ന്യൂദല്‍ഹി: സൈന്യം തങ്ങള്‍ക്കെതിരെ ചാരപ്പണി നടത്തുന്നുവെന്ന് കരസേനാ മുന്‍മേധാവി വി.കെ. സിങ്ങിന്‍െറ കുടുംബം. വസതിയില്‍ സേനയുടെ നിലവിലെ ടെലിഫോണ്‍ ക്രമീകരണം മാറ്റാന്‍ ഒരു പട്ടാള മേജര്‍ എത്തിയതിനെ തുടര്‍ന്നാണ് പരാതി. സംഭാഷണങ്ങള്‍ ചോര്‍ത്താനുള്ള ഉപകരണം ഘടിപ്പിക്കുകയാണ് മേജര്‍ ചെയ്തതെന്ന് വി.കെ. സിങ്ങിന്‍െറ കുടുംബാംഗങ്ങള്‍ ആരോപിച്ചു. സിഗ്നല്‍സ് റെജിമെന്‍റില്‍നിന്നെത്തിയ മേജര്‍ ആര്‍. വിക്രമിനെ കുടുംബാംഗങ്ങള്‍ തടഞ്ഞുവെച്ച് തുടര്‍ന്ന് മാധ്യമങ്ങളെ വിളിച്ചുവരുത്തി. ശനിയാഴ്ച ഉച്ചതിരിഞ്ഞ് രണ്ടുമണിയോടെ ദല്‍ഹി കന്‍േറാണ്‍മെന്‍റ് മന്ദിര്‍മാര്‍ഗിലാണ് ഈ രംഗങ്ങള്‍ അരങ്ങേറിയത്. അനുവാദം ചോദിക്കാതെയാണ് മേജര്‍ വസതിയില്‍ കടന്നതെന്ന് കുടുംബാംഗങ്ങള്‍ ആരോപിച്ചു. പ്രായവിവാദം, കോഴവിവാദം എന്നിവ ഉയര്‍ത്തിയ ജനറല്‍ സിങ്ങും സര്‍ക്കാറുമായി നല്ല ബന്ധത്തിലല്ല. സെഡ്-പ്ളസ് കാറ്റഗറിയില്‍പെട്ട സുരക്ഷ പിന്‍വലിച്ചതിന്‍െറ ഭാഗമായി, ടെലിഫോണ്‍ എക്സ്ചേഞ്ചിന്‍െറ ക്രമീകരണം മുന്‍പട്ടാള മേധാവിയുടെ വസതിയില്‍നിന്ന് മാറ്റുകയാണ് ചെയ്തെന്ന് സേന വിശദീകരിച്ചു. എതിര്‍ത്തതുകൊണ്ട് എക്സ്ചേഞ്ച് മാറ്റാതെ സിഗ്നല്‍സ് ടീം തിരിച്ചു പോന്നതായും സേന വിശദീകരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍