തിരുവനന്തപുരം: നാടാര്‍ സമുദായത്തിന്‍െറ കുത്തക ഏതെങ്കിലും സാമുദായിക സംഘടനക്ക് മാത്രമായി അവകാശപ്പെട്ടതല്ലെന്നും കടലാസ് സംഘടനകളുടെ അപ്രായോഗിക ആവശ്യങ്ങള്‍ ഏറ്റുപിടിച്ച് കൈയടി നേടാനുള്ള ശ്രമങ്ങളില്‍ നിന്ന് യു.ഡി.എഫ് നേതാക്കള്‍ വിട്ടുനില്‍ക്കണമെന്നും ആര്‍.ശെല്‍വരാജ് എം.എല്‍.എയും എ.ടി. ജോര്‍ജ് എം.എല്‍.എയും സംയുക്തപ്രസ്താവനയില്‍ ആവശ്യപ്പെട്ടു. നാടാര്‍ സമുദായത്തിന് ആറുമാസത്തിനകം നീതി ലഭ്യമാക്കിയില്ലെങ്കില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാറിനെ താഴെയിറക്കണമെന്ന് കഴിഞ്ഞദിവസം വി.എസ്.ഡി.പിയുടെ പരിപാടിയില്‍ പങ്കെടുത്ത് ചീഫ് വിപ്പ് പി.സി. ജോര്‍ജ് അഭിപ്രായപ്പെട്ടിരുന്നു.
നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്‍െറ പരാജയം ഉറപ്പിക്കാന്‍ കഴിയുന്നതെല്ലാം ചെയ്തവരാണ് ഇവരെന്നത് നാട്ടുകാര്‍ മറന്നിട്ടില്ല. ഉപതെരഞ്ഞെടുപ്പ് വേളയില്‍ അകാരണമായി മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കെ.പി.സി.സി പ്രസിഡന്‍റിനെയും വഴിയില്‍ തടയുന്നതടക്കമുള്ള സമരപരിപാടികള്‍ സംഘടിപ്പിച്ച് എല്‍.ഡി.എഫിന്‍െറ വിജയത്തിനായി പ്രവര്‍ത്തിച്ചവര്‍ ഇപ്പോള്‍ യു.ഡി.എഫുമായി ചങ്ങാത്തം കൂടാന്‍ ശ്രമിക്കുന്നത് അപഹാസ്യമാണെന്നും എം.എല്‍.എമാര്‍ ചൂണ്ടിക്കാട്ടി. വിവിധ ക്രിസ്ത്യന്‍ സഭകളിലെ വിശ്വാസികളാണ് നാടാര്‍ സമുദായത്തിലെ ബഹുഭൂരിപക്ഷവും. ഇവരുടെ നേതൃത്വം അതത് സഭാപിതാക്കളില്‍ നിക്ഷിപ്തമാണ്. നാടാര്‍ സമുദായത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന 16 സംഘടനകളില്‍ ഏതെങ്കിലുമൊന്നിന് സമുദായത്തിന്‍െറ കുത്തക ലഭിക്കില്ല എന്ന യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാന്‍ ഇവരുടെ പരിപാടികളില്‍ പങ്കെടുക്കുന്ന യു.ഡി.എഫ് നേതാക്കള്‍ തയാറാകണം. യു.ഡി.എഫ് വിരുദ്ധസംഘടനകള്‍ക്ക് ആയുസ്സ് നല്‍കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ നിന്നും പ്രസംഗങ്ങളില്‍ നിന്നും യു.ഡി.എഫ് നേതാക്കള്‍ അകലം പാലിക്കണമെന്നും എം.എല്‍.എമാര്‍ ആവശ്യപ്പെട്ടു.

നിങ്ങളുടെ അഭിപ്രായങ്ങള്‍