Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightബാഫഖി തങ്ങൾ: ബഹുസ്വര...

ബാഫഖി തങ്ങൾ: ബഹുസ്വര സമൂഹത്തിൽ പ്രായോഗിക രാഷ്ട്രീയത്തിന്റെ പാഠപുസ്തകം

text_fields
bookmark_border
ബാഫഖി തങ്ങൾ: ബഹുസ്വര സമൂഹത്തിൽ പ്രായോഗിക രാഷ്ട്രീയത്തിന്റെ പാഠപുസ്തകം
cancel

ഇന്ത്യൻ യൂനിയൻ മുസ്‍ലിംലീഗിന്റെ യശസ്സുയർത്തുകയും സുവർണകാലത്തേക്ക് നയിക്കുകയും ചെയ്തതിൽ അനിഷേധ്യ പങ്കുവഹിച്ച മഹാ വ്യക്തിത്വമാണ് 1973 ജനുവരി 19ന് മക്കയിൽ വെച്ച് മരണപ്പെട്ട അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ. അഖിലേന്ത്യ തലത്തിൽ ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബും അബ്ദുറഹ്മാൻ ബാഫഖി തങ്ങളും നേതൃത്വം നൽകിയ ആദ്യനാളുകൾ പ്രതികൂല ചുറ്റുപാടുകൾകൊണ്ട് സംഘർഷഭരിതവും സങ്കീർണവുമായിരുന്നു. മുസ്‍ലിം സമുദായം വളരെ പിന്നാക്കവും ദരിദ്രവുമായിരുന്നു. ഭരണാധികാരത്തിന്റെ തണലോ സൗകര്യങ്ങളോ ഇല്ല. ഗൾഫിന്റെ സാധ്യതകളും വലുതായിട്ടൊന്നും തെളിഞ്ഞു വന്നിട്ടില്ല. രാഷ്ട്രീയ സാമൂഹിക മേഖലകളിലെ പലരും മുസ്‍ലിംലീഗിനെയും മറ്റ് മുസ്‍ലിം സംഘടനകളെയും ഒട്ടും പരിഗണിക്കാറുണ്ടായിരുന്നില്ല. നിസ്വാർഥമായ ത്യാഗ പരിശ്രമങ്ങളായിരുന്നു അന്നത്തെ മുസ്‍ലിംലീഗിന്റെ മുഖമുദ്ര.

ബഹുസ്വര സമൂഹത്തിൽ ബഹുപാർട്ടി ജനാധിപത്യ ഘടനയിൽ പ്രായോഗിക രാഷ്ട്രീയം എങ്ങനെയായിരിക്കണം എന്ന് പഠിക്കാൻ ബാഫഖി തങ്ങൾ ഇന്നും നല്ലൊരു പാഠപുസ്തകമാണ്. വിയോഗത്തിനുശേഷം അരനൂറ്റാണ്ട് പിന്നിട്ടിട്ടും ബാഫഖി തങ്ങൾ നല്ലൊരു പ്രചോദനവും മാതൃകയുമാണെന്ന് ഏത് രാഷ്ട്രീയ വിദ്യാർഥിക്കും എളുപ്പം ഗ്രഹിക്കാവുന്നതേയുള്ളൂ.

അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ ജനിച്ചത് മുസ്‌ലിം ലീഗ് രൂപീകൃതമായ 1906ലാണ്. ഏഴു പതിറ്റാണ്ടിൽ താഴെ മാത്രം ജീവിച്ച തങ്ങൾ തന്റെ ആയുസ്സിന്റെ പകുതി കാലം കോഴിക്കോട് സിറ്റി മുസ്‌ലിം ലീഗ് പ്രസിഡന്റായും പിന്നീട് മലബാർ ജില്ലാ ലീഗ് പ്രസിഡന്റായും കേരളപ്പിറവിക്ക് ശേഷം കേരള സ്റ്റേറ്റ് മുസ്‌ലിം ലീഗ് പ്രസിഡന്റായും ഏറ്റവുമൊടുവിൽ ഇന്ത്യൻ യൂനിയൻ മുസ്‌ലിം ലീഗിന്റെ അധ്യക്ഷനായും പ്രവർത്തിച്ചു. അദ്ദേഹം രാഷ്ട്രീയ നേതാവ് മാത്രമായിരുന്നില്ല, മത-സാമൂഹിക-വിദ്യാഭ്യാസ മേഖലകളിൽ ഫലപ്രദമായി പ്രവർത്തിച്ച ഉജ്വലമായ ബഹുമുഖ വ്യക്തിത്വത്തിനുടമയുമായിരുന്നു. ദീനീനിഷ്ഠയും വിശാലവീക്ഷണവും അദ്ദേഹത്തിന്റെ സവിശേഷതകളായിരുന്നു. ഈ സവിശേഷതകളിൽ നിന്നുയിർകൊണ്ട അസാധാരണമായ ഉൾക്കാഴ്ചയും ഉൾക്കരുത്തും ഔപചാരിക വിദ്യാഭ്യാസം നേടിയിട്ടില്ലാത്ത അദ്ദേഹത്തിന്റെ ബഹുമുഖ പ്രവർത്തനങ്ങളെ ഉജ്വലമാക്കി.

ഇന്ത്യാ വിഭജനത്തിന്റെ പാപം മുസ്‌ലിം ലീഗിന്റെ പിരടിയിൽ കെട്ടിയേൽപിക്കാനുള്ള ശ്രമങ്ങളാണ് അക്കാലത്ത് വളരെ സജീവമായി നടന്നത്. പല നാടുകൾ ചേർന്ന് ഒന്നാകലും ഒന്നായിരുന്നത് പലതാകലും ചരിത്രത്തിൽ പലപ്പോഴും ഉണ്ടായിട്ടുണ്ട്. നിരവധി കൊച്ചുകൊച്ചു നാട്ടുരാജ്യങ്ങളായിരുന്ന ഇന്ത്യ വിഭക്തമായാണ് സ്വതന്ത്രമായത്. വിഭജനം എന്നത് ഉണ്ടായിട്ടുണ്ടെങ്കിൽ, അത് ഒരു തെറ്റുമായിരുന്നെങ്കിൽ അതിൽ ത്രികക്ഷി പങ്കാളിത്തമുണ്ടെന്നത് തർക്കമറ്റ വസ്തുതയാണ്. ഭിന്നിപ്പിച്ച് ഭരിക്കൽ എന്ന രീതി അടിസ്ഥാനമാക്കി അന്നിവിടെ നാട് ഭരിച്ച ബ്രിട്ടീഷ് ഗവൺമെന്റും ഇന്ത്യൻ നാഷനൽ കോൺഗ്രസും സർവേന്ത്യാ മുസ്‌ലിം ലീഗുമായിരുന്നു അത്. എന്നാൽ, വിഭജനത്തിനുത്തരവാദി മുസ്‌ലിം ലീഗും അതുവഴി പരോക്ഷമായി മുസ്‌ലിംകളുമാണെന്ന പ്രചണ്ഡ പ്രചാരവേല മുസ്‌ലിംകളിൽ അപകർഷതാ ബോധം വളർത്താനും മറ്റുള്ളവർക്ക് മുസ്‌ലിംകളുടെ നേരെ കടുത്ത വെറുപ്പുണ്ടാക്കാനും ഇടയാക്കി. പിന്നീട് സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ മുസ്‍ലിം വിരുദ്ധ കലാപങ്ങളുടെ മുഖ്യഹേതുവും വിഭജനത്തെക്കുറിച്ച തെറ്റായ ഈ പ്രചാരണമാണ്.

മികവാർന്നതും മാതൃകാപരവുമായ ഒരു കച്ചവട പാരമ്പര്യവും സംസ്‌കാരവും ബാഫഖി തങ്ങളിൽ മേളിച്ചിട്ടുണ്ട്. മികച്ച കച്ചവടക്കാർ ആദാന പ്രദാന പ്രക്രിയകളിലും ആളുകളുമായി ഇണങ്ങുന്നതിലും മറ്റാരേക്കാളും കേമന്മാരായിരിക്കും. വിശിഷ്യാ ഇസ്‌ലാമിന്റെ കച്ചവട തത്ത്വങ്ങൾ സ്വാംശീകരിച്ചവർ ഇതിൽ കുറേകൂടി ഉന്നത നിലവാരം പുലർത്തും. അബ്ദു റഹ്മാൻ ബാഫഖി തങ്ങളിൽ ഇത് തികച്ചും പുലർന്നിരുന്നു. കെ.എം സീതി സാഹിബിന്റെ പ്രേരണയും പ്രോത്സാഹനവും ഇതിനെ ത്വരിതപ്പെടുത്തി. 1942ൽ കോഴിക്കോട് നഗരസഭക്ക് ഒരു നോമിനേറ്റഡ് കൗൺസിൽ പ്രഖ്യാപിക്കപ്പെട്ടപ്പോൾ കൊയിലാണ്ടിക്കാരനായ ബാഫഖി തങ്ങളും അതിലൊരംഗമായി നാമനിർദേശം ചെയ്യപ്പെട്ടു. എം.വി ഹൈദ്രോസ് വക്കീൽ, പി.പി ഹസ്സൻകോയ, കൊയപ്പത്തൊടി അഹമ്മദ്കുട്ടി ഹാജി, പി.ഐ അഹമ്മദ് കോയ ഹാജി തുടങ്ങിയവരായിരുന്നു കൗൺസിലർമാരിൽ ചിലർ. കെ.വി സൂര്യനാരായണയ്യർ ചെയർമാനും. ഇതേ വർഷത്തിൽ മലബാർ പ്രൊഡ്യൂസ് മർച്ചന്റ്‌സ് അസോസിയേഷന്റെ പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു. പൊന്നാനി മഊനത്തുൽ ഇസ്‌ലാം സഭ, കോഴിക്കോട്ടെ തർബിയത്തുൽ ഇസ്‌ലാം സഭ, ഹിമായത്തുൽ ഇസ്‌ലാം സഭ തുടങ്ങിയ സ്ഥാപനങ്ങളുടെയെല്ലാം നടത്തിപ്പിലും അദ്ദേഹം വ്യാപൃതനായിരുന്നു. ചന്ദ്രിക പത്രത്തിന്റെ ജീവനാഡിയായും അദ്ദേഹം വർത്തിച്ചു. മുസ്‌ലിംകളുടെ വിഷയങ്ങളും വാർത്തകളും പരമാവധി തമസ്‌കരിക്കുകയും വക്രീകരിക്കുകയും ചെയ്ത ആ നാളുകളിൽ ചന്ദ്രിക മാത്രമായിരുന്നു മുസ്‌ലിംകളുടെ വിഷയങ്ങൾ ഒരളവോളമെങ്കിലും പ്രകാശനം ചെയ്തത്. അതിനാൽ ചന്ദ്രികയുടെ കാര്യത്തിൽ തങ്ങൾ പുലർത്തിയ വലിയ താൽപര്യം വളരെ പ്രസക്തമായിരുന്നു.

സ്വാതന്ത്ര്യത്തിനു ശേഷം 1948ൽ സർവേന്ത്യാ മുസ്‌ലിം ലീഗ് ഇന്ത്യൻ യൂനിയൻ മുസ്‌ലിം ലീഗായി പരിണമിച്ചു. പക്ഷെ വിഭജനത്തിന് ഉത്തരവാദികളെന്നും വർഗീയവാദികളെന്നും ആക്ഷേപിച്ച് മുസ്‌ലിം ലീഗിനെ രാഷ്ട്രീയ രംഗത്തുനിന്ന് അകറ്റാനും ഒറ്റപ്പെടുത്താനുമായിരുന്നു എല്ലാവരുടെയും ശ്രമം. കോൺഗ്രസ് ഇക്കാര്യത്തിൽ വളരെയേറെ തീവ്രത പുലർത്തുകയും ചെയ്തു. ദേശീയ മുസ്‌ലിംകൾ എന്ന് വിശേഷിപ്പിക്കപ്പെടാറുള്ള കോൺഗ്രസിലെ മുസ്‌ലിം നേതാക്കൾ രാജാവിനേക്കാൾ വലിയ രാജഭക്തിയോടെ ലീഗ് വിരോധം പ്രസരിപ്പിച്ചുകൊണ്ടേയിരുന്നു. ഹൈദരാബാദ് നാട്ടുരാജ്യം ഇന്ത്യൻ യൂനിയനിൽ ലയിക്കുന്നതിനെച്ചൊല്ലി നൈസാമുമായുള്ള സംഘർഷഘട്ടത്തിൽ കാര്യകാരണ ബന്ധമൊന്നുമില്ലാതെ മലബാറിലെ മുസ്‌ലിം ലീഗ് പ്രവർത്തകരെയും അറസ്റ്റ് ചെയ്തു. മർഹൂം മുഹമ്മദലി ശിഹാബ് തങ്ങളുടെ പിതാവ് ഇ.എം.എസ്.എ പൂക്കോയ തങ്ങളെ വരെ അറസ്റ്റ് ചെയ്തു ജയിലിലടച്ചു. ബാഫഖി തങ്ങളുടെ പാസ്‌പോർട്ട് തടഞ്ഞുവെച്ചു. ഇന്ത്യാ വിഭജനത്തോടെ പലരും ലീഗ് വിട്ടിരുന്നു. പ്രമുഖനായ പി.പി ഹസ്സൻ കോയയെ പോലെ പലരും മുസ്‌ലിം ലീഗിൽനിന്ന് രാജിവെച്ചു. മദ്രാസ് അസംബ്ലിയിലെ ഒമ്പത് ലീഗ് എം.എൽ.എ മാർ ഒറ്റയടിക്ക് രാജിവെച്ചു. ദർഗകളിലെ ഹരിതവർണ കൊടിപോലും കാണുന്ന മാത്രയിൽ കലി തുള്ളുന്നവരായിരുന്നു അന്ന് ഇവിടം ഭരിച്ച കോൺഗ്രസുകാർ. ഈ സന്നിഗ്ദ ഘട്ടത്തിലാണ് അബ്ദുറഹ്മാൻ ബാഫഖി തങ്ങളുടെ അനിതരസാധാരണമായ നേതൃശേഷിയും ആർജവവും വെളിവായത്.

1952ൽ നടന്ന പ്രഥമ പൊതു തെരഞ്ഞെടുപ്പിൽ സാഹചര്യം തികച്ചും പ്രതികൂലമായിരുന്നിട്ടും സൗകര്യം വളരെ കുറവായിരുന്നിട്ടും മുസ്‌ലിം ലീഗ് ഏതാനും സീറ്റുകളിൽ മത്സരിച്ചത് ബാഫഖി തങ്ങളുടെ നേതൃപാടവത്തിന്റെ ദൃഷ്ടാന്തമായി. കഷ്ടനഷ്ടങ്ങൾ ഏറെ സഹിച്ചിട്ടാണെങ്കിലും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ സജീവമായി പങ്കെടുക്കണമെന്നായിരുന്നു ബാഫഖി തങ്ങളുടെ ഉറച്ച അഭിപ്രായം. ഏതാനും നിയോജക മണ്ഡലങ്ങളിൽ സ്വന്തം സ്ഥാനാർഥികളെ നിർത്തി മത്സരിക്കാനും മറ്റിടങ്ങളിൽ അനുയോജ്യരായ കക്ഷിരഹിതർക്ക് പിന്തുണ നൽകാനും തീരുമാനിച്ചു. ഭരണം കൈയാളുന്ന ഭരണകൂടത്തിന്റെ സകല സൗകര്യങ്ങളുമുള്ള കോൺഗ്രസിനെ ശക്തമായിട്ടെതിർക്കുക എന്നതായിരുന്നു ഈ തീരുമാനത്തിന്റെ ആകസാരം. വടകരയിൽ സോഷ്യലിസ്റ്റ് സ്ഥാനാർഥിയായ കേളോത്ത് മൊയ്തുഹാജിയെ ലീഗ് പിന്തുണച്ചു. വയനാട്ടിൽ കോൺഗ്രസിന്റെ കോഴിപ്പുറത്ത് മാധവമേനോനെതിരെ പ്രമുഖ അഭിഭാഷകനായ ടി.സി കരുണാകരൻ എന്ന സ്വതന്ത്രനെയാണ് ലീഗ് പിന്തുണച്ചത്. രണ്ടിടത്തും ബാഫഖി തങ്ങളുടെ രാഷ്ട്രീയ തന്ത്രത്തിന്റെ ഫലമായി കോൺഗ്രസ് തോറ്റു. മുസ്‌ലിം ലീഗിന്റെ ഒരു എം.പിയും അഞ്ച് എം.എൽ.എമാരും മലബാറിൽനിന്ന് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. മദിരാശി അസംബ്ലിയിൽ കോൺഗ്രസിന് ഒറ്റക്ക് ഭൂരിപക്ഷമില്ലാതെ വന്നതോടെ സി. രാജഗോപാലാചാരി ലീഗിന്റെ പിന്തുണ തേടി. ലീഗ് രാജാജി സർക്കാറിന് പിന്തുണ നൽകിക്കൊണ്ട് കോൺഗ്രസിനോട് മധുരമായ പ്രതികാരം നിർവഹിക്കുകയും ചെയ്തു.

കേരളപ്പിറവിക്ക് ശേഷം വീണ്ടും നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ലീഗിനെ അടുപ്പിച്ചില്ല. ലീഗ് സോഷ്യലിസ്റ്റ് നേതാവ് കെ.ബി മേനോനുമായി ചർച്ച നടത്തി. ലീഗും പി.എസ്.പിയും തമ്മിൽ ധാരണയായി. ഈ തെരഞ്ഞെടുപ്പ് സഖ്യത്തിനെതിരെ പ്രധാനമന്ത്രി പണ്ഡിറ്റ് നെഹ്‌റു വരെ ശക്തമായി രംഗത്ത് വന്നു. എന്നാൽ വിമോചന സമരം ലീഗ് കോൺഗ്രസ് സഹകരണത്തിന് വേദിയൊരുക്കി. കോൺഗ്രസിനുള്ളിൽ പലരും കടുത്ത ലീഗ് വിരോധികളാണെങ്കിലും രാഷ്ട്രീയ കാലാവസ്ഥയും ബാഫഖി തങ്ങളുടെ നേതൃത്വത്തിൽ ലീഗെടുത്ത പക്വവും ചടുലവുമായ നയനിലപാടുകളും കോൺഗ്രസിനെ അത്തരമൊരവസ്ഥയിലെത്തിക്കുകയായിരുന്നു. ബാഫഖി തങ്ങളുടെ മാസ്മരിക വ്യക്തിത്വത്തിൻ കീഴിൽ മുസ്‌ലിം ലീഗ് എല്ലാ കടമ്പകളെയും അതിജീവിച്ച് മുന്നേറുകയായിരുന്നു.

1960ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പി.എസ്.പി-ലീഗ്-കോൺഗ്രസ് മുക്കൂട്ട് മുന്നണി 94 സീറ്റ് നേടി. മുസ്‌ലിംലീഗ് മത്സരിച്ച 12 സീറ്റുകളിൽ പതിനൊന്നും വിജയിച്ചു. നേരത്തെ 43 സീറ്റ് മാത്രമുണ്ടായിരുന്ന കോൺഗ്രസിന് 63 സീറ്റ് കിട്ടി. മുസ്‌ലിംലീഗിന്റെ അകമഴിഞ്ഞ പിന്തുണയായിരുന്നു ഇതിന് സഹായകമായത്. പകയുടെയും ചതിയുടെയും രാഷ്ട്രീയം അദ്ദേഹത്തിനന്യമായിരുന്നു. തങ്ങൾ അന്ന് അനുവർത്തിച്ച രാഷ്ട്രീയ സത്യസന്ധതയാണ് മുന്നണി രാഷ്ട്രീയത്തിൽ ഇന്നും മുസ്‌ലിം ലീഗിന് സ്വീകാര്യത നിലനിർത്തുന്നത്. ''മുസ്‌ലിം ലീഗ് മത്സരിക്കുന്നത് 126 മണ്ഡലങ്ങളിലാണ്. അഥവാ കേരളത്തിലെ 126 മണ്ഡലങ്ങളിൽ മത്സരിക്കുന്ന ത്രികക്ഷി സഖ്യത്തിന്റെ സ്ഥാനാർഥികൾ മുസ്‌ലിംലീഗിന്റെ സ്ഥാനാർഥികളാണ്. ആ അർഥം മനസ്സിൽ വെച്ചുകൊണ്ട് സഖ്യകക്ഷി സ്ഥാനാർഥികളെ വിജയിപ്പിക്കാൻ മുസ്‌ലിം ലീഗ് പ്രവർത്തകർ രംഗത്തിറങ്ങണം'', ഇതായിരുന്നു ബാഫഖി തങ്ങളുടെ ആഹ്വാനം. മുസ്‌ലിം ലീഗിന് അയിത്തം കൽപിച്ചവർ മാറിച്ചിന്തിക്കാൻ നിർബന്ധിതരാകും വിധം ലീഗിനെ വിവേകപൂർവം നയിച്ച ബാഫഖി തങ്ങളുടെ നേതൃത്വം മുസ്‌ലിംകളിലും ആവേശമുണ്ടാക്കി. നേരത്തെ ലീഗിനെ എതിർത്തിരുന്നവരും ഭീരുത്വം കാരണം അകന്ന് കഴിഞ്ഞവരും ലീഗിലേക്ക് കടന്നുവരാൻ തുടങ്ങി. ബാഫഖി തങ്ങൾ വളർത്തിയെടുത്ത സി.എച്ച് മുഹമ്മദ് കോയയുടെയും മറ്റും പ്രഭാഷണങ്ങൾ കേരള മുസ്‌ലിംകളെ അപകർഷതാ ബോധത്തിൽ നിന്ന് വിമുക്തരാക്കി. എത്രത്തോളമെന്നാൽ കോൺഗ്രസ് അനുകൂല പത്രമായ ഹിന്ദുസ്ഥാൻ ടൈംസും ടൈംസ് ഓഫ് ഇന്ത്യയും ന്യൂഡൽഹിയിൽ നിന്നിറങ്ങുന്ന സ്റ്റേറ്റ്‌സ്മാനും മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയ പ്രസക്തി അടയാളപ്പെടുത്തിക്കൊണ്ട് മുഖ പ്രസംഗമെഴുതി. മുസ്‌ലിം ലീഗിനെ എതിർക്കുന്നതിൽ ഒരു പിശുക്കും കാണിക്കാത്ത മാതൃഭൂമി തങ്ങളുടെ മുഖ പ്രസംഗത്തിൽ ഇങ്ങനെയെഴുതി:

''കോൺഗ്രസിനോടും പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയോടും ആത്മാർഥമായ ഒരു ഒത്തുതീർപ്പിലൂടെ ഒന്നിച്ച് നിന്ന് കമ്യൂണിസത്തിന്റെയും കമ്യൂണിസ്റ്റ് പാർട്ടിയുടെയും പിടിയിൽനിന്ന് കേരളത്തെയും അതുവഴി ഭാരതത്തെയും സംരക്ഷിച്ചുകൊണ്ടു നടന്ന വിമോചന സമരത്തിലും അതിന്റെ വിജയകരമായ പര്യവസാനത്തിലും ഇടക്കാല തെരഞ്ഞെടുപ്പിലും മുസ്‌ലിംകൾ വഹിച്ച മഹത്തായ പങ്കിന് കമ്യൂണിസ്റ്റേതര വൃത്തങ്ങളിൽ പരക്കെ അംഗീകാരം ലഭിച്ചു കാണുന്നുണ്ട്. മുസ്‌ലിം ലീഗ് ഒരു വർഗീയ സംഘടനയാണെന്നുള്ള പഴയ വാദഗതി ആവർത്തിക്കുന്നത് കേരളത്തിലെ വലിയ ഒരു വിഭാഗം ജനങ്ങളെ അവഹേളിക്കലാകും. ആരെന്തു പറഞ്ഞാലും ആയിരക്കണക്കിന് മുസ്‌ലിംകൾ മുസ്‌ലിം ലീഗ് തങ്ങളുടെ സമുദായ ഉന്നമനത്തിന് വേണ്ടി നിലകൊള്ളുന്ന കക്ഷിയാണെന്ന് ഹൃദയപൂർവം വിശ്വസിക്കുന്നു.'' (മാതൃഭൂമി 10.2.1960) (സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ -എം.സി വടകര, പേജ് 126)

മുസ്‌ലിം ലീഗിനെ പരമ പുഛത്തോടെ ''ചത്തകുതിര''യെന്നും മറ്റും വിശേഷിപ്പിച്ച പണ്ഡിറ്റ് നെഹ്‌റുവിന്റെ കോൺഗ്രസ് വീണ്ടും അതിന്റെ തനിനിറം കാണിച്ചു. ഒന്നിച്ച് മത്സരിച്ച ലീഗിനെ മന്ത്രിസഭയിലെടുക്കില്ലെന്നതായിരുന്നു കോൺഗ്രസ് ഹൈകമാൻഡ് നിലപാട്. വിഭജനത്തിന്റെ നാളുകളിൽ നിലനിന്ന ഹിന്ദു-മുസ്‌ലിം ഭിന്നതയെ ചെറുക്കാൻ ഹിന്ദു-മുസ്‌ലിം ഐക്യമാണ് വേണ്ടതെന്നായിരുന്നു ബാഫഖി തങ്ങളുടെ സുചിന്തിത വീക്ഷണം. പക്ഷെ വിശാലമായ ഹിന്ദു-മുസ്‌ലിം ഐക്യം അസാധ്യമാക്കുന്നതായിരുന്നു ഹൈകമാൻഡ് നിലപാട്. മുന്നണി മര്യാദക്ക് ഒട്ടും ചേരാത്ത കോൺഗ്രസ് നിലപാടിനെ ഘടക കക്ഷിയായ പി.എസ്.പി അങ്ങേയറ്റം എതിർത്തിരുന്നു. ഒടുവിൽ ബാഫഖി തങ്ങളുടെ ഉപദേശ പ്രകാരം മുസ്‌ലിം ലീഗ് നിയമസഭാ പാർട്ടി പി.എസ്.പിയുടെ നേതൃത്വത്തിൽ മന്ത്രിസഭയുണ്ടാക്കാനും അതിനെ പിന്തുണക്കാനും തീരുമാനിച്ചു. പി.എസ്.പിയുടെ കൂടി നിർദേശപ്രകാരം ലീഗ് സ്പീക്കർ പദവി സ്വീകരിച്ചു. ഈ ഘട്ടത്തിൽ മുസ്‌ലിം ലീഗ് സ്വീകരിച്ച വിട്ടുവീഴ്ച പ്രത്യക്ഷത്തിൽ അപമാനകരമായിരുന്നുവെങ്കിലും മുസ്‌ലിംലീഗിനെ സംബന്ധിച്ചിടത്തോളം വലിയ വിജയത്തിന്റെ ഒരു തുടക്കമായിരുന്നു. ബാഫഖി തങ്ങളുടെ ആജ്ഞാശക്തിക്കു മുമ്പിൽ അനുയായികൾ ഒറ്റക്കെട്ടായി നിൽക്കുന്ന കാഴ്ച ഇതര കക്ഷികളും പത്രങ്ങളും അമ്പരപ്പോടെയാണ് വീക്ഷിച്ചത്. ഈ ഘട്ടത്തിൽ കർണാടകയിലെയും മദ്രാസിലെയും പല മുസ്‌ലിം നേതാക്കളും ബാഫഖി തങ്ങളെ സന്ദർശിച്ചു. ബാഫഖി തങ്ങളുടെ പക്വതയും ദീർഘ വീക്ഷണവും സമുദായ സ്‌നേഹവും അവരിൽ മതിപ്പുളവാക്കി. തമിഴ്‌നാട്ടിൽ തങ്ങൾ ഒരു പര്യടനവും നടത്തി.

1961 ഏപ്രിലിൽ സീതി സാഹിബ് നിര്യാതനായി. തുടർന്ന് സ്പീക്കറായി സി.എച്ച് മുഹമ്മദ് കോയ തെരഞ്ഞെടുക്കപ്പെടണമെങ്കിൽ മുസ്‌ലിം ലീഗ് അംഗത്വം മുൻകൂട്ടി രാജിവെക്കണമെന്ന അസാധാരണ നിർദേശം കോൺഗ്രസ് മുന്നോട്ട് വെച്ചു. ഖാഇദെ മില്ലത്തും ബാഫഖി തങ്ങളും ചേർന്ന് ആ വിട്ടുവീഴ്ചയും ചെയ്തു. ജനാധിപത്യ സംരക്ഷണവും ഉറച്ച ഭരണവും സുസാധ്യമാക്കാനായിരുന്നു ഈ തീരുമാനം. ''തൊപ്പി ഊരിയെറിഞ്ഞിട്ടും ലുങ്കി മാറിയുടുത്തിട്ടും കിട്ടിയതെന്തേ സ്പീക്കർ സ്ഥാനം, റാഹത്തായില്ലേ?'' എന്ന് ലീഗ് വിരോധികളും മാർക്‌സിസ്റ്റുകളും നാടെങ്ങും പരിഹസിച്ചപ്പോഴും ബാഫഖി തങ്ങൾക്ക് അണികളെ അച്ചടക്കപൂർവം ഒതുക്കി നിർത്താൻ കഴിഞ്ഞു.

1962ൽ പാർലമെന്റ് തെരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗുമായി സഹകരിക്കില്ലെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചതോടെ ലീഗ് ഒറ്റപ്പെട്ടു. ബാഫഖി തങ്ങളും ഖാഇദെ മില്ലത്തും സന്നിഹിതരായ ലീഗ് നേതൃയോഗം ത്രികക്ഷി സഖ്യം അവസാനിപ്പിക്കാനും സ്പീക്കർ സ്ഥാനം രാജിവെക്കാനും തീരുമാനിച്ചു. തുടർന്ന് പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഒറ്റക്ക് മത്സരിക്കാൻ തീരുമാനിച്ചു. ബാഫഖി തങ്ങളാണ് ഇതിനുള്ള കരുനീക്കങ്ങൾ നടത്തിയത്. ലീഗ് സ്വന്തമായി കോഴിക്കോട്, മഞ്ചേരി, പൊന്നാനി സീറ്റുകളിൽ മത്സരിച്ചു. വടകര, തലശ്ശേരി, തിരുവനന്തപുരം എന്നിവിടങ്ങളിൽ ഉൾപ്പടെ നാല് സ്വതന്ത്രരെ പിന്തുണക്കുകയും ചെയ്തു. സഖ്യമില്ലാതെ ഒറ്റക്ക് മത്സരിച്ചപ്പോൾ ലീഗിന്റെ പാർലമെന്റ് സീറ്റ് ഒന്നിൽനിന്ന് രണ്ടായി ഉയർന്നു. ലീഗ് പിന്തുണച്ച രണ്ട് സ്വതന്ത്രർ വടകരയിലും തലശ്ശേരിയിലും ജയിക്കുകയും ചെയ്തു. എസ്.കെ പൊറ്റെക്കാട് ഈ വിഷയത്തിൽ ബാഫഖി തങ്ങളുടെ ദീർഘദൃഷ്ടിയും ആർജവവും പ്രശംസനീയമായിരുന്നുവെന്ന് പ്രത്യേകം എടുത്തുപറഞ്ഞിട്ടുണ്ട്.

ബാഫഖി തങ്ങൾ കോൺഗ്രസിനെ ഒരു പാഠം പഠിപ്പിക്കാൻ തന്നെ തീരുമാനിച്ചു. 1965ൽ കമ്യൂണിസ്റ്റുകളുമായും സോഷ്യലിസ്റ്റുകളുമായും നീക്കുപോക്കുകളുണ്ടാക്കി. കോൺഗ്രസിന്റെ സീറ്റ് 63ൽ നിന്ന് മുപ്പത്തിയഞ്ചായി ചുരുങ്ങി. കോൺഗ്രസ് ഇതര കക്ഷികൾക്ക് 97 സീറ്റുകൾ കിട്ടിയെങ്കിലും നിയമസഭ ചേരുകയോ മന്ത്രിസഭ രൂപവത്കരിക്കുകയോ ഉണ്ടായില്ല. മിനിമം പരിപാടിയുടെ അടിസ്ഥാനത്തിൽ മാർക്‌സിസ്റ്റ് പാർട്ടി, സി.പി.ഐ സോഷ്യലിസ്റ്റ് പാർട്ടി തുടങ്ങി ഏഴ് കക്ഷികളുടെ മുന്നണി 1967ൽ മത്സരിച്ചു. മുന്നണിക്ക് ആകെ 117 സീറ്റ് കിട്ടി. ലീഗിന്റെ നില കൂടുതൽ മെച്ചപ്പെട്ടു. ആകെ മത്സരിച്ച 15ൽ 14 സീറ്റും ലഭിച്ചു. ആദ്യമായി ലീഗിന് രണ്ട് മന്ത്രിമാരുണ്ടായി. ഡെപ്യൂട്ടി സ്പീക്കർ പദവിയും. കോൺഗ്രസ് കേവലം ഒമ്പത് സീറ്റിൽ ഒതുങ്ങി. ലീഗിന്‍റെ കരുത്ത് കേരളം ശരിക്കും തിരിച്ചറിഞ്ഞത് അപ്പോഴായിരുന്നു.

1969 നവംബർ ഒന്നാം തീയതി സി.പി.ഐ നേതാവ് സി. അച്യുതമേനോന്റെ നേതൃത്വത്തിൽ ഒരു മന്ത്രിസഭ നിലവിൽ വരുന്നതിൽ തങ്ങൾ വഹിച്ച പങ്ക് വളരെ വലുതാണ്. കമ്യൂണിസ്റ്റുകളിലെ ഒരു വിഭാഗത്തെ കൊണ്ട് തന്നെ മാർക്‌സിസ്റ്റ് പാർട്ടിക്ക് നല്ല പ്രഹരം നൽകാൻ അതിലൂടെ സാധിച്ചു. പിന്നെ മാർക്‌സിസ്റ്റ് പാർട്ടിക്ക് 12 വർഷക്കാലം അധികാരത്തിലേറാൻ പറ്റിയില്ല. ഇ.എം.എസ് പിന്നെ മുഖ്യമന്ത്രിയായതുമില്ല. കേരള രാഷ്ട്രീയത്തിന്റെ ഗതിവിഗതികൾ നിയന്ത്രിക്കുന്നതിൽ നിർണായക പങ്കുവഹിച്ച തങ്ങൾ 1970ലെ തെരഞ്ഞെടുപ്പിൽ ഐക്യജനാധിപത്യ മുന്നണിയെ വിജയിപ്പിക്കുന്നതിലും നിർണായക പങ്ക് വഹിച്ചു.

ഖാഇദെ മില്ലത്തിന്റെ വിയോഗത്തോടെ 1972ൽ തങ്ങൾ ഇന്ത്യൻ യൂനിയൻ മുസ്‌ലിം ലീഗിന്റെ പ്രസിഡന്റായി ഐകകണ്‌ഠ്യേന തെരഞ്ഞെടുക്കപ്പെട്ടു. മുസ്‌ലിം ലീഗിനെ അഖിലേന്ത്യാ തലത്തിൽ ശക്തിപ്പെടുത്താൻ വേണ്ടി സി.എച്ച് മുഹമ്മദ് കോയയെ പാർലമെന്റിലേക്ക് ഖാഇദെ മില്ലത്തിന്റെ ഒഴിവിൽ മത്സരിപ്പിക്കാൻ തീരുമാനിച്ചു. ഈ തീരുമാനത്തിൽനിന്ന് പിന്തിരിപ്പിക്കാൻ മുഖ്യമന്ത്രി അച്യുതമേനോൻ, കെ. കരുണാകരൻ, ബേബി ജോൺ തുടങ്ങി പലരും തങ്ങളിൽ പലരീതിയിൽ സമ്മർദം ചെലുത്തിയെങ്കിലും തങ്ങൾ വഴങ്ങിയില്ല. തങ്ങളുടെ ഇഛാശക്തിയുടെ ദാർഢ്യത പലർക്കും ബോധ്യംവന്ന നാളുകളായിരുന്നു അത്. മന്ത്രി സ്ഥാനത്തേക്കാളും വലുത് സമുദായത്തിന്റെയും പാർട്ടിയുടെയും വളർച്ചയുമാണെന്ന നിലപാടിൽ തങ്ങൾ ഉറച്ചു നിന്നു. തുടർന്ന് ഹജ്ജിന് പോയ തങ്ങൾ 1973 ജനുവരി 19ന് മക്കയിൽ വെച്ച് മരണപ്പെട്ടു. മക്കയിൽ തന്നെ ഖബറടക്കുകയും ചെയ്തു.

മുസ്‌ലിംലീഗിന് അബദ്ധങ്ങൾ പലതും സംഭവിച്ചിരിക്കാമെങ്കിലും മുസ്‌ലിം പ്രശ്‌നങ്ങൾ ഒരളവോളം ഉയർത്തിക്കൊണ്ടുവരാനും സെക്രട്ടേറിയറ്റിൽ ഉൾപ്പെടെ മുസ്‌ലിം ശബ്ദം പരിഗണിക്കപ്പെടാനും ബാഫഖി തങ്ങളുടെ നേതൃത്വത്തിലുള്ള ലീഗ് രാഷ്ട്രീയം സഹായകരമായിട്ടുണ്ട്. ബഹുസ്വര സമൂഹത്തിൽ ജനാധിപത്യ സംവിധാനത്തിൽ പ്രായോഗിക രാഷ്ട്രീയം കൈയാളുന്നതിൽ തങ്ങൾ കാണിച്ച പ്രാഗത്ഭ്യം രാഷ്ട്രീയ വിദ്യാർഥികൾക്ക് പഠന വിധേയമാക്കാവുന്നതാണ്. പി.എസ്.പിയുമായും കോൺഗ്രസുമായും കമ്യൂണിസ്റ്റുകാരുമായുമെല്ലാം മാറിമാറി സഖ്യത്തിലേർപ്പെടുക വഴി ലീഗിന്റെ നേരെ പുലർത്തിയ അയിത്തത്തെയും വർഗീയതാ ആരോപണത്തെയും തന്ത്രപരമായി ഭേദിക്കാൻ തങ്ങൾക്ക് സാധിച്ചു. രാഷ്ട്രീയം കൈകാര്യം ചെയ്ത തങ്ങൾ രാഷ്ട്രീയത്തെ ഉപജീവനോപാധിയാക്കിയില്ലെന്ന് മാത്രമല്ല, അധികാരത്തിന്റെ ശീതളഛായ അനുഭവിക്കാനോ ഭരണ സ്വാധീനം സ്വാർഥമായി ദുരുപയോഗം ചെയ്യാനോ മെനക്കെടാതെ വളരെ ഉയർന്നു നിന്നുവെന്നതും സംസാരങ്ങളിലും സമീപനങ്ങളിലും നിലപാടുകളിലും സന്തുലിതത്വവും മിതത്വവും പാലിച്ചുവെന്നതും നമുക്ക് മാതൃകയാവേണ്ടതാണ്. തങ്ങൾക്ക് ശേഷം ലീഗ് പിളരുകയും ഉലയുകയും ചെയ്ത സന്ദർഭങ്ങളിലെല്ലാം പഴമക്കാരും സാത്വികരുമായ പല ലീഗുകാരും ''ബാഫഖി തങ്ങൾ ഉണ്ടായിരുന്നെങ്കിൽ...'' എന്ന് സങ്കടപ്പെടുകയും അദ്ദേഹത്തിന്‍റെ ''രാഷ്ട്രീയ കറാമത്തുകൾ'' ഓർക്കുകയും ചെയ്യുന്നുവെന്നത് മരണത്തിനുശേഷവും അദ്ദേഹത്തിന്‍റെ സ്വാധീനം അണികളിൽ എത്ര ആഴത്തിലാണ് എന്ന് തെളിയിക്കുന്നു.

രാഷ്ട്രീയത്തിൽ മാത്രമല്ല, സമുദായ സൗഹൃദത്തിലും മഹനീയ മാതൃകയാണ് തങ്ങൾ പുലർത്തിയിരുന്നത്. സുന്നികളും മുജാഹിദുകളും തമ്മിലുള്ള തർക്കം ഇന്നത്തേക്കാൾ വളരെ രൂക്ഷമായിരുന്ന ആ കാലത്ത് സുന്നി വീക്ഷണത്തോട് ചേർന്നു നിൽക്കുക മാത്രമല്ല, അതിൽ നേതൃപരമായ പങ്ക് വഹിക്കുകയും ചെയ്ത തങ്ങൾ മുജാഹിദുകളുമായി വളരെയേറെ സഹകരിക്കകയും സഹിഷ്ണുതയോടെ പെരുമാറുകയും ചെയ്തു. ലീഗിന്റെ പ്ലാറ്റ്ഫോമിൽ എൻ.വി. അബ്ദുൽ സലാം മൗലവി, കെ.എം. മൗലവി ഉൾപ്പടെ പല ഉൽപതിഷ്ണു പണ്ഡിതന്മാരുമായുണ്ടായ സജീവ സമ്പർക്കങ്ങൾ സ്വതവേ പക്വമതിയും വിശാലവീക്ഷണഗതിക്കാരനുമായ തങ്ങളിലും രചനാത്മാക മാറ്റങ്ങൾ ഉണ്ടാക്കിയിരിക്കാം. കൂടാതെ പലതവണ ഹജ്ജ് കർമം നിർവഹിച്ച തങ്ങൾക്ക് സൗദി അറേബ്യയിൽ നിന്ന് പലതും മനസ്സിലാക്കാനും സാധിച്ചിട്ടുണ്ടായിരിക്കാം. തങ്ങൾ വളർത്തിയ സി.എച്ച്. മുഹമ്മദ് കോയ ഉൾപ്പടെ പലരും ഉൽപതിഷ്ണു പക്ഷത്തോട് ചേർന്നു നിന്നതിനെ അദ്ദേഹം ഒരിക്കലും നിരുത്സാഹപ്പെടുത്തിയിട്ടില്ല. സമുദായ സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിലും പക്വമായ പ്രായോഗിക രാഷ്ട്രീയത്തെ വികസിപ്പിക്കുന്നതിലും ബാഫഖി തങ്ങളുടെ മാതൃക വർത്തമാനകാലത്ത് ഏറെ ചിന്തനീയമാണ്. വെറുപ്പ് പടരുന്ന കാലത്ത് ബാഫഖി തങ്ങളുടെ ജീവിതത്തിൽനിന്ന് കേരള രാഷ്ട്രീയത്തിനും സാമുദായിക ഐക്യത്തിനും അനുപമമായ മാതൃകയുണ്ടെന്ന് നിസംശയം പറയാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muslim leagueAbdurahman Bafaqi Thangal
News Summary - Fifty Years of Bafaqi Thangals demise
Next Story