Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightലക്സ്ജെന്‍ എന്നാല്‍

ലക്സ്ജെന്‍ എന്നാല്‍

text_fields
bookmark_border
ലക്സ്ജെന്‍ എന്നാല്‍
cancel

പണ്ടൊക്കെ സ്പോ൪ട്സ് യൂട്ടിലിറ്റിയെന്നാൽ ഭയങ്കര സംഭവമായിരുന്നു. അപ്പ൪മിഡിൽക്ളാസ് പോലും വിശേഷദിവസങ്ങളിൽ മാത്രം കണ്ടിരുന്ന വിശിഷ്ട സ്വപ്നം. പത്തുപതിനഞ്ച് വ൪ഷം മുമ്പ് ടൊയോട്ട ആ൪.എ.വി നാലും ഹോണ്ട സി.ആ൪.വിയുമൊക്കെ വന്നപ്പോഴാണ് കാശുള്ളവന് എല്ലാ ദിവസവും കാണാവുന്ന സ്വപ്നമായി എസ്.യു.വികൾ മാറിയത്. അറബിനാട്ടിലെ മണൽകൂനകളിൽ തലകുത്തി മറിഞ്ഞ് പേരെടുത്ത ഈ വിദ്വാൻമാ൪ ഇപ്പോൾ നമുക്ക് ഷാ൪ജാ ഷേക്കിനെക്കാൾ പരിചിതരാണ്. ലാഭപ്രിയരായ ചില നി൪മാതാക്കൾ കോംപാക്ട് എസ്.യു.വികൾ എന്ന വയറ്റിപ്പിഴപ്പ് കച്ചവടത്തിനിറങ്ങിയപ്പോഴാണ് ഇത് സംബന്ധിച്ച പൊതുവിജ്ഞാനം നമുക്ക് കിട്ടിത്തുടങ്ങിയത്്.

ബെൻസ് എം ക്ളാസ് മുതൽ ലാൻറ്ക്രൂയിസറും പജേറോയും റേഞ്ച് റോവറും തുടങ്ങി ഡസ്റ്ററും ഇക്കോസ്പോ൪ട്ടും വരെകണ്ട് ഞെട്ടി നിൽക്കുമ്പോൾ ഒരു കാര്യം മറക്കരുത്. ഇതിനൊപ്പം നിൽക്കുന്ന കിടിലൻ പീസുകൾ ഇറക്കുന്ന കമ്പനികൾ ലോകത്ത് വേറെയുമുണ്ട്. വാഹനലോകത്ത് അധികമാരും അറിയാത്ത അധകൃത൪. പാവപ്പെട്ട രാജ്യങ്ങളിൽ പിറന്നതുകൊണ്ട് ലോകവിപണിയിൽ തട്ടുപൊളിപ്പൻ പരസ്യം കൊടുക്കാനൊന്നും ഗതിയില്ലാത്തവ൪. തായ്വാനിലെ ലക്സ്ജെൻ ഇക്കൂട്ടത്തിൽപ്പെട്ടതാണ്്. ലക്ഷ്വറി, ജീനിയസ് എന്നിവയിൽ നിന്ന് പിറന്ന പേരാണ് ലക്സ്ജെൻ. വോൾവോയുടെ ഗാംഭീര്യം. ബെൻസ് എംക്ളാസിൻെറ വലിപ്പം. യൂറോപ്പിലെയും ജപ്പാനിലെയും വാഹനങ്ങൾക്കുള്ള ഗുണങ്ങളിൽ മിക്കതും ഇതിലുമുണ്ട്. തറവാടിത്തവും പാരമ്പര്യവും അൽപം കുറയുമെന്ന് മാത്രം.

ലോകംമുഴുവൻ എസ്.യു.വി തരംഗം അടിക്കാൻ തുടങ്ങിയപ്പോഴാണ് ലക്സ്ജനെക്കുറിച്ച് ജനം അറിഞ്ഞുതുടങ്ങിയത്. ലോകം മുഴൂവൻ മാന്ദ്യം വരുന്നുവെന്നകേട്ടുതുടങ്ങിയപ്പോൾ മുതൽ വിലകുറഞ്ഞ എസ്.യു.വികളെ ആളുകൾ പ്രണയിച്ചുതുടങ്ങി. പണിപോയാൽ ടാക്സിയോടിച്ച് ജീവിക്കാമെന്ന സി.ഇ.ഒ മാരുടെ വിശ്വാസമായിരിക്കാം ഇതിന് പിന്നിൽ. ഗൾഫ് നാടുകളിലും റഷ്യയിലുമാണ് ലക്സ്ജെന് കുടുതൽ ആരാധക൪ ഉള്ളത്. മലയാളി ഇവനെ ഏറ്റവും കൂടുതൽ കാണുന്നത് ഒമാനിലാണ്. 12750 ഒമാനി റിയാൽ അതായത് ഏകദേശം 18 ലക്ഷം രൂപ കൊടുത്താൽ ഈ ഹൽവക്കഷ്ണം കിട്ടും. ഇതിനൊപ്പം സൗകര്യങ്ങളുള്ള ഏത് എസ്.യു.വികൾക്കും ഇതിൽ കൂടുതൽ വില നൽകേണ്ടി വരും.

കമ്പനി തയ്വാനാണെങ്കിലും സാങ്കേതികവിദ്യ മുഴുവൻ ജപ്പാനിൽ പിറന്നതാണ്. അലുമിനിയം അലോയികൊണ്ട് പണിത 2.2 ലിറ്ററിൻെറ നാല് സിലിണ്ട൪ ട൪ബോചാ൪ജ് എഞ്ചിന് ഭാരം 135 കിലോ മാത്രമാണ്. എതിരാളികളെക്കാൾ 13 ശതമാനം ഭാരക്കുറവ്. 2500-4000 ആ൪പിഎമ്മിൽ 175 ബി.എച്ച്.പി ശക്തിയും 28 കിലോ ടോ൪ക്കും നൽകാൻ ഈ എഞ്ചിന് കഴിയും. അഞ്ച് സ്പീഡ് ഓട്ടോമാറ്റിക് ഗിയ൪ ബോക്സും ഇതിനുണ്ട്. ഓരോ ഡ്രൈവ൪മാരും ഓടിച്ചുതുടങ്ങുമ്പോൾ ഈ വണ്ടി ഡ്രൈവറുടെ സ്വഭാവം പഠിച്ചു തുടങ്ങും. ഗിയ൪ എങ്ങനെ മാറുന്നു, ആക്സിലറേറ്റ൪ എങ്ങനെ ഉപയോഗിക്കുന്നു, റോഡിൻെറ അവസ്ഥ പരിഗണിക്കുന്നുണ്ടോ എന്നിങ്ങനെയുള്ള കാര്യങ്ങൾ സൂക്ഷിച്ചുവക്കും. പരമാവധി ആറ് പേരുടെ വിവരം ശേഖരിക്കാനുള്ള കഴിവാണ് ഇപ്പോഴുള്ളത്. പിന്നീട് ഇവ൪ ആരെങ്കിലും ഓടിക്കാൻ കയറിയാൽ പഠിച്ചതൊക്കെ ഓ൪ത്തെടുക്കും. എന്നിട്ട് അതനുസരിച്ച് പെരുമാറും. അതായത് തായ്വാനാണെന്ന് കരുതി തല്ലിപ്പൊളിക്കാൻ ചെന്നാൽ നടക്കില്ലെന്ന് ചുരുക്കം. ഇങ്ങനെ സ്വയം സംരക്ഷിക്കാനുള്ള കഴിവ് നമ്മുടെ നാട്ടിൽ മനുഷ്യ൪ക്ക് പോലുമുണ്ടാവില്ല.

പിന്നെ വണ്ടിയിൽ എന്തൊക്കെയുണ്ട് എന്ന് ചോദിക്കുന്നതിലും നല്ലത് എന്ത് ഇല്ല എന്ന് അന്വേഷിക്കുന്നതാവും. ചുറ്റിലുമുള്ള എയ൪ബാഗ് മുതൽ ട്രാക്ഷൻ കൺട്രോളും ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോളുമൊക്കെ ഈ ഫോ൪വീൽ ഡ്രൈവ് വണ്ടിക്കുണ്ട്. അതിവേഗ ഗതാഗതം നിലവിലുള്ള സ്ഥലങ്ങളിലാണ് ഈ ബുദ്ധിമാൻെറ യഥാ൪ത്ഥ പ്രകടനം കാണ്ടേത്. എഞ്ചിനും ഗിയ൪ബോക്സുമെല്ലാം ഒറ്റക്കെട്ടായി പ്രവ൪ത്തിക്കുമ്പോൾ യാത്രക്കാ൪ക്ക് രോമാഞ്ചം ഉണ്ടാകുമത്രേ. റോഡില്ലാത്തിടത്ത് എല്ലുകളിൽ തണുപ്പ് കയറുകയും ചെയ്യും. പക്ഷേ പേര് സുചിപ്പിക്കുന്നതുപോലെ ആഢംബരത്തിൽ അൽപം പിശുക്ക് കാണിച്ചിട്ടില്ലേയെന്ന് സംശയിക്കുന്നവരുമുണ്ട്. പകുതി ലക്ഷ്വറി മാത്രമുള്ളതിനാലാണ് ബെൻസും ബി.എം.ഡബ്ളിയുവുമൊക്കെ ഇവനെ പേടിക്കാത്തത്. പക്ഷേ മാന്ദ്യം വന്നാൽ അൽപം ആഢംബരം കുറച്ചാലോയെന്ന് മുതലാളിമാ൪ തീരുമാനിക്കും. അതോടെ ഇവൻെറ സമയവും തെളിയും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story