Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightവൻ ഭീഷണി ഉയർത്തുന്ന...

വൻ ഭീഷണി ഉയർത്തുന്ന ആനക്കയം പദ്ധതി

text_fields
bookmark_border
വൻ ഭീഷണി ഉയർത്തുന്ന ആനക്കയം പദ്ധതി
cancel

ചാലക്കുടി നദീതടത്തിൽ ഷോളയാർ ജലവൈദ്യുതി നിലയത്തിൽനിന്നു വൈദ്യുതി ഉൽപാദനത്തിനുശേഷം പുറത്തുവരുന്ന ജലം ഉപയോഗിച്ച് ആനക്കയം ചെറുകിട ജലവൈദ്യുതി പദ്ധതി വഴി അതിരപ്പിള്ളി റേഞ്ചിൽ 7.5 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുന്ന പദ്ധതിയുമായി വൈദ്യുതി ബോർഡ്‌ വരുന്നു. ഇതിനു എട്ടു ഹെക്ടർ (400 ച. കി.മീ.) വനഭൂമി വേണം. ഇതിൽ 15 ഏക്കർ പറമ്പിക്കുളം വന്യജീവിസങ്കേതത്തി​െൻറ ഭാഗമാണ്. ആനക്കയം പദ്ധതി നടപ്പാക്കണമെങ്കിൽ അതിരപ്പിള്ളി ഫോറസ്​റ്റ്​ റേഞ്ചിൽ അഞ്ചര കി.മീ. നീളത്തിൽ മൂന്നര മീറ്റർ വ്യാസത്തിൽ പാറപൊട്ടിച്ച്​ മല തുരന്ന്​ ടണൽ നിർമിക്കണം. വാഴച്ചാൽ വനം ഡിവിഷ​െൻറ ഉദ്ദേശം 20 ഏക്കർ നിത്യഹരിതവനം നശിപ്പിക്കണം. 70 സെ.മീ. മുതൽ 740 സെ.മീ. ചുറ്റളവുള്ള 1897 മരങ്ങളും 70 സെ.മീറ്ററിനു താഴെ ചുറ്റളവുള്ള ആയിരക്കണക്കിനു ചെടികളും, പടർന്നുകയറുന്ന ഒട്ടനവധി മരങ്ങളും മറ്റ്​ ഔഷധഗുണമുള്ള ആയിരക്കണക്കിനു ഹെർബൽ ചെടികളും നാമാവശേഷമാക്കണം. വന്യമൃഗങ്ങളുടെ ആവാസവ്യവസ്‌ഥ നശിപ്പിക്കണം.

അതായത്, പറമ്പിക്കുളം ടൈഗർ റിസർവി​െൻറ വളരെ അടുത്ത് വനമേഖല തുണ്ടംവത്​കരിക്കാൻ പോകുകയാണ്​. നിലവിലെ വന്യമൃഗ-മനുഷ്യ സംഘർഷം കൂടുന്ന അവസ്ഥ. 2018ലെ വെള്ളപ്പൊക്ക സമയത്ത് ഉരുൾപൊട്ടിയ സ്ഥലമാണിവിടം. ഭൂചലനസാധ്യത രേഖപ്പെടുത്തിയിരിക്കുന്ന സ്ഥലംകൂടിയാണ്​. പദ്ധതിക്കായി 2009ൽ 91.66 കോടി രൂപ ചെലവ് പ്രതീക്ഷിച്ചിരുന്നു. 2018ൽ പദ്ധതിച്ചെലവ് വർധിപ്പിച്ച് 139.62 കോടിയാക്കി. പദ്ധതി നടപ്പാക്കിവരുമ്പോൾ 200 കോടിയിലധികമാകും. നിയമപ്രകാരം ആനക്കയത്തെ വനവിഭവങ്ങൾ തേടി ശേഖരിച്ചു വിറ്റ് ജീവിക്കാൻ അവകാശമുള്ള കാടർ അടക്കമുള്ള വനവാസി സമൂഹത്തി​െൻറ ജീവസന്ധാരണത്തിനുള്ള അവകാശം നഷ്​ടമാകാൻ പോകുന്നു എന്നതാണ് വാസ്തവം. ഇവിടത്തെ എട്ടു വനവാസി ഊരുകൂട്ടങ്ങൾ പദ്ധതി​െക്കതിരെ പ്രമേയം പാസാക്കി. സംസ്ഥാനത്തെ ആകെ 26,273 പേർ വരുന്ന വനവാസി സമൂഹത്തിൽ കാടർ വെറും 2949 പേർ മാത്രമാണ് ശേഷിക്കുന്നത്. ഇതോടെ അവരും തെരുവിലാകും. സംസ്ഥാനത്തുള്ള വൻകിട ഡാമുകളുടെ വൃഷ്​ടിപ്രദേശത്തുനിന്നു പതിനായിരക്കണക്കിനു വനവാസികളെ ഇതിനകംതന്നെ കുടിയൊഴിപ്പിച്ചിട്ടുണ്ട്. അവരുടെ സ്ഥിതി ഇന്നും അതിദയനീയമായി തുടരുന്നു.

കാട്ടിൽ കഴിഞ്ഞുവന്ന വനവാസികളെ വിവിധ വികസനാവശ്യങ്ങൾക്കായി പുറത്താക്കിയവരാണ് നാം. ഗതിയില്ലാതായ അവർക്ക് ജീവസന്ധാരണത്തിനു വേണ്ട അവകാശം സ്ഥാപിച്ചുകൊടുക്കുന്ന വനവാസി നിയമം 2006 മുതൽ നിലവിലുണ്ടെങ്കിലും ഇന്നും ഓരോ കാരണം പറഞ്ഞ്​ അവരെ കുടിയൊഴിപ്പിക്കുന്ന തിരക്കിലാണ് വൈദ്യുതി ബോർഡ്‌. ഇതിനിടെ വനാവകാശ നിയമം എല്ലാ സംസ്ഥാനങ്ങളിലും നടപ്പാക്കണമെന്ന് 2013ൽ സുപ്രീംകോടതി വിധിച്ചു. പദ്ധതികളുടെ പേരിൽ മരങ്ങൾ മുറിച്ച് വനങ്ങൾ ഇല്ലാതാക്കുന്നതോടെ വനവാസികളുടെ ജീവൻ നിലനിർത്താനുള്ള അവസരങ്ങളാണ് നാം ഇല്ലാതാക്കുന്നത്. വനവാസി സംരക്ഷണനിയമം ഉണ്ടാക്കി നാംതന്നെ അതിനെ നോക്കുകുത്തിയാക്കുന്നു. എന്തു വിരോധാഭാസം! ഒരുകാലത്ത് വൻകിട പദ്ധതികളുടെ പേരിലായിരുന്നു ഒഴി​പ്പിക്കലെങ്കിൽ ഇന്ന് നിരവധി ചെറുകിട വൈദ്യുതി പദ്ധതികളുടെ പേരിലാണെന്നു മാത്രം. വനവാസികളെ നമ്മൾ വഞ്ചിക്കുകയാണ്. അവരെ സംരക്ഷിക്കുന്നു എന്ന വ്യാജേന നിയമങ്ങളുണ്ടാക്കി കാടുതന്നെ ഇല്ലാതാക്കുന്നു. അവരുടെ പേരിലുള്ള പദ്ധതികളിൽനിന്നു പണം വഞ്ചിച്ചെടുക്കുന്നു. കാട്ടിൽനിന്നു പുറത്താക്കി 60 വർഷത്തിലേറെയായി. ഇനിയും അവർ രക്ഷപ്പെട്ടിട്ടില്ല.

കാലാവസ്ഥ വ്യതിയാനത്തി​െൻറ പശ്ചാത്തലത്തിൽ വനങ്ങൾ, ഇക്കോ സിസ്​റ്റങ്ങൾ, കുന്നുകൾ, മലകൾ, ജൈവവൈവിധ്യം, മരം നടൽ എന്നിവയെക്കുറിച്ച് ലോകം ചർച്ചചെയ്യുമ്പോൾ അവ എങ്ങനെ നശിപ്പിക്കണമെന്ന വാശിയിലാണ് കേരള സംസ്ഥാന വൈദ്യുതി ബോർഡ്. കോവിഡി​െൻറ നിഴലിൽ പ്രകൃതിനാശവും മലിനീകരണവുമൊഴിവാക്കി ഊർജം ഉൽപാദിപ്പിക്കാൻ സൗരോർജം ഉൾ​െപ്പടെ ഒട്ടനവധി മാർഗങ്ങൾ മുന്നിലുള്ളപ്പോൾ ​െക.എസ്.ഇ.ബി മാത്രം സൗരോർജ സാധ്യത നാമമാത്രമാക്കി നിർത്തി ഊർജത്തിനായി വൻകിട-ചെറുകിട ജലവൈദ്യുതി പദ്ധതികളെ മാത്രം ആശ്രയിക്കുന്ന കാലഹരണപ്പെട്ട മാർഗവുമായി മുന്നോട്ടുവന്നിരിക്കുകയാണ്. ആനക്കയം ചെറുകിട ജലവൈദ്യുതി പദ്ധതി അതിലൊന്നാണ്. ഇത്തരം 61 ചെറുകിട ജലവൈദ്യുതിപദ്ധതികൾ നടപ്പാക്കാനിരിക്കുന്നതേയുള്ളൂ. ''വൈദ്യുതി വേണ്ടേ, വികസനം വേണ്ടേ, കാളവണ്ടി യുഗത്തിലേക്കു തിരിച്ചുപോകണോ? കേരളത്തിൽ പെയ്യുന്ന മഴയിലൂടെ കിട്ടുന്ന ജലത്തി​െൻറ ഒരു ശതമാനംപോലും വൈദ്യുതി ഉൽപാദിപ്പിക്കാൻ ഉപയോഗിക്കുന്നില്ല! പടിഞ്ഞാറോട്ടൊഴുകുന്ന 41 നദികളിലെയും വെള്ളം വെറുതെ കടലിൽ ചെന്നു പതിക്കുന്നു. പാഴായിപ്പോകുന്നു'' -ഇതായിരുന്നു 1970കളിൽ സൈലൻറ്​ വാലി പദ്ധതിക്കുവേണ്ടി വാദിക്കുമ്പോൾ കേരള സംസ്ഥാന വൈദ്യുതി ബോർഡ്‌ ഉന്നയിച്ചിരുന്ന യുക്തികൾ. ഇന്ന് വിവിധ പദ്ധതികൾക്കായി 50ലധികം ഡാമുകൾ കേരളത്തിലുണ്ട്. ആവശ്യത്തിന് വൈദ്യുതിയുണ്ട്. കേരളം കാളവണ്ടി യുഗത്തിലേക്കു തിരിച്ചുപോയിട്ടുമില്ല. നദികളിലെ ജലത്തിന് വൈദ്യുതി ഉണ്ടാക്കൽ മാത്രമല്ല ധർമം എന്ന തിരിച്ചറിവ് ലോകത്തിനുണ്ടായി. നദീജലം കടലിൽ എത്തേണ്ടത് പ്രകൃതിയിലെ നിയമവുമാണ്. മഴക്കാലമായാൽ ഡാമുകൾ പൊട്ടുമോ എന്നും ഡാമുകൾ തുറന്നുവിടുമോ എന്നുമുള്ള ഭയപ്പാടോടെ കേരളത്തിൽ ജനങ്ങൾ ഇന്ന് കഴിയുന്നു.

ദേശീയ വൈദ്യുതിപൂളിൽനിന്നു കുറഞ്ഞ വിലക്ക് കിട്ടുന്ന വൈദ്യുതി മറ്റു സംസ്ഥാനങ്ങൾക്കു വിൽക്കുന്ന നിലയിലാണ് ഇന്ന്​ കേരളം. കേരളത്തിൽ ഒരു ജലവൈദ്യുതി പദ്ധതി വരുന്നു എന്നു കേട്ടാൽ പരിസ്ഥിതിപ്രവർത്തകർക്ക് ഹാലിളകുന്നത് എന്തുകൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ? പദ്ധതികൾ വരുമ്പോൾ പശ്ചിമഘട്ടം തകരുന്നു എന്നതുകൊണ്ടു മാത്രമല്ല; വനങ്ങൾ, വന്യജീവികൾ, മലകൾ, ഇക്കോസിസ്​റ്റങ്ങൾ, വനവാസികളുടെ മനുഷ്യാവകാശം, കാലാവസ്ഥ മാറ്റം, തുടർന്നുണ്ടായേക്കാവുന്ന പ്രകൃതിദുരന്തങ്ങൾ, കുടിവെള്ളക്ഷാമം, പ്രാണവായു ലഭ്യതക്കുറവ് എന്നിവക്കെല്ലാംവേണ്ടിയുള്ള മുറവിളികളാണെന്നുകൂടി കൂട്ടിവായിക്കണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:anakkayam hydro electric projectanakkayam project
News Summary - big threat of anakkayam small hydro electric project
Next Story