Sat, 01/05/2013 - 00:11 ( 2 years 40 weeksago)
ഡെംബ ബാ ചെല്‍സിയില്‍; പാറ്റോ കൊറിന്ത്യന്‍സില്‍
(+)(-) Font Size
ഡെംബ ബാ ചെല്‍സിയില്‍; പാറ്റോ കൊറിന്ത്യന്‍സില്‍
ചെല്‍സി ജഴ്സിയുമായി ഡെംബാ ബാ കോച്ച് റാഫേല്‍ ബെനിറ്റസിനൊപ്പം

ലണ്ടന്‍: ജനുവരി ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റില്‍ ക്ളബുകള്‍ ഇറങ്ങിക്കളിക്കാന്‍ തുടങ്ങിയതോടെ കൂടുമാറ്റങ്ങളിലേക്ക് വല കുലുങ്ങുന്നു. ന്യൂകാസിലിന്‍െറ ഗോളടി വീരന്‍ ഡെംബ ബായെ ടീമിലെത്തിച്ച് ചെല്‍സിയാണ് ആദ്യ നാലു ദിവസത്തിനിടെ മികച്ച നേട്ടം കൈവരിച്ചത്. ഇറ്റാലിയന്‍ അതികായരായ എ.സി മിലാന്‍െറ അണിയില്‍ ഏറെക്കാലമായി ബൂട്ടണിയുന്ന ബ്രസീലിന്‍െറ സ്റ്റാര്‍ സ്ട്രൈക്കര്‍ അലക്സാന്ദ്രോ പാറ്റോ നാട്ടിലെ ക്ളബായ കൊറിന്ത്യന്‍സിലേക്ക് കൂടുമാറിയത് ശ്രദ്ധേയമായി. 1.5 കോടി യൂറോക്കാണ് പാറ്റോയെ കൊറിന്ത്യന്‍സ് സ്വന്തമാക്കിയത്. ജനുവരി 14ന് കൊറിന്ത്യന്‍സ് ഈ സൂപ്പര്‍ താരത്തെ സ്വന്തം സ്റ്റേഡിയത്തില്‍ അവതരിപ്പിക്കും. മിലാനില്‍ അണിഞ്ഞ ഏഴാം നമ്പര്‍ കുപ്പായമാകും നാട്ടിലെ ക്ളബിലും പാറ്റോക്ക് ലഭിക്കുക. അഞ്ചു വര്‍ഷം മിലാനില്‍ കളിച്ച 23കാരന്‍, ക്ളബിനുവേണ്ടി 150 മത്സരങ്ങളില്‍  63 ഗോളുകള്‍ നേടിയിട്ടുണ്ട്. മിലാന്‍ നിരയില്‍ ചാമ്പ്യന്‍സ് ലീഗ്, ക്ളബ് ലോകകപ്പ്, ഇറ്റാലിയന്‍ സീരീ എ ലീഗ്, ഇറ്റാലിയന്‍ സൂപ്പര്‍ കപ്പ് വിജയങ്ങളില്‍ പങ്കാളിയായിട്ടുമുണ്ട്. നാലു വര്‍ഷത്തെ കരാറിലാണ് പാറ്റോ കൊറിന്ത്യന്‍സുമായി ഒപ്പുചാര്‍ത്തിയത്. പരിക്കലട്ടിയ സമീപകാലത്ത് ഇടക്കിടെ കളത്തില്‍നിന്ന് വിട്ടുനില്‍ക്കേണ്ടി വന്ന താരം, പൂര്‍ണ ഫിറ്റ്നസ് വീണ്ടെടുത്ത് ഫോമില്‍ തിരിച്ചെത്തുകയും അതുവഴി 2014 ലോകകപ്പ് ടീമില്‍ ഇടം നേടുകയുമാണ് കാര്യമായി ഉന്നമിടുന്നത്.
ചെല്‍സിയില്‍നിന്ന് ഡാനിയല്‍ സ്റ്റുറിഡ്ജ് ലിവര്‍പൂളിലേക്ക് ചേക്കേറിയപ്പോള്‍ ഫ്രഞ്ച് ഡിഫന്‍ഡര്‍ മാത്യൂ ഡെബൂച്ചി ലില്ലെയില്‍നിന്ന് ഇംഗ്ളീഷ് പ്രീമിയര്‍ ലീഗ് ടീമായ ന്യൂകാസില്‍ യുനൈറ്റഡിലേക്ക് കൂടുമാറി.
സെനഗല്‍ താരമായ ഡെംബ ബാ ചെല്‍സിയുമായി മൂന്നര വര്‍ഷത്തെ കരാറിലാണ് ഒപ്പു ചാര്‍ത്തിയത്. 27കാരനായ ബാ ചെല്‍സി നിരയില്‍ 29ാം നമ്പര്‍ ജഴ്സി അണിയും. ഈ സീസണില്‍ ന്യൂകാസിലിനുവേണ്ടി 13 ഗോള്‍ നേടിയ ബാ ടോപ്സ്കോറര്‍മാരില്‍ മൂന്നാം സ്ഥാനത്താണ്. ശനിയാഴ്ച നടക്കുന്ന എഫ്.എ കപ്പ് മൂന്നാം റൗണ്ട് മത്സരത്തില്‍ ചെല്‍സിക്കു വേണ്ടി ബാ കളത്തിലിറങ്ങിയേക്കും.
ന്യൂകാസിലുമായി ഡെബൂച്ചി അഞ്ചര വര്‍ഷത്തെ കരാറിലാണ് ഒപ്പുവെച്ചത്. സെന്‍റ് ജെയിംസ് പാര്‍ക്കില്‍ 26 ാം നമ്പര്‍ കുപ്പായത്തിലാകും 27കാരനായ ഫ്രഞ്ചുകാരന്‍ കളത്തിലിറങ്ങുക. കഴിഞ്ഞ മൂന്നു പ്രീമിയര്‍ ലീഗ് മത്സരങ്ങളില്‍ 13 ഗോളുകള്‍ വഴങ്ങിയ ന്യൂകാസില്‍ യുനൈറ്റഡിന് ഡെബൂച്ചിയുടെ വരവ് ഏറെ ആശ്വാസം പകരും.
മുന്‍ ഇംഗ്ളണ്ട് താരം ജോ കോള്‍ ലിവര്‍പൂളില്‍നിന്ന് ഫ്രീ ട്രാന്‍സ്ഫറില്‍ വെസ്റ്റ് ഹാമിലെത്തി. ലാസിയോ സ്ട്രൈക്കര്‍ തൊമാസോ റോച്ചി ഇറ്റാലിയന്‍ കരുത്തരായ ഇന്‍റര്‍മിലാനിലേക്ക് ചേക്കേറി.
പോര്‍ട്സ്മൗത്തിന്‍െറ ഇസ്രായേല്‍ ഡിഫന്‍ഡര്‍ താല്‍ ബെന്‍ ഹെയിം പോര്‍ട്സ്മൗത്തില്‍നിന്ന് ക്യൂന്‍സ് പാര്‍ക് റേഞ്ചേഴ്സിലേക്ക് കൂടുമാറിയപ്പോള്‍ 19കാരനായ ഡച്ച് മിഡ്ഫീല്‍ഡര്‍ ക്രിസ് ഡേവിഡ് എഫ്.സി ട്വന്‍റിയില്‍നിന്ന് ഇംഗ്ളീഷ് പ്രീമിയര്‍ ലീഗ് ടീമായ ഫുള്‍ഹാമിന്‍െറ അണിയിലെത്തി. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സ്ട്രൈക്കര്‍ ബെബെ പോര്‍ചുഗലിലെ റിയോ ആവെയിലെത്തിയപ്പോള്‍ ടോട്ടന്‍ഹാം ഗോളി കാര്‍ലോ കുഡീസിനി അമേരിക്കയിലെ ലോസ് ആഞ്ജലസ് ഗാലക്സിയിലേക്ക് മാറി.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus