12:30:26
07 Oct 2015
Wednesday
Facebook
Google Plus
Twitter
Rssfeed

എന്‍.എസ്.എസിന്‍െറ ലക്ഷ്യം നേതൃമാറ്റം; വിവാദത്തില്‍ ആന്‍റണിയും

എന്‍.എസ്.എസിന്‍െറ  ലക്ഷ്യം നേതൃമാറ്റം;  വിവാദത്തില്‍ ആന്‍റണിയും

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി സര്‍ക്കാറിന് പ്രതിസന്ധി സൃഷ്ടിച്ച് എന്‍.എസ്.എസ് വീണ്ടും രംഗത്ത്. അഞ്ചാംമന്ത്രിയുടെ പേരില്‍ സര്‍ക്കാറിനെ പ്രതിരോധത്തിലാക്കിയ എന്‍.എസ്.എസ് നേതൃത്വം, രമേശ് ചെന്നിത്തലയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്ന എ.കെ ആന്‍റണിയുടെ നിര്‍ദേശം അട്ടിമറിച്ചുവെന്ന വെളിപ്പെടുത്തലിലൂടെയാണ് പുതിയൊരു വിവാദത്തിന് തിരികൊളുത്തിയത്. സംസ്ഥാന രാഷ്ട്രീയത്തില്‍ ഏറെ കോളിളക്കം ഉണ്ടാക്കിയേക്കാവുന്ന എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയുടെ പ്രസ്താവനക്ക് പിന്നില്‍ വ്യക്തമായ രാഷ്ട്രീയ ഉദ്ദേശ്യങ്ങളുണ്ടെന്ന് വ്യക്തമാണ്.
ചെന്നിത്തലയെ മന്ത്രിയാക്കി ആഭ്യന്തരവകുപ്പ് നല്‍കണമെന്ന ആന്‍റണിയുടെ നിര്‍ദേശം അട്ടിമറിച്ചുവെന്ന് ‘മനോരമ’ ചാനലിലൂടെയാണ് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍നായര്‍ വെളിപ്പെടുത്തിയത്. നിര്‍ദേശം അട്ടിമറിച്ച് ആഭ്യന്തരവകുപ്പ് തിരുവഞ്ചൂരിന് നല്‍കിയത് ചെന്നിത്തലയെ വെട്ടാനായിരുന്നുവെന്നും പല കാര്യങ്ങളിലും ഭിന്നതയിലായിരുന്ന ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂരും ഇതിനായി ഒന്നിക്കുകയായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. ഉമ്മന്‍ചാണ്ടി സര്‍ക്കാറിനെ ഒരിക്കല്‍ക്കൂടി രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടതിനൊപ്പം എ.കെ ആന്‍റണിയെയും വിവാദത്തിലേക്ക് അദ്ദേഹം വലിച്ചിഴച്ചിരിക്കുകയാണ്.
ലീഗിന് അഞ്ചാംമന്ത്രിസ്ഥാനം നല്‍കേണ്ടിവന്നതിന് പിന്നാലെയാണ് ഏവരെയും അമ്പരപ്പിച്ച് വകുപ്പുമാറ്റത്തിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തയാറായത്. ലീഗിന് അഞ്ചാംമന്ത്രിയെ നല്‍കിയതുവഴി ഭൂരിപക്ഷസമുദായത്തിലുണ്ടായ അതൃപ്തി പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു മുഖ്യമന്ത്രിയുടെ ഈ ചടുലനീക്കം. കൈവശമുണ്ടായിരുന്ന ആഭ്യന്തരവകുപ്പ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നല്‍കിയ മുഖ്യമന്ത്രിയുടെ നടപടിയായിരുന്നു അതില്‍ പ്രധാനം. വകുപ്പ് പുന$സംഘടന മന്ത്രിസഭയുടെ സമുദായസന്തുലനം തകര്‍ത്തുവെന്ന ആക്ഷേപം പരിഹരിക്കാന്‍ മുഖ്യമന്ത്രി നടത്തിയ നീക്കം അദ്ദേഹത്തിനുതന്നെ വിനയായി മാറിയെന്നതാണ് യാഥാര്‍ഥ്യം. എന്നാല്‍ ഭൂരിപക്ഷ സമുദായക്കാരനായ തിരുവഞ്ചൂരിനെ ആഭ്യന്തരമന്ത്രിയാക്കിയതിലൂടെ രമേശ് ചെന്നിത്തലക്ക് രാഷ്ട്രീയമായ ഭീഷണി സൃഷ്ടിക്കാന്‍ കഴിഞ്ഞത് അദ്ദേഹത്തിന് നേട്ടമായി.
മുഖ്യമന്ത്രി സ്ഥാനത്ത് ചെന്നിത്തലയെ പ്രതിഷ്ഠിക്കാന്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുമുതല്‍ എന്‍.എസ്.എസ് നേതൃത്വത്തിന് താല്‍പര്യമുണ്ട്. അതിന് കഴിയാതെ വന്നതുമുതല്‍ യു.ഡി.എഫുമായി അകന്നുതുടങ്ങിയ അവര്‍, ലഭിച്ച അവസരങ്ങളിലെല്ലാം സര്‍ക്കാറിനെ തുറന്നെതിര്‍ക്കാനും പിന്നീട് തയാറായി. സര്‍ക്കാറിന്‍െറ നിലനില്‍പ്പിന് പോലും നിര്‍ണായകമായിരുന്ന നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ അഞ്ചാംമന്ത്രിയുടെ പേരില്‍ യു.ഡി.എഫ് വിരുദ്ധ നിലപാടാണ് എന്‍.എസ്.എസ് സ്വീകരിച്ചത്. ആര്‍. ബാലകൃഷ്ണപിള്ളയും മന്ത്രി ഗണേഷ്കുമാറും തമ്മിലുള്ള പോരിലും എന്‍.എസ്.എസ് കക്ഷിചേര്‍ന്ന് കോണ്‍ഗ്രസിനെയും സര്‍ക്കാറിനെയും കടന്നാക്രമിച്ചിരുന്നു. സര്‍ക്കാറുമായും കോണ്‍ഗ്രസുമായും നിലനില്‍ക്കുന്ന അകല്‍ച്ച കുറയ്ക്കാന്‍ മുഖ്യമന്ത്രിയും ചെന്നിത്തലയും എന്‍.എസ്.എസ് ആസ്ഥാനത്തെത്തി ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല.
പുതിയ വെളിപ്പെടുത്തലിലൂടെ എന്‍.എസ്.എസ് ലക്ഷ്യം വെക്കുന്നത് നേതൃമാറ്റം തന്നെയാണ്. അതിനുള്ള അടിത്തറ കാലേക്കൂട്ടി സൃഷ്ടിച്ച് അവസരം വരുമ്പോള്‍ ലക്ഷ്യംനേടാനാണ് നീക്കം. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പ് കഴിയുമ്പോഴെങ്കിലും അതിനുള്ള അവസരം ഉടലെടുക്കുമെന്നാണ് അവരുടെ കണക്കുകൂട്ടല്‍.
അതേസമയം, വെളിപ്പെടുത്തല്‍ യാഥാര്‍ഥ്യമാണോ എന്ന് പരസ്യപ്പെടുത്തേണ്ട ബാധ്യത ആന്‍റണിയില്‍ വന്നുചേര്‍ന്നിരിക്കുകയാണ്. അദ്ദേഹം അതിന് തയാറാകുമോയെന്നാണ് ഇനി കണ്ടറിയേണ്ടത്. വിവാദങ്ങളോട് പൊതുവെ മൗനം പാലിക്കാറുള്ള ആന്‍റണി അതേ നിലപാടുതന്നെ ഈ വിഷയത്തിലും തുടരാനാണ് സാധ്യത. അങ്ങനെയെങ്കില്‍ ഇതുമായി ബന്ധപ്പെട്ട് ദുരൂഹത നിലനിര്‍ത്തുകയെന്ന തങ്ങളുടെ താല്‍പര്യം വിജയത്തിലെത്തുമെന്ന് മറ്റാരേക്കാളും നന്നായറിയാവുന്നത് എന്‍.എസ്.എസ് നേതൃത്വത്തിന് തന്നെയാണ്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus