12:30:26
06 Oct 2015
Tuesday
Facebook
Google Plus
Twitter
Rssfeed

മൂന്നാം ബദലിനെക്കുറിച്ച ചര്‍ച്ചകള്‍

മൂന്നാം ബദലിനെക്കുറിച്ച ചര്‍ച്ചകള്‍

ലോക് സഭാ തെരഞ്ഞെടുപ്പിന് കഷ്ടിച്ച് ഒരു വര്‍ഷം അവശേഷിക്കെ പ്രധാനമായും രണ്ട് ചോദ്യങ്ങളാണ് ദേശീയ രാഷ്ട്രീയത്തില്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. ഒന്ന്, നിലവിലെ യു.പി.എ സര്‍ക്കാര്‍ കാലാവധി തികക്കുമോ അതോ ഇടക്കാല തെരഞ്ഞെടുപ്പ് വേണ്ടിവരുമോ? രണ്ട് കോണ്‍ഗ്രസിതര, ബി.ജെ.പിയിതര മൂന്നാം മുന്നണി അഥവാ മൂന്നാം ബദല്‍ ഇത്തവണയെങ്കിലും യാഥാര്‍ഥ്യമാവുമോ? ശ്രീലങ്കന്‍ തമിഴര്‍ നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ പ്രശ്നത്തില്‍ ഉടക്കി പതിനെട്ടംഗ ഡി.എം.കെ പാര്‍ലമെന്ററി ഗ്രൂപ് യു.പി.എ സര്‍ക്കാറിന് നല്‍കിവന്ന സഹകരണവും പിന്തുണയും പിന്‍വലിക്കുകയും മന്‍മോഹന്‍ സിങ് സര്‍ക്കാര്‍ ന്യൂനപക്ഷമാവുകയും ചെയ്തതിനെ തുടര്‍ന്നുളവായ അനിശ്ചിതത്വം തുടരുന്നതുകൊണ്ടാണ് കാലാവധി തികക്കുന്നതിനെക്കുറിച്ച ചോദ്യം പ്രസക്തമാവുന്നത്. തല്‍ക്കാലം മുലായംസിങ് യാദവിന്റെ സമാജ്വാദി പാര്‍ട്ടിയും മായാവതിയുടെ ബി.എസ്.പിയും പുറമെനിന്ന് പിന്തുണക്കുന്നതുകൊണ്ട് യു.പി.എ മന്ത്രിസഭക്ക് ഉടനടി ഭീഷണിയില്ലെന്നു പറയാമെങ്കിലും സമാജ്വാദി പാര്‍ട്ടി-കോണ്‍ഗ്രസ് ബന്ധങ്ങള്‍ ആടിയുലയുന്നതുമൂലം ഭീഷണി ഇപ്പോഴും നിലനില്‍ക്കുന്നുവെന്ന് കരുതാനാണ് ന്യായം. മന്ത്രി ബേനിപ്രസാദ് വര്‍മയുടെ മുലായം വിരോധം പലതവണ മറനീക്കി പുറത്തുവന്നുകൊണ്ടിരിക്കെ ഇരു പാര്‍ട്ടികള്‍ക്കുമിടയിലെ അസ്വാരസ്യങ്ങള്‍ ഒതുക്കിത്തീര്‍ക്കുന്നതില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നീക്കങ്ങള്‍ സഫലമാവുന്നില്ല. മുലായം യു.പി.എക്ക് നല്‍കിവരുന്ന പിന്തുണ പിന്‍വലിച്ചേക്കാമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് സൂചന നല്‍കുന്നതോടൊപ്പം, എന്നാലും തന്റെ മന്ത്രിസഭ വീഴില്ലെന്ന് ആശ്വസിക്കുകയാണദ്ദേഹം. മുഖ്യ പ്രതിപക്ഷമായ ബി.ജെ.പി ഒരവിശ്വാസപ്രമേയത്തിലൂടെ യു.പി.എ സര്‍ക്കാറിനെ താഴെയിറക്കാന്‍ തയാറല്ലെന്നതാവാം അദ്ദേഹത്തിന്റെ ആശ്വാസത്തിനടിസ്ഥാനം. മമത ബാനര്‍ജിയുടെ ചാഞ്ചാട്ടവും അദ്ദേഹത്തിന് പ്രതീക്ഷ നല്‍കുന്നുണ്ടാവാം. ഒരിടക്കാല തെരഞ്ഞെടുപ്പിലേക്ക് പെട്ടെന്നെടുത്തുചാടി ഭാഗ്യം പരീക്ഷിക്കാന്‍ ഒരു പാര്‍ട്ടിയും ഇപ്പോള്‍ ഒരുക്കമല്ലെന്നാണ് ഈയഭിപ്രായ പ്രകടനങ്ങളുടെയെല്ലാം ആകത്തുക.
അതേയവസരത്തില്‍, കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെന്നപോലെ ഇത്തവണയും ഒരു മൂന്നാം മുന്നണിയെക്കുറിച്ച ചര്‍ച്ചയും അത് തട്ടിക്കൂട്ടാനുള്ള നീക്കങ്ങളും വീണ്ടും സജീവമാണ്. പക്ഷേ സുപ്രധാന വികസന, സാമ്പത്തിക, വിദേശ നയങ്ങളുടെ കാര്യത്തില്‍ മുഖ്യ ദേശീയ കക്ഷികളായ കോണ്‍ഗ്രസും ബി.ജെ.പിയും തമ്മില്‍ കാതലായ അഭിപ്രായവ്യത്യാസങ്ങളില്ലെന്നിരിക്കെ, രണ്ടിനും ബദലായി ഒരു ജനപക്ഷ മതേതര ബദല്‍ എന്ന ആശയത്തിലധിഷ്ഠിതമായ മുന്നണിയെക്കുറിച്ച അന്വേഷണമോ ആ ദിശയിലുള്ള ഗൗരവാവഹമായ നീക്കങ്ങളോ ദൃശ്യമല്ലെന്നതാണ് ഏറ്റവും പ്രകടമായ യാഥാര്‍ഥ്യം. പകരം, യു.പി.എയുടെയും എന്‍.ഡി.എയുടെയും ആഗോളീകരണ-ഉദാരീകരണ സാമ്പത്തിക നയങ്ങള്‍ക്കും സാമ്പത്തിക പരിഷ്കരണം എന്ന പേരിട്ട നവ മുതലാളിത്ത അജണ്ടക്കും അമേരിക്ക, ഇസ്രായേല്‍ കൂട്ടുകെട്ടിന്റെ പക്ഷംചേര്‍ന്നുള്ള വിദേശനയത്തിനും ന്യൂനപക്ഷവിരുദ്ധമായ ആഭ്യന്തര നിലപാടുകള്‍ക്കും ഒരു കാരണത്താലല്ലെങ്കില്‍ മറ്റൊരു കാരണത്താല്‍ പലപ്പോഴും പിന്തുണ നല്‍കിവന്ന പ്രാദേശിക കക്ഷികളാണ് മൂന്നാം മുന്നണിയെക്കുറിച്ച് സംസാരിക്കുന്നത്. അമേരിക്കയുമായി ആണവകരാറില്‍ ഒപ്പിട്ടതിന്റെ പേരില്‍ ഒന്നാം യു.പി.എ സര്‍ക്കാറിന് നല്‍കിവന്ന പിന്തുണ ഇടതുപക്ഷം പിന്‍വലിച്ച സന്ദിഗ്ധഘട്ടത്തില്‍ ആ സര്‍ക്കാറിന്റെ രക്ഷക്കെത്തിയ പാര്‍ട്ടിയാണ് സമാജ്വാദി. ഇപ്പോഴും മുഖ്യവിഷയങ്ങളില്‍ വലതുപക്ഷത്തിന്റേതിന് വിരുദ്ധമായ നയനിലപാടുകള്‍ മുലായം സിങ് യാദവിനോ അദ്ദേഹത്തിന്റെ പാര്‍ട്ടിക്കോ ഇല്ല. വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ പതിവ് മുറപ്രകാരം അദ്ദേഹം ചിലപ്പോള്‍ മുസ്ലിം ന്യൂനപക്ഷത്തിനനുകൂലമായി സംസാരിക്കാറുണ്ട് എന്നേയുള്ളൂ വ്യത്യാസം. ഇക്കാര്യത്തില്‍ ബംഗാളിലെ മമത ബാനര്‍ജിയോ ബിഹാറിലെ നിതീഷ് കുമാറോ ഒഡിഷയിലെ ബിജു പട്നായിക്കോ ഒന്നും മൗലികമായി വ്യത്യസ്ത നിലപാടുകളുള്ളവരല്ല. തമിഴ്നാട്ടിലെ ജയലളിതയാകട്ടെ എന്‍.ഡി.എയുടെ പക്ഷത്ത് നിലയുറപ്പിക്കാന്‍ ഒട്ടും സംശയിക്കാത്ത മാനസികാവസ്ഥയിലാണു താനും. ആന്ധ്രയിലെ ടി.ആര്‍.എസ്, ടി.ഡി.പി, ജഗന്‍മോഹന്‍ കോണ്‍ഗ്രസ് എന്നിവയിലൊന്നും അവയുടെ നേതാക്കളുടെ വ്യക്തി താല്‍പര്യങ്ങള്‍ക്കതീതമായ ദേശീയ കാഴ്ചപ്പാടുള്ളവരല്ലെന്നും വ്യക്തമാണ്. ഇവരെയൊക്കെ കൂട്ടുപിടിച്ചാണ് മൂന്നാം മുന്നണിയുണ്ടാക്കാന്‍ ശ്രമം നടക്കുന്നത് എന്നതുകൊണ്ട് അര്‍ഥവത്തായ ഒരു മൂന്നാം ബദലിനെക്കുറിച്ച സ്വപ്നം കേവലം പകല്‍ക്കിനാവായി അവശേഷിക്കുകയേ ചെയ്യൂ. തന്നെയല്ല, ഈയിനത്തില്‍പ്പെട്ട പാര്‍ട്ടികളൊന്നിനും സ്വന്തം സംസ്ഥാന സീമകള്‍ക്കപ്പുറത്ത് വേരുകളില്ല എന്നതുകൊണ്ട് മിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ കൂട്ടായി തെരഞ്ഞെടുപ്പിനെ നേരിടാനുള്ള സാധ്യതപോലും വിദൂരമാണ്. ഇടതുപക്ഷമാകട്ടെ, മുമ്പെന്നത്തേക്കാളും ബലഹീനമാണ് എന്നതിനുപുറമെ അവിയല്‍ പാകത്തിലുള്ള തട്ടിക്കൂട്ട് മുന്നണിക്ക് തങ്ങളില്ലെന്ന് പലപ്പോഴും വ്യക്തമാക്കിയിട്ടുമുണ്ട്. ഒപ്പം, സി.പി.എമ്മും സി.പി.ഐയും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഇടതുജനാധിപത്യ ബദലിലെ ചേരുവകള്‍ ഏതെന്ന് ഇനിയും കണ്ടെത്തിയിട്ടു വേണം. ചുരുക്കത്തില്‍, തെരഞ്ഞെടുപ്പിനുശേഷം സംജാതമാവാനിടയുള്ള രാഷ്ട്രീയാസ്ഥിരതയും അനിശ്ചിതത്വവും മുന്നില്‍ക്കണ്ട് വിലപേശല്‍ തന്ത്രത്തിലൂടെ പ്രധാനമന്ത്രിമോഹം പൂവണിയിക്കാനുള്ള ചില പ്രാദേശിക കക്ഷിനേതാക്കളുടെ കണക്കുകൂട്ടലുകളും കരുനീക്കങ്ങളും എന്നതില്‍കവിഞ്ഞ പ്രസക്തിയോ സാധ്യതയോ മൂന്നാം മുന്നണി ചര്‍ച്ചകള്‍ക്കും ശ്രമങ്ങള്‍ക്കുമില്ല എന്ന് വിലയിരുത്തുന്നതാണ് ശരി.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus