Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഉപാധ്യായയുടെ...

ഉപാധ്യായയുടെ ‘പരിഷ്കാര്‍’: മോദി ഉദ്ദേശിച്ചതെന്ത്?

text_fields
bookmark_border
ഉപാധ്യായയുടെ ‘പരിഷ്കാര്‍’: മോദി ഉദ്ദേശിച്ചതെന്ത്?
cancel

അര നൂറ്റാണ്ടു മുമ്പ് 1967ല്‍ ബി.ജെ.പിയുടെ മാതൃരാഷ്ട്രീയ സംഘടനയായ ഭാരതീയ ജനസംഘിന്‍െറ ദേശീയസമ്മേളനം കോഴിക്കോട്ട് നടന്നപ്പോള്‍ നഗരത്തിലെ ഒരു പള്ളിക്ക് മുകളില്‍നിന്ന് കാവി മഹാറാലി കൗതുകപൂര്‍വം വീക്ഷിച്ച അനേകരില്‍ ഈ ലേഖകനും ഉണ്ട്. മുഴങ്ങിയ മുദ്രാവാക്യങ്ങള്‍ പക്ഷേ, ഓര്‍മയിലില്ല. ഹിന്ദുത്വത്തിന്‍െറ താത്ത്വികാചാര്യന്‍ പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായ ജനസംഘിന്‍െറ ദേശീയാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടത് കോഴിക്കോട്ടെ സമ്മേളനത്തില്‍വെച്ചാണ്. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് ഉയര്‍ത്തിപ്പിടിച്ച മതേതരത്വത്തിന്‍െറ കഠിന ശത്രുവായിരുന്നു അദ്ദേഹം. പകരം ഏകാത്മ മാനവത എന്നു പേരിട്ട ദര്‍ശനമാണ് അദ്ദേഹം അവതരിപ്പിച്ചത്. അതെന്താണെന്ന് അന്നും ഇന്നും സാമാന്യജനത്തിന് പിടികിട്ടുന്നതല്ല. സര്‍വഭാരതീയരും മത, ജാതി, വര്‍ണഭേദങ്ങള്‍ക്കതീതരായി ഒരേപോലെ പരിഗണിക്കപ്പെടേണ്ട മനുഷ്യരാണ് എന്നാണുദ്ദേശിച്ചതെന്ന് പറയാന്‍, മുന്‍ ജനസംഘത്തിന്‍െറയോ പിന്‍ ഭാരതീയ ജനത പാര്‍ട്ടിയുടെയോ രണ്ടിന്‍െറയും പ്രഭവകേന്ദ്രമായ രാഷ്ട്രീയ സ്വയംസേവക് സംഘിന്‍െറയോ വിചാരധാരയും നയങ്ങളും പരിപാടികളും അനുവദിക്കുന്നില്ല. എന്തായാലും ഉപാധ്യായ അധികനാള്‍ കഴിയുംമുമ്പേ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. ഇപ്പോള്‍ അദ്ദേഹത്തിന്‍െറ പേരില്‍ അവശേഷിക്കുന്നത് ഏതാനും ഹിന്ദുത്വ വിചാരകേന്ദ്രങ്ങളാണ്.

അമ്പതാണ്ടുകള്‍ പിന്നിടുമ്പോള്‍, ഇതിനകം ജനസംഘ് ബി.ജെ.പിയായി പുനര്‍ജനിക്കുകയും പാര്‍ലമെന്‍റിലെ പ്രധാന പ്രതിപക്ഷമായി വളരുകയും ഒടുവില്‍ ഇന്ത്യ ഭരിക്കുന്ന പാര്‍ട്ടിയായി ഉയരുകയും ചെയ്തിരിക്കെ ഹിന്ദുത്വ നായകര്‍ക്കും പ്രവര്‍ത്തകര്‍ക്കും ന്യായമായി ആഹ്ളാദിക്കാന്‍ വകയുണ്ട്. ഇന്ത്യയെ യഥാര്‍ഥ ഹിന്ദുരാഷ്ട്രമാക്കി മാറ്റിയെടുക്കുകയെന്ന നൂറ്റാണ്ടു കാലത്തെ സ്വപ്നം സാക്ഷാത്കരിക്കാന്‍ പോവുകയാണെന്ന ചാരിതാര്‍ഥ്യത്തിനും ഇടമുണ്ട്. കഴിഞ്ഞേടത്തോളമുള്ള എല്ലാ ലോക്സഭ-നിയമസഭാ തെരഞ്ഞെടുപ്പുകളിലും കേരളത്തില്‍ കണക്കുപുസ്തകം തുറക്കാന്‍പോലും കഴിയാതിരുന്ന ഹിന്ദുത്വ കൂട്ടായ്മക്ക് ഒടുവിലത്തെ നിയമസഭാ ഇലക്ഷനില്‍ ഒരു സീറ്റും 15 ശതമാനം വോട്ടും നേടിയെടുക്കാന്‍ സാധിച്ചതിന്‍െറ ആവേശകരമായ പശ്ചാത്തലത്തിലാണ് കോഴിക്കോട്ട് ദീനദയാല്‍ ഉപാധ്യായയുടെ ജന്മശതാബ്ദി ആഘോഷങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തതെന്ന സവിശേഷതയുമുണ്ട്. 2019ലെ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ കുറെ ലോക്സഭാ സീറ്റുകളും 2021ലെ നിയമസഭാ ഇലക്ഷനില്‍ ഭരിക്കാനുള്ള ഭൂരിപക്ഷവും കേരളജനത ബി.ജെ.പിക്ക് സമ്മാനിക്കുമെന്ന ശുഭപ്രതീക്ഷ അമിത് ഷായും സഹനേതാക്കളും ആവേശഭരിതരായ പ്രവര്‍ത്തകരോട് പങ്കുവെച്ചപ്പോള്‍ അത് കേവലം ദിവാസ്വപ്നമായി കാണാന്‍ എല്ലാവരെയും അനുവദിക്കാത്തതാണ് നിലവിലെ രാഷ്ട്രീയ സാഹചര്യം.

മരണവക്ത്രത്തിലേക്ക് അധികം ദൂരമില്ളെന്ന സന്ദേശം നിയമസഭാ തെരഞ്ഞെടുപ്പിലൂടെ ലഭിച്ചിട്ടും ഉണരാനോ തിരുത്താനോ ഭാവമില്ലാതെ തമ്മില്‍ തല്ലി നശിക്കുന്ന കോണ്‍ഗ്രസില്‍ ഇനി തുടരുന്നതില്‍ അര്‍ഥമില്ളെന്നുകണ്ട നിരാശരായ അണികള്‍ ഗണ്യമായി കാവിപ്പടയില്‍ അഭയം തേടാനുള്ള സാധ്യത നിരാകരിക്കാനാവില്ല. യു.ഡി.എഫ് വിടുകയും എല്‍.ഡി.എഫ് അഭയം നല്‍കാതിരിക്കുകയും ചെയ്ത കെ.എം. മാണിയും ക്രൈസ്തവ സഭകളില്‍ ചിലതും താമരത്തോണിയില്‍ കയറിപ്പറ്റാനുള്ള വഴിയന്വേഷിക്കുന്നതായും നിരീക്ഷിക്കപ്പെടുന്നുണ്ട്. പിണറായി വിജയന്‍െറ നേതൃത്വത്തിലുള്ള ഇടതുമുന്നണി ഭരണത്തിന് ഇപ്പോള്‍ ലഭിച്ച സ്വീകാര്യത തുടര്‍ന്ന് നിലനിര്‍ത്താനും വികസിപ്പിക്കാനും സാധിച്ചാല്‍ ബി.ജെ.പിയുടെ കാത്തിരിപ്പിന്‍െറ കാലാവധി നീളും. അതിനിടെ, ദേശീയ തലത്തില്‍ മോദിസര്‍ക്കാറിന്‍െറ പ്രദര്‍ശനം മോശമാവുകയും ആത്യന്തിക ദേശീയതയുടെ വശ്യതക്ക് മങ്ങലേല്‍ക്കുകയും അതിന് സഹായകമാകുമാറ് സൈനികമായി പാകിസ്താനെ പാഠം പഠിപ്പിക്കാന്‍ കഴിയാതെവരുകയും ചെയ്താലും താമര വാടും.

അത് പക്ഷേ, ഭാവി സംഭവഗതികളുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ രാജ്യത്തെ ഏറ്റവും വലിയ മതന്യൂനപക്ഷത്തില്‍ പ്രകടമാവുന്ന ആശങ്കയകറ്റാനും അരക്ഷിതബോധം ലഘൂകരിക്കാനുമുതകുന്ന ചലനങ്ങളൊന്നും കാണാനില്ല. പ്രത്യുത, അവരുടെ ഹൃദയമിടിപ്പുകള്‍ കൂട്ടുന്ന വാര്‍ത്തകളാണ് നിത്യേന വന്നുകൊണ്ടിരിക്കുന്നത്. മാട്ടിറച്ചിയുടെ പേരിലോ വിദ്യാഭ്യാസത്തിന്‍െറ കാവിവത്കരണ പ്രക്രിയക്ക് ആക്കംകൂട്ടുന്ന പശ്ചാത്തലത്തിലോ ഏകസിവില്‍കോഡിന്‍െറ ഭീഷണി തലക്കുമീതെ തൂങ്ങുന്നതിനാലോ തീവ്രവാദത്തിന്‍െറ മറവിലെ പൊലീസ് വേട്ട നിമിത്തമോ ഏത് സാഹചര്യമായാലും ഫാഷിസത്തിന്‍െറ ഒന്നാമത്തെ ഇരകള്‍ക്ക് സ്വാസ്ഥ്യം നഷ്ടപ്പെടുന്നുണ്ടെന്ന് തീര്‍ച്ച. അവരുടെ ഭീതിക്കും ആശങ്കകള്‍ക്കും വിരാമമിടാന്‍ പര്യാപ്തമാണ് കോഴിക്കോട്ടെ ബി.ജെ.പി ദേശീയ കൗണ്‍സില്‍ സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്ത പ്രസംഗം എന്ന് വ്യാഖ്യാനിക്കാനും വിലയിരുത്താനും പ്രയാസം. ന്യൂനപക്ഷങ്ങളോട് വിശേഷിച്ചും മുസ്ലിംകളോട് 50 വര്‍ഷം മുമ്പ് ഭാരതീയ ജനസംഘം അധ്യക്ഷന്‍ ദീനദയാല്‍ ഉപാധ്യായ സ്വീകരിച്ച നയം തുടരാന്‍ പാര്‍ട്ടിയും സര്‍ക്കാറും പ്രതിജ്ഞാബദ്ധമാണെന്നാണ് മോദി പ്രസ്താവിച്ചത്. മുസ്ലിംകളെ പ്രീണിപ്പിക്കുകയോ അവഹേളിക്കുകയോ ചെയ്യുന്നതിനു പകരം അവരെ ശുദ്ധീകരിക്കുകയെന്നതാണ് ആ നയമെന്നും അദ്ദേഹം വ്യക്തമാക്കി. മുസല്‍മാനെ വോട്ടുബാങ്കായി പരിചരിക്കാതെ അവനെ അവനായിതന്നെ കാണുകയാണ് വേണ്ടതെന്നും ദീനദയാല്‍ പറഞ്ഞുവെച്ചിട്ടുണ്ടത്രെ.

ഇന്ത്യയിലെ മുസ്ലിം ന്യൂനപക്ഷം ഒരിക്കലും പ്രീണനം ആരോടും ആവശ്യപ്പെട്ടിട്ടില്ളെന്നതാണ് ഇത$പര്യന്തമുള്ള സത്യം. പകരം ഭരണഘടനാദത്തമായ തുല്യാവകാശങ്ങളും അധികാരവും മാത്രമാണ് അവരുടെ എന്നത്തെയും ആവശ്യം. ഇന്ത്യയില്‍ മതന്യൂനപക്ഷമേയില്ല, അവക്ക് പ്രത്യേകാവകാശങ്ങള്‍ ഉറപ്പുനല്‍കുന്ന ഭരണഘടനാ വകുപ്പുകള്‍ എടുത്തുകളയണം, മുസ്ലിം ന്യൂനപക്ഷ സ്ഥിതി അന്വേഷിച്ച് രജീന്ദര്‍ സച്ചാര്‍ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ട് തള്ളിക്കളയണം, മതത്തിന്‍െറ അടിസ്ഥാനത്തില്‍ സംവരണം പാടില്ളെന്നതുകൊണ്ട് പട്ടികജാതി-പട്ടികവര്‍ഗങ്ങളെക്കാള്‍ മോശമെന്ന് കണ്ടത്തെിയ മുസ്ലിം വിഭാഗങ്ങള്‍ക്കുപോലും സംവരണം അനുവദിക്കാന്‍ അനുവദിക്കില്ല എന്നു തുടങ്ങിയ സംഘ്പരിവാര്‍ വാദഗതികളും ആവശ്യങ്ങളും തല്‍ക്കാലം മാറ്റിവെക്കാം. ദീനദയാലിനെ ഉദ്ധരിച്ച് നരേന്ദ്ര മോദി ചൂണ്ടിക്കാട്ടിയ ‘ശുദ്ധീകരണം’ കൊണ്ടുദ്ദേശിക്കുന്നത് എന്താണെന്നാണറിയേണ്ടത്. ‘പരിഷ്കാര്‍’ എന്ന പദമാണ് ഉപാധ്യായ ഉപയോഗിച്ചതെന്ന് മോദി അനുസ്മരിച്ചു. പ്രസ്തുത പദം ഹിന്ദിയില്‍ ശുദ്ധീകരണം എന്ന അര്‍ഥത്തിലാണ് പ്രയോഗിക്കാറ്; മലയാളത്തിലെ പരിഷ്കരണം അല്ല. അതിനാലാണ് ചില ഇംഗ്ളീഷ് മാധ്യമങ്ങള്‍ Purification എന്ന പരിഭാഷ പ്രയോഗിച്ചത് (ദ ടെലിഗ്രാഫ്, കൊല്‍ക്കത്ത, സെപ്റ്റംബര്‍ 26). അതാവട്ടെ, നേരത്തേ ആര്യസമാജം നടത്തിയ ‘ശുദ്ധി’ പ്രസ്ഥാനത്തിലേക്ക് വിരല്‍ചൂണ്ടുന്നു. വിദേശമതം കൊണ്ടുനടക്കുന്ന മുസ്ലിംകളെ ശുദ്ധിചെയ്ത് ഹിന്ദുക്കളാക്കുക എന്നതാണുദ്ദേശ്യം.

ഈയിടെയായി വിശ്വഹിന്ദുപരിഷത്ത് ആരംഭിച്ച ഘര്‍ വാപസി കാമ്പയിനുണ്ടല്ളോ അതുതന്നെ. ദീനദയാല്‍ മുസ്ലിംകളെ ‘ശുദ്ധീകരിക്കേണ്ട’ കടമയെപ്പറ്റി ഓര്‍മിപ്പിച്ചപ്പോള്‍ അദ്ദേഹത്തിന്‍െറ ശതാബ്ദി ആഘോഷം ഉദ്ഘാടനംചെയ്ത പ്രധാനമന്ത്രി മോദിയുടെ മനസ്സില്‍ ഉപാധ്യായ ഉദ്ദേശിച്ചതെന്തോ അതുതന്നെയാണെങ്കില്‍ അതത്ര സംശുദ്ധമല്ളെന്ന് ചൂണ്ടിക്കാട്ടാതെ വയ്യ. അല്ളെങ്കില്‍ ‘പരിഷ്കാര്‍’ പ്രയോഗത്തിന്‍െറ അര്‍ഥതലങ്ങള്‍ ആധികാരികമായി വിശദീകരിക്കപ്പെടണം. താന്‍ അധികാരമേറ്റ ശേഷം മുസ്ലിം ന്യൂനപക്ഷത്തെക്കുറിച്ച അദ്ദേഹത്തിന്‍െറ ചിന്ത ആദ്യമായാണ് സമൂഹവുമായി പങ്കുവെക്കുന്നത് എന്നിരിക്കെ വിശദീകരണം ഏറെ പ്രസക്തവും അനുപേക്ഷ്യവുമായിരിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BJP
Next Story