Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഈ ഭീകരവാദികളെ കേരള...

ഈ ഭീകരവാദികളെ കേരള സര്‍ക്കാര്‍ എന്തു ചെയ്യും?

text_fields
bookmark_border
ഈ ഭീകരവാദികളെ കേരള സര്‍ക്കാര്‍ എന്തു ചെയ്യും?
cancel

വളരെ ഗൗരവപ്പെട്ട, എന്നാൽ തമാശ നിറഞ്ഞ ഒരു പ്രശ്നം പറയാം: യേശു ക്രിസ്തു മഹാനായ പ്രവാചകനാണ് എന്നതാണ് മുസ്ലിം വിശ്വാസം. ഇങ്ങനെ വിശ്വസിക്കുന്നതും പ്രചരിപ്പിക്കുന്നതും മത/അഭിപ്രായ സ്വാതന്ത്ര്യത്തിൻെറയും ഭാഗമാണ് എന്നാണ് നമ്മളെല്ലാം വിചാരിച്ചിരുന്നത്. എന്നാൽ, ഇങ്ങനെ വിശ്വസിക്കുന്നതും പറയുന്നതും വമ്പിച്ച രാജ്യദ്രോഹ പ്രവ൪ത്തനമാണെന്നാണ് കേരള ആഭ്യന്തര വകുപ്പ് പറയുന്നത്. വെറുതെ പറയുകയല്ല; ആഭ്യന്തര വകുപ്പിലെ അണ്ട൪ സെക്രട്ടറി മേരി ജോസഫ് 2014 ജനുവരി 21 തീയതി വെച്ച് കേരള ഹൈകോടതി മുമ്പാകെ സമ൪പ്പിച്ച 12 പേജുള്ള സത്യവാങ്മൂലം രേഖാമൂലം സമ൪ഥിക്കുന്നതാണിത്. യേശുവിനെക്കുറിച്ച ഈ വിശ്വാസം അപകടകരമാവുന്നതിൻെറ യുക്തി രസാവഹമാണ്. യേശു ദൈവത്തിൻെറ പുത്രനാണ് എന്നതാണ് കൃസ്ത്യാനികളുടെ വിശ്വാസം. എന്നിരിക്കെ, യേശു പ്രവാചകനാണ് എന്ന് മുസ്ലിംകൾ വിശ്വസിക്കുന്നത് രാജ്യത്തിൻെറ സമാധാനാന്തരീക്ഷത്തെ അപകടപ്പെടുത്തുന്നതും മതസൗഹാ൪ദം തക൪ക്കുന്നതും ആവുമെന്നതിൽ എന്താണ് ത൪ക്കം? ലളിതമായ ഒരു മറു ചോദ്യം ഏത് സ്കൂൾ കുട്ടിക്കും ചോദിക്കാവുന്നതേയുള്ളൂ. യേശു പ്രവാചകനാണെന്നും ദൈവത്തിന് പുത്രന്മാരുണ്ടാവുക സംഭവ്യമല്ളെന്നതും മുസ്ലിംകളുടെ പ്രധാനപ്പെട്ട വിശ്വാസമാണ്. എന്നിരിക്കെ, യേശു ദൈവ പുത്രനാണെന്ന ക്രിസ്തീയ വിശ്വാസവും രാജ്യദ്രോഹപരവും മതസൗഹാ൪ദത്തെ തക൪ക്കുന്നതുമാവേണ്ടതല്ളേ? രാജ്യദ്രോഹത്തിനെതിരെയുള്ള ജാഗ്രതാ വെപ്രാളത്തിൽ ആഭ്യന്തര വകുപ്പ് ഇക്കാര്യം ഓ൪ത്തതേയില്ല.

വിഷയത്തിലേക്ക് വരാം. ജമാഅത്തെ ഇസ്ലാമിയെയും അവരുമായി ബന്ധപ്പെട്ട സകല ഏ൪പ്പാടുകളെയും നിരോധിക്കണമെന്നാവശ്യപ്പെട്ട് ഒരു മാന്യൻ 2009ൽ കേരള ഹൈകോടതിയിൽ പൊതുതാൽപര്യ ഹരജി ഫയൽ ചെയ്തു. വിഷയത്തിൽ കോടതി സ൪ക്കാറിൻെറ അഭിപ്രായം തേടി. സ൪ക്കാ൪ അഭിപ്രായം അറിയിച്ചു കൊണ്ട് മേരി ജോസഫ് കടലാസ് നൽകി. ജമാഅത്തെ ഇസ്ലാമി ‘രാജ്യ വിരുദ്ധ സംഘടനയോ ഇസ്ലാം വിരുദ്ധ സംഘടനയോ ആണെന്ന് സമ൪ഥിക്കാനോ പ്രസ്തുത സംഘടന ഹിംസയിൽ ഏ൪പ്പെട്ടു എന്നതിനോ തെളിവുകളില്ല’ എന്ന് സത്യവാങ്മൂലം ഒന്നിലേറെ തവണ അസന്ദിഗ്ധമായി പറയുന്നുണ്ട്. എന്നാൽ, സംഘടനയുമായി ബന്ധപ്പെട്ട പ്രസാധനാലയം (ഇസ്ലാമിക് പബ്ളിഷിങ് ഹൗസ്) പുറത്തിറക്കിയ 97 പുസ്തകങ്ങൾ ആഭ്യന്തര വകുപ്പ് സൂക്ഷ്മമായ പരിശോധനക്ക് വിധേയമാക്കുകയുണ്ടായി. പ്രസ്തുത പുസ്തകങ്ങളിൽ 14 എണ്ണം അപകടകരമാണെന്ന തീ൪പ്പിലത്തെിയ മന്ത്രാലയം അവ നിരോധിക്കാനുള്ള നടപടികൾ എടുത്തുകൊണ്ടിരിക്കുകയാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്.

നിരോധത്തിന് വിധേയമാവാൻ പോവുന്ന രാജ്യദ്രോഹപരവും മത വിദ്വേഷം പുല൪ത്തുന്നതുമായ പുസ്തകങ്ങൾ, അവയിലെ അപകടകരമായ പരാമ൪ശങ്ങൾ ഉദ്ധരിച്ചുകൊണ്ട് സത്യവാങ്മൂലത്തിൽ വിശദീകരിച്ചിട്ടുണ്ട്. പുസ്തകങ്ങൾ ഇവ: 1. ഇന്ത്യയിലെ ഭീകരാക്രമണങ്ങളും ഉത്തരം കിട്ടാത്ത ചോദ്യങ്ങളും (എ. റശീദുദ്ദീൻ). 2. ഒരു ജാതി, ഒരു ദൈവം (ടി.മുഹമ്മദ്). 3. പ്രകാശം പരത്തുന്ന പ്രസ്ഥാനം (കൂട്ടിൽ മുഹമ്മദലി). 4. മതേതരത്വം, ജനാധിപത്യം, ദേശീയത: ഒരു താത്ത്വിക വിശകലനം (അബുൽ അഅ്ലാ മൗദൂദി). 5. വ൪ഗീയ രാഷ്ട്രീയം: മിത്തും യാഥാ൪ഥ്യവും (രാം പുനിയാനി). 6. ബുദ്ധൻ, യേശു, മുഹമ്മദ് (ടി.പി. മുഹമ്മദ് ശമീം). 7. ഇസ്ലാമിൻെറ രാഷ്ട്രീയ സിദ്ധാന്തം (അബുൽ അഅ്ലാ മൗദൂദി). 8. ജയിൽ അനുഭവങ്ങൾ (സൈനബുൽ ഗസ്സാലി). 9. സത്യസാക്ഷ്യം (അബുൽ അഅ്ലാ മൗദൂദി). 10 അൽഇഖ്വാനുൽ മുസ്ലിമൂൻ (ഡോ. അബ്ദുസ്സലാം വാണിയമ്പലം). 11. ജമാഅത്തെ ഇസ്ലാമി ലഘുപരിചയം (ശൈഖ് മുഹമ്മദ് കാരകുന്ന്). 12. യേശുവിൻെറ പാത; മുഹമ്മദിൻെറയും (പ്രഫ. പി.പി. ഷാഹുൽ ഹമീദ്). 13. ജിഹാദ് (അബുൽ അഅ്ലാ മൗദൂദി). 14. ഖു൪ആനിലെ നാലു സാങ്കേതിക ശബ്ദങ്ങൾ (അബുൽ അഅ്ലാ മൗദൂദി).
എന്തുകൊണ്ട് ഈ പുസ്തകങ്ങൾ നിരോധിക്കപ്പെടേണ്ടതാണ് എന്നതിൻെറ കാരണങ്ങളിലേക്ക് വരാം. ഒന്നാമത്തെ പുസ്തകം ‘എൻ.ഡി.എ, യു.പി.എ സ൪ക്കാറുകളുടെ തെറ്റായ സമീപനങ്ങളും പരാജയങ്ങളുമാണ് ഇന്ത്യയിൽ ഭീകരവാദം വള൪ത്തിയതെന്ന് പറയുന്നു. സിമി നിരോധത്തെ വിമ൪ശിക്കുന്നു’. ഇന്ത്യയിലെ അറിയപ്പെട്ട മനുഷ്യാവകാശ പ്രവ൪ത്തക ടീസ്റ്റ സെറ്റൽവാദിൻെറ അവതാരികയോടെ പ്രസിദ്ധീകരിക്കപ്പെട്ടതാണ് എ. റശീദുദ്ദീൻെറ പരാമൃഷ്ട ഗ്രന്ഥം. ഭീകരാക്രമണങ്ങളെന്ന് വിശേഷിപ്പിക്കപ്പെട്ട നിരവധി സ്ഫോടനങ്ങളുടെ ഉള്ളറകളിലേക്ക് അന്വേഷണാത്മക മനസ്സോടെ ഒരു പത്രപ്രവ൪ത്തകൻ കടന്നുചെന്ന് തയാറാക്കിയ പുസ്തകം. ‘ഭീകരാക്രമണ’ങ്ങളുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ സംഘടനകളും പ്രമുഖ അഭിഭാഷകരും പത്രപ്രവ൪ത്തകരും വസ്തുതാന്വേഷണ സംഘങ്ങളും ഉയ൪ത്തിയ മറുവാദങ്ങളെ സമാഹരിക്കുകയും ചെയ്തിട്ടുണ്ട്. സിമി നിരോധമാകട്ടെ, ബി.ജെ.പി സ൪ക്കാറിൻെറ നയപരമായ ഒരു നടപടിയാണ്. സ൪ക്കാറിൻെറ നയപരമായ നടപടിയെ വിമ൪ശിക്കുന്നത് ഭരണഘടനാദത്തമായ അവകാശമാണ്. ഈ അവകാശത്തെയാണ് ഭരണഘടനയെ പിടിച്ച് സത്യപ്രതിജ്ഞചെയ്ത ആഭ്യന്തര മന്ത്രിയുടെ വകുപ്പ് നിഷേധിക്കുന്നത്. മുലായം സിങ് യാദവ്, ലാലു പ്രസാദ് യാദവ് തുടങ്ങിയ രാഷ്ട്രീയ നേതാക്കളടക്കം നിരവധി പേ൪ സിമി നിരോധത്തെ വിമ൪ശിച്ചിട്ടുമുണ്ട്. അവരെയും കേരള ആഭ്യന്തര വകുപ്പ് ഭീകരവാദ പട്ടികയിൽ പെടുത്തുമോ?
സ൪ക്കാറിൻെറ നയങ്ങളെ വിമ൪ശിക്കാനും അതിനെതിരെ പ്രതിഷേധം സംഘടിപ്പിക്കാനുമുള്ള അവകാശം രാജ്യത്തെ പൗരന്മാ൪ക്കും സംഘടനകൾക്കുമില്ളേ? നന്നെച്ചുരുങ്ങിയത് ജമാഅത്തെ ഇസ്ലാമിക്ക് അതില്ല എന്നതാണ് ആഭ്യന്തര വകുപ്പ് കോടതിക്ക് മുമ്പാകെ സമ൪പ്പിച്ച സത്യവാങ്മൂലം തെളിയിച്ചു പറയുന്നത്. ‘രാജ്യദ്രോഹ, ഹിംസാത്മക’ പ്രവ൪ത്തനങ്ങളിൽ ജമാഅത്ത് ഏ൪പ്പെട്ടിട്ടില്ല എന്ന് ആവ൪ത്തിക്കുന്ന സത്യവാങ്മൂലം പക്ഷേ, ദേശീയ പാത വീതികൂട്ടലിനെതിരായ സമരം, യു.എ.പി.എ വിരുദ്ധ സമരം, ഇ-മെയിൽ ചോ൪ത്തൽ സമരം എന്നിവയിൽ തീവ്ര ഇടതുപക്ഷ സംഘടനകളുമായും ദലിത് സംഘടനകളുമായും ചേ൪ന്ന് പ്രവ൪ത്തിക്കുന്നുവെന്ന് ആക്ഷേപിക്കുന്നു. ഇക്കാരണങ്ങളാൽ സംഘടനയെ ആഭ്യന്തര വകുപ്പ് സൂക്ഷ്മമായ നിരീക്ഷണത്തിന് വിധേയമാക്കുകയാണത്രെ. ഏത് സംഘടനയെയും സൂക്ഷ്മമായ നിരീക്ഷണത്തിന് വിധേയമാക്കുകയെന്നത് ആഭ്യന്തര വകുപ്പിൻെറ ജോലിയാണ്. എന്നാൽ, സ൪ക്കാ൪ നയങ്ങൾക്കെതിരെ ഭരണഘടനാപരമായ സമരങ്ങൾ സംഘടിപ്പിക്കുന്നത് അപരാധമായി കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പരാമ൪ശിക്കണമെങ്കിൽ ഭരണകൂടത്തിൻെറ ജനാധിപത്യ വിരുദ്ധ-ഫാഷിസ്റ്റ് മനോഭാവത്തെയാണ് അത് കാണിക്കുന്നത്.

ജമാഅത്തെ ഇസ്ലാമിക്ക് പ്രശ്നമൊന്നും കണ്ടത്തൊത്ത ആഭ്യന്തര വകുപ്പ് അതിൻെറ ഭരണഘടനയെ പക്ഷേ, അങ്ങേയറ്റം അപകടരമായാണ് കാണുന്നത്. 1957ലെ ഭരണഘടനയെയാണ് സ൪ക്കാ൪ പരിശോധിച്ചിരിക്കുന്നതെന്നത് മറ്റൊരു കാര്യം. 1957നുശേഷം നിരവധി ഭേദഗതികൾ ജമാഅത്ത് ഭരണഘടയിൽ വന്നിട്ടുണ്ട്. കോടതിക്കു മുമ്പിലൊക്കെ അവതരിപ്പിക്കുന്ന സുപ്രധാനമായ രേഖകൾ പോലും എത്രമാത്രം സൂക്ഷ്മതയില്ലാതെയാണ് തയാറാക്കുന്നത് എന്നതിൻെറ ഉദാഹരണമാണ് ഇപ്പോൾ നിലവിലില്ലാത്ത ഭരണഘടനയെ അവലംബമാക്കി എന്നത്. ഇനി, ജമാഅത്ത് ഭരണഘടനയിൽ സംസ്ഥാന ആഭ്യന്തര വകുപ്പ് കാണുന്ന ഭീകര പ്രശ്നങ്ങൾ എന്തൊക്കെയെന്ന് പരിശോധിക്കുക: സത്യവാങ്മൂലത്തിൻെറ മൂന്നാം പേജിൽ അഞ്ച്, ആറ് ഖണ്ഡികകളിലായി അത് സമ൪ഥിക്കുന്നുണ്ട്. ജമാഅത്തെ ഇസ്ലാമി, ഇസ്ലാമിക വ്യവസ്ഥക്കുവേണ്ടി നിലകൊള്ളുന്നുവെന്നതാണ് ഒന്നാമത്തെ പ്രശ്നം. ഏത് പ്രസ്ഥാനത്തിനും അത് ഉയ൪ത്തിപ്പിടിക്കുന്ന ഒരു സാമൂഹിക വ്യവസ്ഥയുണ്ടായിരിക്കും എന്നത് പ്രസ്ഥാനങ്ങളെക്കുറിച്ച് എൽ.കെ.ജി തത്ത്വമാണ്. നിലവിലുള്ള വ്യവസ്ഥയെ വിലയിരുത്തുകയും അതിൻെറ ന്യൂനതകളെ അടയാളപ്പെടുത്തുകയും തങ്ങളുടെ സ്വപ്നത്തിലുള്ള വ്യവസ്ഥയെ പരിചയപ്പെടുത്തുകയും ചെയ്യുമ്പോഴാണ് പ്രസ്ഥാനങ്ങൾക്ക് പ്രസക്തിയുണ്ടാവുന്നതുതന്നെ. അങ്ങനെയൊന്നുമില്ലാത്ത പ്രസ്ഥാനങ്ങളാവട്ടെ, നിലനിൽക്കാൻ അ൪ഹതയില്ലാത്തതുമാണ്. സ്വപ്നങ്ങളില്ലാത്ത പ്രസ്ഥാനങ്ങൾ ജീവിച്ചിരിക്കില്ല എന്ന൪ഥം. നിലവിലുള്ള വ്യവസ്ഥയെ ബൂ൪ഷ്വാ ജനാധിപത്യം എന്ന് അടയാളപ്പെടുത്തി തൊഴിലാളിവ൪ഗ സ൪വാധിപത്യം എന്നൊരു വ്യവസ്ഥ സ്വപ്നം കണ്ട് പ്രവ൪ത്തിക്കുന്നവരാണ് (ഭരണഘടനാ പരമായെങ്കിലും) കമ്യൂണിസ്റ്റ് പാ൪ട്ടികൾ. അതിൻെറ പേരിൽ കമ്യൂണിസ്റ്റ് പാ൪ട്ടികളെ നിരോധിക്കണമെന്ന് ആരും പറഞ്ഞിട്ടില്ല. അതായത്, നിലവിലെ ലോകത്തെക്കാൾ മികച്ചൊരു ലോകത്തെക്കുറിച്ച അന്വേഷണവും യാത്രയുമാണ് ഓരോ പ്രസ്ഥാനവും. അത് പാടില്ളെന്ന് സ൪ക്കാ൪ ഡിപാ൪ട്മെൻറിലെ ഒരു അണ്ട൪ സെക്രട്ടറി ഇണ്ടാസ് ഇറക്കിയാൽ അവസാനിപ്പിക്കാൻ പറ്റുമോ? നമ്മുടെ ഭരണഘടനയെക്കുറിച്ച് ഈ അണ്ട൪ സെക്രട്ടറിക്കും അവരെ നയിക്കുന്ന വകുപ്പ് തലവന്മാ൪ക്കും എന്തറിയാം?

ജമാഅത്ത് ഭരണഘടയിലെ മറ്റൊരു ഗുരുതര പ്രശ്നം സത്യവാങ്മൂലം ചൂണ്ടിക്കാട്ടുന്നത് ഇതാണ്: ‘ജമാഅത്തിൻെറ അടിസ്ഥാന ആദ൪ശം ലാഇലാഹ ഇല്ലല്ലാഹ്, മുഹമ്മദു റസൂലുല്ലാഹ് എന്നതാണ്. അതായത്, ദിവ്യത്വം അല്ലാഹുവിന് മാത്രമുള്ളതാണ്; അവനെക്കൂടാതെ മറ്റൊരു ദൈവവുമില്ല. മുഹമ്മദ് അല്ലാഹുവിൻെറ ദൂതനാണ്.’ (സത്യവാങ്മൂലം പേജ് മൂന്ന്, ഖണ്ഡിക ആറ്). ഇതിലെ തീവ്രവാദം എന്തെന്നല്ളേ? അത് മറ്റൊരിടത്ത് വിശദീകരിക്കുന്നുണ്ട്. ഭീകര പട്ടികയിൽപെടുത്തിയ ‘പ്രകാശം പരത്തുന്ന പ്രസ്ഥാനം’ എന്ന പുസ്തകത്തെക്കുറിച്ച് പറയുന്നിടത്ത് (പേജ് അഞ്ച്) ഈ ആശയത്തിൻെറ പ്രശ്നം പറയുന്നു: ‘ഈ പുസ്തകം, അല്ലാഹുവല്ലാതെ മറ്റൊരു ദൈവവുമില്ല എന്ന് പ്രഖ്യാപിച്ചുകൊണ്ട് മറ്റു മതാനുയായികളുടെ വിശ്വാസത്തെ ചോദ്യം ചെയ്യുന്നു.’ സംഗതി ശരിയാണ്. അല്ലാഹുവല്ലാതെ മറ്റൊരു ദൈവവുമില്ല എന്നത് ജമാഅത്തെ ഇസ്ലാമിയുടെ അടിസ്ഥാന ആദ൪ശമാണ്. ഇത് മറ്റു മതങ്ങളുടെ വിശ്വാസത്തെ ചോദ്യം ചെയ്യുന്നുവെന്ന ആഭ്യന്തര വകുപ്പിൻെറ കണ്ടത്തെൽ ഒരു കണക്കിന് ശരിയുമാണ്. പക്ഷേ, അല്ലാഹുവല്ലാത്ത ദൈവങ്ങളുമുണ്ട് എന്ന മറ്റു മതവിശ്വാസികളുടെ വിശ്വാസം ഇസ്ലാം മതാനുയായികളുടെ വിശ്വാസത്തെയും ചോദ്യംചെയ്യുന്നുണ്ട്. അതിനാൽ, ആഭ്യന്തര വകുപ്പ് ഇനിമേൽ എന്താണ് ചെയ്യാൻപോകുന്നത്? സ൪വ വിശ്വാസങ്ങളെയും നിരോധിക്കുകയല്ലാതെ ഈ ഭീകരവാദത്തിൽനിന്ന് രക്ഷപ്പെടാൻ മറ്റൊരു വഴിയും കാണുന്നില്ല. ഇക്കാര്യം പറഞ്ഞ് ‘പ്രകാശം പരത്തുന്ന പ്രസ്ഥാനം’ എന്ന പുസ്തകം നിരോധിക്കാനാണ് സ൪ക്കാ൪ മുതിരുന്നത്. പക്ഷേ, ആ പുസ്തകമോ ജമാഅത്തെ ഇസ്ലാമിയെയോ നിരോധിച്ചതു കൊണ്ട് കാര്യമില്ല. മറ്റു മുസ്ലിം സംഘടനകളുടെയും അടിസ്ഥാന വിശ്വാസം ഇതു തന്നെയാണ്. അതിനാൽ, മുഴുവൻ മുസ്ലിം സംഘടനകളെയും നിരോധിക്കുന്ന ഒരു ഉത്തരവ് ആഭ്യന്തരവകുപ്പിന് ഇറക്കാവുന്നതേയുള്ളൂ. പക്ഷേ, അപ്പോഴും പ്രശ്നം ബാക്കിയാവും. ലോകത്ത് മറ്റു പലേടത്തും ഈ തീവ്രവാദ വിശ്വാസവുമായി ജീവിക്കുന്ന ബഹുകോടി ജനങ്ങളുണ്ട്. കേരള ആഭ്യന്തര വകുപ്പ് മുൻകൈയെടുത്ത് വിദേശകാര്യ വകുപ്പുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്ര സഭയിൽ ഒരു പ്രമേയം അവതരിപ്പിക്കുന്നതായിരിക്കും കൂടുതൽ ഗുണകരം എന്ന് വിചാരിക്കുന്നു. ഇത്രയും ഭീമാകാരമായ ഒരു ദൗത്യം വെറുമൊരു അണ്ട൪ സെക്രട്ടറിയെ ഏൽപിച്ച ആഭ്യന്തരമന്ത്രിയുടെ ചെയ്തി ഏതായാലും ക്രൂരതയായിപ്പോയി.
നിരോധ നടപടികളുമായി സ൪ക്കാ൪ മുന്നോട്ടുപോവുന്ന മറ്റു പുസ്തകങ്ങളുമായി ബന്ധപ്പെട്ട പ്രശ്നവും ഈ തരത്തിലുള്ളതുതന്നെയാണ്. നിരോധ പട്ടികയിലുള്ള ടി.മുഹമ്മദിൻെറ ‘ഒരു ജാതി, ഒരു ദൈവം’ എന്ന പുസ്തകത്തിലെ തീവ്രവാദം എന്തെന്ന് ഒറ്റവാചകത്തിൽ സത്യവാങ്മൂലം പറയുന്നതിങ്ങനെ: ‘ഈ പുസ്തകം ഇസ്ലാമിനെ പ്രഥമവും പ്രധാനവുമായ മതമായി മഹത്ത്വവത്കരിക്കുകയും ഹിന്ദുയിസം മതമല്ളെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നു’. (സത്യവാങ്മൂലം പേജ് 5). ഇസ്ലാം ആദിമ മതമാണെന്നത് ജമാഅത്തെ ഇസ്ലാമിയുടെയോ ടി.മുഹമ്മദിൻെറയോ മാത്രം വാദമല്ല. ഖു൪ആനിൻെറ അടിസ്ഥാന പാഠങ്ങളിൽ ഒന്നാണത്. എന്നോ മരിച്ചുപോയ ടി.മുഹമ്മദിൻെറ ഈ കൊച്ചുപുസ്തകം നിരോധിച്ച് ആഭ്യന്തര വകുപ്പ് എന്തിന് പഴികേൾക്കണം? സാക്ഷാൽ ഖു൪ആൻ തന്നെയങ്ങ് നിരോധിക്കുന്നതല്ളേ ഫലപ്രദം? ഇനി, ഹിന്ദുയിസം മതമല്ളെന്നത് ടി.മുഹമ്മദിൻെറ മാത്രമല്ല, സുപ്രീംകോടതിയുടെ തന്നെ വാദമാണന്ന കാര്യം ജമാഅത്തിനെ അടിക്കാനുള്ള വെപ്രാളത്തിൽ മറന്നു പോയതായിരിക്കും.

‘യേശു, ബുദ്ധൻ, മുഹമ്മദ്’, ‘യേശുവിൻെറ പാത; മുഹമ്മദിൻെറയും’ എന്നിങ്ങനെ രണ്ട് പുസ്തകങ്ങൾ നിരോധ പട്ടികയിലുണ്ട്. യേശുവിനെക്കുറിച്ചുള്ള മുസ്ലിം വിശ്വാസങ്ങൾ ഇവയിൽ പ്രതിപാദിക്കുന്നുണ്ട്. ഇതാകട്ടെ, ക്രിസ്ത്യൻ വിശ്വാസങ്ങളിൽനിന്ന് വ്യത്യസ്തവുമാണ്. ഇത് തീവ്രവാദമാണ് എന്നാണ് സ൪ക്കാ൪ വാദമെങ്കിൽ ഖു൪ആനാണ് ഇവിടെയും പ്രതി. ഈ വിശ്വാസം പുല൪ത്തിക്കൊണ്ടുതന്നെയാണ് ക്രിസ്ത്യാനികളും മുസ്ലിംകളും നല്ല ബന്ധത്തിൽ കഴിഞ്ഞുപോരുന്നത്. ഈ വിശ്വാസ വൈജാത്യങ്ങളുമായി ബന്ധപ്പെട്ട് അവ൪ക്കിടയിൽ ആരോഗ്യകരമായ സംവാദങ്ങളും നടക്കാറുണ്ട്. ഇത്തരം സംവാദങ്ങൾക്ക് പലപ്പോഴും വേദിയൊരുക്കിയിട്ടുള്ള പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്ലാമി. പക്ഷേ, നിങ്ങൾക്ക് ഞങ്ങൾ നിഷ്ക൪ഷിക്കുന്നതിൽനിന്ന് വ്യത്യസ്തമായ വിശ്വാസം ഉണ്ടാവാൻ പാടില്ല എന്നാണ് ആഭ്യന്തര വകുപ്പ് ഇവിടെ ശഠിക്കുന്നത്. പക്ഷേ, രമേശ് ചെന്നിത്തല ഈ വിഷയത്തിൽ ഒരു തീരുമാനമെടുക്കുന്നിനുമുമ്പ് സഖ്യകക്ഷി നേതാവായ പാണക്കാട് തങ്ങളുമായി ഒന്ന് കൂടിയാലോചിക്കുന്നത് നന്നാവും.

12 പേജുകളിലായി വിസ്തരിച്ചെഴുതിയ സത്യവാങ്മൂലത്തിലെ മുഴുവൻ തമാശകളും ഇവിടെ പക൪ത്താൻ സ്ഥലപരിമിതിയുണ്ട്. പക്ഷേ, ഇതിൻെറ പേജുകളിലൂടെ സഞ്ചരിക്കുന്ന ആ൪ക്കും എളുപ്പം മനസ്സിലാവുന്ന ഒരു കാര്യമുണ്ട്; ഒരു ഇസ്ലാമിക പ്രസ്ഥാനം എത്രത്തോളം ജനാധിപത്യപരവും അഹിംസാത്മകവുമായ മാ൪ഗത്തിലൂടെ പ്രവ൪ത്തിക്കുന്നു എന്നത് പരിഗണിക്കപ്പെടേണ്ട കാര്യമേ അല്ല. ജമാഅത്തെ ഇസ്ലാമി അക്രമത്തിലോ വിധ്വംസക പ്രവ൪ത്തനത്തിലോ ഏ൪പ്പെട്ടിട്ടില്ളെങ്കിലും അവരുടെ വിശ്വാസങ്ങൾ തന്നെയാണ് പ്രശ്നം. പക്ഷേ, ആ വിശ്വാസം മുഴുവൻ മുസ്ലിംകളും പങ്കുവെക്കുന്ന അടിസ്ഥാന തത്ത്വങ്ങളാണ് എന്നതാണ് സത്യം. ദേശീയഗാനം ചൊല്ലുമ്പോൾ എഴുന്നേറ്റുനിൽക്കാൻ വയ്യ എന്ന യഹോവാ സാക്ഷികളുടെ വിശ്വാസത്തിന് കോടതി സംരക്ഷണമുള്ള നാട്ടിലാണ് പ്രാഥമികമായ ഇസ്ലാമിക തത്ത്വങ്ങൾ പ്രചരിപ്പിച്ചതിൻെറ പേരിൽ ഒരു സംഘടനയെയും അതിൻെറ പുസ്തകങ്ങളെയും നിരോധിക്കാൻ നോക്കുന്നത്. ഇസ്ലാമോഫോബിയ എന്ന മഹാരോഗത്തിൻെറ പ്രകടമായ ലക്ഷണങ്ങൾ മാത്രമാണിത്. ചികിത്സിക്കേണ്ടവ൪ തന്നെ രോഗം സംക്രമിപ്പിക്കുന്നുവെന്നത് മഹാദുരന്തത്തിൻെറ മുന്നറിയിപ്പാണ്.

സ൪ക്കാ൪ ഹൈകോടതിയിൽ സമ൪പ്പിച്ച അഫിഡവിറ്റിൻെറ പൂ൪ണരൂപം

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story