കുടുംബത്തില്‍ കായിക താരങ്ങള്‍ക്ക് കുറച്ചുകൂടി പ്രാധാന്യം കൊടുക്കാനാണ് മാരുതിയുടെ തീരുമാനം. നിലവില്‍ ഗ്രാന്‍റ് വിറ്റാറ എന്നൊരാള്‍ മാത്രമെ ഈ പേരില്‍ അറിയപ്പെടുന്നുള്ളൂ. ജിപ്സിയെന്നത് വെറും പണിക്കാരന്‍ മാത്രമാണ്. റെനോ ഡെസ്റ്റര്‍ ഇറക്കുകയും ഫോര്‍ഡ് എക്കോസ്പോട്ടിനെ കാട്ടി പേടിപ്പിക്കുകയും ചെയ്യുമ്പോള്‍ വെറുതെയിരിക്കാന്‍ മാരുതിക്കും പറ്റുന്നില്ല. ഇവരോട് മല്ലിടാന്‍ പറ്റുന്ന ഒരു വിദ്വാനെ കഴിഞ്ഞ ജനുവരിയില്‍ നടന്ന ന്യൂദല്‍ഹി ഓട്ടോഷോയില്‍ മാരുതി കൊണ്ടുവന്നിരുന്നു. എക്സ്എ ആല്‍ഫ എന്നായിരുന്നു പേര്. എന്നെങ്കിലും ഉണ്ടാക്കി വില്‍ക്കണം എന്ന ആഗ്രഹത്തോടെയാണ് ഈ കണ്‍സപ്റ്റ് മോഡലിനെ സൃഷ്ടിച്ചത്. സ്വിഫ്റ്റിന്റെ പ്ളാറ്റ്ഫോമില്‍ നിര്‍മിക്കുന്ന ഇവനെ ഒരു ഒത്ത സ്പോര്‍ട്സ് യൂട്ടിലിറ്റി എന്നൊന്നും പറയാനാവില്ലെങ്കിലും അത്യാവശ്യം കാര്യങ്ങള്‍ക്കൊക്കെ ഉപയോഗിക്കാന്‍ പറ്റും.
നാട്ടുകാര്‍ക്ക് മസിലുള്ള വണ്ടികളോട് ഇഷ്ടം കൂടി വരുന്ന സാഹചര്യത്തില്‍ അടുത്ത വര്‍ഷത്തിന്‍െറ രണ്ടാം പകുതിയോടെ എക്സ്എ ആല്‍ഫയുടെ കച്ചവടം തുടങ്ങാനാണ് ഇപ്പോള്‍ മാരുതി ആലോചിക്കുന്നത്. വലിയ വീല്‍ ആര്‍ച്ചുകള്‍, രൗദ്ര ഭാവമുള്ള മുന്‍വശം, കട്ടികൂടിയ സി പില്ലര്‍ എന്നിവയൊക്കെ ചേര്‍ത്ത് ഒരു ഗുണ്ടാ ലുക്ക് വരുത്തിയിട്ടുണ്ടെങ്കിലും സ്വിഫ്റ്റിന്റെ ഡാഷ്ബോര്‍ഡ് അടക്കമുള്ള ഭാഗങ്ങള്‍ ചേരുന്ന ഉള്‍ഭാഗം മൃദുലമാണ്. 1.2 ലിറ്ററിന്റെ കെ സീരിസ് പെട്രോള്‍ എഞ്ചിനും 1.3 ലിറ്ററിന്റെ ഡിഡിഐഎസ് ഡീസല്‍ എഞ്ചിനും ഇതിനുണ്ടാവും. ഫോര്‍ വീല്‍ ഡ്രൈവ് അടക്കമുള്ള സൗകര്യങ്ങള്‍ വേറെയും. വില എട്ട് ലക്ഷത്തിന് മുകളിലേക്കാകാനാണ് സാധ്യത.


നിങ്ങളുടെ അഭിപ്രായങ്ങള്‍