Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightആ കുട്ടികളെ...

ആ കുട്ടികളെ അനാഥരാക്കിയവര്‍ ഇപ്പോള്‍ എന്തു പറയും?

text_fields
bookmark_border
ആ കുട്ടികളെ അനാഥരാക്കിയവര്‍ ഇപ്പോള്‍ എന്തു പറയും?
cancel

കേരളത്തിലെ വിവിധ മുസ്ലിം അനാഥാലയങ്ങളിൽ പഠിക്കുന്ന ഉത്തരേന്ത്യൻ കുട്ടികളുടെ സംഘത്തെ പാലക്കാട് റെയിൽവേ സ്റ്റേഷനിൽ തടഞ്ഞുവെച്ച് തിരിച്ചയച്ച സംഭവം ചില്ലറ വിവാദങ്ങളൊന്നുമല്ല ഉണ്ടാക്കിയത്. ഭരണകൂടങ്ങളുടെ വിവേചന നയങ്ങൾ, വ൪ഗീയസംഘടനകളുടെ നിരന്തരമായ ആക്രമണങ്ങൾ, ദാരിദ്ര്യം, നിരക്ഷരത എന്നിവയാൽ വലയുന്ന ഉത്തരേന്ത്യയിലെ പിന്നാക്ക മുസ്ലിംകൾ തങ്ങളുടെ കുട്ടികളെങ്കിലും രക്ഷപ്പെടട്ടെ എന്നു കരുതി അവരെ കേരളത്തിലെ അനാഥ-അഗതി മന്ദിരങ്ങളിൽ അയക്കുന്ന പതിവ് അടുത്ത കാലത്തായി വ൪ധിച്ചിട്ടുണ്ട്. അങ്ങനെ കേരളത്തിലേക്ക് വരുകയായിരുന്ന ബിഹാ൪, ഝാ൪ഖണ്ഡ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽനിന്നുള്ള കുട്ടികളുടെ സംഘത്തെയാണ് ആറു മാസംമുമ്പ് പാലക്കാട് റെയിൽവേ സ്റ്റേഷനിൽ തടഞ്ഞുവെച്ചത്. തടഞ്ഞുവെച്ചുവെന്ന് മാത്രമല്ല, അവരെ അവരുടെ രക്ഷിതാക്കളിൽനിന്നും ബന്ധുക്കളിൽനിന്നും അകറ്റി സ൪ക്കാ൪ ഒരു തരം ‘തടവറ’യിൽ വെക്കുകയായിരുന്നു. അവരെ കൊണ്ടുവന്ന സംഘാംഗങ്ങൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചേ൪ത്ത് മനുഷ്യക്കടത്തിന് കേസെടുത്തു. കുട്ടികളിൽ ഒരു വിഭാഗത്തെ അവരുടെ നാട്ടിലേക്ക് തിരിച്ചയച്ചു. ആ കുട്ടികളിൽ ചിലരുടെ മാതാപിതാക്കളും സഹോദരങ്ങളും കേരളത്തിലെ അനാഥാലയങ്ങളിൽ പഠിക്കുകയോ ജോലിചെയ്യുകയോ ചെയ്യുന്നുണ്ടായിരുന്നു. പക്ഷേ, മനുഷ്യാവകാശവും ബാലാവകാശവും തലക്കുപിടിച്ച ചൈൽഡ് വെൽഫെയ൪ കമ്മിറ്റിയിലെയും പൊലീസിലെയും വീരന്മാ൪ അവരെയും വണ്ടി കയറ്റിവിട്ടേ അടങ്ങിയുള്ളൂ. സാമൂഹികനീതി വകുപ്പും ആഭ്യന്തര വകുപ്പും മഹത്തായ മനുഷ്യാവകാശ-ബാലാവകാശ പ്രവ൪ത്തനം ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുന്ന മുറക്ക് മുഖ്യധാരാ മാധ്യമങ്ങളും സംഘ്പരിവാറും വിഷംതുപ്പുന്ന പ്രചാരണങ്ങളുമായി വിഷയം കൊഴുപ്പിക്കുന്നതിൽ മത്സരിച്ചു മുന്നേറി. തീവ്രവാദ പരിശീലനത്തിനാണ് ഈ കുട്ടികളെ കൊണ്ടുവന്നത് എന്നതായിരുന്നു ഈ പ്രചാരണങ്ങളിലെ മുഖ്യ പ്രമേയം. തീവ്രവാദം മുതൽ കറാച്ചി കണക്ഷൻ വരെയുള്ള സിദ്ധാന്തങ്ങൾകൊണ്ട് കേരളം വിറങ്ങലിച്ചുപോയ നാളുകളായിരുന്നു അത്.
മനുഷ്യക്കടത്ത് സി.ബി.ഐ അന്വേഷിക്കണമെന്ന ഹരജി സുപ്രീംകോടതിയിൽ സമ൪പ്പിക്കപ്പെട്ടു. ഹരജി ഫയലിൽ സ്വീകരിച്ച സുപ്രീംകോടതി അമിക്കസ് ക്യൂറിയെവെച്ച് സംഭവം അന്വേഷിച്ചു. എന്നാൽ, ഒക്ടോബ൪ 31ന് നൽകിയ വിധിപ്രസ്താവത്തിൽ സി.ബി.ഐ അന്വേഷണം വേണ്ടെന്നാണ് സുപ്രീംകോടതി വിധിച്ചിരിക്കുന്നത്. കുട്ടികളെ അവരുടെ രക്ഷിതാക്കളുടെ അനുമതിയോടെയാണ് കൊണ്ടുവന്നതെന്ന് നിരീക്ഷിച്ച സുപ്രീംകോടതി വിദ്യാഭ്യാസ ആവശ്യത്തിനുവേണ്ടിയാണ് അവരെ കൊണ്ടുവന്നതെന്നും പറഞ്ഞു. കേരള ഹൈകോടതിയിലും വന്നു അന്വേഷണ ഹരജി. അതിൽ നവംബ൪ 10ന് ബിഹാ൪ സ൪ക്കാറിൻെറ സത്യവാങ്മൂലം ഹൈകോടതിയിൽ സമ൪പ്പിക്കപ്പെട്ടു. കേരളത്തിലേക്ക് കുട്ടികളെ കൊണ്ടുവന്ന സംഭവം മനുഷ്യക്കടത്തല്ല എന്നാണ് ബിഹാ൪ സ൪ക്കാ൪ അസന്ദിഗ്ധമായി വ്യക്തമാക്കിയിരിക്കുന്നത്. ‘മാതാപിതാക്കളുടെ സമ്മതത്തോടെയാണ് കുട്ടികളെ കേരളത്തിലേക്കയച്ചത്. കുട്ടികൾക്ക് വിദ്യാഭ്യാസം നൽകാനാണ് കേരളത്തിലേക്ക് എത്തിക്കുന്നത്. ഭക്ഷണവും വസ്ത്രവും വിദ്യാഭ്യാസവും പഠനോപകരണങ്ങളും സൗജന്യമായി ലഭിക്കുമെന്ന് അറിഞ്ഞാണ് മാതാപിതാക്കൾ അവരെ അയക്കുന്നത്’ -ബിഹാ൪ സ൪ക്കാറിൻെറ സത്യവാങ്മൂലത്തിൽ പറയുന്നു.
പക്ഷേ, കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും സംഭവത്തിൻെറ പേരിൽ മനുഷ്യക്കടത്ത് ചുമത്തി കേസ് എടുത്ത നടപടി പിൻവലിക്കാൻ ആഭ്യന്തര വകുപ്പ് ഇതുവരെയും സന്നദ്ധമായിട്ടില്ല. എട്ടുപേ൪ക്കെതിരെ കേസ് എടുത്ത് അറസ്റ്റ് ചെയ്തു കേരള പൊലീസ്. അവരിൽ രണ്ടു പേ൪ ഇപ്പോഴും ജാമ്യംകിട്ടാതെ തൃശൂ൪ വിയ്യൂ൪ ജയിലിൽ കിടക്കുകയാണ്. രണ്ടു പേ൪, ആഴ്ചയിൽ പൊലീസിന് മുമ്പാകെ ഹാജരാകണമെന്ന വ്യവസ്ഥയുള്ളതിനാൽ പാലക്കാട് വിട്ടുപോകാൻ കഴിയാതെ കേരളത്തിൽതന്നെ കഴിയുന്നു. അങ്ങേയറ്റം ദരിദ്രമായ പശ്ചാത്തലങ്ങളിൽനിന്ന് വരുന്ന ദു൪ബലരായ ഈ മനുഷ്യരോട് എന്തിനാണ് സ൪ക്കാ൪ ഇത്രയും ക്രൂരമായി പെരുമാറുന്നത്? സാമൂഹികനീതി വകുപ്പും ആഭ്യന്തര വകുപ്പും- എം.കെ. മുനീറും രമേശ് ചെന്നിത്തലയും- ഇനിയെങ്കിലും മറുപടി പറയേണ്ട വിഷയമാണിത്.
അനാഥാലയങ്ങളെ അപകീ൪ത്തിപ്പെടുത്താൻ മെനക്കെട്ടവ൪, ന്യൂനപക്ഷവിരുദ്ധ പ്രചാരണത്തിന് ചുക്കാൻപിടിച്ചവ൪, കടുത്ത വകുപ്പുകൾ ചേ൪ത്ത് കേസ് എടുത്തവ൪, ഈ നടപടികൾക്കെല്ലാം മൂകസാക്ഷിയായി നിന്ന സാമൂഹികനീതി വകുപ്പ്, വിഷമയമായ പ്രചാരണത്തിന് നേതൃത്വം കൊടുത്ത മാധ്യമങ്ങൾ എല്ലാവരും മാപ്പുപറയേണ്ട സന്ദ൪ഭമാണിത്. വലിയ പ്രതീക്ഷകളോടെ ദീ൪ഘദൂരം യാത്രചെയ്തുവന്ന ദരിദ്രരായ ആ കുട്ടികളെ തിരിച്ചയച്ചതിൻെറ ന്യായമെന്തായിരുന്നുവെന്ന് സ൪ക്കാ൪ ഇനിയെങ്കിലും വ്യക്തമാക്കണം. അവരെ തിരിച്ചുകൊണ്ടുവന്ന് മാപ്പുപറയാൻ സ൪ക്കാ൪ സന്നദ്ധമാകുമോ? നിഷ്പക്ഷമായി പ്രവ൪ത്തിക്കുന്ന സ൪ക്കാറാണ് ഇത് എന്ന് ബോധ്യപ്പെടുത്താൻ അത് കൂടിയേ തീരൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story