Sun, 08/11/2013 - 11:59 ( 2 years 8 weeksago)
അമ്പെയ്ത്ത് മൈതാനത്തിന് ശരശയ്യ
(+)(-) Font Size

കല്‍പറ്റ: കേരളം ആതിഥേയത്വം വഹിക്കുന്ന ദേശീയ ഗെയിംസ് അടുത്ത വര്‍ഷം നടക്കാനിരിക്കെ ഗെയിംസിന്‍െറ അമ്പെയ്ത്ത് (ആര്‍ച്ചറി) മത്സരങ്ങള്‍ നടത്താന്‍ നിശ്ചയിച്ച വയനാട്ടിലെ കേന്ദ്രത്തിന്‍െറ പണി ശരശയ്യയില്‍. അന്താരാഷ്ട്ര നിലവാരമുള്ള ആര്‍ച്ചറി അക്കാദമി തുടങ്ങാന്‍ പദ്ധതിയിട്ട പുല്‍പള്ളിയിലെ എട്ട് ഏക്കറില്‍ താല്‍ക്കാലിക മൈതാനമല്ലാതെ മറ്റൊന്നുമില്ല. ഇതിനടുത്ത് വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്പോര്‍ട്സ് ഹോസ്റ്റലിലെ താരങ്ങള്‍ക്ക് പരിശീലനത്തിന് ഉന്നം പിടിക്കാനുള്ള നാല് സ്റ്റാന്‍ഡുകളുമുണ്ട്.
പുല്‍പള്ളി പഞ്ചായത്തിന്‍െറ ഉടമസ്ഥതയിലുണ്ടായിരുന്ന കോളറാട്ടുകുന്ന് താഴെയങ്ങാടിയിലെ എട്ട് ഏക്കര്‍ 2009ലാണ് സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിന് കൈമാറിയത്. സ്റ്റേഡിയം, താരങ്ങള്‍ക്കും ഒഫീഷ്യലുകള്‍ക്കുമുള്ള ഭക്ഷണ-താമസസൗകര്യം, പരിശീലന കേന്ദ്രം തുടങ്ങിയവയുള്ള അന്താരാഷ്ട്രനിലവാരമുള്ള ആര്‍ച്ചറി അക്കാദമി തുടങ്ങുമെന്ന ധാരണയിലാണ് പഞ്ചായത്ത് സ്ഥലം കൈമാറിയത്. സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (സായി) സഹായത്തോടെ 150 കോടി രൂപ ചെലവില്‍ സ്പോര്‍ട്സ് കൗണ്‍സില്‍ അക്കാദമി നിര്‍മിക്കുമെന്നായിരുന്നു കരാര്‍. മൂന്ന് വര്‍ഷത്തിനകം നിര്‍മാണം തുടങ്ങിയിട്ടില്ലെങ്കില്‍ സ്ഥലം പഞ്ചായത്ത് തന്നെ തിരിച്ചെടുക്കുമെന്നും വ്യവസ്ഥയുണ്ടായിരുന്നു.
എന്നാല്‍, വര്‍ഷങ്ങള്‍ ിന്നിട്ടിട്ടും നിര്‍മാണം തുടങ്ങാത്തതിനാല്‍ ഭൂമി തിരിച്ചുപിടിക്കാന്‍ കഴിഞ്ഞ ജൂണില്‍ പഞ്ചായത്ത് തീരുമാനിച്ചിരുന്നു.നിശ്ചിത സമയത്ത് പണി പൂര്‍ത്തിയാകുമെന്ന പ്രതീക്ഷയില്‍ ദേശീയ ഗെയിംസിന്‍െറ അമ്പെയ്ത്ത് മത്സരങ്ങള്‍ വയനാട്ടില്‍ നടത്താന്‍ നിശ്ചയിച്ചത് കൂനിന്മേല്‍ കുരുവുമായി.
നിര്‍മാണപ്രവൃത്തിക്കുള്ള ടെന്‍ഡര്‍ കരാറുകാര്‍ ഏറ്റെടുക്കാത്തതിനാലാണ് നിര്‍മാണം വൈകുന്നതെന്നാണ് സ്പോര്‍ട്സ് കൗണ്‍സിലിന്‍െറ വിശദീകരണം. അന്തര്‍ദേശീയ നിലവാരമുള്ള നിര്‍മാണമായതിനാല്‍ പ്രത്യേക സാങ്കേതിക വിദ്യയാണ് ഉപയോഗിക്കേണ്ടത്. ഇത്തരം സംവിധാനം കേരളത്തിലെ കരാറുകാര്‍ക്കില്ല. ദേശീയ ഗെയിംസ് സെക്രട്ടേറിയറ്റിന്‍െറ മേല്‍നോട്ടത്തില്‍ കായിക യുവജനകാര്യവകുപ്പ് കഴിഞ്ഞ ഏപ്രില്‍ ഒമ്പതിനും 62 ലക്ഷം രൂപയുടെ ടെന്‍ഡര്‍ ക്ഷണിച്ചിരുന്നു. കുറഞ്ഞ തുകയുടെ പണി ആയതിനാല്‍ കേരളത്തിന് പുറത്തുള്ള കരാറുകാരും പണി ഏറ്റെടുത്തില്ല.
കഴിഞ്ഞ ജൂണ്‍ 25ന് തിരുവനന്തപുരത്ത് നടന്ന ടെന്‍ഡറില്‍ ഒരു കമ്പനി കരാര്‍ ഏറ്റെടുത്തെന്നും പണി ഉടന്‍ തുടങ്ങുമെന്നും സ്പോര്‍ട്സ് കൗണ്‍സില്‍ അധികൃതര്‍ പറയുന്നു. ദേശീയ ഗെയിംസിന്‍െറ എന്‍ജിനീയറിങ് വിഭാഗം കഴിഞ്ഞദിവസം പുല്‍പള്ളിയിലെ പദ്ധതി പ്രദേശം സന്ദര്‍ശിച്ചിരുന്നു. അക്കാദമി നിശ്ചിത സമയത്തിനുള്ളില്‍ പ്രവര്‍ത്തനസജ്ജമായാല്‍ മാത്രം അമ്പെയ്ത്ത് മത്സരം ഇവിടെ നടത്താമെന്ന നേരിയ പ്രതീക്ഷ മാത്രമാണുള്ളത്. ഇല്ലെങ്കില്‍ എറണാകുളത്ത് മത്സരങ്ങള്‍ നടത്താനാണ് ആലോചന.
 

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus