Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഒരു ഇടതുസദാചാര...

ഒരു ഇടതുസദാചാര പൊലീസിങ്ങിന്‍റെ കഥ

text_fields
bookmark_border
ഒരു ഇടതുസദാചാര പൊലീസിങ്ങിന്‍റെ കഥ
cancel

കഴിഞ്ഞ നവംബർ 26ന് പ്രമുഖപത്രങ്ങളുടെ ആലപ്പുഴ ജില്ലാ പേജിൽ വന്ന അത്രയൊന്നും ശ്രദ്ധിക്കപ്പെട്ടിട്ടില്ലാത്ത ഒരുവാർത്ത നിലവിലെ സാഹചര്യത്തിൽ പ്രത്യേക വിശകലനത്തിന് വിധേയമാവേണ്ടതാണ്. സി.പി.എമ്മിെൻറ ആലപ്പുഴ ഏരിയാ കമ്മിറ്റി അംഗവും മുൻ മുനിസിപ്പൽ കൗൺസിലറുമായ യുവസഖാവിനെ പാർട്ടിയിൽനിന്ന് പുറത്താക്കിയതാണ് ആ വാർത്ത. പുറത്താക്കലിെൻറ കാരണമാണ് കൗതുകകരമായിട്ടുള്ളത്. സദാചാരവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിലാണ് യുവസഖാവ് പുറത്താക്കപ്പെട്ടിരിക്കുന്നത്. ആലപ്പുഴ മുനിസിപ്പാലിറ്റിയിലെതന്നെ കോൺഗ്രസുകാരിയായ ഒരു കൗൺസിലറുമായി പ്രസ്തുത സഖാവ് ‘അവിഹിത’ ബന്ധം പുലർത്തിയെന്നതാണ് നടപടിക്ക് കാരണം. എസ്.എഫ്.ഐയുടെ മുൻ നേതാവും നഗരത്തിലെ അറിയപ്പെട്ട പാർട്ടിനേതാവിെൻറ മകളുമായ സഖാവിെൻറ ഭാര്യ നൽകിയ പരാതിയിന്മേലാണ് നടപടി. പ്രസ്തുത വനിതാസഖാവിെൻറ പരാതിയെ തുടർന്ന് യുവനേതാവിനെ ആലപ്പുഴ ഏരിയാ കമ്മിറ്റി അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തതായും അന്വേഷണത്തിന് കമീഷനെ വെച്ചതായും നവംബർ 17ന് തന്നെ പത്രങ്ങളിൽ വാർത്ത വന്നിരുന്നു. ജില്ലാ കമ്മിറ്റിയംഗം വി.എസ്. മണിയുടെ നേതൃത്വത്തിലുള്ള കമീഷൻ അന്വേഷണം നടത്തി റിപ്പോർട്ട് ജില്ലാ സെക്രട്ടേറിയറ്റിന് നൽകി. റിപ്പോർട്ട് പരിശോധിച്ച ജില്ലാ നേതൃത്വം യുവസഖാവിനെ പുറത്താക്കാൻ അനുമതി നൽകുകയായിരുന്നു. ജില്ലാ സെക്രട്ടറി സജി ചെറിയാൻ, സെക്രട്ടേറിയറ്റംഗം ആർ. നാസർ എന്നിവർ ഏരിയാ നേതൃത്വത്തെ വിവരമറിയിക്കുകയും ഏരിയാ കമ്മിറ്റി തീരുമാനം നടപ്പാക്കുകയുമായിരുന്നു.

ഈ നടപടി പാർട്ടിയുടെ ആഭ്യന്തര കാര്യമാണെന്നും അതിലാരും ഇടപെടേണ്ടെന്നും സ്വാഭാവികമായും പാർട്ടിക്ക് പറയാം. പക്ഷേ, മറ്റുചില ചോദ്യങ്ങൾക്കും വിശകലനങ്ങൾക്കും ഈ സംഭവം വിധേയമാവേണ്ടിവരും. ലൈംഗികതയും സ്വകാര്യതയുമായി ബന്ധപ്പെട്ട വിഷയമാകയാൽ ഈ ലേഖനത്തിൽ ആ സഖാവിെൻറ പേര് പറയാൻ ഉദ്ദേശിക്കുന്നില്ല. ലേഖനസൗകര്യത്തിനുവേണ്ടി കോമ്രേഡ് കൗൺസിലർ എന്നു വിളിക്കാം. പാർട്ടി ഉത്തരം പറയേണ്ട ചോദ്യങ്ങൾ ഇവയൊക്കെയാണ്:
1) പ്രായപൂർത്തിയായ യുവതീയുവാക്കൾക്ക് ഉഭയകക്ഷി സമ്മതത്തോടെ ആരുമായും ശാരീരികബന്ധത്തിൽ ഏർപ്പെടാൻ നമ്മുടെ നിയമം അനുവാദം നൽകുന്നുണ്ട് എന്നിരിക്കെ, ഒരു യുവസഖാവ് മറ്റൊരു യുവതിയുമായി ശാരീരികബന്ധത്തിൽ ഏർപ്പെടുന്നതിനെ വിലക്കാൻ പാർട്ടിക്ക് എന്തവകാശമാണുള്ളത്? അങ്ങനെ ചെയ്തതിെൻറ പേരിൽ     ഒരാളെ പാർട്ടിയിൽനിന്ന് പുറത്താക്കുന്നതിെൻറ ന്യായമെന്താണ്?
2) ഉഭയകക്ഷി സമ്മതമില്ലാതെയാണ് കോമ്രേഡ് കൗൺസിലർ മറ്റൊരു യുവതിയുമായി ബന്ധപ്പെട്ടതെന്ന് പാർട്ടിക്ക് അഭിപ്രായമുണ്ടോ? ഉണ്ടെങ്കിൽ അത് പാർട്ടി നടപടികൊണ്ട് അവസാനിപ്പിക്കാൻപറ്റാത്ത ക്രിമിനൽ കുറ്റമല്ലേ? എങ്കിൽ അക്കാര്യം പൊലീസിൽ റിപ്പോർട്ട് ചെയ്യാത്തതെന്തുകൊണ്ട്?
3) ഉഭയകക്ഷി സമ്മതത്തോടെയാണ് കോമ്രേഡ് കൗൺസിലർ ബന്ധത്തിൽ ഏർപ്പെട്ടതെങ്കിൽ പാർട്ടി അക്കാര്യം അന്വേഷിച്ചതും അന്വേഷണ കമീഷനെ വെച്ചതും നടപടിയെടുത്തതും സ്വകാര്യതയുടെ ലംഘനവും സദാചാര പൊലീസിങ്ങുമല്ലേ? സി.പി.എമ്മിെൻറ അഖിലേന്ത്യാ സെക്രട്ടറി മുതലുള്ള നേതാക്കൾ സദാചാര പൊലീസിങ്ങിനെതിരെ വലിയരീതിയിൽ പ്രതിഷേധിക്കുന്നവരാണ്. അങ്ങനെയെങ്കിൽ ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നടപടി സദാചാര പൊലീസിങ്ങായി കണ്ട് പാർട്ടിയുടെ ഉന്നതനേതൃത്വം ഇടപെടുമോ?
4) സദാചാര പൊലീസിങ് എന്ന് മാധ്യമങ്ങളും ലിബറലുകളും വിശേഷിപ്പിച്ചതും ഇടപെട്ടതുമായ വിഷയങ്ങളിൽ കോടിയേരി ബാലകൃഷ്ണനടക്കമുള്ള സി.പി.എം നേതാക്കൾ ഇടപെടുകയും ശക്തമായി പ്രതിഷേധിക്കുകയും സംഗതി താലിബാനിസമാണെന്ന് വിധിപ്രസ്താവിക്കുകയും ചെയ്തിട്ടുണ്ട്. കോമ്രേഡ്  കൗൺസിലർക്കെതിരെ  എടുത്ത നടപടിയെ എങ്ങനെ കാണുന്നുവെന്ന് കോടിയേരി വിശദീകരിക്കുമോ?
5) പാർട്ടിക്കാരിതന്നെയായ ഒരു വനിതാസഖാവ് തെൻറ കുടുംബജീവിതം തകരുന്നതായി പരാതിപ്പെട്ടതുകൊണ്ടാണ് പാർട്ടിക്ക് നടപടിയെടുക്കേണ്ടിവന്നത് എന്നാണ് വാദമെങ്കിൽ, സമാനമായ സാഹചര്യങ്ങളിൽ കുടുംബജീവിതം തകർക്കപ്പെടുന്നതിൽ മറ്റുള്ളവർ നടത്തുന്ന സദാചാര പൊലീസിങ്ങിനെയും ആ നിലയിൽ കാണാനുള്ള വിശാലത പാർട്ടി കാണിക്കേണ്ടതല്ലേ? ആലപ്പുഴയിലെ വനിതാസഖാവിനെപ്പോലെതന്നെ പാവം താലിബാനികൾക്കും കുടുംബജീവിതമുണ്ടല്ലോ.
6) കുടുംബജീവിതം കാലാകാലം തകരാതെ നിൽക്കേണ്ടതാണ് എന്ന അഭിപ്രായം പാർട്ടിക്കുണ്ടോ? ഒരു സഖാവിെൻറ വ്യക്തിസ്വാതന്ത്ര്യവും കുടുംബ ജീവിതവും തമ്മിലുള്ള സംഘർഷത്തിൽ, വ്യക്തിസ്വാതന്ത്ര്യം എന്ന പുരോഗമന മൂല്യത്തിനെതിരെ കുടുംബം എന്ന ബൂർഷ്വാസ്ഥാപനത്തിെൻറ പക്ഷത്തുനിൽക്കുന്ന പാർട്ടി നിലപാടിനെ എങ്ങനെ വിശദീകരിക്കും?
7) ഉഭയകക്ഷി സമ്മതത്തോടെയുള്ള ബന്ധങ്ങൾ ഭരണഘടനാധിഷ്ഠിതവും അനുവദനീയവും പുരോഗമനപരവുമാണ് എന്നതാണ് പാർട്ടിയുടെ നിലപാടെങ്കിൽ ആ നിലപാടിനൊപ്പം നിൽക്കാൻ വനിതാസഖാവിനെയും പ്രാപ്തമാക്കുകയായിരുന്നില്ലേ പാർട്ടി ചെയ്യേണ്ടിയിരുന്നത്. അല്ലാതെ, പിന്തിരിപ്പൻ യാഥാസ്ഥിതിക കാഴ്ചപ്പാടിൽനിന്നുകൊണ്ട് ഒരു വനിതാസഖാവ് പരാതി ഉന്നയിക്കുമ്പോഴേക്കും അതിൽ ചാടിക്കേറി പുരോഗമന വാദിയായ ഒരു യുവസഖാവിനെതിരെ പാർട്ടി നടപടിയെടുത്തതിെൻറ ന്യായമെന്ത്?
8) വനിതാസഖാവ് ഇങ്ങനെയൊരു പരാതി ഉന്നയിക്കാനിടയായ വസ്തുനിഷ്ഠവും ആത്മനിഷ്ഠവുമായ സാഹചര്യം പാർട്ടി പരിശോധിക്കേണ്ടിയിരുന്നില്ലേ? അതായത്, ഉഭയസമ്മതപ്രകാരമുള്ള ബന്ധം എന്ന പുരോഗമന നടപടിയെ ഉൾക്കൊള്ളുന്നതിൽ വനിതാസഖാവിനുണ്ടായ വീഴ്ച ചൂണ്ടിക്കാട്ടുകയായിരുന്നില്ലേ പാർട്ടി ചെയ്യേണ്ടിയിരുന്നത്? അഥവാ, ഇത്തരം പുരോഗമന കാഴ്ചപ്പാടുകളെക്കുറിച്ച ശരിയായ വിദ്യാഭ്യാസം വനിതാസഖാക്കൾക്ക് നൽകുന്നതിൽ പാർട്ടി പരാജയപ്പെട്ടു എന്നല്ലേ ആലപ്പുഴ സംഭവം കാണിക്കുന്നത്? പ്രത്യേകിച്ച്, ഇത്തരം പുരോഗമന ആശയങ്ങൾ വ്യാപകമായി പ്രചരിപ്പിക്കുന്ന ഡോ. തോമസ് ഐസക്കിനെപ്പോലുള്ള ഒരാൾ പ്രവർത്തിക്കുന്ന ജില്ലയിൽപോലും സഖാക്കൾ ഇത്തരത്തിൽ പിന്തിരിപ്പനായി പെരുമാറുന്നുവെങ്കിൽ പാർട്ടി വിദ്യാഭ്യാസത്തിൽ കാര്യമായ കുഴപ്പം സംഭവിച്ചുവെന്നല്ലേ ഇത് തെളിയിക്കുന്നത്.

ഈ ചോദ്യങ്ങൾക്ക് പാർട്ടിയിൽനിന്ന് എന്തെങ്കിലും ഉത്തരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതിൽ വലിയ അർഥമുണ്ടെന്ന് തോന്നുന്നില്ല. സദാചാരത്തെയും ലൈംഗികതയെയും കുറിച്ച ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം നൽകാനുള്ള സൈദ്ധാന്തികശേഷി ആ പാർട്ടി ഇനിയും ആർജിച്ചിട്ടില്ല എന്നതാണ് അടിസ്ഥാനകാരണം. (കുറ്റം പറയരുതല്ലോ; ഇസ്ലാം വിശ്വാസികളുടെ സദാചാര നിലപാടുകളെ താലിബാനിസമായി മുദ്ര കുത്തുക എന്ന കാര്യത്തിൽ പാർട്ടിക്കും വർഗ ബഹുജന സംഘടനകൾക്കും തികഞ്ഞ കൃത്യതയുണ്ട്.) ഈ വിഷയങ്ങളിൽ കൃത്യതയുണ്ടായിരുന്നെങ്കിൽ, കേന്ദ്ര കമ്മിറ്റിയംഗവും സി.ഐ.ടി.യുവിെൻറ അഖിലേന്ത്യാ സെക്രട്ടറിയുമായിരുന്ന ഡബ്ല്യൂ.ആർ. വരദരാജന് കായലിൽ ചാടി ആത്മഹത്യ ചെയ്യേണ്ടി വരുമായിരുന്നില്ല  (2010 ഫെബ്രുവരി 11). റിസർവ് ബാങ്കിലെ ഉദ്യോഗം രാജിവെച്ച് പാർട്ടിക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച സഖാവ് വരദരാജന് 64ാം വയസ്സിൽ ആത്മഹത്യ തെരഞ്ഞെടുക്കേണ്ടിവന്നത് എന്തിനെന്നല്ലേ? ഒരു വനിതാസുഹൃത്തിന് അയച്ച എസ്.എം.എസുകളുടെ പേരിൽ. പ്രസ്തുത എസ്.എം.എസുകളുടെ പേരിൽ ആ എസ്.എം.എസുകൾ സ്വീകരിച്ച സ്ത്രീ പാർട്ടിയിലോ പൊലീസിലോ ഒരു പരാതിപോലും പറഞ്ഞിട്ടുണ്ടായിരുന്നില്ല. പക്ഷേ, അത് സദാചാരവിരുദ്ധ പ്രവർത്തനമാണെന്ന് പാർട്ടി കേന്ദ്ര കമ്മിറ്റി കണ്ടെത്തുകയും സി.സി അംഗത്വമടക്കമുള്ള സ്ഥാനങ്ങളിൽനിന്ന് അദ്ദേഹത്തെ നീക്കുകയും ചെയ്തു (കോമ്രേഡ് കൗൺസിലറുടെ കാര്യത്തിലും ബന്ധം പുലർത്തുന്നുവെന്ന് ആരോപിക്കപ്പെടുന്ന സ്ത്രീ ആർക്കും ഒരു പരാതിയും നൽകിയിട്ടില്ല എന്നോർക്കുക).

വരദരാജെൻറ ആത്മഹത്യയെ തുടർന്ന് സ്ത്രീവാദികളും ലിബറലുകളുമായ ഒരുകൂട്ടം ആളുകൾ ഒരു സംയുക്ത പ്രസ്താവന പുറപ്പെടുവിക്കുകയും കാഫില ഡോട്ട് ഓർഗ് അത് പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു (മാർച്ച് 03, 2010. http://kafila.org/2010/03/03/  statement of concerned citizens and feminists on the death of w.r. varadarajan). ലൈംഗികത, സ്ത്രീപുരുഷബന്ധം, കുടുംബം, സദാചാരം തുടങ്ങിയ വിഷയങ്ങളിൽ ഒരു ഇടതുപക്ഷപ്രസ്ഥാനം ഉയർത്തിപ്പിടിക്കേണ്ട നിലപാടുകളല്ല, മറിച്ച് വലതുപക്ഷ പ്രസ്ഥാനങ്ങളുടെ മനോഘടനയാണ് സി.പി.എം കൊണ്ടുനടക്കുന്നത് എന്നാണ് പ്രസ്തുത സംയുക്തപ്രസ്താവനയിൽ അവർ മുന്നോട്ടുവെക്കുന്ന വിമർശം. ഇത്തരം കാര്യങ്ങളിൽ ഫെമിനിസ്റ്റുകളും ലിബറലുകളും ഇടതുപക്ഷവും ഉയർത്തിക്കൊണ്ടുവന്ന ആശയങ്ങളെ പിന്നിൽനിന്ന് കുത്തുന്നതായിപ്പോയി വരദരാജനെതിരായ നടപടിയെന്നും പ്രസ്താവന വിമർശിക്കുന്നു. ആലപ്പുഴയിലെ കോമ്രേഡ് കൗൺസിലറുടെ പുറത്താക്കലിെൻറ പശ്ചാത്തലത്തിലും ആ സംയുക്തപ്രസ്താവനയിൽ ഉന്നയിച്ച ആശയങ്ങൾ കൂടുതൽ പ്രസക്തമാവുകയാണ്.

സദാചാരത്തെക്കുറിച്ച ഗൗരവപ്പെട്ട സംവാദങ്ങൾ ചുംബനസമരത്തെ തുടർന്ന് കേരളത്തിൽ ഉയർന്നുവന്നിട്ടുണ്ട്. സൈദ്ധാന്തിക ധീരതയോടെ ഈ സംവാദങ്ങളെ അഭിമുഖീകരിക്കാൻ പാർട്ടിക്ക് സാധിക്കുന്നില്ല എന്നതാണ് വാസ്തവം. എന്താണ് സദാചാരത്തെക്കുറിച്ച് യഥാർഥ മാർക്സിസ്റ്റ് കാഴ്ചപ്പാട് എന്ന് വിശദീകരിക്കാൻ പാർട്ടി ഇനിയെങ്കിലും തയാറാവണം. ഡബ്ല്യൂ.ആർ. വരദരാജെൻറ കാര്യത്തിലും കോമ്രേഡ് കൗൺസിലറുടെ കാര്യത്തിലും സ്വീകരിച്ച നടപടികൾ മാതൃകയാണെങ്കിൽ ‘പ്രാകൃത, പിന്തിരിപ്പൻ, മൂരാച്ചി താലിബാനി’കളിൽനിന്ന് പാർട്ടി എങ്ങനെയാണ് വ്യത്യസ്തമാകുന്നത് എന്ന് വ്യക്തമാക്കേണ്ടി വരും. ഇനി ഇതിലൊന്നും വ്യക്തതവരുത്താതെ, ഒരുവശത്ത് വ്യക്തിസ്വാതന്ത്ര്യത്തെക്കുറിച്ചും ശരീരത്തിെൻറ സ്വയം നിർണയാവകാശത്തെക്കുറിച്ചും സിദ്ധാന്തം പറയുകയും അത് സാധ്യമാവുന്ന അളവിൽ നടപ്പാക്കാൻ നോക്കുന്ന പാവം സഖാക്കൾക്കെതിരെ നടപടിയെടുക്കുകയും ചെയ്യുമ്പോൾ അത് വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുമെന്നും മനസ്സിലാക്കുക.

സദാചാര താലിബാനികൾക്കെതിരായ പോരാട്ടത്തിെൻറ മുന്നണിയിലുള്ള തോമസ് ഐസക്, എം.ബി. രാജേഷ് തുടങ്ങിയ നേതാക്കൾ കോമ്രേഡ് കൗൺസിലറിനെതിരായ നടപടിക്കെതിരെ രംഗത്തുവരാൻ ധൈര്യം കാണിക്കുമെന്ന് തോന്നുന്നില്ല. കാരണം, പാർട്ടി സദാചാര പൊലീസിങ് നടത്തിയാൽ അത് അഖില ലോക പുരോഗമനം എന്ന് വ്യാഖ്യാനിക്കാൻ ബാധ്യതപ്പെട്ടവരാണവർ. പക്ഷേ, സദാചാര പൊലീസിങ്ങിനെതിരായ മഹത്തായ രണ്ടാം നവോത്ഥാന സമരത്തിന് നേതൃത്വം നൽകിയ ചുംബനസമരക്കാർ ആലപ്പുഴയിലെ പാർട്ടിവക സദാചാര പൊലീസിങ്ങിനെക്കുറിച്ച് എന്തുകൊണ്ടാണ് ഒരു നിലപാടെടുക്കാത്തത്? ചുംബനസമരത്തിന് നേതാക്കളില്ലെന്ന് നാട്ടുകാരെ അറിയിക്കാൻ വാർത്താസമ്മേളനം നടത്തിയ മഹാന്മാരായ നേതാക്കളെങ്കിലും ഇക്കാര്യത്തിൽ എന്തെങ്കിലുമൊക്കെ പറയേണ്ടതല്ലേ? തുറന്ന സ്ത്രീപുരുഷ ബന്ധത്തിനെതിരായ പാർട്ടി സദാചാര പൊലീസിങ്ങിനെതിരെ ഒരു ‘തുറന്ന ബന്ധ’ സമരത്തിെൻറ സാധ്യതയെക്കുറിച്ചും അവർക്ക് ആലോചിച്ചുകൂടേ?

പിൻകുറി: പാർട്ടി ധാർമികതയെക്കുറിച്ചും സദാചാരത്തെക്കുറിച്ചും ഏറ്റവും കൂടുതൽ എഴുതിയ ആളാണ് ചൈനീസ് കമ്യൂണിസ്റ്റ് നേതാവായിരുന്ന ലിയു ഷവോക്കി. ‘എങ്ങനെ ഒരുനല്ല കമ്യൂണിസ്റ്റാകാം’ എന്ന അദ്ദേഹത്തിെൻറ പുസ്തകം പാർട്ടി വിദ്യാഭ്യാസത്തിനായി ലോകത്ത് ഏറ്റവുമധികം ഉപയോഗപ്പെടുത്തിയ പഠനസാമഗ്രിയാണ്. ബെയ്ജിങ്ങിൽ അദ്ദേഹം നടത്തിയിരുന്ന പാർട്ടി ധാർമികതാ ക്ലാസിൽ ലോകത്തിെൻറ പല ഭാഗങ്ങളിൽനിന്നുള്ള യുവസഖാക്കൾ പങ്കെടുക്കാറുണ്ടായിരുന്നു. അദ്ദേഹത്തിെൻറ ക്ലാസിൽ പങ്കെടുത്ത രണ്ടു വിയറ്റ്നാമീസ് സഖാക്കൾ കുറ്റബോധം കാരണം പിന്നീട് ആത്മഹത്യ ചെയ്തതിനെക്കുറിച്ച് ഇന്ത്യൻ കമ്യൂണിസ്റ്റായ മോഹിത് സെൻ തെൻറ ആത്മകഥയായ ‘എ ട്രാവലർ ആൻഡ് ദ റോഡ്’ എന്ന കൃതിയിൽ പ്രതിപാദിക്കുന്നുണ്ട്. ഇതേ ഷവോക്കിയെ പിന്നീട് മാവോ സേ തുങ് പാർട്ടിയിൽനിന്ന് പുറത്താക്കി ജയിലിലടച്ച് പീഡിപ്പിച്ചു.

വരദരാജൻ ഭാര്യയെ വിവാഹമോചനം ചെയ്ത്, എസ്.എം.എസ് അയച്ച സ്ത്രീയെ വിവാഹം കഴിച്ചാൽ അത് പാർട്ടിക്ക് നാണക്കേടാവുമെന്നായിരുന്നു അദ്ദേഹത്തിനെതിരായ നടപടിക്ക് മുൻകൈയെടുത്ത നേതാക്കൾ പറഞ്ഞിരുന്നത്. കമ്യൂണിസ്റ്റ് സദാചാരത്തെക്കുറിച്ച അന്താരാഷ്ട്ര പുസ്തകമെഴുതിയ ഷവോക്കിയാവട്ടെ അഞ്ചു വിവാഹം കഴിച്ചിരുന്നു!

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cpm india
Next Story