12:30:26
05 Oct 2015
Monday
Facebook
Google Plus
Twitter
Rssfeed

പ്രസംഗം പരിധി വിട്ടാല്‍

പ്രസംഗം പരിധി വിട്ടാല്‍

ഹൈദരാബാദിലെ മജ്ലിസെ ഇത്തിഹാദില്‍ മുസ്ലിമീന്‍ എം.എല്‍.എ അക്ബറുദ്ദീന്‍ ഉവൈസിക്കെതിരെ വര്‍ഗീയവിഷം ചീറ്റുന്ന പ്രസംഗം ചെയ്തുവെന്ന ആരോപണങ്ങളുടെ പേരില്‍ കേസ് ചാര്‍ജ്ചെയ്ത് അന്വേഷണം ആരംഭിച്ചതായി ആന്ധ്ര ഡി.ജി.പി വി. ദിനേശ് റെഡ്ഡി വെളിപ്പെടുത്തുന്നു. പോയവര്‍ഷം ഡിസംബര്‍ എട്ടിനും ഇരുപത്തിരണ്ടിനും നിസാമാബാദ്, നിര്‍മല്‍ എന്നിവിടങ്ങളില്‍ ഉവൈസി ചെയ്ത പ്രസംഗങ്ങള്‍ ഹിന്ദുസമൂഹത്തിനെതിരെ വെറുപ്പും വിദ്വേഷവും സൃഷ്ടിക്കുന്നതായിരുന്നു എന്നതാണ് ആരോപണം. രാജ്യത്തിനെതിരെ യുദ്ധം നടത്തുകയോ നടത്താന്‍ ശ്രമിക്കുകയോ ചെയ്തുവെന്ന കുറ്റത്തിന് വകുപ്പ് 121 പ്രകാരവും വിവിധ മത, ഭാഷ, ജാതി വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തി സാമുദായിക സൗഹൃദം അപകടപ്പെടുത്തി എന്ന കുറ്റത്തിന് വകുപ്പ് 153 (എ) പ്രകാരവുമാണ് ജാമ്യമില്ലാ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇപ്പോള്‍ ചികിത്സാര്‍ഥം ലണ്ടനില്‍ കഴിയുന്ന അക്ബറുദ്ദീന്‍ ഉവൈസിയെ കേസില്‍നിന്ന് രക്ഷപ്പെടാന്‍ മന$പൂര്‍വം ശ്രമിക്കുകയാണെന്ന് തോന്നിയാല്‍ ഇന്‍റര്‍പോളിന്‍െറ സഹായത്തോടെ പിടികൂടുമെന്നും ഡി.ജി.പി വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹത്തിനെതിരെ സ്വകാര്യ അന്യായം ഇതിനകം കോടതിയിലെത്തിയിട്ടുണ്ട്. ‘തനി വിഷലിപ്തവും അങ്ങേയറ്റം പ്രകോപനപരവും’ ആയ പ്രസംഗമാണ് ഉവൈസി ചെയ്തതെന്ന് ആരോപിച്ച് ഉടനെ അദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്ന് ബി.ജെ.പിയും ആവശ്യപ്പെട്ടിരിക്കുന്നു. മാത്രമല്ല, അദ്ദേഹത്തിന്‍െറ നിയമസഭാംഗത്വം റദ്ദാക്കണമെന്നും മേലില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അദ്ദേഹത്തിന് അയോഗ്യത കല്‍പിക്കണമെന്നുകൂടിയുണ്ട് ബി.ജെ.പിയുടെ ആവശ്യങ്ങളില്‍.
സ്വാതന്ത്ര്യം നേടിയപ്പോള്‍ ഇന്ത്യയില്‍ ലയിക്കാന്‍ വിസമ്മതിച്ച നാട്ടുരാജ്യങ്ങളിലൊന്നായ ഹൈദരാബാദ് സൈനിക നടപടിയിലൂടെ ഇന്ത്യയുടെ ഭാഗമായത് മുതല്‍ അവിടെ പ്രവര്‍ത്തിച്ചുവരുന്ന സാമുദായിക രാഷ്ട്രീയ പാര്‍ട്ടിയാണ് എം.ഐ.എം. സുല്‍ത്താന്‍ സലാഹുദ്ദീന്‍ ഉവൈസി സ്ഥിരമായി ലോക്സഭയിലേക്കും അദ്ദേഹത്തിന്‍െറ പുത്രന്മാര്‍ ഉള്‍പ്പെടെ മൂന്നോ അതില്‍ കൂടുതലോ എം.എല്‍.എമാര്‍ ആന്ധ്രാ നിയമസഭയിലേക്കും ഈ പാര്‍ട്ടിയുടെ ടിക്കറ്റില്‍ ജയിച്ചുവരാറുണ്ട്. കോണ്‍ഗ്രസടക്കമുള്ള പാര്‍ട്ടികള്‍ അതുമായി സഖ്യമുണ്ടാക്കാറുമുണ്ട്. ജഗന്‍മോഹന്‍െറ ഭീഷണി നേരിടാന്‍ നിലവിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ കൂട്ടുപിടിച്ചവരില്‍ എം.ഐ.എമ്മും ഉള്‍പ്പെടുന്നു. ഒരു ഭാഗത്ത് എം.ഐ.എമ്മും മറുവശത്ത് ഹിന്ദുത്വപാര്‍ട്ടികളും അണിനിരക്കുന്ന വര്‍ഗീയസംഘര്‍ഷങ്ങള്‍ ഹൈദരാബാദ് നഗരത്തിലെ സ്ഥിരമായ തലവേദനയാണ്. എന്നാല്‍, ചരിത്രപ്രസിദ്ധമായ ചാര്‍മിനാറിനോട് മുട്ടിയുരുമ്മി ഒരു ക്ഷേത്രം ഉയര്‍ന്നുവന്നതില്‍പിന്നെ ഉടലെടുത്ത സാമുദായിക സംഘര്‍ഷത്തില്‍ സ്ഥിതിഗതികള്‍ പൂര്‍വാധികം മോശമായി വരുകയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഉവൈസിയുടെ വിവാദ പ്രസംഗം. രാഷ്ട്രീയ, സാമുദായിക നേതാക്കള്‍ പൊതുവെയും ജനപ്രതിനിധികള്‍ വിശേഷിച്ചും പരമാവധി സംയമനം പാലിക്കുകയും വഷളാവുന്ന സാമുദായികാന്തരീക്ഷം സാധാരണഗതിയിലാക്കാന്‍ ആത്മാര്‍ഥമായി ശ്രമിക്കുകയുമാണ് വേണ്ടത് എന്ന് എടുത്തുപറയേണ്ടതായിട്ടില്ല. നിര്‍ഭാഗ്യവശാല്‍, അനുയായികളെ ആവേശഭരിതരാക്കാനും അവരുടെ കൈയടി നേടാനുമുള്ള വെമ്പലില്‍ പല നേതാക്കളും തങ്ങളുടെ യഥാര്‍ഥ കര്‍ത്തവ്യം വിസ്മരിക്കുകയും തികച്ചും വൈകാരിക രീതിയില്‍ വിഷയങ്ങള്‍ അവതരിപ്പിക്കുകയും ചെയ്യുന്നു. ഇക്കാര്യത്തില്‍ കൂടുതല്‍ ക്ഷമയും സംയമനവും പാലിക്കേണ്ടവരാണ് മുസ്ലിം സംഘടനകളുടെയും പാര്‍ട്ടികളുടെയും വക്താക്കള്‍. വാഴ മുള്ളിന്മേല്‍ വീണാലും മുള്ള് വാഴമേല്‍ വീണാലും കേട് വാഴക്കാണെന്ന സത്യം അവര്‍ എത്ര പ്രകോപനപരമായ സാഹചര്യത്തിലും മറക്കാന്‍ പാടില്ല. ഭരണഘടനാദത്തമായ അവകാശങ്ങള്‍ രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും തുല്യമാണെന്നത് ശരിതന്നെ. പക്ഷേ, യാഥാര്‍ഥ്യങ്ങളുടെ ലോകം ഭരണഘടനയിലെ അക്ഷരങ്ങള്‍ക്കപ്പുറത്താണ്. ഭൂരിപക്ഷ സമുദായത്തിലെ സംഘടനകളോ നേതാക്കളോ ചെയ്യുന്നതും ന്യൂനപക്ഷ സമുദായക്കാര്‍ ചെയ്യുന്നതും ഒരേ തെറ്റാണെങ്കില്‍പോലും വ്യത്യസ്ത മാനദണ്ഡങ്ങളാണ് വിലയിരുത്തലിനാധാരം എന്ന സ്ഥിതിവിശേഷം നിലനില്‍ക്കുന്നു. വിശ്വഹിന്ദുപരിഷത്തിന്‍െറ വിശ്വനേതാവ് പ്രവീണ്‍ തൊഗാഡിയക്ക് ഇങ്ങിവിടെ കേരളത്തില്‍ വന്ന് മീന്‍പിടിത്തം ഹിന്ദു മുക്കുവരുടെ മാത്രം അവകാശമാണെന്നും മുസ്ലിം മുക്കുവര്‍ കടലില്‍ പോവാനേ പാടില്ലെന്നും പ്രസംഗിക്കാം. ഒരു നിയമനടപടിയും ഭയപ്പെടേണ്ടതില്ല. കാവിപ്പടയുടെ നാവായ ഒരു ടീച്ചര്‍ക്ക് സംസ്ഥാനമൊട്ടാകെ സഞ്ചരിച്ച് അതിതീവ്രജ്വലന ശക്തിയുള്ള വര്‍ഗീയപ്രസംഗങ്ങളാവാം. ഐ.പി.സിയുടെ ഒരു വകുപ്പിനെയും അതാകര്‍ഷിക്കുകയില്ല. വരുണ്‍ ഗാന്ധി അത്യന്തം പ്രകോപനപരമായി തെരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗങ്ങള്‍ ചെയ്താലും ഇലക്ഷന്‍ കമീഷനോ പൊലീസോ ഇടപെടുകയില്ല. അതേയവസരത്തില്‍ അബ്ദുന്നാസിര്‍ മഅ്ദനി രണ്ടു പതിറ്റാണ്ടുമുമ്പ് ചെയ്ത തീപ്പൊരി പ്രസംഗങ്ങളാണ്, അദ്ദേഹം പരസ്യമായി ഖേദപ്രകടനം നടത്തിയിട്ടും ഇന്നും അദ്ദേഹത്തിന്‍െറ അനിശ്ചിതമായ കാരാഗൃഹവാസത്തിന് വഴിയൊരുക്കിയത്. പ്രകോപനത്തിന്‍െറ സര്‍വകാല റെക്കോഡ് ആജീവനാന്തം ഭേദിച്ച ബാല്‍ താക്കറെയുടെ നിത്യസ്മാരകം ശിവജി പാര്‍ക്കില്‍തന്നെ വേണമോ എന്നതിലേ തര്‍ക്കമുള്ളൂ. ഇതൊന്നും ഇത്രയും കാലത്തിനിടയില്‍ എം.ഐ.എം നേതാവ് അക്ബറുദ്ദീന് മനസ്സിലായില്ലെങ്കില്‍ അദ്ദേഹത്തെ കാത്തിരിക്കുന്നതും മഅ്ദനിയുടെ ഗതിതന്നെയാവും. പ്രസംഗത്തിലൂടെ ‘രാജ്യത്തിനെതിരെ യുദ്ധം ചെയ്യാന്‍ ശ്രമിച്ചാല്‍’ അതല്ലാതെ മറ്റെന്ത് ശിക്ഷ?


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus