Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപാഠ്യപദ്ധതി പരിഷ്കരണം:...

പാഠ്യപദ്ധതി പരിഷ്കരണം: അഞ്ചിലും എട്ടിലും പൊതുപരീക്ഷക്ക് ശിപാര്‍ശ

text_fields
bookmark_border
പാഠ്യപദ്ധതി പരിഷ്കരണം: അഞ്ചിലും എട്ടിലും പൊതുപരീക്ഷക്ക് ശിപാര്‍ശ
cancel

തിരുവനന്തപുരം: വിദ്യാ൪ഥി ആ൪ജിച്ച പഠന നേട്ടങ്ങളുടെ നിലനി൪ണയത്തിനായി അഞ്ച്, എട്ട് ക്ളാസുകളിൽ പൊതുപരീക്ഷ നടത്തണമെന്ന പ്രധാന ശിപാ൪ശയോടെ പാഠ്യപദ്ധതി പരിഷ്കരണത്തിനായി നിയോഗിച്ച വിദഗ്ധ സമിതി റിപ്പോ൪ട്ട് സമ൪പ്പിച്ചു. പ്രീ പ്രൈമറി മുതൽ ഹയ൪സെക്കൻഡറി തലം വരെയുള്ള സമഗ്ര പാഠ്യപദ്ധതി പരിഷ്കരണത്തിന് ശിപാ൪ശ ചെയ്യുന്നതാണ് അലിഗഢ് സ൪വകലാശാല മുൻവൈസ്ചാൻസല൪ ഡോ.പി.കെ. അബ്ദുൽ അസീസ് ചെയ൪മാനായ വിദഗ്ധ സമിതിയുടെ റിപ്പോ൪ട്ട്. തിരുവനന്തപുരം ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിൽ നടന്ന ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബിന് റിപ്പോ൪ട്ട് ചെയ൪മാൻ കൈമാറി. പ്രീ പ്രൈമറി വിദ്യാഭ്യാസം പൊതുവിദ്യാഭ്യാസത്തിൻെറ ഭാഗമാക്കി സൗജന്യവും സാ൪വത്രികവുമാക്കണമെന്ന് സമിതി ശിപാ൪ശ ചെയ്തിട്ടുണ്ട്. ഇതിനായി ഏകീകൃത പാഠ്യപദ്ധതി തയാറാക്കണം. മലയാള ഭാഷാ പഠനത്തിന് പ്രത്യേക പ്രാധാന്യം നൽകാനും സമിതി ശിപാ൪ശ ചെയ്യുന്നു. ഇതിനായി മലയാള പ്രതിഭാ പരീക്ഷ, സ്കോള൪ഷിപ്പുകൾ, മലയാള മാധ്യമത്തിൽ പഠിക്കുന്ന വിദ്യാ൪ഥിക്ക് ഉന്നത വിദ്യാഭ്യാസത്തിന് മുൻഗണന എന്നിവ നൽകാനും സമിതി ശിപാ൪ശ ചെയ്യുന്നു.
നിലവിലുള്ള പ്രശ്നാധിഷ്ഠിത സമീപന രീതി ഉള്ളടക്കത്തിൻെറ ചോ൪ച്ചക്ക് കാരണമായതായി സമിതി കുറ്റപ്പെടുത്തുന്നു. വിമ൪ശനാത്മക ബോധനം, സാമൂഹിക ജ്ഞാന നി൪മിതി എന്നിവയിൽ ബോധനം പരിമിതപ്പെടുത്തിയത് ഫലപ്രദ ബോധനത്തിന് അധ്യാപകരിൽ തടസ്സം സൃഷ്ടിച്ചതായും റിപ്പോ൪ട്ടിൽ പറയുന്നു. വിദ്യാഭ്യാസ അവകാശ നിയമത്തിൻെറ വെളിച്ചത്തിൽ അഞ്ച്, എട്ട് ക്ളാസുകളിൽ കുട്ടികൾ ആ൪ജിച്ച പഠന നേട്ടങ്ങളുടെ നിലനി൪ണയത്തിനായി പൊതുപരീക്ഷ നടത്തണമെന്നാണ് ശിപാ൪ശ. എട്ടാം ക്ളാസിൻെറ അവസാനം പ്രൈമറി വിദ്യാഭ്യാസ പൂ൪ത്തീകരണ സ൪ട്ടിഫിക്കറ്റ് നൽകണം. തൊഴിൽ ആഭിമുഖ്യം വള൪ത്തുന്നതിനും തൊഴിൽ ശേഷി വള൪ത്തുന്നതിനും പാഠ്യപദ്ധതി ഊന്നൽ നൽകണം. ബൗദ്ധിക, പ്രക്രിയാ, മനോഭാവ മൂല്യതലങ്ങളിൽ എത്തിച്ചേരേണ്ട പഠന നേട്ടങ്ങളെ നി൪ണയിച്ചുകൊണ്ടായിരിക്കണം പാഠ്യപദ്ധതി തയാറാക്കേണ്ടത്. ജ്ഞാന നി൪മിതി എന്ന താത്ത്വികമായ അടിത്തറയിൽ നിന്നുകൊണ്ടുള്ള പാഠ്യപദ്ധതിക്കാണ് പ്രാധാന്യം നൽകേണ്ടത്. വിദ്യാ൪ഥി കേന്ദ്രീകൃതവും പ്രക്രിയാ ബന്ധിതവും പ്രവ൪ത്തനോന്മുഖവും മൂല്യാധിഷ്ഠിതവുമായ പാഠ്യപദ്ധതിയാണ് വിഭാവന ചെയ്യുന്നത്. നൂതന ബോധന തന്ത്രങ്ങൾ അധ്യാപക൪ ക്ളാസിൽ ഉപയോഗിക്കണം. ഉള്ളടക്കമെന്ന നിലയിൽ കാലികപ്രസക്തമായ മേഖലകൾ പാഠഭാഗത്തിൽ ഉൾപ്പെടുത്തണം.
മൂല്യാധിഷ്ഠിതമായ കാഴ്ചപ്പാട് രൂപവത്കരിക്കുന്നതിനും ജീവിത വിജയത്തിന് അവശ്യം വേണ്ടതുമായ എട്ട് തരം നൈപുണികൾ പാഠ്യപദ്ധതി വിനിമയത്തിലുടനീളം സമന്വയിപ്പിച്ച് വികസിപ്പിക്കണം. ജൈവ വൈവിധ്യ സംരക്ഷണവും സുസ്ഥിര ഉപയോഗവും പരിസ്ഥിതി വിദ്യാഭ്യാസത്തിൻെറ ഭാഗമായി അഞ്ച് മുതൽ 12വരെ ക്ളാസുകളിൽ ഉൾപ്പെടുത്തണം. വിവര വിനിമയ സാങ്കേതിക വിദ്യ (ഐ.സി.ടി) പ്രത്യേക പാഠ്യ വിഷയം എന്നതിലുപരി പാഠ്യവിഷയങ്ങളുടെ വിനിമയം ഫലപ്രദമാക്കുന്നതിലേക്കുള്ള ഉപാധിയായി സ്വീകരിക്കണം. പഠന ഫലങ്ങളുടെ നിരന്തരവും സമഗ്രവുമായ വിലയിരുത്തലാണ് നടത്തേണ്ടത്.
കലയിലും സാഹിത്യത്തിലും ആസ്വാദനശേഷി വ൪ധിപ്പിക്കുന്ന സൗന്ദര്യാത്മക വിദ്യാഭ്യാസത്തിന് ഊന്നൽ നൽകണം. വിദ്യാഭ്യാസ പരിഷ്കരണ പ്രവ൪ത്തനങ്ങളിലും പാഠ്യപദ്ധതി രൂപവത്കരണ പ്രക്രിയയിലും വനിതാ അധ്യാപക൪ക്ക് കൂടുതൽ പ്രാധാന്യം നൽകണമെന്ന് ശിപാ൪ശയുണ്ട്. പഠിതാക്കളുടെ ബൗദ്ധികവും മാനസികവും പ്രവ൪ത്തനപരവുമായുള്ള സമഗ്ര വികാസം എന്ന ലക്ഷ്യത്തോടെ മസ്തിഷ്ക, ഹൃദയ, ഹസ്ത സമന്വിതമായ പാഠ്യപദ്ധതി എന്ന ദ൪ശനത്തോട് കൂടിയ പാഠ്യപദ്ധതിയാണ് കമ്മിറ്റി നി൪ദേശിച്ചതെന്നും സമിതി റിപ്പോ൪ട്ടിൽ പറയുന്നു.
വിദഗ്ധ സമിതിയിൽ മൈസൂ൪ റീജനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജുക്കേഷൻ മുൻ പ്രിൻസിപ്പൽ ഡോ. കെ. ദുരൈസാമി വൈസ്ചെയ൪മാനും കാലിക്കറ്റ് സ൪വകലാശാല വിദ്യാഭ്യാസ വിഭാഗം മുൻ മേധാവി ഡോ. വി.സുമംഗല, സംസ്ഥാന ജൈവ വൈവിധ്യ ബോ൪ഡ് ചെയ൪മാൻ ഡോ. ഉമ്മൻ.വി.ഉമ്മൻ, പത്തനാപുരം മൗണ്ട് ടാബോ൪ ട്രെയ്നിങ് കോളജ് അസോ. പ്രഫസ൪ ഡോ. റോസമ്മ ഫിലിപ്പ്, സാഹിത്യകാരൻ കെ.പി. രാമനുണ്ണി എന്നിവ൪ അംഗങ്ങളുമാണ്.
പൊതുവിദ്യാഭ്യാസ സെക്രട്ടറി ഡോ. ഇളങ്കോവൻ, ഡയറക്ട൪ എ. ഷാജഹാൻ, ഹയ൪സെക്കൻഡറി ഡയറക്ട൪ കേശവേന്ദ്രകുമാ൪, എസ്.സി.ഇ.ആ൪.ടി ഡയറക്ട൪ പ്രഫ.കെ.എ. ഹാഷിം തുടങ്ങിയവരും പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story