവേല്ക്കാൻ അങ്ങാടികൾ അലങ്കാര ദീപങ്ങൾ കൊണ്ട് നിറഞ്ഞു. പള്ളികൾ പ്രാർഥനാനിർഭരങ്ങളായി. അറഫ ദിവസത്തെ നോമ്പിൽ അവളുടെ ഓർമകൾ വർഷങ്ങൾ പിന്നോട്ടു പാഞ്ഞു.

ബോസ്നിയയിൽ നിന്ന്​ ബസ് കയറി മക്കയിലേക്ക് ഹജ്ജിനുപോയ കഥ അവൾ ഗൃഹാതുരത്വത്തോടെ വിവരിച്ചു. യൂറോപ്പും തുർക്കിയും ശാമും കടന്ന് ഹിജാസിൽ എത്തിച്ചേരാൻ നാലു ദിവസം ബസിൽ യാത്ര ചെയ്തു. ഹജ്ജാണ് ജീവിതത്തെ മാറ്റിമറിച്ചതും യുദ്ധാനന്തര വിഷാദത്തിന്റെ കാണാക്കയത്തിൽനിന്ന്​ ജീവിതത്തിന്റെ പച്ചത്തുരുത്തിലേക്ക് പിടിച്ചുവലിച്ച് കരകയറ്റിയതും.

ഉമ്മയും ബാപ്പയും മരിച്ചുപോയ, ഭൂമിയിൽ ഉടപ്പിറപ്പായി ആരുമില്ലാത്ത മൻസൂറ സഫ-മർവ കുന്നുകൾക്കിടയിൽ നടക്കുമ്പോൾ പണ്ടുപണ്ട് മരുഭൂമിയിൽ ഒറ്റപ്പെട്ട് വെള്ളമില്ലാതെ വലഞ്ഞ ഹാഗാറിനെയും കുഞ്ഞിനെയും ഓർത്തുകൊണ്ടിരുന്നു.

കുഞ്ഞ് കരഞ്ഞുപിടഞ്ഞ മണലിൽനിന്ന്​ ഈശ്വര കാരുണ്യത്തിന്റെ നിതാന്ത പ്രവാഹമായി ഒഴുകിപ്പരക്കുന്ന സംസമിൽനിന്ന്​ ഒരു കുമ്പിൾ കോരിയെടുത്ത് അവൾ കുടിച്ചു. അങ്ങനെ പ്രതീക്ഷകൾ ഒന്നും ബാക്കിയില്ലാതെ വരണ്ടുണങ്ങിപ്പോയിരുന്ന അവളുടെ ജീവിതം ധന്യമായ അർഥങ്ങളും ശാന്തമായ സന്തോഷങ്ങളും കൊണ്ട് നിറഞ്ഞു. ഹജ്ജിനുപോയ മൻസൂറയല്ല തിരിച്ചുവന്നത്.

അറഫയിലെ ജബലു റഹ്മയിൽ വരണ്ടുണങ്ങിയ കള്ളിച്ചെടികൾക്കിടയിൽ അവൾ പുനർജനിക്കുകയായിരുന്നു.

'അന്നൊരുനാൾ നിന്നെ കാണിച്ച ഫോട്ടോയിലെ ഞാനും, ഇന്നത്തെ ഞാനും തമ്മിലുള്ള വ്യത്യാസം ഇപ്പോൾ നിനക്ക് മനസ്സിലാവുന്നുണ്ടല്ലോ?' അവൾ ചിരിച്ചുകൊണ്ടിരുന്നു. എന്നിട്ടവൾ ബൈബിളിലെ ഉല്പത്തി പുസ്തകത്തിൽനിന്ന്​ അബ്രഹാമിന്റെയും ഹാഗാറിന്റെയും കഥ പറഞ്ഞുതന്നു. -ഇസ്മായേലിന്റെ കഥ.

'അബ്രഹാം അതിരാവിലെ എഴുന്നേറ്റ് കുറെ അപ്പവും ഒരു തുകൽ സഞ്ചിയിൽ വെള്ളവുമെടുത്ത് ഹാഗാറിന്റെ തോളിൽ ​െവച്ച്കൊടുത്തു. മകനെയും ഏൽപിച്ചിട്ട് അവളെ പറഞ്ഞയച്ചു. അവൾ അവിടെ നിന്നുപോയി ബേർഷെബ മരുപ്രദേശത്ത് അലഞ്ഞുനടന്നു.

തുകൽ സഞ്ചിയിലെ വെള്ളം തീർന്നപ്പോൾ അവൾ കുട്ടിയെ ഒരു കുറ്റിക്കാട്ടിൽ കിടത്തി. കുഞ്ഞു മരിക്കുന്നത് എനിക്കു കാണാൻ വയ്യാ എന്നു പറഞ്ഞ് അവൾ കുറെ അകലെ, ഒരു അമ്പെയ്ത്തു ദൂരെച്ചെന്ന് എതിർവശത്തേക്കു തിരിഞ്ഞിരുന്നു. കുട്ടി ഉച്ചത്തിൽ കരയാൻ തുടങ്ങി. കുട്ടിയുടെ കരച്ചിൽ ദൈവം കേട്ടു. സ്വർഗത്തിൽനിന്ന് ദൈവത്തിന്റെ ദൂതൻ അവളെ വിളിച്ചു പറഞ്ഞു: ഹാഗാർ, നീ വിഷമിക്കേണ്ടാ: ഭയപ്പെടുകയും വേണ്ടാ. കുട്ടിയുടെ കരച്ചിൽ ദൈവം കേട്ടിരിക്കുന്നു. എഴുന്നേറ്റ് കുട്ടിയെ കൈയിലെടുക്കുക. അവനിൽനിന്ന് ഞാൻ വലിയൊരു ജനതയെ പുറപ്പെടുവിക്കും. ദൈവം അവളുടെ കണ്ണു തുറന്നു. അവൾ ഒരു കിണർ കണ്ടു. അവൾ ചെന്ന് തുകൽ സഞ്ചി നിറച്ച്, കുട്ടിക്ക് കുടിക്കാൻ കൊടുത്തു. ദൈവം ആ കുട്ടിയോട് കൂടെയുണ്ടായിരുന്നു.'

ബാൾക്കനിലെ ജറൂസലം എന്നറിയപ്പെടുന്ന സരയാവോയിൽ നിന്ന്​ വരുന്ന മൻസൂറ പാസിച്ച് നിഗൂഢമായി മന്ദഹസിക്കുകയാണ്. ഒരു തത്ത്വജ്ഞാനിയെപോലെ തലകുലുക്കി അവൾ പറഞ്ഞു:

'ഒരിക്കലും പേടിക്കാതെ. പ്രതീക്ഷ കൈവിടാതെ. നാം ഇസ്മായേലാണ്. ഹാഗാറാണ്. പടച്ചവൻ ഒപ്പമുണ്ട്. വറ്റാതെ, വരളാതെ ഒഴുകുന്ന സംസംപോലെ ഈശ്വര കാരുണ്യം നമുക്ക് അറിയാത്ത വഴികളിലൂടെ ഒഴുകിപ്പരന്ന് കൊണ്ടേയിരിക്കും.'

ഖത്തർ ഹമദ് മെഡിക്കൽ കോർപറേഷനിൽ സേവനമനുഷ്ഠിക്കുകയാണ് ലേഖകൻ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - In memory of a spiritual fiesta
Next Story