ഇവിടെ, ഭൂഖണ്ഡങ്ങൾക്കപ്പുറത്തുണ്ട് ഹംസനദി
text_fieldsകേരളത്തിലെ ഒരു ഗ്രാമപ്രദേശത്തെ വീടിനെയും കൂടപ്പിറപ്പുകളെയും കുറിച്ച് ഓർത്തുകഴിയുന്ന ഒരാളുണ്ട് അങ്ങ് ബ്രസീലിൽ. ഭൂഖണ്ഡങ്ങളുടെ അതിർവേലിക്കിടയിലും അവരുടെ ഹൃദയം തുടിക്കുന്നത് ആ മനുഷ്യന് കേൾക്കാം. ഇടക്ക് ഓർമയുടെ ഞരമ്പ് പൊട്ടിപ്പോകും. അപ്പോൾ ഒന്നും മനസ്സിന്റെ ഫ്രെയിമിൽ പതിയില്ല. അതുവരെയുള്ള ചിത്രങ്ങളും മാഞ്ഞുപോകും. ഓർമ തിരിച്ചുകിട്ടുമ്പോൾ പഴയ തറവാട്ടുവീട്ടിൽ അനിയനൊപ്പം കുസൃതി കാണിച്ചു നടന്ന കുട്ടിയായി മാറും. കുഞ്ഞനിയൻ രോഗം ബാധിച്ചു കിടപ്പാണെന്നറിഞ്ഞപ്പോൾ എങ്ങനെയെങ്കിലും നാട്ടിൽ എത്തിയാൽ മതിയെന്നായി ചിന്ത. അനിയന്റെ മരണവാർത്തയറിഞ്ഞപ്പോൾ കാതങ്ങൾക്കകലെ നിന്ന് കരച്ചിലടക്കി പ്രാർഥിക്കാനേ സാധിച്ചുള്ളൂ...ഒന്നു കാണാൻ ഒരുപാട് കൊതിച്ചിട്ടും കഴിഞ്ഞില്ലെന്നോർക്കുമ്പോൾ വിതുമ്പലാണ്.
പറഞ്ഞുവരുന്നത് കേരളത്തിന്റെ യശസ്സ് ലോകത്തിന്റെ നെറുകയിലെത്തിച്ച ഒരാളെ കുറിച്ചാണ്. കോഴിക്കോട് കുന്ദമംഗലം സ്വദേശി ഡോ. വലിയ മണ്ണത്താൾ ഹംസ. കോയാമു വലിയ മണ്ണത്താൾ, ചെറിയ ആയിഷ വലിയ മണ്ണത്താൾ ദമ്പതികളുടെ 12 മക്കളിലൊരാൾ. പേരിൽ ഒരു നദിയുണ്ടെന്നറിയുമ്പോൾ ആളുകൾക്ക് ആളെ പെട്ടെന്ന് മനസ്സിലാകും. ഹംസ നദി...ഏതാണ്ട് 12 വർഷം മുമ്പാണ് ഹംസ നദിയെ കുറിച്ച് ലോകമറിഞ്ഞത്. 2011ൽ. അക്കാലത്താണ് അവസാനമായി ഹംസ നാട്ടിൽ വന്നത്. ജന്മനാടിന്റെ ആദരം ഏറ്റുവാങ്ങാനുള്ള വരവായിരുന്നു അത്.
വിദ്യാധനം സർവധനാൽ പ്രധാനം
അധികമാരും ഉയർന്ന വിദ്യാഭ്യാസം നേടാതിരുന്ന ഒരു കാലത്താണ് ഹംസയും സഹോദരങ്ങളും മതിയാവോളം പഠിച്ചത്. തന്റെ മക്കൾക്ക് വിദ്യാഭ്യാസം വേണമെന്നതിൽ മറിച്ചൊരഭിപ്രായമില്ലായിരുന്നു അവരുടെ പിതാവ് കോയ വലിയ മണ്ണത്താളിന്. പെൺകുട്ടികളെ വിവാഹം കഴിച്ചയപ്പിക്കുകയല്ല, നല്ല വിദ്യാഭ്യാസം നൽകുകയാണ് ആദ്യം വേണ്ടതെന്ന് അദ്ദേഹം ഉറച്ചുവിശ്വസിച്ചു.
കോയ വലിയ മണ്ണത്താളിന്റെ 12 മക്കളിൽ രണ്ടുപേർ നേരത്തേ മരണപ്പെട്ടു. മൂന്നു പെൺമക്കളിൽ ഒരാൾ ഹൈസ്കൂൾ ഹെഡ്മിസ്ട്രസായും ഒരാൾ നഴ്സിങ് സൂപ്രണ്ടായും മറ്റൊരാൾ സൈക്യാട്രിസ്റ്റായുമാണ് വിരമിച്ചത്. മക്കളെല്ലാം സർക്കാർ ജോലിക്കാരായി എന്നതിൽ കോയാമു വലിയ മണ്ണത്താളിനും ചെറിയ ആയിഷക്കും അഭിമാനമായിരുന്നു. അവരിലെ സൂപ്പർ സ്റ്റാർ ഹംസ തന്നെ.
കുന്ദമംഗലത്തുനിന്ന് ബ്രസീലിലേക്കുള്ള ദൂരം
കുട്ടിക്കാലം തൊട്ടേ വലിയ ശാസ്ത്രകുതുകിയായിരുന്നു ഹംസ. എന്തും അന്വേഷിച്ചു നടക്കുന്ന പ്രകൃതം. കോഴിക്കോട് കുന്ദമംഗലത്തെ 11ാം മൈലിൽനിന്ന് ബ്രസീലിലെ സാവോ പോളോ സർവകലാശാലയിൽ പ്രഫസറായി എത്തിയതാണ് ഹംസയുടെ ജീവിതം മാറ്റിമറിച്ചത് എന്നു പറയാം. കുന്ദമംഗലം ഹൈസ്കൂളിലായിരുന്നു പഠനം. ദേവഗിരി സെന്റ് ജോസഫ്സ് കോളജിൽ നിന്ന് ഫിസിക്സിൽ ബിരുദം നേടി. പാലക്കാട് വിക്ടോറിയ കോളജിൽ നിന്ന് എം.എസ് സിയും കരസ്ഥമാക്കി. 1963ൽ ഹൈദരാബാദിലെ നാഷനൽ ജിയോഗ്രഫിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ജൂനിയർ സയന്റിഫിക് അസിസ്റ്റന്റായി ചേർന്നതാണ് വഴിത്തിരിവായത്.
ഏതാനും വർഷങ്ങൾക്കുള്ളിൽ സ്കോളർഷിപ്പോടെ ഗവേഷണം നടത്താൻ കാനഡയിലെ ഓട്ടവ സർവകലാശാലയിൽ അവസരം ലഭിച്ചു. അവിടെനിന്നാണ് ബ്രസീലിലെ സാവോ പോളോ സർവകലാശാലയിൽ എത്തിയത്. അവിടെ ജിയോഫിസിക്കൽ ആൻഡ് ആസ്ട്രോണമി ഡിപ്പാർട്മെന്റ് മേധാവിയായിരുന്നു. ഇപ്പോൾ സകുടുംബം ബ്രസീലിലെ റിയോ ഡെ ജനീറോയിൽ സ്ഥിരതാമസം.
‘റിയോ ഹംസ’ അഥവ ഹംസ നദി
കോടാനുകോടി വർഷം നമ്മുടെ കണ്ണകലത്തിൽ പെടാതെ ഒഴുകിനീങ്ങുന്ന നദികളെ എങ്ങനെയാണ് കണ്ടെത്തുക? ആ ചോദ്യത്തിന്റെ ഉത്തരമാണ് ഹംസ.
കുടിവെള്ളം കിട്ടാക്കനിയാകുമ്പോൾ നമുക്ക് ഭൂമിക്കടിയിലെ നദികളെ ആശ്രയിക്കേണ്ടി വരും. ജലത്തെ കടത്തിവിടാത്ത പാറക്കൂട്ടങ്ങൾ ഭൂമിക്കടിയിലുള്ളതുകൊണ്ടാണ് നദികൾ ഗതിമാറി ഒഴുകുന്നത്. നദീ പ്രതലത്തിലെ ഊഷ്മാവ് അളന്നാണ് ഭൂമിക്കടിയിലെ നദിയെ കണ്ടെത്തുന്നതെന്നാണ് ഹംസയുടെ നിഗമനം. ഊഷ്മാവ് കുറവാണെങ്കിൽ ഭൂമിക്കടിയിൽ നദിയുണ്ടെന്ന് കണക്കാക്കാം.
വർഷങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഹംസയും സംഘവും ആമസോണിന് സമാന്തരമായി ഒഴുകുന്ന നദി കണ്ടെത്തിയത്. ആമസോണിന് സമാനരൂപത്തിലുള്ള ഈ നദിയിലെ ജലപ്രവാഹം സെക്കൻഡിൽ 3000 ക്യൂബിക് മീറ്ററാണെന്നാണ് കരുതുന്നത്. പടിഞ്ഞാറുനിന്ന് കിഴക്കോട്ട് ഒഴുകുന്ന നദി ആക്രേ മേഖലയിൽനിന്ന് ഉത്ഭവിച്ച് സാലിമോസ്, ആമസോണ, മരാജോ തടാകങ്ങളിലൂടെ ഒഴുകി ഫോസ്ഡോ ആമസോണാസിൽവെച്ച് കടലിൽ ചേരുന്നു. ആമസോണിന്റെ മുഖഭാഗത്തെ ജലത്തിന് ലവണത്വം കുറവാണ്. അതിനു കാരണം ഒരു നദിയാണ്. അതുമൂലം ആ നദിക്ക് ഉപ്പിന്റെ അംശം കൂടുതലാണ്. വലുപ്പം കൊണ്ട് ലോകത്തെ രണ്ടാമത്തെ നദിയായ ആമസോണിന്റെ നീളത്തോളം വരും ഹംസ നദി.
2011ൽ റിയോ ഡെ ജനീറോയിൽ നടന്ന ജിയോഫിസിക്കൽ യോഗത്തിലാണ് ഈ നദിയെ കുറിച്ച് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഹംസയും ആമസോണും ആമസോൺ നദീതടത്തിലെ രണ്ട് പ്രധാന ഡ്രെയിനേജ് സംവിധാനങ്ങളാണ്. ഇത് ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് ഏതാണ്ട് 4000 കി.മീ താഴെയായി പടിഞ്ഞാറു നിന്ന് കിഴക്കോട്ട് ഒഴുകുന്നു. ആമസോണിന് സമാന്തരമായി തന്നെ.
ഒരു നദിയെ തിരിച്ചറിയുന്നു
ബ്രസീലിലെ സർക്കാർ എണ്ണക്കമ്പനിയായ പെട്രോബാസ് 1970കളിൽ കുഴിച്ച 241 നിർജീവ എണ്ണക്കിണറുകളിലെ താപവ്യതിയാനം നിരീക്ഷിച്ചാണ് ഗവേഷകർ ഭൂഗർഭനദിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്. 40 വർഷത്തിലേറെയായി ഈ നദിയുടെ സ്ഥാനം കണ്ടെത്താൻ ബ്രസീലിലെ നാഷനൽ ഒബ്സർവേറ്ററിയിലെ ശാസ്ത്രജ്ഞനായിരുന്ന ഹംസയുടെ നേതൃത്വത്തിൽ പഠനം നടക്കുകയായിരുന്നു. ഹംസയുടെ പ്രയത്നത്തിനുള്ള അംഗീകാരമായാണ് അദ്ദേഹത്തിന്റെ പേര് ബ്രസീൽ സർക്കാർ ഈ നദിക്ക് നൽകിയത്. ആമസോൺ നദിക്ക് 13,000 അടി താഴെയാണ് ഹംസ നദി. ആമസോൺ നദിയിലെ മറ്റൊരു നദിയെ കണ്ടെത്താൻ പ്രത്യേക ഉപകരണങ്ങൾ തന്നെ വികസിപ്പിച്ചെടുത്തിട്ടുണ്ട്.
നാടും വീടും എന്നും പ്രിയങ്കരം
ജപ്പാനിൽനിന്ന് ബ്രസീലിലേക്ക് കുടിയേറിയ സാവോ പോളോ സർവകലാശാലയിലെ അധ്യാപിക നൂർ ആണ് ഹംസയുടെ ജീവിത പങ്കാളി. മൂന്ന് മക്കളുണ്ട്. ഇതിൽ മകളായ കവിത മാത്രമാണ് ഉപ്പക്കൊപ്പം നാട്ടിൽ വന്നിട്ടുള്ളത്. മകൻ സന്തോഷ് ഹംസ എയർക്രാഫ്റ്റ് ടെക്നോളജിയിൽ മെക്കാനിക്കൽ എൻജിനീയറാണ്. കവിത ഹംസ സാവോ പോളോ ഫെഡറൽ യൂനിവേഴ്സിറ്റിയിൽ പ്രഫസറാണ്. ഇളയ മകൻ സഞ്ജീവ് ഹംസ ബ്രിസ്റ്റാൾ നേയർ മൾട്ടി നാഷനൽ കമ്പനിയിൽ ക്ലിനിക്കൽ റിസർച്ച് കോഓഡിനേറ്ററാണ്.
കാതങ്ങൾ അകലെയാണെങ്കിലും ഹംസയുടെ മനസ്സ് ഇപ്പോൾ നാട്ടിലാണ്. പതിമംഗലത്തെ തറവാടിനടുത്ത് വീടുണ്ടാക്കി താമസിക്കണമെന്നായിരുന്നു ഹംസയുടെ ആഗ്രഹം. എന്നാൽ, ഗവേഷണം തുടരണമെന്നുള്ള അടങ്ങാത്ത ത്വരയടക്കാൻ സ്വന്തം നാടുപേക്ഷിക്കേണ്ടി വന്നു. വളരെ ചെറുപ്പത്തിലേ നാടുവിട്ടുപോയിട്ടും മലയാള ഭാഷയോടുള്ള സ്നേഹം മറന്നില്ല. നാട്ടിൽ വന്നുപോയത് വിരലിലെണ്ണാവുന്ന വർഷങ്ങൾ മാത്രം. സഹോദരങ്ങളുമായി മിക്കപ്പോഴും ഫോണിൽ സംസാരിക്കും. ആ വിളി ചിലപ്പോൾ ഒരു സമയം നീളും. നാട്ടുകാരെയും കൂട്ടുകാരെയും കുറിച്ച് പ്രത്യേകം തിരക്കും. ഒരിക്കൽ കൂടി നാട്ടിലെത്തി എല്ലാവരെയും കാണണമെന്നാണ് ആഗ്രഹം. എന്നാൽ ഓർമക്കുറവ് ഇടക്കിടെ അലട്ടുന്നതിനാലും ആരോഗ്യസ്ഥിതി മോശമായതിനാലും അതിന് സാധിക്കുമോയെന്നറിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.