Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightചുംബന സമരത്തിന്‍െറ...

ചുംബന സമരത്തിന്‍െറ മറുപുറം

text_fields
bookmark_border
ചുംബന സമരത്തിന്‍െറ മറുപുറം
cancel

ലോക്സഭാ തെരഞ്ഞെടുപ്പിൻെറ പ്രചാരണപ്രവ൪ത്തനങ്ങൾക്കിടയിലാണ്, മാതാ അമൃതാനന്ദമയിക്കെതിരായി പുസ്തകമെഴുതിയ ഗെയ്ൽ ട്രെഡ്വെല്ലുമായുള്ള അഭിമുഖ സംഭാഷണം കൈരളി ചാനൽ സംപ്രേഷണം ചെയ്യുന്നത്. ആ മാധ്യമപ്രവ൪ത്തനം ഏറെ വാഴ്ത്തപ്പെട്ടപ്പോൾ, കെടുതികൾ അനുഭവിക്കേണ്ടിവന്നത് സി.പി.എമ്മും എൽ.ഡി.എഫുമാണ്. അമൃതാനന്ദമയി എന്ന ആൾദൈവം നിലനിൽക്കുന്നത് അവരുടെ സവിശേഷപ്രകടനങ്ങളിലൂടെ മാത്രമല്ല, സംഘ്പരിവാറിൻെറ പിൻബലത്തോടൊപ്പം ധീവരസമുദായത്തെ പ്രതിനിധാനംചെയ്തുമാണ്. ഇക്കാര്യം വ്യക്തമായി അറിയാവുന്ന എ.വി. ദിനകരൻ നേതൃത്വം കൊടുക്കുന്ന ധീവരസഭ, മത്സ്യത്തൊഴിലാളികൾ കടലിൽ വെടിയേറ്റുവീണപ്പോൾ നടത്താതിരുന്ന തീരദേശ ഹ൪ത്താൽ നടത്തി മാതാഅമൃതാനന്ദമയിയോട് കൂറ് പ്രഖ്യാപിച്ചു. ഫലമോ, മത്സ്യത്തൊഴിലാളികൾ ഭൂരിപക്ഷമുള്ള തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നീ പാ൪ലമെൻറ് മണ്ഡലങ്ങളിൽ എൽ.ഡി.എഫ് സ്ഥാനാ൪ഥികൾക്ക് ദയനീയ പരാജയം ഏറ്റുവാങ്ങേണ്ടിവന്നു.എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്?
കേരളീയ സമൂഹത്തിൻെറ ആന്തരികഘടനയെ മനസ്സിലാക്കി രാഷ്ട്രീയനിലപാട് സ്വീകരിക്കാനുള്ള ബുദ്ധിപരതയാണ് ഇടതുപക്ഷത്തിന് ഇല്ലാതെപോയത്. ഉണ്ടായിരുന്നെങ്കിൽ, തെരഞ്ഞടുപ്പു കഴിയുംവരെ മുൻചൊന്ന അഭിമുഖം സംപ്രേഷണം ചെയ്യാതിരിക്കാനുള്ള വിവേകം ജോൺ ബ്രിട്ടാസ് കാണിക്കുമായിരുന്നു. ഈ വിവേകം നഷ്ടപ്പെട്ടതിനു കാരണം, കേരളത്തിലെ ബുദ്ധിജീവി വ൪ഗത്തോട് പുല൪ത്തിയ അമിതമായ ആരാധനയാണ്. ഇവിടെ ബുദ്ധിജീവികളെന്നറിയപ്പെടുന്ന സവിശേഷവ൪ഗം ജ്ഞാനികളല്ല; വൈകാരിക പ്രകടനങ്ങളിലഭിരമിക്കുന്ന ശീലമുള്ളവരാണവ൪. തന്മൂലം ജനതയുടെ ചരിത്രം, അവബോധം, സമകാലീനത എന്നിവ അവ൪ക്കന്യമാണ്. ഇക്കൂട്ട൪ ചെയ്തുകൂട്ടുന്ന പ്രവ൪ത്തനങ്ങൾക്ക് (വാക്കുകൾക്ക്) പിഴയിടേണ്ടിവരുന്നത് ചില ജനവിഭാഗങ്ങളാണ്. കേരളത്തിലെ ദലിത൪ക്ക് ബി.ആ൪.പി. ഭാസ്ക൪ വരുത്തിവെച്ച വിന ഇതിന് തെളിവാണ്.
ഇടതുപക്ഷ ഗവൺമെൻറിൻെറ ഭരണകാലത്ത് വ൪ക്കലയിൽ ശിവപ്രസാദ് എന്നൊരാൾ വധിക്കപ്പെടുന്നു. ഈ കൊലപാതക കുറ്റം ഡി.എച്ച്.ആ൪.എം എന്ന സംഘടനയുടെ മേലാണ് ആരോപിക്കപ്പെട്ടത്. തുട൪ന്ന്, ആ സംഘടനാപ്രവ൪ത്തക൪ വ്യാപകമായി ആക്രമിക്കപ്പെട്ടെന്നു മാത്രമല്ല, ദലിത് സമുദായത്തെ ഒന്നടങ്കം തീവ്രവാദ പട്ടികയിൽപെടുത്തുകയുമാണ് ഭരണക൪ത്താക്കൾ ചെയ്തത്. പ്രശ്നത്തെ വസ്തുനിഷ്ഠമായി ഉൾക്കൊണ്ട ദലിത് നേതാക്കളും ജനാധിപത്യപരമായി പ്രവ൪ത്തിക്കുന്ന സംഘടനകളും വ൪ക്കല കൊലപാതകത്തെ അപലപിച്ചപ്പോൾതന്നെ, സമുദായത്തിനെതിരായ അതിക്രമങ്ങളെ പ്രതിരോധിക്കുകയും ചെയ്തു. ഇപ്രകാരമൊരു സമീപനം സ്വീകരിക്കാൻ കാരണം, ഡി.എച്ച്.ആ൪.എം എന്ന സംഘടനയെയും അതിൻെറ നേതൃത്വത്തെയും തിരിച്ചറിയാൻ കഴിഞ്ഞതിനാലാണ്.
എന്നാൽ, ബി.ആ൪.പി. ഭാസ്ക൪ സ്വീകരിച്ചത് വ്യത്യസ്തമായ നിലപാടാണ്. അദ്ദേഹം ദലിത് നേതൃത്വത്തെ അപ്രസക്തമാക്കി ഡി.എച്ച്.ആ൪.എമ്മിനെ സ്ഥാപനവത്കരിച്ചു. ഇതിനാധാരമാക്കിയത് മാധ്യമങ്ങളിലൂടെ സൃഷ്ടിച്ച വൈകാരികതയാണ്. പിന്നീടെന്താണ് സംഭവിച്ചത്? ബി.ആ൪.പി. ഭാസ്കറിലൂടെയും തുട൪ന്ന് ടി.ടി. ശ്രീകുമാറിലൂടെയും ദേവികയിലൂടെയും ദലിതരുടെ ഏകപ്രതിനിധാനമായി മാറിയ ഡി.എച്ച്.ആ൪.എമ്മിൻെറ പ്രതിബോധങ്ങൾ പുറത്തുവരാൻ തുടങ്ങി. ഈ ഘട്ടത്തിൽ ബി.ആ൪.പി. ഭാസ്ക൪ മൗനംപാലിച്ചപ്പോൾ, കറപുരണ്ടത് ദലിത് നേതൃത്വത്തിനുമേലാണ്.
‘സ്ത്രീവിമോചനത്തിൻെറ മാഗ്നാകാ൪ട്ട’യായി നവംബ൪ രണ്ടിന് മറൈൻ ഡ്രൈവിൽ പുരുഷകേസരികൾ ആരംഭിച്ചതും പലഭാഗത്തേക്കും പട൪ന്നതുമായ ചുംബനസമരത്തെ 1957ലെ കമ്യൂണിസ്റ്റ് മന്ത്രിസഭയെന്ന പോലെ ഒരു ചരിത്രസംഭവമായി വാഴ്ത്തിയാണ് ബി.ആ൪.പി. ഭാസ്ക൪ രംഗപ്രവേശം ചെയ്തിരിക്കുന്നത്. ഇക്കാര്യത്തിൽ പുന൪വായിക്കേണ്ടത് പ്രഥമകമ്യൂണിസ്റ്റ് ഗവൺമെൻറിനെ തന്നെയാണ്. മാ൪ക്സിസ്റ്റ് ഭാഷ്യത്തിലുള്ള വിപ്ളവതൊഴിലാളി വ൪ഗത്തിൻെറയല്ല മറിച്ച്, മധ്യവ൪ഗത്തിൻെറ (മധ്യമജാതികളുടെ) പ്രതിനിധാനത്തിലാണ് അന്നത്തെ ഗവൺമെൻറ് രൂപംകൊള്ളുന്നത്. തന്മൂലം, സവ൪ണ സാമൂഹിക വിഭാഗങ്ങൾക്കനുകൂലമായ സാമ്പത്തിക-രാഷ്ട്രീയ നടപടികളിലൂടെ സ്വത്തുടമസ്ഥതയെയും തൊഴിൽകമ്പോളത്തെയും പരിവ൪ത്തനപ്പെടുത്തിയതിൻെറ ഫലമായി ദലിത൪ ഒരു സമുദായമെന്നനിലയിൽ സാമൂഹികാവകാശങ്ങളിൽനിന്ന് പുറന്തള്ളപ്പെടുകയായിരുന്നു. ഫലമോ, ഭൂവുടമസ്ഥത നിഷേധിക്കപ്പെട്ട ദലിത൪ മധ്യകാലയുഗങ്ങളിലെന്ന പോലെ 26,198 കോളനികളിലും ലക്ഷംവീടുകളിലുമായി പാ൪ക്കാൻ വിധിക്കപ്പെട്ടു. ഏറ്റവും വലിയ തൊഴിൽകമ്പോളമായ സ്വകാര്യ വിദ്യാഭ്യാസസ്ഥാപനങ്ങളിലെ അവസരങ്ങൾ നിഷേധിക്കപ്പെട്ടു. ചുരുക്കത്തിൽ, മാ൪ക്സിസത്തിൻെറ അപ്പോസ്തലന്മാ൪ ഒരു ജനവിഭാഗത്തെ ഇരുളിലാഴ്ത്തിയ ചരിത്രാനുഭവമാണ് 1957ലെ ഇ.എം.എസ് സ൪ക്കാറിൻേറത്. ഇതേ ഭൂമികയിൽ ചുംബനസമരം വാഴ്ത്തപ്പെടാനും കാരണം മറ്റൊന്നല്ല.
ചുംബനസമരത്തിൻെറ മുഖ്യസവിശേഷത, അതിൻെറ മധ്യവ൪ഗപ്രതിനിധാനമാണ്. ഈ പ്രതിനിധാനത്തിന് ചില പ്രശ്നമേഖലകളെ മായ്ക്കാൻ കഴിയുന്നുണ്ട്. ഇതെങ്ങനെ സംഭവിച്ചെന്നാണ് പരിശോധിക്കേണ്ടത്. കോഴിക്കോട്ടെ ഡൗൺ ടൗൺ എന്ന റസ്റ്റാറൻറ് സംഘ്പരിവാ൪ അടിച്ചുതക൪ക്കുന്നത്, മോറൽ പൊലീസിങ്ങിൻെറ ഭാഗമായെന്നതിലുപരി സഹജമായ ന്യൂനപക്ഷ (മുസ്ലിം) മത വിരുദ്ധതയിലൂടെയാണ്. അതുകൊണ്ടാണ് ചുംബനസമരം വിവാദമായപ്പോൾ, ചുംബിക്കുന്നതിനെതിരല്ളെന്ന് സംഘ്പരിവാ൪ വക്താക്കൾ പറഞ്ഞുകൊണ്ടിരുന്നത്. അതേസമയം, അക്രമത്തിന് പിന്നിലെ ന്യൂനപക്ഷവിരുദ്ധതയെ നിഷേധിച്ചിട്ടുമില്ല. മറ്റൊരു വിധത്തിൽ ചുംബനസമരക്കാരും ഇതുതന്നെയാണ് ചെയ്യുന്നത്. അവ൪, കോഴിക്കോട് നടന്ന അതിക്രമത്തെ വ്യക്തിസ്വാതന്ത്ര്യത്തിനുമേൽ നടന്ന കൈയേറ്റമായാണ് ചിത്രീകരിച്ചത്. സമൂഹഘടനയെ ഉൾക്കൊള്ളാതെ, വ്യക്തിസ്വാതന്ത്ര്യത്തിനുവേണ്ടി നിരത്തിയിരിക്കുന്ന വാദമുഖങ്ങളാണ് സമരക്കാരുടെ ഫ്യൂഡൽ മനോഘടനയെ തുറന്നുകാട്ടുന്നത്.
ലൈംഗികസ്വാതന്ത്ര്യത്തിൻെറ പ്രതീകവത്കരണമായി ഇക്കൂട്ട൪ ഉയ൪ത്തിക്കാണിക്കുന്നത് ഹിന്ദുക്ഷേത്രങ്ങളിലെ രതിശിൽപങ്ങളാണ്. ക്ഷേത്രങ്ങളെല്ലാംതന്നെ നി൪മിച്ചത് ഹിന്ദുരാജാക്കന്മാരായിരുന്നു. അവരാകട്ടെ അനിയന്ത്രിതമായ ഭോഗാലസജീവിതം നയിച്ചവരാണ്. ക്ഷേത്രങ്ങൾക്കുള്ളിൽ പ്രവേശിക്കാനോ ക്ഷേത്രത്തിനോട് ചേ൪ന്നുള്ള വഴികളിലൂടെ നടക്കാനോ അവകാശമില്ലാതിരുന്ന കീഴാള൪ക്ക് ക്ഷേത്രങ്ങളിലെ രതിചിത്രങ്ങൾ കാണാൻ കഴിഞ്ഞിരുന്നില്ല. ധ൪മം, അ൪ഥം, കാമം എന്നിവയെ വാഴ്ത്തുന്ന തിരുക്കുറളിലെയും ലൈംഗികതയെ ശാസ്ത്രമാക്കിയ വാത്സ്യായനൻെറ കാമസൂത്രത്തിലെയും രതി, ഗോത്രസമൂഹങ്ങളുടെ തക൪ച്ചയെ തുട൪ന്ന് രൂപപ്പെട്ട ഫ്യൂഡൽ രാജവംശങ്ങളുടെയും ഉപരിസമുദായങ്ങളുടെയും പുരുഷാധിപത്യപരമായ ലൈംഗികാനുഷ്ഠാനങ്ങളാണ് ഇവിടെ വ്യക്തമാക്കുന്നത്. ക്ഷേത്രശിൽപങ്ങളും രതിവ൪ണനകളും അനിയന്ത്രിതമായ ഭോഗാലസതയിൽ ആറാടിയ ഹിന്ദുരാജാക്കന്മാരുടെ മനോഘടനയെയാണ് പ്രതിഫലിപ്പിക്കുന്നത്. അതേസമയം, ബൈബ്ൾ പഴയ നിയമത്തിലെ സോളമൻെറ ഗീതങ്ങളിലും ഇതരമതഗ്രന്ഥങ്ങളിലും പ്രണയരതിവ൪ണനകളുണ്ടെങ്കിലും, ക്രൈസ്തവ-മുസ്ലിം ദേവാലയങ്ങളിൽ രതിശിൽപങ്ങളില്ല.
കേരളത്തിലെ സ്ത്രീകൾ കഴിഞ്ഞ നൂറ്റാണ്ടിൻെറ ആരംഭ ദശകങ്ങളിൽപോലും മാറ്മറച്ചിരുന്നില്ല. മധ്യകാല മണിപ്രവാളകൃതികൾ സ്ത്രീയുടെ ലൈംഗികതയെ അഭിനിവേശമാക്കിയപ്പോൾ, മനുസ്മൃതിയുടെ പാഠവത്കരണങ്ങളിലൂടെ ലൈംഗികാടിമത്തത്തെ സുദീ൪ഘകാലം നിലനി൪ത്തിയത് ഹിന്ദുക്കളായ രാജാക്കന്മാരും മാടമ്പികളുമാണ്. വ്യത്യസ്തമായൊരു ഭരണസമ്പദ്രായത്തിനടിത്തറപാകിയ ടിപ്പുസുൽത്താനും ബ്രിട്ടീഷ് ഭരണാധികാരികളും സൃഷ്ടിച്ച ഹൈന്ദവവിരുദ്ധമായ മൂല്യാവബോധമാണ് മാറ്മറയ്ക്കൽ സമരത്തിന് പ്രേരണയായത്. ചരിത്രപരമായ ഇത്തരം യാഥാ൪ഥ്യങ്ങളുൾക്കൊള്ളാതെ, വ്യക്ത്യാധിഷ്ഠിത ചോദനകളിലൂടെ ചുംബനസമരം നടത്തുന്നവ൪ക്ക് സമൂഹഘടനയെ അഭിമുഖീകരിക്കേണ്ടതില്ളെങ്കിലും, അഭിനവവിപ്ളവത്തിന് പ്രത്യയശാസ്ത്ര കവചം സൃഷ്ടിക്കുന്നവ൪ വസ്തുതകളെ തിരിച്ചറിയേണ്ടതുണ്ട്.
കേരളത്തിൽ സംഘ്പരിവാറിലൂടെ ബി.ജെ.പി രാഷ്ട്രീയനേട്ടം കൊയ്യാൻ ശ്രമിക്കുന്നത്, ജാതീയ വിഭാഗങ്ങളിൽ സ്വാധീനമുറപ്പിച്ചാണ്. ഇതിന് സഹായകരമായിരിക്കുന്നത്, ക്ഷേത്രകേന്ദ്രീകൃതമായ കൂട്ടായ്മകളാണ്. നവോത്ഥാനത്തിൻെറ തുട൪ച്ച നിലനി൪ത്താൻ കഴിയാതെ വന്നതിനാൽ ശ്രീനാരായഗുരു ‘ദേവ’നാവുകയും അയ്യങ്കാളി ചരിത്രസാന്നിധ്യമാകാതിരിക്കുകയും ചെയ്തു. ഇതുകൊണ്ടും, അന്തരാളസമുദായങ്ങളിലെ (വിശ്വക൪മജ൪, ധീവര൪ മുതലായവ൪) നവോത്ഥാനാനുഭവങ്ങളുടെ അഭാവംമൂലവും മുൻചൊന്ന വിഭാഗങ്ങൾ ബ്രാഹ്മണിസത്തിലുൾച്ചേ൪ന്ന് നവഹിന്ദുത്വവത്കരണത്തിന് വിധേയമായിരിക്കുകയാണ്. ഇത്തരം യാഥാ൪ഥ്യങ്ങളെ തൊട്ടറിയാതെ, മധ്യവ൪ഗത്തിലെ ഒരു ചെറുന്യൂനപക്ഷത്തിൻെറ ആത്മനിഷ്ഠതയുടെ തുട൪ച്ചയുള്ള ചുംബനസമരം, യാഥാസ്ഥിതികമായി ഇന്നും നിലകൊള്ളുന്ന ഹൈന്ദവ ജാതീയ വിഭാഗങ്ങളെ ആക൪ഷിക്കുമെന്ന് കരുതാനാവില്ല. ഈ യാഥാസ്ഥിതികത്വം ന്യൂനപക്ഷ മതവിരുദ്ധതയുമായി സംയോജിക്കുമ്പോൾ നേട്ടങ്ങൾ ഉണ്ടാക്കുന്നത് ബി.ജെ.പിയായിരിക്കും. ഈ പരിതസ്ഥിതിയിലാണ് ഹനുമാൻ സേനകൾ ഉണ്ടാകുന്നതും ന്യൂനപക്ഷങ്ങൾ നി൪ബന്ധിത നിശബ്ദതക്ക് വിധിക്കപ്പെടുന്നതും. ന്യൂനപക്ഷങ്ങളിലെ വിദ്യാഭ്യാസമുള്ളവരാകട്ടെ ചുംബനസമരക്കാ൪ക്കൊപ്പം കൂടിയില്ളെങ്കിൽ പുരോഗമന സമൂഹത്തിൽനിന്ന് ഒറ്റപ്പെടുമെന്ന് ഭയപ്പെട്ട് വിചിത്രമായ കെട്ടുകഥകളിൽ അഭിരമിക്കുന്നു.
ബി.ആ൪.പി. ഭാസ്കറിലേക്കുതന്നെ മടങ്ങിവരാം. ചുംബനസമരത്തിലൂടെ കേരളം രണ്ടായി തിരിഞ്ഞുവെന്നാണദ്ദേഹം വിലയിരുത്തുന്നത്. മധ്യവ൪ഗത്തിലെ കുറച്ചുവ്യക്തിവാദികളും തീവ്ര ഇടതുപക്ഷവും കുത്തകമാധ്യമങ്ങളുമാണ് സമരത്തിൻെറ ഊ൪ജമായത്. കേരളത്തെ സംബന്ധിച്ചിടത്തോളം ‘പോരാട്ടം’ ‘സി.പി.ഐ(എം.എൽ.)’ എന്നീ പ്രസ്ഥാനങ്ങൾ ഏറെക്കാലം മുമ്പേതന്നെ പ്രത്യയശാസ്ത്രപരമായി ജീ൪ണിച്ച സ്ഥാപനങ്ങളാണ്. ഇത്തരം പ്രസ്ഥാനങ്ങളുടെ സാന്നിധ്യം കൊണ്ടുമാത്രം ഏത് സമരത്തിൻെറയും പ്രതിലോമസ്വഭാവം നി൪ണയിക്കാനാവും. അതുകൊണ്ടാണ് ജനാധിപത്യപരമായി നടക്കുന്ന കീഴാളസമരങ്ങളിൽനിന്ന് അവ൪ ആട്ടിയകറ്റപ്പെടുന്നത്. ചുംബനസമരങ്ങളിൽ പുതുവിപ്ളവകാലം കാണുന്ന പി.ജെ. ജയിംസ് സെക്രട്ടറിയായ സി.പി.ഐ.(എം.എൽ.) മോറൽ പൊലീസിങ്ങിനെതിരെ ഇതേസമരം നടത്താതെ, മറൈൻ ഡ്രൈവിൽ പിന്തുണയുമായത്തെിയതിൻെറ കാരണവും മറ്റൊന്നല്ല.
ചുംബനസമരത്തോടൊപ്പം ഒരുസംഘം ദലിത് യുവജനങ്ങളെയും കാണാം. ഡോ. ബി.ആ൪. അംബേദ്കറിൻെറ വീക്ഷണത്തിലൂടെ ലഭ്യമായ വിമ൪ശാവബോധമല്ല നക്സലൈറ്റുകളിൽനിന്ന് കടംകൊണ്ട വൈരുധ്യവാദത്തിലാണവ൪ ഇന്നും കാലുറപ്പിച്ചിരിക്കുന്നത്. അതേസമയം, സ്വന്തം വോട്ട്ബാങ്ക് ബി.ജെ.പി.യിലേക്ക് ചോ൪ന്നുപോകുമെന്നു തിരിച്ചറിഞ്ഞതിലൂടെ സി.പി.എമ്മും ഡി.വൈ.എഫ്.ഐയും ചുംബനസമരത്തിന് നൽകിയിരിക്കുന്ന പിന്തുണ പിൻവലിച്ചിരിക്കുകയാണ്.
ചുംബനസമരത്തിൻെറ എതി൪ചേരിയിലുള്ളവരെ ജാതി-മതമൗലികവാദികളും സംഘ്പരിവാറിൻെറ സഹകാരികളുമായി മാത്രമല്ല, സ്ത്രീവിരുദ്ധരുമായി ചിത്രീകരിക്കുകയാണ് അതിൻെറ വക്താക്കൾ. കുറച്ചു പേരുടെ വൈകാരികതക്ക് പുറംതിരിഞ്ഞുനിൽക്കുന്ന വിശാല ബഹുജനങ്ങളെ ഒളിനോട്ടക്കാരായും ഇവ൪ പ്രഖ്യാപിക്കുന്നു.
ഇടതുപക്ഷത്തിൻെറ പാതിവെന്ത വിപ്ളവസമരങ്ങൾക്ക് ഹിന്ദുത്വത്തെ പ്രതിരോധിക്കാൻ കഴിയില്ളെന്നിരിക്കെ, ജാതി-മത സംഘടനകൾ സംഘ്പരിവാറുമായി അകലം പാലിക്കുന്നതുകൊണ്ടാണ് ബി.ജെ.പിക്ക് കേരളത്തിൽ രാഷ്ട്രീയ നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിയാതെ വന്നിരിക്കുന്നതെന്നതാണ് നേ൪ക്കാഴ്ച. ഇതിനെ വൈകാരികതകൊണ്ട് അട്ടിമറിച്ച് ഹിന്ദുത്വ ഭീകരസംഘടനകൾക്ക് സദാചാര സംരക്ഷകരാകാനുള്ള സുവ൪ണാവസരമാണ് ചുംബനസമരക്കാ൪ നൽകിയിരിക്കുന്നത്. മാറുമറയ്ക്കൽ സമരങ്ങൾ പ്രസക്തമാകുന്നത്, ജാതിവ്യവസ്ഥയെ കീറിമുറിച്ചതുകൊണ്ടാണ്. ഇത്തരം ചരിത്രപാഠങ്ങളെ സവ൪ണ ആത്മഗതങ്ങളാക്കി അവതരിപ്പിക്കുന്നതും ഇതേ അട്ടിമറിയുടെ ഭാഗമായാണ്.
l

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story